എപ്പിസ്കോപ്പ (കഥ -മനോഹർ തോമസ്)

sponsored advertisements

sponsored advertisements

sponsored advertisements

24 October 2022

എപ്പിസ്കോപ്പ (കഥ -മനോഹർ തോമസ്)

മനോഹർ തോമസ്

ചിലരെ നമ്മൾ പരിചയപ്പെടുമ്പോൾ മനസ്സ് പറയും ഇയാൾ ഒരിക്കലും
ഇങ്ങനെ ഒരാൾ ആകേണ്ട ആളല്ല എന്ന് .പോലീസുകാരനും ,പട്ടാളക്കാരനും ,സ്‌കൂൾമാഷും ഒക്കെ അതിൽ പെടും .ഒരാൾ ആരായിത്തീരണം എന്ന കാര്യത്തിൽ പണ്ടൊക്കെ കാരണവന്മാർക്കും ,
മാഷുമ്മാർക്കും അതിൽ പങ്കുണ്ടായിരുന്നു .കാലം മാറിയതിന്റെ വൈചിത്യത്തിലാണ് പീറ്റർ
ചാട്ടോളി അച്ചനായത് .
കൊടുംകാറ്റടിച്ചപോലെ കംപ്യൂട്ടർ യുഗം പടരുകയും ,കുപിത യൗവനം ലോകത്തിന്റെ നാനാ
ഭാഗത്തേക്കും കുതിക്കുകയും ചെയ്തപ്പോൾ എനിക്കും നാട് അന്യമായി .ഇന്റർ നെറ്റിന്റെ പത്രത്താളുകളിൽ നിന്നാണ് ആ വാർത്ത ,ചിക്കാഗോയിലിരുന്നു വായിച്ചത് .അഭിവന്യ എപ്പിസ്കോപ്പ
പീറ്റർ ചാട്ടോളി വാർദ്ധക്യസഹജമായ രോഗങ്ങളാൽ എൺപത്തിഏഴാം വയസ്സിൽ ദിവംഗതനായി .
ഓർമ്മകളുടെയും ,അനുഭവങ്ങളുടെയും ,ഓളപ്പാച്ചിലിൽ ആ വാർത്ത ഒട്ടു നേരം കൊണ്ടുപോയി .

പത്താം ക്ലാസ്സിൽ ഓണപരീക്ഷക്കു കണക്കിന് തോറ്റപ്പോൾ പപ്പ പറഞ്ഞു
“ ഈ പ്രശ്നം നമുക്ക് പരിഹരിക്കാം .എൻ്റെ സുഹൃത്ത് ഒരച്ചനുണ്ട് . ഇന്റർമീഡിയറ്റിനു ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു .പുഴക്കരയിലാണ് വീട് . അവിടെ ചെന്ന് കാര്യം പറയുക .പിന്നത്തെ കാര്യം
അങ്ങേര് നോക്കിക്കൊള്ളും .പിന്നെ !! ആളൊരു പ്രത്യേക പ്രകൃതക്കാരനാണ് , പോകെ പോകെ
നിനക്കത് മനസ്സിലാകും .നോക്കിയും ,കണ്ടുമൊക്കെ നിന്നോളണം . “

പുഴക്കരയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന നാലുവരി പാത അവസാനിക്കുന്നത് കല്ലിടുമ്പി കടവിലാണ് . അവിടുന്നും നടക്കണം കുറെ ദൂരം . കവുങ്ങും
തെങ്ങും കെട്ടുപിണഞ്ഞു നിൽക്കുന്ന തൊടിയിലൂടെ ഗെയിറ്റ് കടന്ന് കുറച്ചുദൂരം നടന്നപ്പോൾ
വീട് കണ്ടു .മുറ്റത്തെത്തിയപ്പോൾ കൈലി മുണ്ടുടുത്തു ഒരാൾ മതിലും ചാരി നിന്ന് ബീഡി വലിക്കുന്നു .
“ ങ്ങും ! എന്താ കാര്യം ? “

