ആപ്പനും ഇളയച്ഛനും (മിനി വിശ്വനാഥൻ)

sponsored advertisements

sponsored advertisements

sponsored advertisements

26 December 2022

ആപ്പനും ഇളയച്ഛനും (മിനി വിശ്വനാഥൻ)

മിനി വിശ്വനാഥൻ
ഉച്ചക്ക് രണ്ടാമത്തെ പിരീഡിലെ അബ്ദുള്ള മാഷുടെ ഹിസ്റ്ററി ക്ലാസിനിടക്ക് പ്രതിഭ എന്റെ ചെവിയിലേക്ക് ഒരു സ്വകാര്യം പറയാനായി ആഞ്ഞു. സ്വാതന്ത്ര്യം നേടിയെടുക്കലുടെ ചരിത്രം പഠിപ്പിക്കുമെങ്കിലും മാഷ് മുന്നിലിരിക്കുന്ന കുട്ടികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒട്ടും ബോധവാനായിരുന്നില്ല
എന്നതുകൊണ്ട് തന്നെ ഞാൻ പ്രതിഭ പറയുന്നത് കേൾക്കാൻ ചെവി കൊടുത്തില്ല.

“ഞാനിന്ന് സ്കൂൾ വിട്ടാൽ എന്റെ ആപ്പന്റെ വീട്ടിലാ പോവുന്നത്, നാല് മണിക്ക് ബെല്ലടിച്ചാ ഞ്ഞി എന്നെയും കാക്കണേ ഇവളേ” എന്ന് ഒരു തുണ്ടു പേപ്പറിൽ എഴുതി അവൾ എനിക്ക് നേരെ നീട്ടി.

പ്രതിഭയുടെ അച്ഛന്റെ വീട് എന്റെ വീടിനടുത്താണ്. ചിലപ്പോഴൊക്കെ അമ്മമ്മയെ കാണണമെന്ന് പറഞ്ഞ് അവളവിടെ വരാറുമുണ്ട്.
പക്ഷേ അവിടെ ആപ്പൻ എന്ന് പറഞ്ഞ ആരുമില്ലെന്ന് ഞാനോർത്തു. പ്രതിഭയുടെ ഇളയച്ഛൻ കുമാരേട്ടനെ എനിക്കറിയാം. അവളുടെ അച്ഛമ്മ എന്നെക്കാണുമ്പോഴൊക്കെ വാത്സല്യത്തോടെ എന്റെ തലമുടിയിൽ വിരലോടിക്കുകയും അവളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുമായിരുന്നു. പിന്നെ അവിടെയുള്ളത് കുമാരേട്ടന്റെ ഭാര്യ ശാരദേച്ചിയും രണ്ട് പെൺ മക്കളുമാണ്. അവർക്കാർക്കും ആപ്പൻ എന്ന പേരില്ല. പിന്നെ ആരായിരിക്കും ഈ ആപ്പൻ എന്ന് ഞാൻ മനസ്സിലിട്ടുരുട്ടി.

ഇബ്രാഹിം മാഷ് ക്വിറ്റ് ഇന്ത്യാ സമര ചരിത്രം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ചോദ്യം ചോദിക്കലുകളുമുണ്ടാവും. ചരിത്രം പഠിക്കുമ്പോഴാണ് ശരിക്കും ബ്രിട്ടീഷുകാരോട് ദേഷ്യം വരിക. അവർ കാരണമാണല്ലോ ഈ ചരിത്രവും ഓർമ്മിച്ചു വെക്കാൻ കുറച്ച് ഡേറ്റുകളും ഉണ്ടായത്. അവർ കാരണം തലയിലായ മറ്റൊരു ഒഴിയാബാധ ഇംഗ്ലീഷ് ആണ്.
ഈസും വാസും വേറും വെന്നും എന്നെ ചെറിയ രീതിയിയിലൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടീഷുകാരോട് എനിക്കുള്ള പക തീർത്താൽ തീരാത്തതാണ്.
പ്രതിഭയുടെ ആപ്പനും ബ്രിട്ടീഷുകാരും കൂടി എന്റെ ഉച്ചയ്ക്ക് ക്ലാസിലിരുന്നുള്ള അർദ്ധ മയക്കം ഒരു വഴിക്കാക്കി തന്നതു കൊണ്ട് കണ്ണുകൾ മിഴിച്ചിരുന്നു. അപ്പോഴേക്കും മണിയടി ശബ്ദം ഉയർന്നു.

