അമ്മച്ചി (മാത്യു ചെറുശേരി)

sponsored advertisements

sponsored advertisements

sponsored advertisements

30 August 2022

അമ്മച്ചി (മാത്യു ചെറുശേരി)

ട്ടണത്തിൽ എത്താൻ ഒരു ബസ് സ്റ്റോപ്പ് കൂടിയേ ബാക്കിയുള്ളു .തനിക്ക് ആ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത് . ബസ്സ് നിർത്തി തിക്കലിനിടയിലൂടെ ഒരുകണക്കിന് താഴെ ഇറങ്ങി . പോകാം പോകാം ഫുട് ബോർഡ് ലെ കിളിയുടെ ശബ്ദം വണ്ടിവിട്ടു. തിക്കി ഇറങ്ങിയതിൻറെ പരവേശം ഒന്ന് ശമിക്കാനും , ചാറ്റൽ മഴ ഉണ്ടായിരുന്നതിനാലും ഞാൻ തൊട്ടടുത്ത വെയ്റ്റിംഗ് ഷെഡിലേക്കു കയറി . ഷെഡിൻറെ ബഞ്ചിൽ ഒരുമൂലക്കു . മുഷിഞ്ഞ മുണ്ടുടുത്ത ഒരമ്മച്ചി ഇരിക്കുന്നത് എൻ്റെ കണ്ണിൽ പെട്ടു. മരിച്ചു പോയ സ്വന്തം അമ്മയെ ഓർമ്മ വന്നതുകൊണ്ടാകാം ഞാനൊന്നുകൂടി അവരെ നോക്കി . ഏതാണ്ടതൊക്കെ തന്നെ പ്രായം മുഷിഞ്ഞതാണെങ്കിലും വെളുത്ത മുണ്ടും ചട്ടയും അധികം കസവില്ലാത്ത കുട്ടി കവണിയുമാണ് വേഷം .ചെവിയിൽ കുണുക്കിന്റെ ഭാഗം ഒരു കുഞ്ഞിന് ഉഞ്ഞാലാടാൻ പാകത്തിന് തുളഞ്ഞു താഴോട്ട് തൂങ്ങി കിടക്കുന്നു. കഴുത്തിൽ കറുത്ത ചരടിൽ കോർത്ത മിന്നു തൂങ്ങിക്കിടക്കുന്നു . മുഖത്തു നല്ല ഐശ്വര്യം ഉള്ളോരമ്മച്ചി . ഇരിപ്പും നോട്ടവും കണ്ടാലറിയാം ആരെയോ കാത്തിരിക്കുകയാണെന്ന് . ഞാൻ ഷെഡിലേക്കു കയറുന്നതു കണ്ടപ്പോൾ അവർ ചിരിച്ചുകൊണ്ട് ചാടി എഴുന്നേറ്റു എനിക്കുനേരെ രണ്ടു സ്റ്റെപ്പ് വയ്ച്ചു. പ്രതീക്ഷിച്ച ആൾ അല്ല എന്ന് മനസ്സിലായപ്പോൾ അവർ തിരിച്ചു പോയി പഴയ സ്ഥലത്തിരുന്നു . എൻ്റെ മരിച്ചുപോയ അമ്മച്ചിയുടെ മുഖഭാവം, എന്നെ അവരിലേക്ക് ആകർഷിച്ചു .
ഞാനടുത്തു ചെന്ന് ചോദിച്ചു അമ്മച്ചി എന്താ ഇവിടെ ഇരിക്കുന്നത് . ആരെങ്കിലും വരാനുണ്ടോ. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ടവർ പറഞ്ഞു ഞാനെൻ്റെ മോനെ നോക്കിയിരിക്കുകയാ .ഇപ്പം വരുമെന്ന് പറഞ്ഞു പോയതാ . ഇരിപ്പിരിക്കാൻ തുടങ്ങിട്ടു മണിക്കൂറഞ്ചറായി. ഇനി അവനു വല്ലോം പറ്റിയ ആവൊ . ഒരു ബോധോം ഇല്ലാത്ത ചെറുക്കാനാ .കാര്ര്യം ജോലിക്കാരനൊക്കെയാ ..
മോൻ വല്ലോം കഴിച്ചതാണോ ? അവരെന്നോടായ് ചോദിച്ചു. ഇതാ എൻ്റെ കയ്യിൽ പത്തുരൂപയുണ്ട്. വല്ലതും മേടിച്ചു കഴിച്ചോ , മോനെ കണ്ടാൽ എൻ്റെ കുഞ്ഞിനെ പോലെ തോന്നി. അവരല്പം തല ഉയർത്തി എന്നെ ഒന്ന് നോക്കീട്ടു മടിക്കുത്തിൽ തിരുകിയിരുന്ന കുഞ്ഞു പേഴ്സ് കൈയിലെടുത്തു തുറന്നപ്പോൾ അതിലാകെ പത്തു രൂപ മാത്രമാണുണ്ടായിരുന്നത് . അതവർ എൻ്റെ നേർക്ക് ഒരമ്മയുടെ വാത്സല്യത്തോടെ നീട്ടി . ഞാൻ പറഞ്ഞു അമ്മച്ചി എൻ്റെ കയ്യിൽ പൈസയുണ്ട് . അമ്മച്ചി വല്ലതും കഴിച്ചിട്ടാണോ ഇരിക്കുന്നതെ എന്ന് ചോദിക്കുന്നതിനു പകരം . അമ്മയും മകനും