മനോജ്‌ കോടിയത്ത് ; എഴുത്തിൽ അഭിരമിക്കുന്ന മനുഷ്യൻ

sponsored advertisements

sponsored advertisements

sponsored advertisements


19 June 2022

മനോജ്‌ കോടിയത്ത് ; എഴുത്തിൽ അഭിരമിക്കുന്ന മനുഷ്യൻ

അനിൽ പെണ്ണുക്കര

ജീവിതത്തിൽ ചിലതെല്ലാം അവിചാരിതമാണ്, മുന്നറിയിപ്പുകളില്ലാതെ സംഭവിക്കുന്നവ. ഉദാഹരണത്തിന് സ്നേഹം പോലെ എന്ന് പറയാം. യാതൊരു അറിയിപ്പുകളുമില്ലാതെയല്ലേ സ്നേഹം നമ്മളിലേക്ക് കടന്ന് വരുന്നത്. തുടക്കത്തിൽ അതിന് കണ്ടുപിടിക്കാൻ കഴിയുന്ന അടയാളങ്ങളോ മുൻധാരണകളോ ഒന്നും കാണില്ല.

ഒരു ഘട്ടം കഴിയുമ്പോൾ മനുഷ്യൻ വീണ്ടും ജീവിതത്തിന്റെ പൊരുത്തപ്പെടാനാകാത്ത സത്യങ്ങളോട് കലഹിച്ചു തുടങ്ങും. ചിലരാകട്ടെ ആ സത്യങ്ങളെ തുടർജീവിതമായി കണ്ട് അവയെ താലോലിച്ച് അതിൽ അഭിരമിച്ച് ജീവിതം അർത്ഥമുള്ളവയാക്കും. അത്തരത്തിൽ ജീവിതത്തിലെ ഒരിക്കലും പൊരുത്തപ്പെടാനാകാത്ത ഒരു സത്യത്തെ ഒപ്പം കൂട്ടിയ മനുഷ്യനാണ് മനോജ്‌ കോടിയത്ത് . പാതിജീവിതം പിന്നിട്ടപ്പോൾ കൂട്ടുവന്ന എഴുത്തിന്റെ സ്വപ്നവഴികളിലൂടെ അദ്ദേഹം ഭംഗിയിൽ നടന്നു. മുൻപെങ്ങുമില്ലാത്തവിധം, എവിടെയൊക്കെയോ എഴുതാനുള്ള ആഗ്രഹങ്ങളിൽ അദ്ദേഹം ജീവിതത്തെ ഏറ്റവും മധുരമുള്ള ഒന്നാക്കി മാറ്റി. ഒടുവിൽ മുഖം ബുക്സിന്റെ ലോക മലയാള കഥകളുടെ ഭാഗമായി.

വായനയുടെയോ എഴുത്തിന്റെയോ യാതൊരു പൂമ്പൊടിയും ഏറ്റുകിടക്കാത്ത ഒരു കല്ലായിരുന്നു താനെന്ന് മനോജ്‌ തന്നെ പലപ്പോഴും കുറിക്കാറുണ്ട്. പക്ഷെ വൈകിവന്ന വസന്തത്തെ അദ്ദേഹം വരവേൽക്കുകയും സ്വീകരണമുറികളിൽ കൊണ്ടിരുത്തുകയുമാണ് ചെയ്തത്. വായനയുടെയോ പദസമ്പത്തിൻ്റെയോ പിൻബലമില്ലാതെയാണ് മനോജ്‌ എഴുതിത്തുടങ്ങിയത് . ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്തുകളാവുന്നത്. ഏകാന്തത പലപ്പോഴും നമ്മളെയൊക്കെ മത്തു പിടിപ്പിക്കാറുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ മാത്രം നമ്മളിൽ പലരും നമ്മളെ തന്നെ ഒറ്റുകൊടുക്കാറുമുണ്ട്, അത്തരത്തിൽ ഒരു ഒറ്റു കൊടുക്കൽ മനോജിന്റെ ജീവിതത്തിലും സംഭവിച്ചിരുന്നു. അത് എഴുത്തിലേക്കുള്ള അദ്ദേഹത്തിന്റെ തുടക്കമായിരുന്നു.

ഒരിക്കൽ നഷ്ടപ്പെട്ടു പോയ തന്റെ വായനാശീലം മറ്റെല്ലാവരെയും പോലെ കോവിഡ് ഏകാന്തവാസ കാലത്ത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് മനോജ്‌ തന്റെ ആദ്യത്തെ എഴുത്ത് ആരംഭിക്കുന്നത്. ‘കൂച്ച്’ എന്ന പേരുള്ള സ്കൂൾ വാട്ട്സപ്പ് ഗ്രൂപ്പിൽ എഴുതിയ ഒരു ചെറു ഓർമ്മക്കുറിപ്പിലായിരുന്നു തുടക്കം. “ഇത് കൊള്ളാലോ എന്ന സുഹൃത്തുക്കളുടെ പ്രോത്സാഹനം പിന്നീട് ഒരു വലിയ സമൂഹത്തിന്റെ വിലപ്പെട്ട അഭിപ്രായമായി മാറുകയും, അത് തുടർന്നെഴുതാൻ മനോജിന് പ്രോത്സാഹനം ലഭിക്കുകയും ചെയ്തു. അന്ന് മുതൽ സ്വന്തം അനുഭവങ്ങളെ ഓർമ്മകളുടെ, ഹൃദയത്തിന്റെ ബർമുഡ ട്രയാങ്കിളിൽ ഇട്ട് എഴുത്തുകളാക്കി മാറ്റാൻ മനോജ് ശ്രമിച്ചു. പിന്നീട് അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു.

