മാത്യു ചെറുശ്ശേരി
ഇത്തവണ പപ്പാ എന്തൊക്കെ പടമായിരിക്കും തനിക്കു കൊണ്ടുവരുന്നത് കഴിഞ്ഞ പ്രാവസ്യം പടവും പുസ്തകവുമൊക്കെ കൂട്ടുകാരെ കാണിച്ചു . നല്ല പടങ്ങളും ബുക്കുകളും ഒക്കെ ചേച്ചി അടിച്ചോണ്ടുപോകും . കൊച്ചുകുശുമ്പി അവൾ പപ്പാ വന്നാൽ അന്നേരം തുടങ്ങും ചിലക്കാൻ പാപ്പായെ ഞാൻ.. എന്നുംപറഞ്ഞോണ്ടു അങ്ങുതുടങ്ങും പിന്നെ നിർത്തില്ല എനിക്ക് ഒന്ന് മിണ്ടാൻ കൂടി ചാൻസ് തരത്തില്ല . ഞാൻ എന്തെങ്കിലും ഒന്ന് പറയാനോ ചോദിക്കാനോ തുടങ്ങിയാൽ അതിന്റെ ഇടയ്ക്കു കയറി അവൾ ഓരോന്നു പറയും . അപ്പോൾ പപ്പാ അങ്ങോട്ട് നോക്കും. രാത്രി കിടക്കാൻ വന്നാലോ ഒരുരുട്ടിപിടുത്തമാ പപ്പയുടെ കൂടെ കിടക്കാൻ . നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽപിന്നെ മമ്മി എവിടെ കിടക്കുംഎന്ന് പപ്പാ ചോദിച്ചാൽ അവൾ പറയും മമ്മി വലിയതല്ലേ മമ്മിക്കങ്ങോട്ടു മാറികിടന്നാൽ എന്താ . പിന്നെ ഞാൻ കൊച്ചല്ലേ കൊച്ചുപിള്ളേര് മമ്മീടെ കൂടെ വേണ്ടേ കിടക്കാൻ എന്നൊക്കെ എന്നോടും പറിയും . എന്നിട്ടവൾ പപ്പായെ കെട്ടിപിടിച്ചു കിടക്കും .എനിക്കതുകാണുമ്പോൾ സങ്കടം വരും ഞാൻ കരയുമ്പോൾ പപ്പാ എന്നെ ചേർത്ത് പിടിക്കും . അങ്ങനെ ഞാനും ചേച്ചിയും പപ്പയുടെ രണ്ടു വശത്തും കിടക്കും. അന്നേരം ആ കുശുമ്പി അവൾ പിണങ്ങും . അങ്ങനെ ഇരിക്കുമ്പോൾ മമ്മി വരും നിങ്ങളുരണ്ടുപേരും രണ്ടുവശ്ശത്തുകിടന്നാൽ പിന്നെ ഞാൻ എവിടെക്കിടക്കും. ആഹാ എന്നാൽപ്പിന്നെ ഞാൻ ഇവിടെ കിടക്കും എന്നും പറഞ്ഞോണ്ട് പപ്പയുടെ മേത്തൊട്ടൊരു ചാട്ടമാ . പിന്നെ അവിടെ ഒരു കൂട്ട ബഹളം നടക്കും എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉമ്മ കൊടുക്കും . പിന്നെ വർത്താനം പറച്ചിൽ. കുറ്റം പറച്ചിൽ പാട്ടുപാടൽ ,കാര്ര്യം പറച്ചിൽ അങ്ങനെ ഞാൻ ഉറങ്ങിപോകും .ചേച്ചിയും കുറച്ചുകഴിഞ്ഞങ്ങുറങ്ങിപോകും. പപ്പയും മമ്മിയും വർത്താനം പറച്ചിൽ നിർത്തി എപ്പഴാ ഉറങ്ങുന്നതെന്നറിയത്തില്ല അവർക്കൊത്തിരി കാര്ര്യങ്ങൾ പറയാനില്ലേ .
