ബിനി മൃദുൽ, കാലിഫോർണിയ
ഇന്നലെ എന്തോ സംസാരിക്കുന്നതിനിടയിൽ ആണ് ഇതു ഓർമ വന്നത്. കാലം ഒരു പാട് പിന്നോട്ട് പോകണം ഈ കഥ പറയാൻ.. മാഹിയിലെ സ്കൂൾ കാലഘട്ടത്തിനു മുൻപ് ഞാൻ വീട്ടിനു അടുത്തുള്ള സ്കൂളിൽ ആയിരുന്നു. ഒരു മൂന്നാം ക്ലാസ് വരെ. ചേച്ചിമാർ തലശ്ശേരിയിലെ കോൺവെന്റിലും. അതെന്താ നിന്നെ തവിട് കൊടുത്തു വാങ്ങിയതാണോ എന്താ നിന്നെ കോൺവെന്റിൽ വിടാഞ്ഞേ എന്ന ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തി യില്ല.
ഞാൻ ഈ പറഞ്ഞ സ്കൂളിൽ ഒരു കണക്ക് അധ്യാപകൻ ഉണ്ടായിരുന്നു. മൂന്നാം classലെ ക്ലാസ്സ് ടീച്ചർ. കൊമ്പൻ മീശക്കാരനായ , ചുവന്ന കണ്ണുകൾ ഉള്ള, കയ്യിൽ എപ്പോഴും ചൂരൽ വടിയും ആയി നടക്കുന്ന രവീന്ദ്രൻ മാഷ് ( ഒറിജിനൽ പേര് ആണ് ). ഒരു കണക്ക് തെറ്റിയാൽ ചൂരൽ വച്ചു അടിക്കുന്ന ദേഷ്യക്കാരനായ മാഷ്.
രണ്ടാം ക്ലാസ്സ് അവസാനം ആയപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് മൂന്നാം ക്ലാസ്സിൽ പഠിക്കേണ്ട. അടി കൊള്ളാൻ വയ്യ.
ഞാൻ ഇതു എല്ലാ ദിവസവും പറഞ്ഞു കൊണ്ടിരുന്നു. ആര് കേൾക്കാൻ?
ഞാൻ മൂന്നാം ക്ലാസ്സിൽ എത്തിയപ്പോൾ ഈ മാഷിന്റെ ക്ലാസ്സിൽ തന്നെ. മാഷ് മറ്റുള്ളവരെ അടിക്കുന്നത് കണ്ടു നിൽക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു.
അങ്ങനെ പതിയെ എന്റെ ഊഴം വന്നു.
ഹോംവർക് തന്ന കണക്കിൽ പത്തിൽ പത്തും തെറ്റ്. ഇത്രേം മണ്ടശിരോമണി ആണോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവും ഉറപ്പ് .
ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നു പത്താമത്. രണ്ടാമത്തെ ഉത്തരം ഒമ്പതാമത്തെ ചോദ്യത്തിന് കറക്റ്റ് ആയി എഴുതിയിട്ടുണ്ട്.
ആരോഹണ ക്രമം എന്നുള്ളത് അവരോഹണം എന്ന് വായിച്ചാൽ പീന്നെ ഇങ്ങനെ അല്ലാതെ എങ്ങനെ എഴുതും?
എന്തായാലും കണക്ക് മാഷ് കൈ നീട്ടാൻ പറഞ്ഞു. ചൂരൽ അതാ എന്റെ നേരെ വരുന്നു. പത്തു തെറ്റിന് പത്ത് അടി. ഓരോ പ്രാവശ്യവും കുട്ടി പാവാടയിൽ കൈ തുടച്ച്, കണ്ണും നിറച്ചു പത്ത് അടിയും ഞാൻ രണ്ട് കയ്യിലും വാങ്ങിച്ചു. മാഷിന്റെ അടി കിട്ടാതെ ഒരാളും ആ സ്കൂളിൽ നിന്ന് മൂന്നാം ക്ലാസ്സ് കടന്ന് പോയിട്ടുണ്ടാകില്ല.
എവിടെലും ചൂരലോ മുളയോ കണ്ടാൽ ആദ്യം മനസ്സിലെത്തുന്നത് ഈ രംഗമാണ്. എത്ര മായ്ച്ചാലും മനസ്സിലേക്ക് കടന്നു വരുന്ന മറക്കാത്ത വേദനിക്കുന്ന ഓർമ്മകൾ!
