ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
“എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ” എന്ന് അവസാന വാക്ക് പറഞ്ഞു ഇഹലോക വാസം വെടിഞ്ഞ മറ്റൊരാളെ, അതും ഒരു പേരുകേട്ട മാധ്യമ പ്രവർത്തകനെ, അമേരിക്ക ജൂൺ 15ന് ആദരിച്ചത് വലിയ വാർത്തയൊന്നുമാക്കിയില്ല. നാല് വർഷങ്ങൾക്ക് മുമ്പ്, ഈസ്താംബൂളിലെ കോൺസുലേറ്റിൽ സൗദി ഹിറ്റ് സ്ക്വാഡ് ആക്രമിച്ചതിന് ശേഷം ജമാൽ ഖഷോഗി പറഞ്ഞ അവസാന വാക്കുകളാണിത്.
പ്രസിഡന്റ് ജോ ബൈഡന്റെ സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് ഒരു മാസം മുമ്പ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, സൗദി എംബസിക്ക് മുന്നിലുള്ള സ്ട്രീറ്റിന്റെ പേര് “ജമാൽ ഖഷോഗി വേ” എന്ന് പുനർനാമകരണം ചെയ്തുവെന്നത് ചെറിയ വിഷയമല്ല താനും. രാജ്യത്തെ മനുഷ്യാവകാശ സ്നേഹികളിൽനിന്നും, അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങളിൽ നിന്നും മനുഷ്യാവകാശ അഭിഭാഷകരിൽ നിന്നും ഇതിനകം വിമർശനം ഏറ്റുവാങ്ങിയാണ് ബൈഡൻ സൗദിയിലേക്കുള്ള യാത്ര പുറപ്പെടാനിരിക്കുന്നത്.
2018 ഒക്ടോബർ 2 ന്, സൗദി വിമതനും, പത്രപ്രവർത്തകനും, ദി വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റും, അൽ-വതൻ ന്യൂസ് പേപ്പറിന്റെ മുൻ എഡിറ്ററും, അൽ-അറബ് ന്യൂസ് ചാനലിന്റെ മുൻ ജനറൽ മാനേജരും എഡിറ്റർ ഇൻ ചീഫുമായ ജമാൽ ഖഷോഗിയെ, സൗദി ഏജന്റുമാർ കൊലപ്പെടുത്തിയതാണ് ചരിത്രം.
തന്റെ വരാനിരിക്കുന്ന വിവാഹത്തിനുള്ള പേപ്പറുകൾ നൽകാനെന്ന വ്യാജേന തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റ് കെട്ടിടത്തിലേക്ക് പ്രലോഭിപ്പിച്ച ഖഷോഗിയെ വിളിച്ചു വരുത്തി. കൊലയാളികളുടെ 15 അംഗ സംഘം പതിയിരുന്ന് ഖാഷോഗിയെ ആക്രമിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരാവയങ്ങൾ ഛേദിക്കുകയും ചെയ്തു. ഖഷോഗിയുടെ അവസാന നിമിഷങ്ങൾ ഓഡിയോ റെക്കോർഡിംഗുകളിൽ പകർത്തിയിട്ടുണ്ട്, അതിന്റെ ട്രാൻസ്ക്രിപ്റ്റുകൾ പിന്നീട് പരസ്യമാക്കി. കോൺസുലേറ്റ് കെട്ടിടത്തിൽ പ്രവേശിച്ചയുടൻ ഖഷോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം ഛേദിച്ച് സംസ്കരിച്ചുവെന്നുമാണ് തുർക്കി ഭരണകൂടത്തിന്റെ അന്വേഷണത്തിന്റെ നിഗമനം. എന്നാൽ സൗദി ഹിറ്റ് ടീമിലെ 15 അംഗങ്ങളിൽ ചിലർ സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനുമായി അടുത്ത ബന്ധമുള്ളവരാണെന്നും ടീം ഇസ്താംബൂളിലേക്ക് പ്രത്യേകമായി യാത്ര ചെയ്തിട്ടുണ്ടെന്നും. കൊലപാതകം അങ്ങനെ ആസൂത്രിതമായിരുന്നെന്നും തുർക്കി അന്വേഷണ ഉദ്യോഗസ്ഥരും ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണവും, റിപ്പോർട്ട് ചെയ്തിരുന്നു.