എടീ പാവാട തിരിച്ചാണ് ഇട്ടിരിക്കുന്നത് മമ്മീടെ സ്വരം കേട്ടപ്പോളാ ബോധം വന്നത്. അതെ പാവാട ഞാൻ തിരിച്ചാണ് ഇട്ടിരിക്കുന്നത് . പെട്ടെന്നതൂരി നേരെ ഇട്ടു. ഓ സമയം പോയി പെട്ടെന്ന് ബ്ലൗസ് ഇട്ടു ചെരുപ്പും കെട്ടി ‘അമ്മ തോളിൽ തൂക്കിതന്ന ബാഗും അയി നടിയിറങ്ങി വന്നപ്പോഴേക്കും ഗേറ്റിങ്കൽ നേരത്തെ തന്നെ ഒരുങ്ങി നിന്ന് ചേച്ചി ഉറക്കെ വിളിക്കാൻ തുടങ്ങി. എളുപ്പം വാ എനിക്കിന്ന് അസ്സംബ്ലിയുള്ളതാ ഞാൻ പോകുവാ . എന്തിനാ കിടന്നിത്ര കൂവുന്നത് ഞാൻ എത്തിയല്ലോ ഒരുതരത്തിൽ ഓടിച്ചെന്നു ചേച്ചീടെ കയ്യിൽ പിടിച്ചു . പോകുന്ന വഴിക്കെല്ലാം പപ്പയുടെ കാര്ര്യം പറച്ചിലായിരുന്നു. മോളെ.. പപ്പയെ പറ്റി ഓർത്തോണ്ടു റോഡ് ക്രോസ്സ് ചെയ്യുമ്പോൾ രണ്ടുവശോം നോക്കാൻ മറക്കല്ലേ…. അവളുടെ ഒരുപപ്പാ, ചേച്ചി കുശലകൂട്ടി പപ്പാ അവളുടെ മാത്രമാണെന്നാ അവളുടെ വിചാരം. എന്നാലും ചേച്ചിക്ക് അന്നത്തെ ദിവസ്സം വലിയ സന്താഷമാ. എനിക്കാണെങ്കിൽ ക്‌ളാസിൽ ടീച്ചർ പഠിപ്പിച്ചതൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല പാപ്പയുടെ വരവിനെപറ്റി മാത്രമായിരുന്നു ചിന്ത അടുത്തിരുന്ന കൂട്ടുകാരോടൊക്കെ ഇന്നെന്റെ പപ്പാ വരുമല്ലോ എന്ന് പറഞ്ഞു ജാഡ കാട്ടി. അവസാന ബെല്ലടിച്ചു ഇനി ഒന്ന് വീട്ടിൽ ചെന്നേച്ചാമതിയായിരുന്നു . വീട്ടീചെല്ലുമ്പോൾ പപ്പാ അത്യാവശ്യത്തിനൊന്നും പുറത്തേക്കു പോകാതിരുന്നാ മതിയായിരുന്നു . സാധാരണ സ്കൂള്വിട്ട് ഞങ്ങൾ വരുമ്പോൾ പപ്പാ തിണ്ണേൽ ഞങ്ങളെ നോക്കി ഒരിരുപ്പായിരിക്കും. ഈശ്വരപ്രാർത്ഥന.. ഓ.. എത്ര നേരമാ ഇത് ….കഴിഞ്ഞതും ബാഗും കൊടേം എടുതോണ്ടൊറ്റ ഓട്ടമായിരുന്നു മാഞ്ചുവട്ടിൽ നോക്കിനിൽക്കുന്ന ചേച്ചീടെ കയ്യെപിടിച്ചു .
