മായുന്ന സൂര്യൻ (കവിത -ലാലി രംഗനാഥ്)

sponsored advertisements

sponsored advertisements

sponsored advertisements

26 April 2022

മായുന്ന സൂര്യൻ (കവിത -ലാലി രംഗനാഥ്)

മുന്നിൽ പൂക്കുന്ന
വസന്തത്തെക്കാളേറെ,
കൊഴിഞ്ഞു തുടങ്ങുന്ന
പൂക്കളെയാണെനിക്കിഷ്ടം..

വിടർന്ന ചിരിയുടെ
തിളക്കത്തിലുമേറെ,
കണ്ണീരിൻ നനവു പടർന്ന-
കറുത്ത കൺതടങ്ങളെ
ഞാൻ സ്നേഹിക്കുന്നു…

യാത്രാന്ത്യത്തിലെ ഒറ്റപ്പെടലിൽ
കൂടെ കൂട്ടാൻ
ഒരു കരം മോഹിക്കുന്നവരിലേക്ക്,
ഉറവ വറ്റാത്ത സ്നേഹത്തിന്റെ
തിരി കൊളുത്തണം..

മാഞ്ഞുപോകുന്ന സൂര്യനുമായി
ചങ്ങാത്തം കൂടണം..
അശക്തമായ നൂലിനാൽ
ബന്ധിക്കപ്പെടണം ..
പെയ്യാൻ വിതുമ്പി നിൽക്കുന്ന
കാർമേഘക്കൂട്ടത്തിലേക്കുറ്റുനോക്കി
നെടുവീർപ്പിടണം …
പെയ്തു തോരുമ്പോൾ തെളിയുന്ന
ആകാശം കാണാനായി…..