അമ്മ ഗൃഹാതുര ഓർമ്മകൾ മാത്രമല്ല; സ്വതന്ത്ര ചിന്തകളുള്ള ഒരു വ്യക്തി കൂടിയാണ്(മിനി വിശ്വനാഥൻ)

sponsored advertisements

sponsored advertisements

sponsored advertisements

8 May 2022

അമ്മ ഗൃഹാതുര ഓർമ്മകൾ മാത്രമല്ല; സ്വതന്ത്ര ചിന്തകളുള്ള ഒരു വ്യക്തി കൂടിയാണ്(മിനി വിശ്വനാഥൻ)

മ്മരുചി, അമ്മമണം മുതലായി അമ്മയെചുറ്റിപ്പറ്റി ഓരോരുത്തർക്കും ഗൃഹാതുരമായ ഓർമ്മകൾ അനവധിയുണ്ടാവും. അറിഞ്ഞും അറിയാതെയും നമ്മൾ ഇത്തരം ഒരുപാട് ഓർമ്മകൾ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും..
അമ്മമാർ അവസാന ജീവൻ വരെ മക്കളുടെ സന്തോഷത്തിന് വേണ്ടി ഉപയോഗിക്കും.
അവർ സുഖമായിരിക്കണം സന്തോഷമായിരിക്കണം എന്ന് മാത്രമായിരിക്കും അവരുടെ ഓരോ ചിന്തകളിലും ഓർമ്മകളിലും.
ഇഷ്ടരുചികൾ മാത്രമല്ല അമ്മ ….
ജീവിതത്തിന്റെ ആദ്യ പാഠം പഠിച്ചു തുടങ്ങുന്നതും അമ്മയിൽ നിന്നു തന്നെ …
മൾട്ടി ടാസ്കിങ്ങ് സ്കിൽസും ബേസിക് മാനേജ്മെന്റ് സ്കിൽസും നമ്മളറിയാതെ പഠിക്കുന്നത് അടുക്കളയിലും അരങ്ങത്തും തിളങ്ങി നിൽക്കുന്ന അമ്മമാരിൽ നിന്ന് തന്നെ ….
കാര്യമായ സങ്കടങ്ങൾ വന്നാൽ ആദ്യം പങ്ക് വെക്കുന്നതും അമ്മയോട് തന്നെ …
അമ്മക്കു ചുറ്റും നമ്മളങ്ങ് ജീവിക്കും. തീരാത്ത കൊതികളോടെ, പരാതികളോടെ, പരിഭവങ്ങളോടെ, സങ്കടങ്ങളോടെ ….
നാട്ടിൽ വന്ന് അമ്മമാരുടെ ജീവിതം നിരീക്ഷിക്കാൻ തുടങ്ങിയതു മുതലാണ് ഞാനൊരു കാര്യം മനസ്സിലാക്കിയത്.
അവരുടെ ഏറ്റവും പ്രിയപ്പെട്ട രുചികളും , ആഗ്രഹങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എന്തെന്ന് നമുക്കറിയില്ല എന്നും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നും….
“അമ്മ നന്നായി തല തോർത്തിയോ, രാസ്നാദി തിരുമ്മിയോ” എന്ന് നമ്മൾ മിക്കവരും അന്വേഷിക്കാറില്ല.
വില പിടിച്ച സാരികൾക്കടിയിലെ ചെറിയ നക്ഷത്രപ്പൊട്ടുകളുള്ള സാരിയാണ് അമ്മക്കിഷ്ടം എന്ന് നമ്മൾ ആരും ഓർക്കാറില്ല….
സാമ്പാറിനും ചോറിനും ഉണ്ണിയപ്പത്തിനുമൊപ്പം അമ്മക്കിഷ്ടമുള്ള പല രുചികളും ഉണ്ടെന്ന് നമ്മൾ അറിയാറില്ല….
നമ്മൾ അമ്മ രുചിയിലും അമ്മ മണത്തിലും പിടിച്ച് കെട്ടിയിട്ടിരിക്കുന്ന അമ്മമാരുടെ മനസ്സിനെക്കുറിച്ച് നമ്മളോർക്കാറേയില്ല…
സീരിയൽ കഥകളല്ലാതെ അവർക്ക് നമ്മളോട് പറയാനും കേൾക്കാനും ഒരു പാട് കാര്യങ്ങൾ ഉണ്ട്. ചെറിയ ചെറിയ പരിഹാസങ്ങളും പരാതികളും കളിയാക്കലുകളും പങ്ക് വെക്കാനുണ്ട്…
രാഷ്ട്രീയവും സാമൂഹ്യ കാര്യങ്ങളും ചർച്ച ചെയ്യാൻ അവർക്കും ആഗ്രഹമുണ്ട്…
അമ്മമാർക്കും ഒരു സ്പേസ് ഉണ്ട്. ഉണ്ടാവണം…
അവരെ സൗമ്യമായി കേൾക്കാൻ മനസ്സുണ്ടാവണം..
നമ്മൾ പറയുന്നത് അമ്മക്ക് മനസ്സിലാവില്ലെന്ന് കരുതരുത്.
കുഞ്ഞാവുമ്പോൾ ചിതറി വീഴുന്ന ഒറ്റ വാക്കുകളുടെ അർത്ഥം ചേർത്ത് വെച്ച് നമ്മുടെ ആവശ്യങ്ങൾ നടത്തിത്തന്നത് അമ്മയാണ് ….
അമ്മ ഗൃഹാതുര ഓർമ്മകൾ മാത്രമല്ല ….
സ്വതന്ത്ര ചിന്തകളുള്ള ഒരു വ്യക്തി കൂടിയാണ് ….
തിരുത്തലുകളുടെ കാലമാണെനിക്ക് …
എല്ലാ അമ്മമാർക്കും സ്നേഹാശംസകൾ ..
ഒരു അമ്മദിനത്തിലൊതുങ്ങാത്തത്രയും ആദരവുകൾ …
എന്റെ അമ്മക്കുഞ്ഞുങ്ങൾക്ക് ഉമ്മ …

മിനി വിശ്വനാഥൻ