അഞ്ച് വയസില്‍ താഴെ മാസ്‌ക് വേണ്ട; മാര്‍ഗരേഖ പുതുക്കി കേന്ദ്രം

sponsored advertisements

sponsored advertisements

sponsored advertisements

21 January 2022

അഞ്ച് വയസില്‍ താഴെ മാസ്‌ക് വേണ്ട; മാര്‍ഗരേഖ പുതുക്കി കേന്ദ്രം

ന്യൂഡല്‍ഹി: അഞ്ചോ വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് ശിപാര്‍ശ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതിങ്ങനെ 5 വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് ശിപാര്‍ശ ചെയ്യുന്നില്ല. 6-11 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സുരക്ഷിതമായി മാസ്‌ക് ധരിക്കാം. 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. മോണോക്ലോണല്‍ ആന്റിബോഡികളുടെ ഉപയോഗവും ആന്റിവൈറലുകളും 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ശിപാര്‍ശ ചെയ്യുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുട്ടികള്‍ കോവിഡ് പോസിറ്റീവായാല്‍ രോഗലക്ഷണമില്ലെങ്കില്‍, നേരിയ ലക്ഷണമാണെങ്കില്‍ സാധാരണ രീതിയിലുള്ള പരിചരണം നല്‍കണം. പോഷകാഹാരം സംബന്ധിച്ച നിര്‍ദേശങ്ങളും മാനസിക പിന്തുണയും കുട്ടികള്‍ക്ക് നല്‍കണം. വാക്‌സിനേഷന് അര്‍ഹരായ കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കുട്ടികള്‍ ഗുരുതര ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍, ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കണം. കുട്ടികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ വീണ്ടും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിനിടെ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്.