കഷ്ടിച്ചൊരു അരമണിക്കൂർ (കഥ -മായ കൃഷ്ണൻ )

sponsored advertisements

sponsored advertisements

sponsored advertisements

8 March 2022

കഷ്ടിച്ചൊരു അരമണിക്കൂർ (കഥ -മായ കൃഷ്ണൻ )

“അമ്മാ… കൊറേ ദിവസായി അമ്മോട് ഒരു കാര്യം പറയാൻ…….. ”
“പറഞ്ഞോ… കേക്കാലോ…, ”
“അമ്മ ങ്ങട്ട് വരൂ :ആ ചട്ടുകം അവടെ വെച്ച്ട്ട്.. ന്റട്ത്ത് ഇരിക്കൂ, ത്തിരി നേരം.., ”
“ദാ.. ഇരുന്നു.. പറ.. ”

“ന്തേ, കഴിഞ്ഞോ? പറയാൻ ള്ളത്? ”
“അത്.. അതല്ലമ്മാ… ഒരു സ്റ്റാർട്ടിങ് പ്രോബ്ലം ”
“ങ്ങാ.. പതുക്കെ മതി.. ഉപ്പേരി കരിയണ്ട.. സ്‌റ്റവ്വോഫീത്ട്ട് വരാമേ… ”

“അതേയ്.. പിന്നേയ്… ”
“പറയ്‌ ന്റെ കുട്ട്യേ.. ”
,,,
“അമ്മക്ക് സങ്കടം വര്ണ കാര്യാണ് ”
“അപ്പൊ വേഗായ്‌ക്കോട്ടെ.. സങ്കടങ്ങൾ വേഗം പറഞ്ഞു തീർക്കണം ”
“അത്.. യ്ക്ക്… ഒരാളെ ഇഷ്ടാണ് ”

“കണ്ട്വോ.. അമ്മ മിണ്ടാണ്ടായി.. ങ്ങന്യാച്ചാ ഞാനെങ്ങന്യാ പറയാ?? ”
“അമ്മ മനസ്സൊന്നു ഉറപ്പിക്കാൻ നേരമെടുത്തതാ.. കുട്ടി പറഞ്ഞോളൂ ”
“അമ്മാ.. ഞാനീ ലൈറ്റ് കെടുത്തട്ടെ? ന്ന് ട്ട് അമ്മടെ മടീല് കെടക്കട്ടെ…. ”

“കൊറേ മാസം മുമ്പ് അമ്മ പേപ്പറിലൊക്കെ വായിച്ച്ല്യേ, ആക്‌സിഡന്റ് പറ്റീട്ട് ഒരു ചേട്ടൻ…. ”

“അമ്മെന്താ ഒന്നും മിണ്ടാത്തത്‌? ”
“അയാൾക്ക്… എന്ത് പറ്റി? ”
“യ്ക്ക് ആ ചേട്ടന്യാ ഇഷ്ടം ”
“ഇഷ്ടം.. ച്ചാൽ? ”
“ഇഷ്ടം.. കല്യാണം കഴിക്കാൻ.. കൂടെ കഴിയാൻ.. ”

“അമ്മാ… ”
“അയാൾക്ക്.. നെഞ്ചിനു കീഴേക്ക്… ”
“ങും… ശേഷി ല്യ.. അമ്മാ.. അങ്ങനൊരാൾക്കല്ലേ തുണയാവണ്ടത്? ”
“ശര്യാണ്.. നിനക്ക് അയാളോട് എന്ത് വികാരമാണ് തോന്നണത്, പറയു ”
“അത്… പ്രേമം.. ആണ് ന്ന് തോന്നുണു.. ”
“അയാൾക്ക് നിന്നോട്? ”
“എന്നോട്… കുറെ പ്രായോഗിക ബുദ്ധിമുട്ടുകൾ പറഞ്ഞു.. ”
“ന്ന് വെച്ചാൽ… ലൈംഗികബന്ധം? ”
“അതെ.. പക്ഷെ, എനിക്കതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും അമ്മാ.. ”
“അപ്പൊ… അയാളെ കല്യാണം കഴിക്കണം, ല്ലേ? ”
“അതാണ്‌ ന്റെ ആഗ്രഹം ”