സൗദി ഗവൺമെന്റിന്റെ ഒരു പ്രമുഖ വിമതനെയും വിമർശകനെയും നീക്കം ചെയ്യാൻ കരുതിക്കൂട്ടിയുള്ള പദ്ധതിയായിരുന്നു ഈ കൊലപാതകത്തിന്റെ പ്രേരക ഘടകമെന്ന് വ്യക്തം. ജമാലിന്റെ കൊലപാതകം ലോകമെമ്പാടുമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്രതികരണം ആവശ്യപ്പെടുന്ന ഒരു ആഗോള രോഷമാണെന്നും, ശരിക്കുള്ള കൊലപാതകികളെ ഉത്തരവാദികളാക്കണമെന്നും പലരും എഴുതിയെങ്കിലും അതിനനുസരിച്ചുള്ള ജനരോഷം ആളിക്കത്തിക്കാൻ സൗദി അവസരം കൊടുത്തില്ല.
എന്നാൽ ഈ കഴിഞ്ഞ ആഴ്ച, നാല് വർഷങ്ങൾക്ക് ശേഷം, തികച്ചും അപ്രതീക്ഷിതമായ സംഗതിയാണ് അമേരിക്കയിൽ അരങ്ങേറിയത്. വാഷിംഗ്ടണിൽ, സൗദി അറേബ്യൻ എംബസിയുടെ ആസ്ഥാനമായ തെരുവിന്റെ പേര് “ജമാൽ ഖഷോഗി വേ” എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു. പുതിയ തെരുവ് അടയാളങ്ങളുടെ ബോർഡും ഔദ്യോഗികമായി സ്ഥാപിച്ചുകൊണ്ട് ഒരു കൊല്ലപ്പെട്ടു പത്രപ്രവർത്തകനെ അമേരിക്ക അംഗീകരിച്ചിരിക്കുന്നു.
ഒരു കാര്യം വ്യക്തമാക്കാൻ അമേരിക്ക ഇതിലൂടെ ശ്രമിക്കുന്നുണ്ട്. ഖഷോഗിയുടെ മാധ്യമപ്രവർത്തനത്തെ ആദരിക്കുന്നു, അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് ആ വഴിയേ കടന്നുപോകുന്നവർക്കു അവബോധം വളർത്തുന്നു. യുഎസ് നിവാസികൾ സൗദിയുടെ അടിച്ചമർത്തൽ തന്ത്രങ്ങൾ നിരസിക്കുന്നു. മാത്രമല്ല, അമേരിക്ക മാധ്യമ സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്രയും രഹസ്യങ്ങൾ ഈ വഴിയുടെ പുനര്നാമകരണത്തിൽ ഒളിഞ്ഞിരിക്കുന്നുവെന്ന്, സൗദി എംബസിക്ക് ഒരു ദൈനംദിന ഓർമ്മപ്പെടുത്തൽ കൂടി ആയിരിക്കും. ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ച കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് (സിപിജെ) യ്ക്ക് അനുമോദനങ്ങൾ. കാരണം നിങ്ങളില്ലാതെ, ജമാലിനും ലോകമെമ്പാടുമുള്ള നിശ്ശബ്ദരായ മറ്റ് മാധ്യമപ്രവർത്തകർക്കും, കഴിയുന്ന വിധത്തിൽ നീതി നടപ്പാക്കാൻ സാധിക്കില്ലായിയിരിക്കും.
എന്നാൽ ഇന്ന് നമുക്ക് ഈ ഉറപ്പുണ്ട് – വാഷിംഗ്ടൺ ഡിസിയിൽ സൗദി എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് ജമാൽ ഖഷോഗി വേ എന്ന് പേര് എന്നും നില നിൽക്കും. മൈക്കില് ഡി ഡോറ, സി പി ജെ പ്രസ്താവിച്ചതുപോലെ “ഇവയെല്ലാം അന്നത്തെപ്പോലെ ഇന്നും സത്യമാണ്. എന്നാൽ ഈ തെരുവ് അടയാളങ്ങൾ മറ്റുള്ളവർക്ക് ഒരു ഓർമ്മപ്പെടുത്തൽ ആകുമെന്നതിനാൽ, ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരുടെ അപകടസാധ്യതകളെക്കുറിച്ചും സൂക്ഷിച്ചു പ്രവർത്തിക്കേണ്ടത് എത്ര പ്രധാനമാണെന്നും അവ നമുക്കും ഒരു ഓർമ്മപ്പെടുത്തലായി മാറട്ടെ”.
ജമാൽ ഖഷോഗി, നിങ്ങളെ പത്രപ്രവർത്തകർ മറന്നിട്ടില്ല. നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങളുടെ ജോലിയും നിങ്ങളുടെ പേരും നിലനിൽക്കും. നീതിക്കും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല.