“ ചട്ടോളി അച്ചനെ ഒന്ന് കാണണം .പപ്പാ പറഞ്ഞിട്ട് വന്നതാണ് . “
“ മാഷുടെ മകനാണല്ലേ ? ഞാൻ തന്നെയാണ് ഫാ : പീറ്റർ ചാട്ടോളി “

ഒരു താടി ഉണ്ടെന്നതിന് അപ്പുറം ഒരച്ചനാകാനുള്ള ,യാതൊരു ലക്ഷണവും എനിക്ക് തോന്നിയില്ല .
എൻ്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകണം അച്ചൻ പറഞ്ഞു
“ ഒരു ലുക്ക് ഇല്ലന്നേ ഉള്ളു .ആള് ഞാൻ തന്നെയാണ് ! “
“ തന്നെ ഏതു വിഷയവും പഠിപ്പിക്കുന്ന കാര്യം ഞാനേറ്റു .താൻ പരീക്ഷക്ക്‌ ജയിക്കുകയും ചെയ്യും
പക്ഷെ ഒരു കാര്യം ഞാൻ ആദ്യമേ പറയുന്നു . എൻ്റെ തഞ്ചത്തിന്‌ നിന്നോളണം .ഇടഞ്ഞാൽ എൻ്റെ സ്വഭാവം എനിക്ക് തന്നെ അത്ര ഇഷ്ടമല്ല !! “
അച്ചനെ ഞാൻ അടിമുടിയൊന്ന് നോക്കി . യാതൊരു അനുസരണയുമില്ലാത്ത താടിയും മീശയും
ഉന്തിയ കവിളെല്ലുകൾ ,മുഖത്ത് സ്ഥായിയായ ഗൗരവം ,കാർക്കശ്യഭാവം ,അഥവാ ചിരിച്ചാൽ കൊലച്ചിരിയാണെന്നു തോന്നും .
വേഗം പഠിത്തത്തിലേക്ക് കടന്നു .ഇടക്ക് ചോദ്യം ചോദിക്കും .തെറ്റിച്ചാൽ കണ്ണുകളിൽ തീ പാറുന്ന നോട്ടം ,അതു മതി എനിക്ക് അടിമുടി വിയർക്കാൻ .കുറച്ചു കഴിഞ്ഞപ്പോൾ തെങ്ങുചെത്തി ഒരാൾ പാളയിൽ പാളയിൽ കള്ളുമായി വന്നു പകർന്നിട്ടു പോയി .
“ നീ കള്ളുകുടിച്ചിട്ടുണ്ടോ ? “
“ കുടിച്ചുതുടങ്ങണം . അടുത്ത വർഷം കോളേജിൽ പോകാനുള്ളതല്ലേ .”
രണ്ട് ഗ്ലാസ്സെന്ന് വിളിച്ചു പറയാനും ,കൈലിമുണ്ടും ,പുള്ളിയുള്ള ബ്ലൗസിട്ട ഒരു സ്ത്രീ ഗ്ലാസ്സുമായി വന്നു . അച്ചൻ കള്ളെടുത്തു രണ്ടു ഗ്ലാസ്സിലായി പകർന്നു .
“ എടുത്തു കുടിക്കടാ .”
“ എനിക്ക് വേണ്ട “
“ കുടിക്കാതെ നിന്നെ ഇവിടുന്നു വിടുന്ന പ്രശ്നം ഇല്ല .”
പിന്നെ ഒട്ടും താമസിച്ചില്ല ,കണ്ണടച്ചു പിടിച്ചു ഒറ്റ വാലിക്ക് അകത്താക്കി .
മധുര കള്ളായ കാരണം അധികം കുഴഞ്ഞില്ല .
പോകെപ്പോകെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി .പരീക്ഷക്ക്‌ ക്ലാസ്സോടെ ജയിക്കുകയും കോളേജുകാലം തുടങ്ങുകയും ചെയ്തു . ആളുകൾ അച്ചനെ എപ്പി എന്നും സ്കോപ്പ എന്നും ഒക്കെ കളിയാക്കി വിളിക്കുമെങ്കിലും ,ആരും നേരെ നിൽക്കില്ല .ദേഷ്യം വന്നാൽ അച്ചൻ ആരെയും
തല്ലും .പത്തേക്കർ പറമ്പ് കിളച്ചു കൃഷി ഇറക്കുന്നതും തന്നെയാണ് .രോമാവൃതമായ വിരിഞ്ഞ നെഞ്ചും ,താളം പിടിക്കുന്ന മസിലുകളുമായി അച്ചൻ പള്ളിയും വീടും ഭരിക്കും .

ഒരിക്കൽ ചോദിച്ചു , “ അച്ചൻ കല്യാണം കഴിച്ചില്ലേ .”
“ കഴിച്ചു .ഒരു വർഷത്തിനുള്ളിൽ വീട്ടിൽ കൊണ്ടുപോയി വിട്ടു .അവക്ക് എന്നെ ഭരിക്കണം
എന്നെ ഭരിക്കാൻ ഞാനുണ്ടിവിടെ . അതിന് മറ്റാരും വേണ്ട . “
പള്ളിവഴക്കു മുറുകി നിൽക്കുന്ന കാലത്താണ് അച്ചൻ വലിയപള്ളിയിൽ വികാരിയായി വന്നത് .
ഏതു വഴക്കിൻറെയും മുമ്പിൽ നിക്കാനാണ് അച്ചനിഷ്ടം .ഒരു കൂസലുമില്ല .ഒരു ദിവസം
കപ്യാര് കുഞ്ഞാക്കോ ചേട്ടൻ ഓടി വന്ന് അച്ചനോട് പറഞ്ഞു “ കുരീത്തടത്തിലെചുമ്മാരുകുട്ടി
ശവക്കോട്ടയിൽ കിടന്ന് തെറി പറയുകയും വഴക്കുണ്ടാക്കുകയും ചെയ്യുകയാണെന്ന് .”
.
ഒറ്റ ഉത്തരം “ അധികം കളിച്ചാൽ പൊക്കിയാ പുഴയിലെ കഴുന്തിലേക്ക് ഇട്ടേക്കു ബാക്കി കാര്യം ഞാൻ നോക്കിക്കോളാം “
പള്ളി ഭരണം അച്ചന് ഒരു തമാശയാണ് .ഇടക്ക് ഒന്ന് വീട്ടിൽ പോയി വരും .ബാക്കി ദിവസം പള്ളിമുറിയിൽ തന്നെയാണ് താമസം .ഭൂതദയ വിലാസം ഹോട്ടലിലെ പരമുപിള്ളച്ചേട്ടൻ
അച്ചന്റെ സഹപാഠിയും ,മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് .നേരം വെളുക്കുന്നതിന് മുമ്പ് രണ്ടുപേരും കൂടി വള്ളത്തിൽ തോട്ടയിടാൻ പോകും .വൈകുന്നേരമാകുമ്പോൾ
കിട്ടുന്നത് കിട്ടുന്നത് പൊരിച്ചും ,വച്ചും ,അകതാരികളോടെ പള്ളിമുറിയിൽ എത്തിക്കും .പന്നിമലത്തിന്
അച്ചനെ വെട്ടാൻ ആ പ്രദേശത്തു ഒരാൾ വേറെ ജനിക്കണം .ആര് പള്ളിമുറ്റം വഴി വെങ്ങിയാലും
പിടിച്ചിരുത്തി കൈലുള്ള കാശ് അച്ചൻ മേടിച്ചെടുക്കും.