ഇന്നെന്നാഒക്കെ പഠിപ്പിച്ചു ചേച്ചീടെ ഒരു ചോദ്യം ദേഷ്യമാ വന്നേ എങ്ങനെ എങ്കിലും വീട്ടിച്ചെന്നു പാപ്പാനെ ഒന്ന് കണ്ടാമതി എന്നോർത്തിരിക്കുമ്പഴാ.. . പപ്പാ വന്നുകാണും നമുക്ക് വേഗം പോകാം. ശരിയാ ഇപ്പോൾ വന്നുകാണും ഭാഗ്ഗ്യം റോഡിൽ അധികം വണ്ടിയില്ല റോഡ് വേഗം ക്രോസ്സുചെയ്തു വീട്ടിന്റെ മുന്നിലൂടെയുള്ള വഴിയിൽ കടന്നപ്പോഴേ വീട്ടിലേക്കു നോക്കി. നിരാശ തോന്നി കാരണം അവിടാരുമില്ല പെട്ടെന്ന് ആരോ കതകു തുറക്കുന്ന കണ്ടു . ആണ്ടെടീ പപ്പാ ചേച്ചി പറഞ്ഞതും ഒരോട്ടമായിരുന്നു പൊക്കമുള്ളതുകൊണ്ടു അവൾക്കു മതിലിനു മുകളിലൂടെ നന്നായി കാണാം . ഓട്ടത്തിന് ശക്തിയില്ല എന്ന് തോന്നി ചേച്ചിക്കായിരുന്നു എന്നെക്കാൾ വേഗത ചേച്ചി മുന്നിലായി എനിക്ക് ആദ്യം എത്തണം സർവശക്തിയും എടുത്തോടി, ഗേറ്റ് കടന്നതും പാപ്പയേന്നു വിളിച്ചോണ്ട് തെന്നി ഒരു വീഴ്ചയായിരുന്നു. കൈ ചെന്ന് ഗേറ്റിലൊന്നിടിച്ചോ എന്നോരുസംശവും. കൈ കുത്തി എഴുന്നേൽക്കാൻ സാധിക്കുന്നില്ല യൂണിഫോം മുഴുവൻ ചെളിയായി ഭയങ്കര വേദന .പെട്ടെന്ന് ആരോ ഓടിവന്നു കോരിയെടുത്തു കൂടെ ഓരുമ്മയും.. ആ പപ്പാ … ഒന്ന് കറക്കി കുടഞ്ഞു ആ വേദന എല്ലാം പമ്പ കടന്നു.
ഇപ്പോൾ പപ്പയുടെ കയ്യിലാണ് ഞാൻ വീണത് നന്നായി അതുകൊണ്ടല്ലേ പപ്പയെന്നെ ആദ്യം എടുത്തത് .വേദന ഉണ്ട് എന്നാലും പപ്പയുടെ കയ്യിലല്ലേ ഞാൻ ഇരിക്കുന്നത്.. . എന്നാലും വേദന കൂടിക്കൂടി വരുവാ ഞാൻ വല്ലാതെ കരഞ്ഞു. മോൾക്ക് വേദനയുണ്ടോ ഉണ്ടുപാപ്പ മോൾക്ക് വല്ലാതെ വേദനിക്കുന്നു. കരച്ചിലിനിടയിൽ ഞാൻ പറഞ്ഞു. പിന്നെ മോൾ ഇടയ്ക്കു കരച്ചിൽ നിർത്തിയത്? അത് പപ്പാ എടുത്തപ്പോൾ എനിക്ക് വേദന പോയപോലെയായിരുന്നു. എന്റെ കൈ ഒടിഞ്ഞെന്നാ തോന്നുന്നേ . സാരമില്ല പപ്പാമോളെ ആശുപത്രിയിൽ കൊണ്ടുപോകാമല്ലോ . ഓ സ്വർഗം കിട്ടിയ വാശിയായി കൈഒടിഞ്ഞാലെന്നാ പപ്പയുടെ കൂടെ പോകാമല്ലോ .. കഴിഞ്ഞ പ്രാവശ്യം പപ്പാ വന്നപ്പോൾ ചേച്ചിക്ക് പനിയായിരുന്നു അതിനാൽ ഫുൾടൈം പപ്പാ ചേച്ചീടെകൂടെയായിരുന്നു. ഇത്തവണ ആ ഭാഗ്യം എനിക്കായ് . ഉടുപ്പ് മാറ്റി കഴുകാൻ കുളിമുറിയിലേക്ക് പോകുമ്പോഴും പപ്പാ ഉമ്മ തന്നുകൊണ്ടിരുന്നു . വലതു കൈ വേദന ഉണ്ടായിരുന്നിട്ടും ഇടതു കൈ കൊണ്ട് പപ്പയുടെ കഴുത്തിൽ മുറുക്കെ പിടിച്ചു. വേദന എടുപ്പിക്കാതെ പപ്പാ എന്നെ കുളിപ്പിച്ച് തോർത്തി എടുത്തു തോളിലിട്ടു. എത്ര നല്ല പപ്പാ ഞാൻ മനസ്സിലോർത്തു. വേഗം മമ്മിയോട് നല്ല ഉടുപ്പുകൊണ്ടുവരാൻ പറഞ്ഞു. ഉടുപ്പെടുക്കുന്നതിനിടെ മമ്മിപറയുന്നതുകേട്ടു കഴിഞ്ഞ പ്രവാശ്ശ്യം ചേച്ചിക്കായിരുന്നു ഇത്തവണ അനിയത്തിക്കാ സൂക്ഷിച്ചോടേണ്ടതല്ലാരുന്നോ ഇനി പപ്പാ ഇവിടെയില്ലേ എങ്ങും പോകത്തില്ലല്ലോ. മമ്മീടെ ഒരു ശകാരം.
വേഗം ആശുപത്രിയിൽ എത്തി എമർജൻസി ആയിട്ടുള്ള ഡോക്ടറെ കണ്ടു . ഡോക്ടർ പരിശോദിച്ചു . കുഴപ്പമൊന്നുമില്ല പപ്പായെ സമാധാനിപ്പിക്കാനായിരിക്കും പറഞ്ഞത്. ഏതായാല് x-റേ ഒന്നെടുത്തേക്കാം . x-റേ മുറിയുടെ മുന്നിൽ പപ്പയുടെ മടിയിൽ . നേഴ്‌സ് തന്ന മുട്ടായി ഒന്നും കാര്ര്യമാക്കിയില്ല. പപ്പയുടെ മടിയിലല്ലേ ഇരിക്കുന്നത് അതിലും കൂടിയ മധുരമില്ലല്ലോ . നേഴ്സ് പപ്പയെ പുറത്തു നിർത്തിയിട്ടു എന്നെ തന്നെ അകത്തു കൊണ്ടുപോയി x-റേ ടേബിളിൽ കിടത്തി . മോൾക്ക് വേദനയുണ്ടോ നേഴ്സ് ചോദിച്ചു , ഉണ്ട് മോൾ മറുപടി പറഞ്ഞു . പിന്നെന്താ മോൾ കരയാത്തേ . അത് പിന്നെ പപ്പാ കൂടെയുണ്ടായിട്ടു.. . പപ്പാ കൂടെയുള്ളപ്പോൾ വേദന കുറയുമോ.. കുറയും.. അതെങ്ങനെയാ മോടെ പപ്പാ മാജിക്കുകാരനാണോ. അതെനിക്കറിയാത്തില്ല. ആന്റിക്ക് പാപ്പയുണ്ടോ .. ഉണ്ടായിരുന്നു മരിച്ചുപോയി . ഒത്തിരി നാളായോ ? . ആ ഒത്തിരി നാളായി. ആന്റി മോളേക്കാൾ കുഞ്ഞായിരുന്നപ്പോൾ. ആന്റി ആന്റീടെ പാപപ്പയെ കണ്ടിട്ടുണ്ടോ. . കണ്ടിട്ടുണ്ട് പക്ഷെ അത്ര ഓർമ്മയില്ല. അതെന്താ ഓർമ്മയില്ലാത്തതു. . ഒരുദിവസം ആന്റീടെ പപ്പാ കട്ടിലിൽ ഉറങ്ങികിടക്കുന്നതും ആൾക്കാരും അമ്മയും കരഞ്ഞോണ്ട് നിൽക്കുന്നതും മാത്രം ആന്റിക്ക് ഒർമ്മയുണ്ട്. പിന്നെ ആന്റി എങ്ങനെയാ വളർന്നത്. അതൊക്കെ ഈ കുഞ്ഞുമോൾക്ക് പറഞ്ഞാൽ മനസ്സിലാകാത്തില്ല. അതെന്താ ആന്റീ അങ്ങനെ? അതോ അത് അത്രയും നാൾ ഞാനും എന്റെ പപ്പയും ഇരുന്നു കളിക്കുകയും ചിരിക്കുകയും പരിഭവിക്കുകയും തിന്നുകയും കുടിക്കുകയും ഒക്കെ ചെയ്തോണ്ടിരുന്നത് പാപ്പയേക്കാൾ വലിയ ഒരു പപ്പയുടെ മടിയിലായിരുന്നു. പപ്പാ മരിക്കുന്നതു വരെ ഞാൻ ആ വലിയ പപ്പയെ കാണുകയോ മിണ്ടുകയോ സ്പർശിക്കുകയോ ഒന്നും ഒന്നും ചത്തിട്ടില്ല കാരണം അതിനുള്ള അവസ്സരം എന്റെ പപ്പാ എനിക്ക് തന്നിട്ടില്ല , ഒരു പിള്ളക്കച്ചപോലെ എന്റെ പപ്പാ സ്നേഹം കൊണ്ടും കരുതൽ കൊണ്ടും എന്നെപ്പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു . അതെല്ലാം ആ വലിയ പപ്പാ എന്റെ പാപ്പായിലൂടെ ആന്റിക്ക് തരുകയായിരുന്നു. എന്റെ പപ്പാ മരണത്തിലൂടെ മാറിപോയപ്പോൾ ആ സ്നേഹവും പരിചരണവും , കരുതലുമെല്ലാം ആന്റിക്ക് നേരിട്ട് കിട്ടാൻ തുടങ്ങി. ആ വലിയ പപ്പയുടെ പേരെന്താ? പേരോ… “ദൈവം ” ആന്റീ എനിക്കും ദൈവം ഉണ്ടല്ലോ അപ്പോ ആ ദൈവം എന്റെയും വലിയ പാപ്പയാണോ ? അതേല്ലോ…
ഇപ്പൊ മോളുടെ പപ്പയും മമ്മിയും മോൾക്ക് തരുന്ന സ്നേഹവും ലാളനയും കരുതലും അവരിലൂടെ മോൾക്ക് തരുന്നത് ആ ദൈവമാണ് പരുന്തു വരുമ്പോൾ കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ പൊതിഞ്ഞു പിടിക്കുന്നത് മോള് കണ്ടിട്ടില്ലേ കോഴിയുടെ ആ രണ്ടു ചിറകു പോലെയാണ് ഇപ്പോഴത്തെ മോളുടെ പപ്പയും മമ്മിയും, അവരങ്ങനെ മോളെ പൊതിഞ്ഞു പിടിച്ചിരിക്കുകയല്ലേ. മോൾക്ക് ഏതാണ്ടൊക്കെ മനസ്സിലായി എന്നാലും ഏതാണ്ടൊക്കെ സംശയം ബാക്കിയുണ്ട്.