എന്നാൽ അവനവന്റെ പ്രേതത്തെ ഒഴിപ്പിക്കാതെ എഴുത്ത് മുന്നേറുകയില്ലെന്ന് ഒരുഘട്ടത്തിലാണ് മനോജ്‌ തിരിച്ചറിഞ്ഞത്.
“മനോജ് ഇനി മറ്റുള്ളവരുടെ അനുഭവങ്ങൾ എഴുതണം” എന്ന ഒരു സുഹൃത്തിൻ്റെ അഭിപ്രായമാണ്, ആദ്യമായി ‘ആയിഷ’ എന്ന കഥ എഴുതാൻ അദ്ദേഹത്തിന് പ്രേരണയാവുന്നത്. എന്നാൽ കഥയെഴുത്തിൻ്റെ ചിട്ടവട്ടങ്ങളൊന്നും അറിയാതെ എഴുതിയ കഥയ്ക്ക് ദുബായിലെ മെഹ്ഫിൽ ഇൻ്റർനാഷണൽ നടത്തിയ കഥാമത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. എഴുത്തിന്റെ ജീവിതത്തിൽ ഇതുവരെയായി അഞ്ച് കഥകളാണ് മനോജ്‌ എഴുതിയിട്ടുള്ളത്. അതിൽ രണ്ടു കഥകളാണ് മുഖം ബുക്സിൻ്റെ ‘ലോകമലയാള കഥകളി’ൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരേ വിഷയത്തിന്മേലുള്ള രണ്ട് വ്യത്യസ്ഥ വീക്ഷണങ്ങളാണ് ഈ രണ്ട് കഥകളിൽ കാണാനാവുകയെന്ന് എഴുത്തുകാരൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പൊരിക്കൽ, എഴുത്തുകാരനായ സുഹൃത്തിനോട് ഞാനൊരു കാര്യം ആവശ്യപ്പെട്ടു. പ്രവാസജീവിതത്തിനിടയിൽ എനിക്കുണ്ടായ വേറിട്ട ഒരു അനുഭവം പറഞ്ഞ്, ഇത് നിനക്ക് എഴുതാമോ എന്ന് ചോദിച്ചു. പറയുമ്പോഴത്തെ എൻ്റെ ശരീരഭാഷയും, ഇടയ്ക്കുള്ള ശൂന്യമാകലും കണ്ട് സുഹൃത്ത് പറഞ്ഞത്,
“ഇത്രയും തീവ്രമായൊരനുഭവം നീ തന്നെ എഴുതണം” എന്നാണ്. സുഹൃത്തിൻ്റെ ഈ മറുപടിയിൽ തീർത്തും നിരാശനായി, ഞാൻ. അന്നെനിക്ക് എന്തെങ്കിലും എഴുതാനാവുമെന്ന് ധാരണയേ ഇല്ലായിരുന്നു. പക്ഷേ, ഇപ്പോൾ ആ അനുഭവം എഴുതാനുള്ള തയ്യാറെടുപ്പിലാണ്. ഒരു അത് ഒരു നോവൽ ആക്കി മാറ്റാനാണ് പ്ലാൻ.

എഴുത്തിന്റെ വഴികൾ അങ്ങനെയാണ്, അതിനെപ്പോഴും പുത്തൻ മണ്ണിന്റെ ഗന്ധമായിരിക്കും. അവിടെ എപ്പോഴും മഴ പെയ്യുകയും, അകാരണമായി മഞ്ഞുവീഴുകയും ചെയ്യും, ഇടയ്ക്ക് ശീതകാറ്റ് ആഞ്ഞടിക്കും. പക്ഷെ എഴുതിത്തുടങ്ങുമ്പോൾ ഭൂമി ശാന്തമാകും. അതിന്റെ ഛായാചിത്രങ്ങളിൽ നിറങ്ങൾ നിറയും.
=========================
പയ്യന്നൂരിനടുത്ത് രാമന്തളി സ്വദേശിയാണ് മനോജ്‌ കോടിയത്ത് . രാമന്തളി ഗവ:ഹൈസ്കൂളിൽ നിന്ന് SSLCയും പയ്യന്നൂർ കോളേജിൽ നിന്ന് പ്രീഡിഗ്രിയും, കാഞ്ഞങ്ങാട് നെഹ്റു ആർട്സ് & സയൻസ് കോളേജിൽ നിന്ന് ബിരുദവും കഴിഞ്ഞ് ബോംബെയിൽ ജോലി തേടി തുടങ്ങിയ പ്രവാസമാണ്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും പി ജി ചെയ്യുമ്പോഴാണ് UAEലേക്ക് വരുന്നത്.ഇരുപത് വർഷത്തിലേറെയായി യു എ യിലാണ്. ദുബായിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുന്നു. ഭാര്യ സ്മിത, മക്കൾ സമീക്ഷ, ശ്രീമയ്. കുടുംബത്തോടൊപ്പം ഷാർജയിൽ താമസിക്കുന്നു.

മനോജ്‌ കോടിയത്തും കുടുംബവും