മറിയാമ്മ പിള്ളയുടെ വിയോഗം, ഫൊക്കാനയ്ക്ക് കനത്ത നഷ്ടം, ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി

sponsored advertisements

sponsored advertisements

sponsored advertisements

1 June 2022

മറിയാമ്മ പിള്ളയുടെ വിയോഗം, ഫൊക്കാനയ്ക്ക് കനത്ത നഷ്ടം, ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി

ഫ്രാൻസിസ് തടത്തിൽ, രാജേഷ് തില്ലങ്കേരി

ന്യൂജേഴ്‌സി :ഫൊക്കാനയുടെ മുൻ അധ്യക്ഷയും അമേരിക്കയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി ആഗാതമായ ദുഖം രേഖപ്പെടുത്തി. 40 വർഷക്കാലം അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയെയാണ് നമുക്ക് നഷ്ടമായതെന്നും സജിമോൻ ആന്റെണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.മറിയാമ്മ പിള്ള അമേരിക്കൻ മലയാളികൾക്കിടയിൽ എന്നും കർമ്മനിരതായായിരുന്നു. അവരുടെ വിടവാങ്ങൽ ഫൊക്കാനയ്ക്ക് മാത്രമല്ല അമേരിക്കൻ മലയാളികൾക്കാകെ കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും സജിമോൻ ആന്റണി കൂട്ടിച്ചേർത്തു.

വ്യക്തിപരമായി താനും മറിയാമ്മ ചേച്ചിയും തമ്മിൽ ഉണ്ടായിരുന്ന ബന്ധം പറഞ്ഞറിയിക്കാൻ വിധം അത്ര വിശാലമായിരുന്നു. സംഘടനാ പരമായി ഏതു പ്രതിസന്ധികളിലും കൂടെ നിൽക്കുന്നയാൾ, തെറ്റുണ്ടെങ്കിൽ സ്വകാര്യമായി വിളിച്ച് ചൂണ്ടിക്കാട്ടുന്നയാൾ, സ്വകാര്യ ദുഖങ്ങളിൽ ആശ്വസിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്നയാൾ… എന്നിങ്ങനെ നീളുന്നു മറിയാമ്മ പിള്ളയുമായുള്ള വ്യക്തിപരമായുള്ള തന്റെ ബന്ധം.
നേരിലും ഫോണിലൂടെയും എന്നും ക്ഷേമാന്വേഷണം നടത്തുമായിരുന്നു മറിയാമ്മ ചേച്ചി. ‘സജിമോനേ..’ എന്ന വിളിയിൽ സ്‌നേഹവും കരുതലുമെല്ലാം അടങ്ങിയിരുന്നു. മകൻ ഇത്തന്റെ ആദ്യ കുർബാനയും തുടർന്നുള്ള പാർട്ടിയെക്കുറിച്ചും ഓർമ്മിപ്പിക്കാൻ മൂന്നാഴ്ച്ച മുൻപ് വിളിച്ചിരുന്നു. പോൾ കറുകപ്പലിലിന്റെ മകൾ ലീപയുടെ വിവാഹത്തിനു ന്യൂയോർക്കിൽ വരുമ്പോൾ നേരിൽ കാണമെന്നാണ് അവസാനമായി പറഞ്ഞത്. ഫൊക്കാന കൺവെൻഷനെ കുറിച്ചായിരുന്നു അന്നും ഏറെ സംസാരിച്ചിരുന്നത്. രോഗാവസ്ഥയിലാണെങ്കിലും അതൊന്നും സംസാരത്തിൽ പ്രകടമാവാതെ ശ്രദ്ധിച്ചിരുന്നു.അത്രയ്ക്ക് മനോധൈര്യവും ആത്മവിശ്വാസവുമുള്ള ഒരു വനിതാ നേതാവ് തന്നെയായിരുന്നു മറിയാമ്മ പിള്ള. – സജിമോൻ പറഞ്ഞു.

തന്നോടും കുടുംബത്തോടും ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന മറിയാമ്മ ചേച്ചി ന്യൂ ജേഴ്സിയിൽ എത്തിയാൽ തന്റെ വീട്ടിൽ ആയിരുന്നു പതിവായി താമസിച്ചിരുന്നത്. ഭാര്യ ഷീനയേയും മക്കളെയും അത്ര മേൽ കാര്യമായിരുന്നു ചേച്ചിക്ക്. ഭാര്യ ഷീനയ്‌ക്ക് ഫൊക്കാന നേതാക്കന്മാരിൽ, പ്രത്യേകിച്ച് വനിത നേതാക്കന്മാരിൽ ഏറ്റവും അടുപ്പവും ആദരവും ബഹുമാനവും ഉള്ള നേതാവായിരുന്നു മറിയാമ്മ പിള്ള. തന്നെ മോനെ എന്ന് അഭിസംബോധന ചെയ്യുന്നതുപോലെ ഷീനയേയും ഏറെ വാത്സല്യത്തോടെ മോളെ എന്നായിരുന്നു വിളിച്ചിരുന്നത്.

