വിശ്വാസ സമൂഹത്തിന് തണലായി മാർ ജോയി ആലപ്പാട്ട്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 September 2022

വിശ്വാസ സമൂഹത്തിന് തണലായി മാർ ജോയി ആലപ്പാട്ട്

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പുതിയ ബിഷപ്പായി ഒക്ടോബർ ഒന്ന് മുതൽ ചുമതലയേൽക്കുന്ന മാർ ജോയി ആലപ്പാട്ടിന്റെ ജീവിത വഴികൾ ഇങ്ങനെയാണ് .

തൃശൂര്‍ പറപ്പൂക്കര ആലപ്പാട്ട്‌ തെക്കേത്തല വര്‍ഗീസ്‌- റോസി ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി മാർ ജോയി ആലപ്പാട്ടിന്റെ ജനനം .ഇടവക വികാരി ഫാ. ജേക്കബ്‌ ചക്കാലയ്‌ക്കലിന്റെ താത്‌പര്യപ്രകാരം അള്‍ത്താര ബാലനും, ഗായകസംഘത്തിലെ അംഗവുമായി. പുത്തന്‍പള്ളി വരാപ്പുഴ സെന്റ്‌ ജോര്‍ജ്‌ സ്‌കൂള്‍, പറപ്പൂക്കര പി.വി.എസ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞ്‌ വൈദിക പഠനത്തിനു ചേര്‍ന്നു.കുടുംബത്തിലെ തികഞ്ഞ പ്രാര്‍ത്ഥനാന്തരീക്ഷവും, മാതാപിതാക്കളുടെ വിശ്വാസ മാതൃകയും, വൈദീകരുടേയും സന്യസ്‌തരുടേയും മഹനീയ ജീവിതങ്ങളുമാണ്‌ തന്റെ അജപാലന ജീവിതത്തിന്റെ പ്രചോദനമെന്ന്‌ പിതാവ്‌ സാക്ഷ്യപ്പെടുത്തുന്നു. തൃശൂര്‍ തോപ്പ്‌ സെന്റ്‌ മേരീസ്‌ മൈനര്‍ സെമിനാരിയിലും, കോട്ടയം വടവാതൂര്‍ സെന്റ്‌ തോമസ്‌ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയശേഷം 1981-ല്‍ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ ജയിംസ്‌ പഴയാറ്റില്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. ചാലക്കുടി, മാള, കുമ്പിടി, ഇരഞ്ഞാലക്കുട ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ച ജോയി അച്ചന്‍ രൂപതാ അള്‍ത്താര സംഘത്തിന്റെ ഡയറക്‌ടറുമായി. ദൈവശാസ്‌ത്രത്തിലും സാമൂഹ്യശാസ്‌ത്രത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയെടുക്കുകയും ചെയ്‌തു.
സ്‌നേഹത്തോടും സൗമ്യതയോടുംകൂടി മാത്രം ഇടപഴകുന്ന ജോയി അച്ചന്റെ മാതൃക കൂടുതല്‍ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്കടുപ്പിച്ചു. പ്രവാസികള്‍ക്ക്‌, അവര്‍ എവിടെയായിരുന്നാലും അജപാലന ശുശ്രൂഷ ലഭ്യമാക്കണമെന്ന രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെ തീരുമാനം നടപ്പിലാക്കുവാന്‍ ഇരിഞ്ഞാലക്കുട രൂപതയെ ചുമതലപ്പെടുത്തിയപ്പോള്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ ജോയി അച്ചനെ മദ്രാസ്‌ മിഷനിലേക്കയച്ചു രൂപതാ നേതൃത്വം.
പ്രവാസികളുടെ വിശ്വാസ സംരക്ഷണവും വളര്‍ച്ചയും എന്ന ദൗത്യം അവിടെ ആരംഭിക്കുകയായിരുന്നു. മദ്രാസ്‌ മിഷനിലെ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച്‌ ഒട്ടേറെ മിഷനുകളും ഇടവകകളുമായി വളര്‍ത്തിയതില്‍ ജോയി അച്ചനുള്ള പങ്ക്‌ സ്‌തുത്യര്‍ഹമായിരുന്നു.

തികഞ്ഞ സംഗീതാസ്വാദകനും, കലാസ്‌നേഹിയുമായ ഈ വൈദികന്‍ പ്രാര്‍ത്ഥനാ ജീവിതത്തില്‍ സംഗീതത്തിനുള്ള സ്വാധീനത്തില്‍ ഏറെ വിശ്വസിക്കുന്നു. മഹാരഥന്മാരായ യേശുദാസ്‌, ജെ.എം. രാജു എന്നിവരോട്‌ ചേര്‍ന്നൊരുക്കിയ `സ്‌നേഹസുധ’ എന്ന ആല്‍ബം സംഗീത പ്രേമികളും വിശ്വാസികളും എന്നും നെഞ്ചോട്‌ ചേര്‍ത്ത്‌ നിര്‍ത്തുന്നു. ദിവ്യധാര, വരദാന മഞ്‌ജരി, ആത്മസൗഖ്യം, കാനാന്‍ ദേശം, അമ്മ എന്നീ ആല്‍ബങ്ങളില്‍ പിതാവിന്റെ തൂലികയില്‍ നിന്നുതിര്‍ന്ന മനോഹരഗാനങ്ങളാണ്‌.