“മോളേ… കല്യാണം ഒരു തരത്തിൽ ഒരു ആജീവനാന്ത ഉടമ്പടിയാണ്. പരസ്പരം എക്കാലവും എല്ലാ തരത്തിലും നമ്മൾ സംരക്ഷിക്കും എന്ന ഉടമ്പടി ”
“ആ ഉടമ്പടിയിൽ ഏർപ്പെടാൻ ഞാൻ തയ്യാറാണ് ”
“എന്റെ ചോദ്യം, ഒരാൾക്ക് തുണയാവാൻ ഇങ്ങനൊരു ആജീവനാന്ത ഉടമ്പടി വേണോ എന്നതാണ് ”
“അല്ലാണ്ടെ പിന്നെ? ”
“നീ സത്യത്തിൽ അയാളെ സ്നേഹിക്കുന്നുവെങ്കിൽ യാതൊരു കരാറുമില്ലാതെ, പദവിയും ആവശ്യപ്പെടാതെ ശുശ്രൂഷിക്കാനും സ്നേഹിക്കാനും തയ്യാറാവണം. ”
“ഒരു ഹോംനഴ്സ്‌?? ”
“അതല്ലേ കുറേക്കൂടി ആത്മാർത്ഥം? ഭാര്യ ശുശ്രൂഷിക്കുന്നു എന്നതിൽ എന്തിത്ര കേമത്തം? ”
“അമ്മ… കല്യാണം കഴിഞ്ഞിട്ടാണ് ങ്ങനെ പറ്റീത് ച്ചാലോ?
“ക്ളീഷേ ആണ് ച്ചാലും ചോദ്യം സ്കിപ്പിയ്യാൻ പറ്റ്ല്യല്ലോ.. നോക്കു.. ഏറെ ദൂരെയൊന്നും പോണ്ട. എനിക്ക് 25 വയസ്സുള്ളപ്പോഴാണ് എന്റെ ഭർത്താവ് സ്ട്രോക്ക് വന്ന് വീണത്. ശരീരപ്പാതി കൊണ്ട് എന്നെ അദ്ദേഹം സ്നേഹിച്ചു. ”
“അമ്മ അച്ഛനെ വേണ്ടെന്നു വെക്കാഞ്ഞതെന്ത് ”
“ഉറപ്പായും പറയാം.. രണ്ട് കാരണങ്ങൾ കൊണ്ട്.. ഒന്ന് നേരത്തെ പറഞ്ഞ ഉടമ്പടി. രണ്ട് അദ്ദേഹം എന്റെ പുരുഷൻ മാത്രമായിരുന്നില്ല, നിന്റെ അച്ഛനുമായിരുന്നു ”

“ചോദിക്കാത്തതെന്താ അച്ഛൻ മരിക്കുമ്പോഴും അമ്മ ചെറുപ്പമായിരുന്നില്ലേ, എന്തുകൊണ്ട് വീണ്ടും കല്യാണം കഴിച്ചില്ലെന്ന്? ”