മാനസികമായി ഏറെ അടുപ്പമുള്ളതുകൊണ്ടാകാം മറിയാമ്മ ചേച്ചി മരിച്ച ദിവസം ഷീന ചേച്ചിയെ സ്വപ്നം കണ്ടിരുന്നു. ചേച്ചിയുടെ അടുത്ത സുഹൃത്തും റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറുമായ ഡോ. ആനി പോളുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ചേച്ചിയെ ഷീന സ്വപ്നം കണ്ടത് ഏറെ യാദൃക്ഷികമായിട്ടു വേണം കരുതാൻ. തന്റെ വീട്ടിൽ വരുമ്പോഴൊക്കെ സ്വന്തം വീട്ടിൽ താമസിക്കുന്ന അനുഭവം പോലെയാണെന്ന് പറയാറുണ്ട്. ഓരോ തവണ വരുമ്പോഴും ഇളയ മകൻ ഈത്തന് എന്തെങ്കിലും സമ്മാനം കരുതിയിട്ടുണ്ടാകും. മക്കളുമായി അത്രമേൽ സ്നേഹമായിരുന്നു ചേച്ചിക്ക്. വീട്ടിൽ താമസിച്ച പല ഞായറഴ്ചകളിലും കത്തോലിക്കാ സഭ വിശ്വാസിയല്ലാത്ത ചേച്ചി തന്റെയും കുടുംബത്തോടുമൊപ്പം തങ്ങളുടെ കത്തോലിക്കാ ഇടവക പള്ളിയിൽ വരുകയും ഇടവകക്കാരുമൊക്കെയായി ഏറെ സൗഹൃദം പങ്കു വയ്ക്കുകയും ചെയ്യുമായിരുന്നു. സൗഹൃദം കാത്തു സൂക്ഷിക്കുന്നതെങ്ങനെയെന്ന് ചേച്ചിയെ മാതൃകയാക്കിയാൽ മാത്രം മതിയാകും. – സജിമോൻ പറഞ്ഞു.

വ്യക്തിപരമായി തനിക്ക് ഏറെ ബന്ധമുണ്ടായിരുന്ന നേതാവായായിരുന്നു മറിയാമ്മ പിള്ള. സഹോദരതുല്യമായ സ്‌നേഹം അനുഭവിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, ഒപ്പം മാതൃത്വത്തിന്റെ കരുതലും പരിലാളനയും ആ പുണ്യാത്മാവിൽ നിന്ന് നേരിൽ അനുഭവിക്കുകയും ചെയ്‌തു. സ്‌നേഹനിധിയായ ആ വലിയ മനസിന്റെ ഉടമ ഇനിയങ്ങോട്ട് നമ്മുടെ കൂടെയില്ലെന്ന ആ സത്യം ഏറെ ദുഖകരമാണ്.- സജിമോൻ തുടർന്നു.

ഫൊക്കാന ഭാരവാഹിയായപ്പോൾ സംഘടനാ പ്രവർത്തനത്തെക്കുറിച്ചായിരുന്നു ഏറെയും സംസാരിച്ചിരുന്നത്. ഫൊക്കാനയ്ക്ക് പ്രതിസന്ധിയുണ്ടായ കാലത്തും അല്ലാത്തപ്പോഴും കരുത്തായിരുന്നത് മറിയാമ്മ പിള്ളയായിരുന്നു എന്നത് എക്കാലവും ഓർമ്മിക്കപ്പെടും. ജീവിച്ചിരുന്ന കാലത്ത് നിരവധി പേർക്ക് ആശ്വാസവും അഭയവും നൽകാൻ പ്രത്യേകം ശ്രദ്ധിച്ച മറിയാമ്മ പിള്ള കേരളത്തിൽ ഭവനരഹിതർക്ക് വീടുവച്ചു കൊടുക്കാനും, മറ്റുള്ള സഹായങ്ങൾ എത്തിക്കാനും ഏറെ മുൻകൈയെടുത്തിരുന്നു. ഫൊക്കാനയുടെ ആദ്യ വനിതാ അധ്യക്ഷയെന്ന നിലയിൽ അഭിമാനകരമായ പ്രവർത്തനങ്ങളാണ് മറിയാമ്മ പിള്ള കാഴ്ചവച്ചത്.- സജിമോൻ അനുസ്മരിച്ചു.
2020 ലെ ഫൊക്കാന കൺവെൻഷനിൽ ആദ്യം പണം നൽകി സ്‌പോൺസറായത് മറിയാമ്മ പിള്ളയായിരുന്നു. ഫൊക്കാനയുടെ എല്ലാ മീറ്റിംഗുകളിലും സജീവമായി പങ്കെടുക്കുകയും, വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

ഫൊക്കാനയുടെ നേതൃ നിരയിൽ പ്രവർത്തിക്കാൻ തുടങ്ങിയ കാലം മുതൽ എല്ലാ കാര്യങ്ങളിലും ഉപദേശവും പിന്തുണയും നൽകിയിരുന്ന മറിയാമ്മ ചേച്ചി താൻ നേരിട്ട ചില പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുക മാത്രമല്ല , നിരന്തരം വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്യൂമായിരുന്നു. തകർന്നു പോകുമായിരുന്ന ആ നിമിഷങ്ങളിൽ സ്വന്തം മകനോടെന്ന പോലെ അവർ നൽകിയ ധൈര്യം ജീവിതത്തിൽ മറക്കാനാവില്ല.- വികാരഭരിതനായി സജിമോൻ പറഞ്ഞു.

