മന്ത്രി റോഷി അഗസ്റ്റിന് മിസ്സൂറി സിറ്റിയുടെ ആദരവ് നൽകി മേയർ റോബിൻ ഇലക്കാട്ട്

sponsored advertisements

sponsored advertisements

sponsored advertisements


2 October 2022

മന്ത്രി റോഷി അഗസ്റ്റിന് മിസ്സൂറി സിറ്റിയുടെ ആദരവ് നൽകി മേയർ റോബിൻ ഇലക്കാട്ട്

സ്വന്തം ലേഖകൻ

മന്ത്രി റോഷി അഗസ്റ്റിന് മിസ്സൂറി സിറ്റിയുടെ ആദരവ് നൽകി മേയർ റോബിൻ ഇലക്കാട്ട് . ഹ്യൂസ്റ്റണിലെത്തിയ കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മിസ്സൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് സിറ്റിയുടെ താക്കോൽ നൽകി ആദരിച്ചു . ഏത് സമയത്തും മിസ്സൂറി സിറ്റിയുമായി ഒരു ബന്ധം ഉണ്ടാകുന്നതിനുള്ള ഉറപ്പാണ് ” താക്കോൽ ” നൽകി ആദരിക്കുന്നതിലൂടെ മിസ്സൂറി സിറ്റി ഉദ്ദേശിക്കുന്നത്. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ മന്ത്രി റോഷി അഗസ്റ്റിന് ഈ സ്വീകരണം ഒരു പുതിയ അനുഭവമായിരുന്നു. ഒരു മലയാളിക്ക് അമേരിക്കയിലെ ഒരു സിറ്റിയുടെ മേയറായി പ്രവർത്തിക്കുവാനും, അവിടുത്തെ ജനങ്ങളുടെ അംഗീകാരം നേടുവാനും സാധിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്ന് സിറ്റിയുടെ താക്കോൽ സ്വീകരിച്ചുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
തുടർന്ന് നടന്ന മീറ്റിംഗിൽ കേരളത്തിലെ ഏതെങ്കിലും ഒരു ഗ്രാമം മിസ്സൂറി സിറ്റി ദത്തെടുക്കണമെന്ന ആവശ്യം മന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ ആവശ്യം പരിഗണിക്കുവാൻ ശ്രമിക്കുമെന്ന് മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങൾ ഉരുൾ പൊട്ടൽ സാധ്യതകൾ ഉള്ളതാണ് . അത്തരം പ്രദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. മിസ്സുറി സിറ്റിയുടെ സഹോദര പ്രദേശമായി ഇത്തരം പ്രദേശങ്ങളെ ദത്തെടുത്ത് സംരക്ഷിക്കുന്ന പദ്ധതിക്ക് രൂപം നൽകുന്നതിനെക്കുറിച്ച് പഠിച്ച് ഒരു രൂപരേഖ തയ്യാറാക്കുവാൻ മന്ത്രി റോഷി അഗസ്റ്റിനും , മേയർ ഇലക്കാട്ടും തമ്മിൽ ധാരണയായി.കൂടാതെ മലിന ജലം ശുദ്ധീകരിക്കുന്ന സിറ്റിയുടെ രീതികൾ അദ്ദേഹം നോക്കിക്കണ്ടു. ഹ്യൂസ്റ്റണിലെ സാമൂഹിക സാംസ്കാരിക മേഖലകളിലുള്ള പ്രമുഖരായ വ്യക്തികളും ലളിതമായ ഈ ചടങ്ങിൽ പങ്കെടുത്തു.

രണ്ടാം തവണയും മിസ്സൂറി സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുകയാണ് റോബിൻ ഇലക്കാട്ട്. നവംബർ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടത്. പൊതു സുരക്ഷ, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ നൽകി മിസ്സൂറി സിറ്റിയെ പുതിയ പന്ഥാവിലേക്ക് നയിച്ച റോബിൻ ഇലക്കാട്ട് സിറ്റിയിൽ ബിസ്സിനസ്സുകൾ വ്യാപിപ്പിക്കുന്നതിലൂടെ നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ഒരു യുണൈറ്റഡ് സിറ്റിക്ക് ആവശ്യമായതെല്ലാം നൽകി പ്രവർത്തനങ്ങൾ ജനകീയമാക്കുന്ന ശൈലിയാണ് റോബിൻ ഇലക്കാട്ട് സ്വീകരിക്കുന്നത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം ഉണ്ടാകട്ടെ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ ആശംസിച്ചു. വ്യത്യസ്തങ്ങളായ വികസന പ്രവർത്തനങ്ങളിലൂടെ മിസ്സൂറി സിറ്റിയുടെ പ്രശംസ നേടിയെടുത്ത റോബിൻ ഇലക്കാട്ടിന്റെ വിജയം സുനിശ്ചിതമാണെന്നും സിറ്റിയിൽ ഉള്ള മലയാളി സമൂഹം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും വോട്ടുചെയ്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.