മഴയോർമ്മകൾ (കവിത -ചന്ദ്രതാര )

sponsored advertisements

sponsored advertisements

sponsored advertisements


29 May 2022

മഴയോർമ്മകൾ (കവിത -ചന്ദ്രതാര )

ഴയെക്കുറിച്ച്
ഞാനെന്തു പറയാനാണ്…
നീ കണ്ട മഴയല്ലല്ലോ
ഞാൻ കൊണ്ടത്‌…

ഇരുളാർന്നമേഘങ്ങളിൽ
ഒന്നും തന്നെ
ഇതുവരെയും
എന്നിൽ പെയ്തൊഴിഞ്ഞിട്ടില്ല .
ഒരൊറ്റ സൂര്യതാപവും
കാർമേഘമാക്കിയെന്നെ
വാനിലെത്തിച്ചില്ല.

തോരാതെ ദുരിതങ്ങൾ
പേമാരിപോലെ
പെയ്തപ്പോഴും
മരം പെയ്തു തോർന്ന ചില
സായാഹ്നങ്ങളിൽ
എൻ്റെ സ്വപ്നങ്ങൾ
സ്വർണ്ണ നാഗങ്ങളെപ്പോലെ
നടക്കാനിറങ്ങാറുണ്ട്..

ചോർന്നൊലിക്കുന്ന കൂരയിൽ നിരത്തി
വച്ചിരിക്കുന്ന പാത്രങ്ങളിൽ മഴ
സംഗീതമാലപിക്കുമ്പോൾ
തഴപ്പായ നെയ്തു തേഞ്ഞ അമ്മവിരലുകൾ
എനിക്ക് കാവലായി ..

ഇടിമിന്നലുകൾ തോരണം
ചാർത്തിയ കൗമാരത്തിൽ
പാതി നനവിലഭിരമിച്ച്
നാസാഗ്രത്തിലൂടൊഴുകിയെത്തിയ
മഴത്തുള്ളികൾ
എന്നോട് കിന്നാരം ചൊല്ലിയിട്ടുണ്ട്..

ബീഥോവൻ സിംഫണി പോലൊരു
നിലാമഴയുമായൊരിക്കൽ നീ വരുമെന്നും
എൻ്റെ സിരാപടലത്തിലൂടെ
വിൺഗംഗയൊഴുകുമെന്നും
വെറുതെ മോഹിക്കാറുണ്ട് …

ഒരേ മഴ
നനയുന്നവരല്ലല്ലോ നമ്മൾ…
ഒരേ മഴ കാണുന്നവരുമല്ല.
രാഗം വേറെ
താളം വേറെ
നിറം പോലും വേറെ
അപ്പോൾ
മഴയെക്കുറിച്ച്
ഇനിയും
ഞാനെന്തു പറയാൻ….

പടിഞ്ഞാറേ ചായ്പിൻ്റെ
കളിമൺ ചുമരുതിർന്നു വീഴുമ്പോൾ
ഞങ്ങളതിൻ്റെ യിങ്ങേയോരത്ത്
ചുരുണ്ടു കിടപ്പുണ്ടായിരുന്നു.
മാനത്തു കാറുകണ്ടാൽ
ഇടിവെട്ടുന്നത്
അമ്മയുടെ നെഞ്ചിലാണ്..
ചോരാതുറങ്ങാൻ
ഒരുവീട്….
തണുപ്പകറ്റാൻ ഒരു പുതപ്പും…..
എന്നിട്ടുവേണം
എനിക്കും
നിങ്ങളെപ്പോലെ
മഴയെ പ്രണയിക്കാൻ…

ചന്ദ്രതാര