കുശലം പറഞ്ഞുകൊണ്ട് നേഴ്സ് x-റേ എടുത്തു. മോളെ പപ്പയുടെ അടുക്കൽ കൊണ്ടുവിട്ടു. നല്ലമോളാ ഒത്തിരി വർത്താനം ഒക്കെ പറഞ്ഞു അവളുടെ പപ്പാ അവൾക്കു ജീവനാണെന്നു തോന്നുന്നു . നല്ലവേദനയുണ്ട് പക്ഷെ പപ്പാ കൂടെയുള്ളതുകൊണ്ടു വേദന അറിയുന്നില്ല എന്നാണ് പറഞ്ഞത്. നേഴ്സ്ആന്റി അകത്തേക്ക് പോയി . മോൾ പപ്പയുടെ മടിയിൽ ചാഞ്ഞു കിടന്നു . ഡോക്ടർ വിളിച്ചപ്പോൾ പപ്പാ മോളെയും തോളിലിട്ട് ഡോക്ടറുടെ മുറിയിൽ ചെന്നു. പപ്പയുടെ മുന്നിൽ വച്ച് x-റേ റിസൾട്ട് എടുത്തു നോക്കികൊണ്ട് മോളെനോക്കിപറഞ്ഞു. പണിപറ്റിപോയല്ലോ.. ചെറിയ പൊട്ടലുണ്ടല്ലോ… പ്ലാസ്റ്റർ ഇടണമല്ലോ.. . ഡോക്ടർ മോളെ അടുത്ത റൂമിൽ കൊണ്ടുപോയി പ്ലാസ്റ്റർ ഇടുമ്പോഴും പപ്പാ അടുത്ത് മോളെ നോക്കികൊണ്ട് വിഷമതയോടെനിൽക്കുന്നകണ്ടപ്പോൾ, കരഞ്ഞാൽ പപ്പയുടെ വിഷമം കൂടുമല്ലോ എന്നോർത്ത് മോൾ പപ്പയെ നോക്കി ചിരിച്ചു. പപ്പയും ചിരിച്ചുകൊണ്ട് തലയാട്ടി. ഇനിവീട്ടിൽ പോകാം പക്ഷെ കുറച്ചുദിവസം സ്കൂളിലൊന്നും പോകണ്ട. സാരമില്ല കുറച്ചു ദിവസ്സം സ്കൂളിലൊന്നും പോയില്ലേലും കുഴപ്പമില്ല . മോൾക്ക് സ്വർഗം കിട്ടിയ പോലെയായി. അത്രയും ദിവസ്സം പപ്പയുടെ കൂടെ മുഴുവൻ സമയവും ഇരിക്കാമല്ലോ. രാവിലെ സ്കൂളിൽ പോകുന്ന സമയത്തു ചേച്ചിപറയുവാഎന്റെ കയ്യും ഒന്ന് ഒടിഞ്ഞിരുന്നെങ്കിൽ … പോടീ പെണ്ണെ ….. മമ്മി അവളുടെ ചെവിക്കുപിടിക്കാൻ ചെന്നപ്പോൾ കുതറി അവൾ സ്കൂളിലേക്കോടിപ്പോയി .
പപ്പയെ കെട്ടിപിടിച്ചു കിടക്കുമ്പോഴും നേഴ്സ് ആന്റി പറഞ്ഞ തള്ളക്കോഴിയും ചിറകും അതിനടിയിൽ അനങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളുമായിരുന്നു മനസ്സിൽ . പക്ഷെ ആന്റി പറഞ്ഞ പിള്ളക്കച്ച അതെന്താണെന്നു മോൾക്ക്ഇപ്പ്പോഴും പിടികിട്ടിയില്ല . പപ്പാ ഈ പിള്ളക്കച്ച എന്നുപറഞ്ഞാൽ എന്താ … ആ എന്താ പപ്പക്കറിയത്തില്ല . മമ്മിക്കറിയുമോ മമ്മിക്കും അറിയത്തില്ല . ഇനിആരോടാ ഒന്ന് ചോദിക്കുന്നത് . …