പെരുന്നാൾ നടക്കുകയാണ് .മദ്‌ബഹായുടെ വിരിയിട്ട് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന
അച്ചൻ ഇരുന്നുകൊണ്ട് നടത്തുന്ന സമയം .കപ്യാർ ഓടിച്ചെന്ന് അച്ചന്റെ ചെവിയിൽ ;
“ മുമ്പിലിരിക്കുന്ന പിള്ളേർ ഭയങ്കര ബഹളമാണ് അച്ചനൊന്നു പറയണം “
“ കുർബാന ഒന്ന് കഴിയട്ടെ .കു ………ഒക്കെ ഞാൻ കാണിച്ചു തരാം “
“ അച്ചോ മൈക്ക് !! “
“ കുർബാന നടക്കുമ്പോൾ ആരാടാ മൈക്ക് ഓൺ ചെയ്യാൻ പറഞ്ഞത് .”
ഒരു കോളാമ്പി സ്ഥലത്തെ ചന്തയിൽ വരെ വച്ചിരിക്കുന്ന കാരണം ചെമ്മീൻ വിറ്റോണ്ടിരുന്ന
കല്യാണി അരയത്തി വരെ അച്ചന്റെ ഭാഷ കേട്ട് തരിച്ചു .
ആയിടക്കാണ് ഏഴ് വർഷത്തെ കോളേജ് വാസം കഴിഞ്ഞു ഞാൻ തിരിച്ചെത്തിയത് . അപ്പോഴേക്കും അച്ചൻ അവിടെ ഒരു ട്യൂട്ടോറിയൽ കോളേജ് തുടങ്ങിയിരുന്നു .
പള്ളിമുറ്റത്തുവച്ചു അച്ചനെ കണ്ടതും :
“ ജോസുകുട്ടി നീ എന്നെ ഒന്ന് സഹായിക്കണം .പിള്ളേർ കൃത്യസമയത്തു കാശ് തരാത്ത കാരണം മാഷുമ്മാരുടെ ശമ്പളം കുറച്ചു കെടുതിയിലാണ് .നിയുണ്ടെങ്കിൽ കാര്യങ്ങൾ ഒന്ന് നേരെ ആക്കാമായിരുന്നു . “
ഞാൻ ശരിക്കും പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ .അച്ചന്റെ എല്ലാ ഉഡായിപ്പുകൾക്കും ഞാനായി മുഖ്യസൂത്രധാരൻ .മാസം അവസാനം ശമ്പളംകൊടുക്കാറാകുമ്പോൾ . കാശ് കാണില്ല .
“ ജോസേ കുന്നകുരുടിന്നു വരുന്ന നംബൂരി മാഷില്ലേ ,പുള്ളിക്കാരനെ വിളിച്ചോണ്ട് പോയി നമ്മുടെ ഭൂതദയ വിലാസത്തിൽ നിന്ന് ഒരസ്സൽ വെജിറ്റേറിയൻ ഊണ് തരാക്കണം
പിന്നെ ഇന്ന് കാശ് ചോദിക്കില്ല !! “
“തിരുമാറാടിക്കാരൻ രാജുവിനെ ഒന്ന് ഓഫീസ്‌മുറിയിൽ എത്തിക്കണം .പുള്ളിക്ക്ചീട്ടുകളി വലിയ ഇഷ്ടമാണ് .ബാക്കികാര്യം ഞാനേറ്റു .”
അച്ചന്റെ കൂടെ പന്നി മലത്താനിരുന്നാൽ ആ മാസത്തെ ശമ്പളവും ,അടുത്ത മാസത്തേയും കൂടെ പോയിരിക്കും .
“ റോസ്മേരി റ്റീച്ചറുടെ സാരിയെപ്പറ്റി നീയൊന്നു കേറ്റി പിടിപ്പിച്ചേക്കണം .പുതിയതായി വാങ്ങിയ വളകളുടെ സ്റ്റൈൽ വിട്ടുപോകരുത് “