കൂടി എവിടെ പോകാനിറങ്ങിയതാ എന്ന് ഞാൻ ചോദിച്ചു. അവരുത്സാഹത്തോടെ പറഞ്ഞു എൻ്റെ മകന് ആദ്യം ശമ്പളം കിട്ടിയപ്പോൾ എന്നെ കാഴ്ച ബംഗാളാബ് കാണിക്കാം എന്ന് പറഞ്ഞു കൊണ്ടുവന്നതാ. യെ .. അതൊന്നുമായിരിക്കയില്ല പ്രായം ചെന്ന അമ്മയെ തിരക്കേറിയ നഗരത്തിൽ തള്ളിയേച്ചു പോയതായിരിക്കും ഞാൻ ആത്മഗതം ചെയ്തു. ഇത്ര അധികം സ്നേഹമുള്ള അമ്മയെ എങ്ങനെ ഉപേക്ഷിക്കാൻ മനസ്സ് വന്നു .
എനിക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ് വന്നു അതിൽ കയറുമ്പോഴും ആ അമ്മയെ പറ്റിയുള്ള ചിന്തയായിരുന്നു . ഇനി ആ മകനെങ്ങാനും തിരിച്ചു വരാതിരിക്കുമോ . വന്നില്ലെങ്കിൽ അവരെന്തു ചെയ്യും . പോയ കാര്യം അര മണിക്കൂറിനുള്ളിൽ കഴിഞ്ഞു . അങ്ങോട്ട് പോയ ബസ് തന്നെ ആ സമയം കൊണ്ട് തിരിച്ചുവന്നു അതിൽത്തന്നെ കയറി .അടുക്കുന്തോറും ആ അമ്മയെ പറ്റിയുള്ള ചിന്തയായിരുന്നു മനസ്സിൽ . ആ മകൻ അവരെ കൂട്ടികൊണ്ടു പോയികാണുമായിരിക്കും . ഇല്ല അവർ അവിടെ തന്നെ ഇരിപ്പുണ്ട് . വെളുത്ത വസ്ത്രം ആയതിനാൽ അരണ്ട വെളിച്ചത്തിലും കാണാം . വണ്ടി നിറുത്തിയതും ഞാൻ ഇറങ്ങി അവരുടെ അടുക്കലേക്കോടി . എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തു ഒരു ചെറിയ പുഞ്ചിരി ഉണ്ടായെങ്കിലും വന്നത് തൻ്റെ മകനല്ല എന്നറിഞ്ഞപ്പോൾ അത് മാഞ്ഞുപോയി . ഞാനടുത്തു ചെന്ന് അമ്മയുടെ മോനിതുവർരെ വന്നില്ലേ എന്ന് ചോദിച്ചു .
ഇല്ല കുഞ്ഞേ അവനെന്നാ പറ്റിയോ ആ സ്നേഹ നിധിയായ ‘അമ്മ തേങ്ങി.
ചെറുക്കൻ തള്ളയെ ഇട്ടിട്ടു കടന്ന് കളഞ്ഞതായിരിക്കും .ഞാൻ മനസ്സിൽ പറഞ്ഞു അല്ലെങ്കിൽ പിന്നെ ഇത്രയും ദൂരെ കൊണ്ടുവരേണ്ട കാര്യമുണ്ടോ? യാത്രയിൽ ‘അമ്മ മിസ് ആയി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ . എൻ്റെ കുരുട്ടുബുദ്ധിയിൽ തോന്നിയതാ. കലാമതാണ് . ദുഷ്ടൻ അവനവരെ ഒരു അഗതി മന്ദിരത്തിൽ കൊണ്ട് ചെന്നാക്കാമായിരുന്നു . കുറഞ്ഞപക്ഷം ആഹാരം കഴിക്കാൻ കുറച്ചു പൈസ എങ്കിലും കൊടുത്തിട്ടു പോകാമായിരുന്നു. പൈസ കൊടുത്താൽ തള്ള എങ്ങനെ എങ്കിലും തപ്പിതേടി തിരിച്ചു ചെന്നാലോ. .
ഞാനാ അമ്മയോട് ചോദിച്ചു അമ്മച്ചിവല്ലതും കഴിച്ചോ വിശക്കുന്നുണ്ടോ. ഇല്ലകുഞ്ഞെ, എൻ്റെ മോൻ വരുമ്പോൾ അവൻ മേടിച്ചു തരും, അവനും ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ഞാനാ അമ്മയെ എൻ്റെ വീട്ടിലേക്കു കൊണ്ടുപോകാൻ വിളിച്ചിട്ടവർ കൂട്ടാക്കുന്നില്ല. എൻ്റെ മകൻ വരുമ്പോൾ ഞാൻ ഇവിടെ ഇല്ലെങ്കിൽ അവനെങ്ങനെ എന്നെ കണ്ടു പിടിക്കും. എന്നെ കാണാതെ വരുമ്പോൾ അവൻ വിഷമിക്കും .. ഒരു തള്ളക്കു പിള്ളയോടുള്ള സ്നേഹം . അതിൻ്റെ പകുതി സ്നേഹം പിള്ളക്ക് തള്ളയോടുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ .

ഞാനേതായാലും കുറച്ചു സമയം കൂടി അവിടെ ഇരിക്കുവാൻ തീരുമാനിച്ചു. അപ്പോഴേക്കും മൊബൈൽ ഫോൺ ബെല്ലടിച്ചു. എവിടെയാ നിങ്ങൾ എന്താ ഇത്ര താമസിക്കുന്നത് . കാര്ര്യം പറഞ്ഞപ്പോൾ അവൾക്കത്ര രസിച്ചില്ല എന്ന് തോന്നുന്നു. അവസാനം വയ്യാവേലി ഒന്നും വലിച്ചു തലയിൽ കയറ്റി വച്ചേക്കരുതെന്ന താക്കീതും.. ഇനി എന്തുചെയ്യും .

ഇതിനിടെ വെയ്റ്റിംഗ് ഷെഡിൻ്റെ ഓരത്തു വന്നു നിന്ന ഓട്ടോ റിക്ഷോ ശ്രദ്ധിച്ചു . അതിൽ നിന്നും അവശതയോടെ വേച്ചുവേച്ചൊരു ചെറുപ്പക്കാരൻ ഇറങ്ങി . അരണ്ടവെളിച്ചത്തിലും ആ ‘അമ്മ മകനെ തിരിച്ചറിഞ്ഞു. എൻ്റെ മകനെ എന്നവർ ഉറക്കെ വിളിച്ചു. എൻ്റെ കുഞ്ഞിനെന്തെങ്കിലും പറ്റിയോ എന്ന് ഞാൻ പേടിച്ചു . എന്താ മോൻ ചട്ടുന്നത് ?. അതെല്ലാം ഞാൻ വീട്ടിൽ ചെന്നിട്ടു പറയാം . വന്നപാടെ അവൻ തൻ്റെ കയ്യിലെ പൊതി തുറന്നു , അതിലെ പലഹാരം കുറച്ചു മുറിച്ചെടുത്തു അമ്മയുടെ വായിൽ വച്ചുകൊടുത്തു. അത്രയും നേരം ആ മകനെ പറ്റി ചിന്തിച്ചതെല്ലാം തെറ്റായിരുന്നെന്നു എനിക്ക് ബോധ്യമായി . മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന മക്കളും ഈ ലോകത്തുണ്ട് എന്ന് എനിക്ക് ബോധ്യമായി . ഞാൻ നോക്കി നിൽക്കെ ആ അമ്മയും പലഹാരത്തിൻ്റെ ഒരു കഷ്ണം മകൻ്റെ വായിൽ സ്നേഹത്തോടെ വച്ച് കൊടുക്കുന്നത് കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. .
അറിയാതെ ആ അമ്മയുടെ കയ്യിൽ നിന്നും ഒരു വാര് എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിയതവർ അറിഞ്ഞിട്ടാണോ ആ സ്നേഹമുള്ള കൈകൾ എൻ്റെ നേർക്കും നീണ്ടു വന്നു .
അമ്മയെ ഇരുത്തിയിട്ടു എന്തോ കര്യത്തിനു പോയ വഴിക്കു ണ്ടായ അപകടത്തിൽ പെട്ട മകൻ ആശുപത്രി കിടക്കയിൽ നിന്നും അമ്മയുടെ അടുത്തേക്കോടുകയായിരുന്നു.
എൻ്റെ മനസ്സ് നിറഞ്ഞു . തിരിച്ചു വീട്ടിൽ പോരാൻ തുടങ്ങിയപ്പോൾ വീണ്ടും ഫോൺ ബെല്ലടിച്ചു. നിങ്ങളെന്താ വീണ്ടും താമസിക്കുന്നത് ആ തള്ളയെ വിട്ടിട്ടു പൊന്നില്ലേ . ഞാൻ ഫോൺ സ്വിച്ച് ഓഫ് ആക്കി പോക്കറ്റിലിട്ടു.

മാത്യു ചെറുശേരി