ആറ്റം…ബോംബാകുന്നത് !(മറിയാമ്മ മാത്യു കവലയ്ക്കൽ)

sponsored advertisements

sponsored advertisements

sponsored advertisements

12 February 2023

ആറ്റം…ബോംബാകുന്നത് !(മറിയാമ്മ മാത്യു കവലയ്ക്കൽ)

മറിയാമ്മ മാത്യു കവലയ്ക്കൽ
പേടിക്കണ്ട …പൊട്ടിയിട്ടില്ല! ….വിദേശത്തു താമസമാക്കിയ കൊച്ചു മകനുമായി ഇന്നുണ്ടായ ചെറു സംഭാഷണത്തിൽ നിന്നാണ് മനുഷ്യബന്ധങ്ങളുടെ സുസ്ഥിരതയും ആറ്റം ബോംബിന്റെ പ്രവർത്തനതത്വവും തമ്മിലുള്ള ഒരു കണക്ഷൻ ചിന്തയിൽ പെടുന്നത് . വ്യത്യസ്ത ചാർജുള്ള പ്രോട്ടോണും ഇലെക്ട്രോണും പ്രത്യേക ചാർജില്ലാത്ത ന്യൂട്രോണും കൂടുന്ന സമാധാനം നിറഞ്ഞു സന്തുലിതമായ ആറ്റം ഫാമിലിയിൽ മറ്റൊരു ന്യൂട്രോൺ വന്നിടിക്കുമ്പോൾ സംഭവിക്കുന്ന ന്യൂക്ലിയർ ഫിഷനും രണ്ടു ആറ്റങ്ങൾ ചേരുമ്പോൾ സംഭവിക്കുന്ന ഫ്യൂഷൻ റിയാക്ഷനും ഒക്കെ വായനയ്ക്കും ചിന്തയ്ക്കും വിധേയമാക്കപ്പെട്ടു .
മകന്റെ കുടുംബ ജീവിതത്തിൽ ചെറു ചെറു ആശയവൈരുദ്ധ്യങ്ങളാൽ ഉണ്ടായ സാധാരണ ഒച്ചപ്പാടിനെയും കാലുഷ്യങ്ങളെയും , തുറന്ന സംഭാഷണത്താൽ നിവർത്തി ശെരിയാക്കിയപ്പോൾ ഉണ്ടായിപ്പോയതാണ് ഈ ആറ്റൻ കുട്ടി സ്റ്റോറി .
ഉന്നത തസ്തികയിൽ ജോലിയിലിരുന്ന സുന്ദരിയായൊരു ചെറുപ്പക്കാരി കുടുംബിനി ജോലി സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതും പ്രണയം നിരസിച്ചവളെ കഴുത്തറുത്തു കൊന്നവൻ ന്യായീകരണം നിരത്തുന്നതും ഭൂകമ്പത്തിനിടയിലും അതിർത്തിയിൽ അന്യോന്യം റോക്കറ്റു വിടുന്ന മൂഢ രാജ്യതന്ത്രജ്ഞതയും പിന്നെ ഇതൊക്കെ നവമാധ്യമങ്ങളിലൂടെ അറിയുമ്പോൾ മനസ്സു കലങ്ങി ഒരു പ്രവൃത്തി ദിനം തന്നെ നമുക്കു നഷ്ടമാകുന്നതുമൊക്കെ ഞങ്ങളുടെ ചർച്ചയിൽ വന്നുപെട്ടു. കൂലിപ്പണിക്കാരായ മാതാപിതാക്കളും ഏഴു സഹോദരങ്ങളുമൊത്തു ദാരിദ്ര്യത്തിന്റെ സമസ്ത മേഖലകളും അറിഞ്ഞു, പക്ഷേ നാടിന്റെ നന്മയിലും അനേക സുമനസുകളുടെ പരിഗണനയിലും പരിചരണയിലും വളർന്ന് , ദൈവകൃപയാൽ ഒരു മലയാള ഭാഷാദ്ധ്യാപികയായി ജോലി നേടി നല്ല ഒരു കുടുംബ ജീവിതവും മെച്ചപ്പെട്ട ഒരു സാമൂഹ്യ ജീവിതവും ലഭിച്ചു ജീവിത സായാഹ്നത്തിലിരിക്കുന്ന എന്നെ സംബന്ധിച്ച് ഇവയെല്ലാം ഒരു സാധാരണ നിഴൽ ചിത്രമായേ തോന്നിയുള്ളൂ. പക്ഷേ നല്ല വിദ്യാഭ്യാസവും വികസിത രാജ്യ പൗരത്വവുമുള്ള മകനു പോലും ഇങ്ങനെ ചിന്തയും ഉള്ളുരുക്കവും ഉണ്ടാകണമെങ്കിൽ ഈ യുവജനം ഞങ്ങളുടെയൊക്കെ