മാഷ് ക്ലാസിൽ നിന്നിറങ്ങിയതോടെ പ്രതിഭയുടെ ഇവളേ എന്ന വിളി ഉയർന്നു. “മിനിയിവളേ, ഞ്ഞി എന്നെ കൂട്ടാണ്ട് പോറേ” എന്ന് അവൾ കൂവിവിളിക്കുന്നതിനിടെ ആരാ ഈ ആപ്പൻ എന്ന് ഞാനവളോട് ചോദിച്ചു. “ഇനിക്കറിയില്ലേ എന്റെ കുമാരാപ്പനെ” എന്ന് ചോദിച്ച് അവളെന്നെ തുറിച്ച് നോക്കി.
“കുമാരേട്ടൻ നിന്റെ ഇളയച്ഛനല്ലേ ” എന്ന എന്റെ ചോദ്യത്തിന് അവളുടെ ഉത്തരം “ഇളയച്ഛൻ എന്ന് നിങ്ങളുടെ ആളുകൾ വിളിക്കുന്നതല്ലേ” എന്നായിരുന്നു.

ബന്ധസൂചകപദങ്ങൾ ( Kinship terms) ജാതിയിലും മതത്തിലും കെട്ടു പിണഞ്ഞു കിടക്കുന്ന ഒന്നാണെന്നും, മറ്റ് ഭാഷാ സ്വാധീനങ്ങൾ കൊണ്ട് കാലക്രമേണ ഇത്തരം വിളികൾക്ക് അർത്ഥവ്യാപ്തിയും അർത്ഥ ച്യുതിയും വരാമെന്നുമുള്ള സാമൂഹിക ഭാഷാശാസ്ത്രത്തിലെ ആദ്യ പാഠമായിരുന്നു “നിങ്ങളുടെ ആളുകളുടെ വിളി” എന്ന പ്രയോഗത്തിലൂടെ പ്രതിഭ എന്നെ പഠിപ്പിച്ചത്. ആപ്പൻ എന്നത് അച്ഛന്റെ അനിയനെ വിളിക്കാനായി അവരുടെ സമുദായക്കാർ ഉപയോഗിക്കുന്നതാണെന്നും . ഖദീജ ആപ്പന് പകരം ഇളാപ്പ എന്നാണ് വിളിക്കുകയെന്നും അവൾ എന്നെ പഠിപ്പിച്ചു തന്നു. മാമൻ എന്ന വിളി സമുദായം മാറുമ്പോൾ അമ്മാവൻ എന്നായി മാറുന്നു എന്നത് അവൾ ഓർമ്മിപ്പിച്ചു.

പക്ഷേ അമ്മാവന്റെ ഭാര്യയേയും ഇളയച്ഛന്റെ ഭാര്യയേയുമെല്ലാം പലരും ആന്റി എന്ന ഒറ്റ വിളിയിൽ ഒതുക്കാറുണ്ടെന്നത് ഞാനും നിരീക്ഷിച്ചിരുന്നു. മറ്റ് ഭാഷകളിലെ സംബോധനകൾ സ്വീകരിക്കാനും സാമൂഹികമായ സ്വാധീനങ്ങൾ ഉണ്ടാവും. ഇംഗ്ലീഷ് ഭാഷയിലെ അങ്കിളും ആന്റിയും സംബോധനയിൽ ഉപയോഗിക്കുമോൾ
ജാതീയമായ മതിൽക്കെട്ടിന് പുറത്ത് വരികയും ചെയ്യുന്നു.
ഇത് കേട്ടപ്പോൾ ഏതായാലും വിളികളിൽ പക്ഷപാതം കാണിക്കാത്ത ഇംഗ്ലീഷിനോട് എനിക്കൊരല്പം ബഹുമാനം തോന്നാതിരുന്നില്ല.

ആപ്പനും ഇളയച്ഛനും എളാപ്പക്കു മൊപ്പം തോമോട് തോൾ ചേർന്ന് മൂത്തച്ഛനം വല്യച്ഛനും വല്യാപ്പയുമുണ്ടെന്ന് അറിഞ്ഞപ്പോൾ വിളികളിലെ വൈചിത്ര്യമോർത്ത് മൂക്കത്ത് വിരൽ വെക്കാതെ എന്ത് ചെയ്യും !

മിനി വിശ്വനാഥൻ