താൻ ആവശ്യപ്പെടാതെ പോലും പല വേദികളിലും തന്റെ നിലപാടുകളെ ഊറ്റമായി പിന്തുണച്ച മറിയാമ്മ ചേച്ചി പിന്നീട് പറഞ്ഞത് സജിമോന്റെ നിലപാടുകൾ ശരിയായതുകൊണ്ടാണ് തുറന്ന പിന്തുണ നൽകിയതെന്നാണ്. പലരും മടിച്ചു നിന്നപ്പോഴാണ് മറിയാമ്മ പിള്ള എന്ന ഉരുക്കു വനിത മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ട് തന്നോടും തന്നെ പിന്തുണക്കുന്നവരോടുമുള്ള ഉറച്ച പിന്തുണ പ്രഖ്യാപിച്ചത്. – സജിമോൻ ചൂണ്ടിക്കാട്ടി.

മുൻ പ്രസിഡണ്ട് എന്ന നിലയിൽ ഇപ്പോഴത്തെ ഭരണ സമിതി പല കാര്യങ്ങളിലും മറിയാമ്മ പിള്ളയുടെ അഭിപ്രായങ്ങൾ ആരായാറുണ്ട്. അഭിപ്രായങ്ങൾക്കു പുറമെ മറ്റു പല കാര്യങ്ങളിലും അവർ തുറന്ന പിന്തുണയും നൽകിയിട്ടുണ്ട്. ഫൊക്കാനക്കെതിരായി ചിലർ നൽകിയ കേസുകളുടെ നടത്തിപ്പിനായി ചോദിക്കാതെ തന്നെ മറിയാമ്മ പിള്ള തന്റേതായ വിഹിതം ആദ്യമേ തന്നെ നൽകുമായിരുന്നു. അതു മാത്രമല്ല , ഫൊക്കാന നടത്തിയ പല ജീവകരുണ്യ പ്രവർത്തനങ്ങളിലും ആദ്യ കൈത്താങ്ങുമായി എത്തുന്നവരുടെ മുൻ നിരയിൽ ചേച്ചി എന്നുമുണ്ടായിരുന്നു.- സജിമോൻ ഓർത്തെടുത്തു..

ഒരു സംഘടനാ നേതാവെന്ന നിലയിൽ വ്യക്തമായ കാഴ്ചപ്പാടും മുഖം നോക്കാതെ അഭിപ്രായവും പ്രകടിപ്പിക്കുന്നതായിരുന്നു മറിയാമ്മ പിള്ളയുടെ രീതി. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ ഒരിക്കലും മടികാണിച്ചിരുന്നില്ല. അതേസമയം ആരുമായും വ്യക്തിപരമായ അകൽച്ചയുണ്ടാവാതെയും സൂക്ഷിച്ചിരുന്നു. എന്നും കർമ്മനിരതയായിരിക്കുകയെന്നതായിരുന്നു മറിയാമ്മ പിള്ളിയുടെ രീതി. 40 വർഷക്കാലം അമേരിക്കൻ മലയാളികൾക്കിടയിൽ എന്നും ശക്തമായ സാന്നിദ്ധ്യമായിരുന്നു മറിയാമ്മ പിള്ള. അമേരിക്കയിൽ ജോലി തേടിയെത്തിയ നിരവധി പേർക്ക് ജോലി ലഭ്യമാക്കാൻ ഏറെ പരിശ്രമിച്ചിരുന്നു. നിരവധിപേർക്ക് മറിയാമ്മ പിള്ളയുടെ ഇടപെടലിലൂടെ ജോലി ലഭിച്ചിരുന്നു.

മറിയാമ്മ പിള്ളയെന്ന ഫൊക്കാനയുടെ ഉരുക്കു വനിതയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു വനിതാ നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല. ഫൊക്കാനയുടെ ഉന്നത തല നേതൃ നിരയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന വനിതാ നേതാക്കൾ അവരെ മാതൃകയാക്കണം. മറിയാമ്മ പിള്ളയുടെ വിടവാങ്ങൽ സൃഷിട്ടിച്ച വിടവ് നികത്താൻ കഴിയാത്തതാണ്. അത്രമേൽ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ് ആ പുണ്യാത്മാവ് യാത്രയായത്. ചേച്ചിയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളോടും ചിക്കാഗോ മലയാളികളോടും വ്യക്തിപരമായും ഫൊക്കാനയുടെ ഔദ്യോഗികപരമായും ആദരാജ്ജലികൾ അർപ്പിക്കുന്നു- സജിമോൻ ആന്റണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.