മോഹം (കവിത -ജോണ്‍ വേറ്റം)

sponsored advertisements

sponsored advertisements

sponsored advertisements

10 November 2022

മോഹം (കവിത -ജോണ്‍ വേറ്റം)

ആകാശവും, ജീവരഹിതഗ്രഹങ്ങളും, ജീവനും, ഭൂമിയും,
പുതുശാസ്ത്രലോകവും, മനുഷ്യമരണവും മനസ്സിലുണ്ട്.
ആത്മനിന്ദയുടെ ആത്മപീഡനങ്ങള്‍ നല്‍കിയ നോവുകളും,
അനുഭവപരിചയത്തിന്‍റെ ഫലവും ഓര്‍മ്മയിലുണ്ട്.
കരുണയില്ലാത്തൊരു ലോകത്തിന്‍റെ ക്രൂരമാംകണ്ണില്‍ നോക്കി,
കദനഭാരത്തോടെ പറയട്ടെയെന്‍ അപ്രീയസത്യങ്ങളെ.
അക്രമത്തിന്‍റെ ഉറവുകള്‍ വിശപ്പും ദാഹങ്ങളുമാണ്.
അധ:സ്ഥിതിയുടെ സ്ഥാപകര്‍ ആചാരത്വവിധികളാണ്.
അന്ധവിശ്വാസങ്ങള്‍ക്കുണ്ടുദ്ദേശം, അതും ധനികതയത്രേ.
അന്ധാചാരങ്ങള്‍ സൃഷ്ടിക്കുന്നതിദാരിദ്ര്യം, ദുഖങ്ങളും!
അധ:സ്ഥരെയും വിശുദ്ധരെയും വേര്‍തിരിക്കും സ്വാര്‍ത്ഥത.
അസത്യത്തിന്‍റെ നിയുക്തവക്താക്കള്‍ മതഭേദങ്ങളാണ്.
ആത്മാവ് സനാതനമെന്ന സാക്ഷരബോധം വിചാരമാണ്.
എല്ലാജീവികളും സൃഷ്ടിയാണെന്ന അദ്ധ്യാപനം യുക്തിഭംഗം.
ദുരാചാരങ്ങള്‍ നിയമലംഘനത്തെ ന്യായീകരിക്കുന്നു.
ദൈവവും സാത്താനും മനുഷ്യമനസ്സില്‍ത്തന്നെ വസിക്കുന്നു.
പ്രണയനൈരാശ്യവും നവയുഗത്തിലെ അഗ്നിജ്വാലകള്‍.
ബലാല്‍സംഗത്തിന്‍റെ കടിഞ്ഞാണ്‍ കഴുമരത്തിലാകണം.
ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും പാപത്തെ മിഥ്യയാക്കി.
മര്‍ത്തൃനെ ജീവിപ്പിക്കും വായു, വായുവില്‍ത്തന്നെ ചേരുന്നു.
മരിച്ചവരുടെ മനസ്സുകള്‍ക്ക് പുനരുത്ഥാനമില്ല.
ലോകവികാസം വിശ്വാസത്തിലല്ല, നവീകരണത്തിലാണ്.
വെട്ടിയവന്‍റെ രോഷവും, വെട്ടേറ്റോന്‍റെ നോവും വികാരമാണ്.
വേദശാസ്ത്രങ്ങളൊന്നും സ്വയംഭൂവല്ല, ശുദ്ധകൃതികളാണ്.
സ്തുതിയും സ്തോത്രവും അഗതിക്കില്ല, ആരാധ്യര്‍ക്കുള്ളതാണ്‌.
സ്ത്രീസമത്വം നിഷേധിക്കും മതാചാരവും നാസ്തികതയാണ്.
സ്നേഹകര്‍മ്മങ്ങള്‍ സൗഹൃദത്തിലത്രേ ഉളവാകുന്നത്.
ഒരിടത്ത്മാത്രം തണലേകിനില്‍ക്കും മരമല്ല ഞാന്‍.
വഴിദൂരമറിയാതൊഴുകിപ്പോമൊരു പുഴയാണ് ഞാന്‍.
ഏകാകിയായിന്നും അലയുന്നയെന്‍റെ ആത്മാവിലാദ്യമായ്
വിടരുന്നനവധി മണമുള്ള മധുരക്കിനാവുകള്‍!
പ്രണയവനികയില്‍ വിടരും വര്‍ണ്ണമോഹങ്ങളല്ല,
അച്ഛനാകുവാനിച്ഛയുണര്‍ത്തിടും ആത്മദാഹമാണത്.
എനിക്കൊരു പെണ്ണ് വേണം, സന്മനസ്സുള്ളവളായിരിക്കണം.
വിരൂപയോ, തേവിടിച്ചിയോ ആരായാലുംസ്വീകരിക്കും ഞാന്‍
കൊണ്ടുനടക്കുമവളെ,എന്‍റെ കുഞ്ഞിന്‍റെഅമ്മയാകുവാന്‍.
ഭൂതകാലങ്ങള്‍ എന്തായിരുന്നെന്നവളോട് ചോദിക്കില്ല.
എന്നെമാത്രം സ്നേഹിക്കണമെന്നൊരിക്കലും ഞാന്‍ പറയില്ല.
തെരുവിന്‍റെമക്കള്‍ക്കില്ല, കല്യാണം, സദ്യ, മണിയറയും.
ആരും വരില്ല, വേശ്യകളുമെന്നെ ഭയക്കുന്നു,വെറുക്കുന്നു,
കുഷ്ഠരോഗിയെന്നുവിളിച്ചാക്ഷേപിച്ചേവരും ഓടിപ്പോകുന്നു!
രോഗമൊരു ദുഖവും വേര്‍പാട്‌ വേദനയെന്നാലും കേഴില്ല,
ഇരുളും ശൂന്യതയിലിരുന്നെന്‍റെ ഏകാന്തഗാനം പാടും!

ജോണ്‍ വേറ്റം