അന്നത്തെ നാൾവഴികളിലൂടെ ഒന്ന് നടന്നിരുന്നെങ്കിലെന്നു ആശിച്ചു പോയി .ഭക്ഷണവും വസ്ത്രവും പഠനോപകരണങ്ങളും പങ്കിട്ട്, കൊണ്ടും കൊടുത്തും, പ്രകൃതിയിലും ആത്മീയകരുത്തിലും നൂഴ്ന്നിറങ്ങി വളർന്ന ഞങ്ങൾക്ക് സ്ട്രെസ് മാനേജ്മന്റ് ഒരു പ്രത്യേക പാഠമല്ലായിരുന്നു !. പക്ഷേ സന്തുഷ്ടിയും സന്തുലിതാവസ്ഥയും കാത്തു സൂക്ഷിക്കുന്ന കുടുംബം ആരോഗ്യമുള്ള സമൂഹത്തിന്റെ പ്രഥമ കണികയെന്നു അന്നേ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. “ഹൌ റ്റു ബികം മില്ലിനീയർ” പാഠങ്ങൾ ഇല്ലാതിരുന്നതിനാൽ പെർഫോമൻസ് പ്രെഷറും ഇല്ല, വിട്ടുവീഴ്ചകളിലൂടെ ആത്മസന്തോഷം ഒട്ടേറെയും ഉണ്ടായിരുന്നു
ഞാൻ ഒരു കുട്ടിയെ പഠിപ്പിക്കുമ്പോൾ അവന്റെ കുടുംബത്തിലും കുടുംബാംഗങ്ങളിലും വരെ കടന്നു ചെല്ലുന്ന ഒരു ആത്മാർഥതയും അടുപ്പവും അന്നുണ്ടായിരുന്നു , അതൊക്കെ ആ കാലഘട്ടത്തിന്റെ പ്രത്യേകത ആയിരുന്നിരിക്കാം . മനസ് കലുഷിതമാകുമ്പോൾ മറയില്ലാതെ തുറന്നു പറയാൻ കുടുംബവും നല്ലൊരു അധ്യാപകനും നല്ലൊരു ആത്മീയനും ഒരു സൗഹൃദവലയവുമുണ്ടെങ്കിൽ സമാധാനം വീണ്ടെടുക്കാൻ ആർക്കാണ് കഴിയാത്തത്? മനുഷ്യരുമായി നേരിട്ട് ഇടപെടുമ്പോൾ, ജയവും തോൽവിയും അറിഞ്ഞു വളരുമ്പോൾ കിട്ടുന്ന ഒരു ഉൾക്കരുത് ഗൂഗിൾ ചേട്ടന്റെ ഉപദേശങ്ങൾക്കു തരാനാകില്ല എന്നാണ് എന്റെ ഒരിത് .
എന്തായാലും ബോംബുകൾ ഉണ്ടാവുകയല്ല, ഉണ്ടാക്കപ്പെടുകയാണ്. നമ്മുടെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകർക്കുന്ന ബാഹ്യശക്തികളുണ്ടാവും അവയെ ചെറുക്കേണ്ട ഉത്തരവാദിത്വം അവരവർക്കു മാത്രമല്ല മൂല്യബോധമുള്ള ഒരു സമൂഹത്തിനൊന്നാകെയാണ് .പ്രകൃതി എന്നത് വേനലിൽ വരണ്ടാലും വർഷത്തിൽ വൃദ്ധി നേടുന്ന ഒരു പുഴ പോലെയാണ് ! നാമും പ്രകൃതിയുടെ ഒരു ഭാഗം തന്നെയാണ്. പ്രിയ മകനെ ,മകളെ ഏതു പ്രതിസന്ധിയിലും തളരാതെ ആർജ്ജവത്തോടെ ഉയിർത്തെഴുന്നേൽക്കേണ്ടത് നമ്മുടെ കടമയായി കരുതുക . സ്വജീവനോ പരജീവനോ എടുക്കാൻ നമുക്ക് അവകാശമില്ലെന്ന തത്വത്തിനാണ് വില കല്പിക്കേണ്ടത് ! സന്തോഷമുള്ള ഒരു ചിത്തം, സമാധാനമുള്ള ഒരു ജീവിതം അതാണ് നമുക്ക് വേണ്ടത് , തലയുയർക്കുക ചിരിക്കുക സന്തോഷിക്കുക ഈ ക്ഷണിക ജീവിതം ആസ്വദിക്കുക. ഹൈഡ്രജനും ഓക്സിജനും ചേർന്ന് വെള്ളം ആകുമല്ലോ , അത് നല്ലത് അവിടെ വരെ മതി, ഹൈഡ്രജൻ ബോംബിലേക്കു പോകേണ്ട..

മറിയാമ്മ മാത്യു കവലയ്ക്കൽ