സനീഷ് ജോര്‍ജ്
മോര്‍ട്ടണ്‍ഗ്രോവ്: റെസ്പിരേറ്ററി കെയര്‍ വാരാഘോഷത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 22-ന് മോര്‍ട്ടണ്‍ഗ്രോവിലെ സെയിന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരീഷ് ഹാളില്‍ വെച്ച് നടത്തപ്പെട്ട മാര്‍ക്കിന്‍റെ കുടുംബ സംഗമം, മുതിര്‍ന്നവര്‍ക്കൊപ്പം നിരവധി യുവാക്കളുടെ കൂടെ ആവേശകരമായ സാന്നിധ്യത്താല്‍ ഉത്സവപ്രതീതിയുണര്‍ത്തി. 21 വര്‍ഷം അഭിമാനകരമായി പിന്നിട്ട സംഘടനയുടെ നേതൃത്വത്തിലേക്ക് നിരവധി യുവാക്കള്‍ കടന്നുവരുവാന്‍ കാണിക്കുന്ന അര്‍പ്പണബോധവും സംഘടനയുടെ ഭാവി സുരക്ഷിതമാണെന്ന വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ഫാമിലി നൈറ്റ് ആദ്യാവസാനം ആവേശകരമായി നിലനിര്‍ത്തിയത് ലൈവ് ഓര്‍ക്കസ്ട്രായോടുകൂടിയ നാടന്‍ സോള്‍ ബാന്‍ഡ് എന്ന യുവഗായകരുടെ മെലഡിയും അടിപൊളി ഗാനങ്ങളും ചേര്‍ത്ത മൂന്നു മണിക്കൂറോളം നീണ്ട ഗാനവിരുന്നായിരുന്നു. റെസ്പിരേറ്ററി പ്രൊഫഷണലുകളും കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഘനൃത്തങ്ങളും സോളോ, യുഗ്മ ഗാനങ്ങളും ഗ്ലന്‍ബ്രൂക്ക്സ്സ് ടീമിന്‍റെ വിശേഷാല്‍ പരിപാടിയും സമ്മേളനം ഹൃദ്യമാക്കി.
സായാഹ്നം 6 മണിക്ക് ഗാനമേളയുടെ അകമ്പടിയോടുകൂടിയ സൗഹൃദസല്ലാപവുമായാണ് കുടുംബ സംഗമം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പൊതുസമ്മേളനത്തില്‍ പ്രസിഡണ്ട് വിജയന്‍ വിന്‍സെന്‍റ് അദ്ധ്യക്ഷം വഹിച്ചു. സംഘടനയുടെ എഡ്യുക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിഷാ സജി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഉപദേശകസമിതി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പ്രസിഡണ്ട് വിജയന്‍ വിന്‍സെന്‍റും മുഖ്യാതിഥി ഡോക്ടര്‍ ലാവണ്യാ ശ്രീനിവാസനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാര്‍ക്കിന്‍റെ സ്ഥാപകനേതാക്കളില്‍ ഒരുവനും മൂന്നു തവണ സെക്രട്ടറിയായും സംഘടനയുടെ ഒട്ടുമിക്ക കാല്‍വെപ്പുകള്‍ക്കും ചുക്കാന്‍ പിടിച്ചും ഇക്കാലമത്രയും സജീവമായി നിലകൊണ്ടിട്ടുള്ള പ്രസിഡണ്ട് വിജയന്‍ വിന്‍സെന്‍റ് 21 വര്‍ഷത്തെ മാര്‍ക്കിന്‍റെ നേട്ടങ്ങള്‍ ഹ്രസ്വമായി പരാമര്‍ശിച്ചുകൊണ്ടാണ് തന്‍റെ അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചത്. ഒരു നവാഗത ശിശുവിന്‍റെ ആദ്യ ശ്വാസത്തിലും രോഗിയായ ഒരു വ്യക്തിക്ക് അന്ത്യശ്വാസം നല്‍കുന്നതിലും ഇതിനിടയിലെ ജീവിതത്തില്‍ അനേകരുടെ ശ്വസനം അനായാസമാക്കുന്നതിലും റെസ്പിരേറ്ററി തെറാപ്പിസ്റ്റുകള്‍ നല്‍കുന്ന സേവനം സ്തുത്യര്‍ഹമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കടുത്ത സമ്മര്‍ദ്ദങ്ങളും ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടും ചികിത്സാ രംഗത്തെ സഹോദര പ്രൊഫഷണലുകള്‍ക്കൊപ്പം കോവിഡ് രോഗികളുടെ ചികിത്സയില്‍ റെസ്പിരേറ്ററി പ്രൊഫഷണലുകള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം പ്രശംസിച്ചു. അവരെല്ലാം യഥാര്‍ത്ഥ ‘ഹീറോസ്’ ആണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വമ്പിച്ച കരഘോഷത്തോടുകൂടിയാണ് സദസ്സ് ഈ പ്രഖ്യാപനം വരവേറ്റത്. തുടര്‍ വിദ്യാഭ്യാസ സെമിനാറുകള്‍ പോലുള്ള മാര്‍ക്കിന്‍റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ മലയാളി യുവാക്കളെ റെസ്പിരേറ്ററി പ്രൊഫഷണലിലേക്ക് ആകര്‍ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ‘മാര്‍ക്ക് സ്റ്റുഡന്‍റ് സ്കോളര്‍ഷിപ്പ്’ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാര്‍ക്കിന്‍റെ ആയുഷ്കാല അംഗത്വം 300 ആക്കി ഉയര്‍ത്തുകയാണ് തന്‍റെ എക്സിക്യൂട്ടീവിന്‍റെ മറ്റൊരു പരിഗണനയെന്നും പ്രസിഡണ്ട് വിജയന്‍ വിന്‍സെന്‍റ് അറിയിച്ചു.
സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നല്‍കിയ ഡോക്ടര്‍ ലാവണ്യ ശ്രീനിവാസന്‍ കോവിഡ് രോഗികള്‍ അനുഭവിച്ച യാതനകളും അവരുടെ ചികിത്സയില്‍ താന്‍ നേരിട്ട കടുത്ത വെല്ലുവിളികളും നിസ്സഹായാവസ്ഥകളും വികാരനിര്‍ഭരമായി വിവരിച്ചത് വലിയൊരു വിങ്ങലോടു കൂടിയാണ് സദസ്സ് ഒന്നായി ശ്രവിച്ചത്. പള്‍മണോളജിസ്റ്റായി പ്രവര്‍ത്തിക്കുന്ന തന്‍റെ ചികിത്സയില്‍ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ നല്‍കുന്ന പിന്തുണ നന്ദിയോടുകൂടി അവര്‍ സ്മരിച്ചു. ഈ രംഗത്തെ മലയാളികളുടെ സേവനങ്ങളും വര്‍ദ്ധിച്ചു വരുന്ന സാന്നിധ്യവും ഡോക്ടര്‍ ലാവണ്യ ശ്രീനിവാസന്‍ പ്രശംസിച്ചു.
സന്തോഷ് ജോര്‍ജ്, ടീനാ ജോര്‍ജ് എന്നിവര്‍ സമ്മേളനത്തില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു. ഭാഷാ പ്രാവീണ്യവും നര്‍മ്മം കലര്‍ന്ന ഇരുവരുടെയും അവതരണ ശൈലിയും ആദ്യാവസാനം വരെ സദസ്സിന് സമ്മേളനം ഹൃദ്യമാക്കി. എക്സിക്യുട്ടീവ് അംഗങ്ങളായ ടോം ജോസ്, ബെന്‍സി ബെനഡിക്ട്, സണ്ണി കൊട്ടുകാപ്പള്ളി, ജോര്‍ജ് മത്തായി, നിഷാ സജി എന്നിവര്‍ക്കൊപ്പം ഷൈനി ഹരിദാസ്, ഗീതു ജേക്കബ്, ഷാജന്‍ വര്‍ഗ്ഗീസ്, തോമസ്സ് പതിനഞ്ചില്‍, അനീഷ് ചാക്കോ എന്നിവര്‍ സമ്മേളനത്തിന്‍റെ നടത്തിപ്പിന് നേതൃത്വം നല്‍കി. മാര്‍ക്ക് അംഗങ്ങള്‍ കൂടിയായ ജോര്‍ജ് വയനാടന്‍, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ സമ്മേളന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. സെക്രട്ടറി സനീഷ് ജോര്‍ജ് കൃതജ്ഞത രേഖപ്പെടുത്തി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെയും ജോലിയിലുള്ള മികവിന്‍റെയും അടിസ്ഥാനത്തില്‍ പോയവര്‍ഷം വിവിധ ഹോസ്പിറ്റലുകളില്‍ റെസ്പിരേറ്ററി കെയര്‍ അഡ്മിനിസ്ട്രേറ്റീവ് ഡിറക്ടര്‍, ഡിറക്ടര്‍, മാനേജര്‍, സൂപ്രവൈസര്‍, ടീം ലീഡര്‍ എന്നീ പദവികളിലേക്ക് ഉയര്‍ത്തപ്പെട്ട റോയി ചേലമലയില്‍, ജേക്കബ് വയലില്‍, സക്കറിയാ ചേലയ്ക്കല്‍, നിഷാ സജി, സനീഷ് ജോര്‍ജ്, ജോണ്‍ ചിറയില്‍, ജോര്‍ജ് മത്തായി, ബെന്‍സി ബനഡിക്ട്, ജെസ്സിമോള്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരെ സമ്മേളനത്തില്‍വെച്ച് ആദരിച്ചു.