“ നിനക്ക് ഞാൻ പന്നിയെറച്ചിയും പൊറോട്ടയും വേറെ വൈകുന്നേരം ശരിയാക്കിത്തരാം
അമേരിക്കയിൽ നിന്ന് വന്ന ഒരു പയ്യൻ അച്ചന് ചെറിയൊരു സമ്മാനം എത്തിച്ചിട്ടുണ്ട് .അത് നമുക്ക് പന്നിയുടെ കൂടെ അടിക്കാം . “
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അച്ചൻ നാല് പാവപ്പെട്ട പിള്ളേരെ സ്വന്തം
ചിലവിൽ പഠിപ്പിക്കുണ്ട് .രണ്ടുപേർ നേഴ്‌സിംഗിനും ,രണ്ടുപേർ എഞ്ചിനീറിങ്ങിനും .
ഒരു യഥാർത്ഥ ആവശ്യക്കാരൻ പള്ളിമുറിയിൽ ചെന്ന് അച്ചനോട് തൻ്റെ ദാരിദ്രവും ,
നീറ്റലും പറഞ്ഞാൽ ,ഒരിക്കലും അച്ചൻ കൈവിടില്ല. എന്തെല്ലാം മൈനസുകൾ ഉണ്ടെങ്കിലും
അച്ചനിൽ ഒരു പച്ചയായ മനുഷ്യനുണ്ട് . ആ മനസ്സിന്റെ നേരാണ് എന്നെ അദ്ദേഹത്തോട് ചേർത്ത് നിർത്തുനിർത്തിയത് .
എൻ്റെ ക്ലാസ്സിൽ പഠിച്ചിരുന്ന ബെന്നി ഭൂതദയ ഹോട്ടലിൻറെ തൊട്ട് ഒരു പലചരക്ക്
കട നടത്തിയിരുന്നു .അവനൊരുദിവസം എന്നെ വിളിച്ചു പറഞ്ഞു “ മരിച്ചുപോയ പട്ടാളക്കാരന്റെ ഭാര്യ റോസിലി ടീച്ചർ കുറച്ചു പലചരക്കു സാധനങ്ങൾ വാങ്ങിക്കൊണ്ട്
പോയിരുന്നു .കാശ് പീറ്ററച്ചൻ തരുമെന്നാണ് പറഞ്ഞത് .അപകടം മണത്തെങ്കിലും പൈസ
ഞാൻ സെറ്റിൽ ചെയ്തു .അച്ചൻ പട്ടത്തിനു പഠിക്കുമ്പോൾ ശെമ്മാശ്ശൻ ആയിരുന്ന കാലത്തു
അടക്കാമരത്തിൽ കെട്ടിയിട്ട് ആരോ തല്ലിയിട്ടുണ്ടെന്ന് ഒരു ശ്രുതി കേട്ടിട്ടുണ്ട് .കാര്യങ്ങൾ
എന്തൊക്കെ ആണെങ്കിലും ഒരു മനുഷ്യൻറെ സുഗന്ധവും ,ദുർഗന്ധവും ഉള്ള ആളാണെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ .വിസ കിട്ടി,യാത്ര പറയാൻ പള്ളിയിൽ ചെന്നപ്പോൾ ,അച്ചന്റെ കൂടെ
പുഴക്കര വരെ നടക്കാം എന്ന് പറഞ്ഞു .ചേർത്ത് നിർത്തി അച്ചൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഒരു പിടച്ചിലായി എന്നും ഉണ്ടായിരുന്നു . “ സമ്പത്തിൻറെ നട കയറുമ്പോൾ എപ്പഴോ കേട്ടു മറന്ന ദൈന്യതയുടെ നിലവിളികൾ ഓർക്കാതെ പോകരുത് , ഉടയ തമ്പുരാൻ നിനക്ക് കൂട്ടിനുണ്ടാകും “

മനോഹർ തോമസ്