1994-ല്‍ അമേരിക്കയിലെത്തിയ പിതാവ്‌ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരി ഓഫ്‌ അസംപ്‌ഷന്‍ ചര്‍ച്ചില്‍ സഹ വികാരിയായി. ന്യൂയോര്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്പ്‌ തിയോഡോര്‍ മക്കാരിക്കിന്റെ ക്ഷണപ്രകാരം ന്യൂമില്‍ഫോര്‍ഡ്‌ അസന്‍ഷന്‍ ചര്‍ച്ചിലും തുടര്‍ന്ന്‌ വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചാപ്ലെയിനായും സേവനം അനുഷ്‌ഠിച്ചു.

പ്രവാസി വിശ്വാസ സംരക്ഷണം ഹൃദയത്തോടു ചേര്‍ത്ത്‌ നിര്‍ത്തിയ സീറോ മലബാര്‍ വിശ്വാസികളുടെ പ്രിയ ജോയി അച്ചന്‍ ന്യൂജേഴ്‌സിയിലെ വിശ്വാസികളെ ഒന്നിച്ചു നിര്‍ത്തുവാനുള്ള ദൗത്യം ഏറ്റെടുത്തു. നന്മയുള്ള ഈ വൈദീകന്റെ അക്ഷീണ പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു 2001-ല്‍ സീറോ മലബാര്‍ രൂപത രൂപീകൃമായപ്പോള്‍ അവിടേയ്‌ക്കുള്ള അങ്ങാടിയത്ത്‌ പിതാവിന്റെ പ്രത്യേക ക്ഷണം. അച്ചന്റെ നേതൃപാടവവും, സംഘടനാമികവിന്റേയും കറകളഞ്ഞ ആത്മാര്‍ത്ഥതയുടേയും പ്രതിഫലനമായിരുന്നു രൂപതാസ്ഥാപനത്തിനുശേഷം ആദ്യമായി നടന്ന ന്യൂജേഴ്‌സി കണ്‍വെന്‍ഷന്റെ വന്‍ വിജയം.

2004-ല്‍ ഗാര്‍ഫീല്‍ഡ്‌ മിഷനില്‍ നിയമിതനായതിനുശേഷം ആ കൂട്ടായ്‌മയ്‌ക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്ക്‌ നിദാനം അച്ചന്റെ അശ്രാന്ത പരിശ്രമങ്ങളായിരുന്നു. സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മിഷന്റെ സ്ഥാപക ഡയറക്‌ടറായ അച്ചന്‍ സ്റ്റാറ്റന്‍ഐലന്റ്‌ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമഥേയത്തിലുള്ള വിശ്വാസി സമൂഹത്തിന്റെ അജപാലന ദൗത്യവും വളരെ സസന്തോഷം നിറവേറ്റി.

2011-ല്‍ ചിക്കാഗോ കത്തീഡ്രലിന്റെ വികാരിയായി സ്ഥാനമേറ്റ അച്ചന്‍ 1400-ലധികം കുടുംബങ്ങളുള്ള വലിയ ഇടവക ജനത്തിന്റെ സ്‌നേഹാദരവുകള്‍ അതിവേഗം നേടി. നിറഞ്ഞ ചിരിയോടെയുള്ള പെരുമാറ്റവും വിശ്വാസമാതൃകയും ദൈവമക്കളില്‍ വിശ്വാസവളര്‍ച്ചയ്‌ക്കുള്ള ചാലകശക്തിയായി. എല്ലാ മതവിഭാഗങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയ ജോയി അച്ചനെ ഏക മനസോടെ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു.2014 മുതൽ മാർ ജോയി ആലപ്പാട്ട് ചിക്കാഗോ സീറോ മലബാർ രൂപതയുടെ ഓക്സിലറി ബിഷപ്പായി സേവനമനുഷ്ടിച്ചു വരുന്നു.2014 സെപ്റ്റംബർ 27 നാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി,മാർ ജേക്കബ് അങ്ങാടിയത്ത്, മാർ പൗളി കണ്ണൂക്കാടൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാർ ജോയി ആലപ്പാട്ട് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഓക്സിലറി ബിഷപ്പായി അഭിഷിക്തനായത് .

ലാളിത്യവും, ആത്മവിശുദ്ധിയും, സുവിശേഷചൈതന്യവും , സ്‌നേഹാത്മകതയും, മുഖമുദ്രയായ ഈ വ്യക്തിത്വത്തിനു ലഭിച്ച പരമോന്നത അംഗീകാരമായി മെത്രാന്‍ പദവി നല്‍കി സഭ ആദരിച്ചിരിക്കുകയാണ്‌. പ്രവാസി സഭാ മക്കളുടെ സേവനം തന്റെ ദൈവീക നിയോഗമായി ഏറ്റെടുത്ത ആലപ്പാട്ട്‌ പിതാവിന്റെ നിസ്‌തുല സേവനത്തിന്റെ ദൈവീക സമ്മാനമായി ഈ പദവി വന്നുചേര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ ഒരു വലിയ സന്തോഷത്തിന്റെ നിറവിലാണ്‌. ‘ആത്മാക്കളുടെ രക്ഷയ്‌ക്ക്‌ സ്‌നേഹപൂര്‍വ്വം’ എന്നതാണ്‌ പിതാവിന്റെ ആപ്‌തവാക്യം.
തികഞ്ഞ കലാസ്‌നേഹിയും, അടിയുറച്ച വിശ്വാസത്തിന്റെ ഉടമയുമായ പിതാവ്‌ പുതിയ ദൗത്യമേറ്റടുക്കുമ്പോള്‍ തന്നില്‍ നിക്ഷിപ്‌തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു. സഭാ വിശ്വാസികളേവരും പ്രാര്‍ത്ഥനാപൂര്‍വ്വം സഭയുടെ വളര്‍ച്ചയ്‌ക്കായി നേതൃത്വത്തോടൊപ്പം അണിചേരുകയും ചെയ്യുന്നു.