“അതിൽ നിനക്കത്ര താല്പര്യം ഉണ്ടായിരുന്നില്ലല്ലേ? അച്ഛന് പകരക്കാരനില്ലല്ലോ അല്ലേ? ”
“അമ്മ എന്താ പറഞ്ഞുവരുന്നത്? ”
“മറ്റൊന്നുമല്ല കുട്ടി.. കല്യാണശേഷം പങ്കാളിക്ക് സംഭവിക്കുന്ന ദുര്യോഗം പങ്കുവെക്കപ്പെടാം, പല കാരണങ്ങൾ കൊണ്ടും, സ്നേഹം കൊണ്ടും.. ഉപേക്ഷിച്ചു പോകുന്നവരും ധാരാളം ണ്ട്. അതുതന്നെയാണ് ഈ ഉടമ്പടിയുടെ ഏടാകൂടവും. നിന്റേത് പ്രേമമായിരുന്നില്ല, എന്ന് അഥവാ തിരിച്ചറിയേണ്ടി വന്നാൽ, സൗഹൃദത്തോടെ പിരിയാൻ പറ്റണം, രണ്ടാൾക്കും.. വേറൊന്നുകൂടി.. നീയെന്റെ ഒരേയൊരു മകളാണ്. എന്നുവെച്ച് മരണം വരെ നിന്നെ സംരക്ഷിക്കാൻ ഞാൻ തയ്യാറൊന്നുമല്ല. അമ്മയെ സംരക്ഷിക്കാൻ നിനക്ക് ബാധ്യതയുണ്ടെന്നു പറഞ്ഞ് നിന്നെ ഞാൻ ബുദ്ധിമുട്ടിക്കുന്നുമില്ല. പക്ഷെ സ്വയം ജീവിക്കാൻ നീ ആദ്യം പഠിക്കുകയെങ്കിലും വേണം. എന്നെപ്പോലൊരു വിധവാവേഷം നിനക്ക് തയ്യാറായിരിക്കുന്നുവെന്നിരിക്കട്ടെ.. സധൈര്യം അതെടുത്ത് ഇടുകയോ വേറൊരു തിരിവിലേക്കു കടക്കുകയോ ചെയ്യണമെങ്കിൽ…. ഞാനോ അയാളുടെ ബന്ധുക്കളോ കൂടെയുണ്ടായെന്നു വരില്ല. ”
“അമ്മ സൈമൺ ബ്രിട്ടോയെപ്പറ്റിയും സീനചേച്ചിയെപ്പറ്റിയും കേട്ടിട്ടില്ലേ? ”
“കേൾക്കുക മാത്രമല്ല, അവരുടെ കാലം തന്നെയായിരുന്നു എന്റെ യൗവ്വനകാലവും. സീനയെ ആരാധിക്കുകയല്ല ഭീതമായി ബഹുമാനിക്കുന്നു ഞാൻ. ഇപ്പോഴും നിന്റെ ഇഷ്ടം തെറ്റാണെന്ന് പറഞ്ഞ് നിലവിളിക്കുകയോ ചാവാൻ തുനിയുകയോ ചെയ്യുന്നില്ലല്ലോ ഞാൻ? നിന്റെ ശക്തിയെപ്പറ്റി സ്വയബോധ്യമുണ്ടെങ്കിൽ, കെട്ടുപാടുകളുടെ വേദനകൾ നിന്റെ ആയുസ്സിനെ തിന്നുകയില്ലെങ്കിൽ… തീരുമാനം മാറ്റണ്ട. ഏത് ആഗ്രഹം സാധിക്കാനും നമുക്ക് ഈ ഒരൊറ്റ ജനമല്ലേ ഉള്ളൂ? അല്ലേ? ഒന്നുകൂടി… അയാളുടെ അമ്മയായി നിന്നാലും എന്റെ നിലപാട് ഇതുതന്നെയാവും ട്ടോ. … .!!!!”
“അമ്മാ… ന്നോട് ദേഷ്യായോ? ”
“സത്യം പറയാം കുട്ടീ.. പത്തൊമ്പത് കൊല്ലം നിന്റൊപ്പം ജീവിച്ചിട്ടും ഇപ്പോൾ, ഈ അരമണിക്കൂർ നേരം നിന്നോട് തോന്നിയ സ്നേഹം ഒരിക്കലും തോന്നിയിട്ടില്ല. നിന്റെ ഏറ്റവും വലിയ കണ്ഫയൂഷനിൽ എന്റെ മടിയിലേക്കു വരാൻ നിനക്ക് തോന്നീലോ… ”

മായ കൃഷ്ണൻ