എന്റെ വല്യ മുതലാളീ….വലിയ പുകിൽ ആയല്ലോ ! (മൃദുല രാമചന്ദ്രൻ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 June 2022

എന്റെ വല്യ മുതലാളീ….വലിയ പുകിൽ ആയല്ലോ ! (മൃദുല രാമചന്ദ്രൻ)

ഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയ തിളച്ചു മറിയുന്നത് ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ “ബിഗ്‌ബോസിനെ” കുറിച്ചുള്ള തർക്കം കൊണ്ടാണ്. ആ അടച്ചിട്ട വീട്ടിലെ ഏറ്റവും ജനപ്രിയൻ ആയ വ്യക്തി പുറത്തു പോയതിന്റെ പേരിൽ ആരംഭിച്ച തർക്കം ഇപ്പോൾ ബിഗ്‌ബോസ് കാണുന്നവരും, കാണാത്തവരും എന്നിങ്ങനെ രണ്ടു ചേരിയായി ഉള്ള ലഹളയായി മാറി. ബിഗ്‌ബോസ് കാണുന്നില്ല എന്നത് ബുദ്ധിയുടെയും, യുക്തിയുടെയും ലക്ഷണം ആയും, അത് കാണുന്നു എന്നത് ഒരു രണ്ടാം തരം കാര്യമായും കാണുന്നു എന്നുള്ളതാണ് ഏറ്റവും പുതിയ ചിത്രം.
നമ്മുടെയൊക്കെ ഇഷ്ടങ്ങളെയും, താല്പര്യങ്ങളെയും ഇങ്ങനെ ശ്രേഷ്ഠമെന്നും,അധമം എന്നും വേർതിരിക്കുന്നത് ബിഗ്‌ബോസിനും ഒക്കെ എത്രയെത്ര കാലം മുൻപ് തുടങ്ങിയത് ആണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ?
എന്റെ കുട്ടിക്കാലത്ത് എനിക്ക് കിട്ടിയിരുന്ന ഒരേ ഒരു പുസ്‌തകം മലയാള മനോരമ ആഴ്ചപ്പതിപ്പ് ആയിരുന്നു. വീട്ടിൽ പത്രം പോലും വരുത്തിയിരുന്നില്ല.പക്ഷെഎല്ലാ ആഴ്ചയും അമ്മാമന്റെ വീട്ടിൽ മനോരമ എത്തും.എൽ.പി സ്‌കൂളിൽ പഠിക്കുന്ന ഞാൻ പൈങ്കിളി എന്ന് പേര് കേട്ട മനോരമ വായിക്കുന്നതിനെ വീട്ടുകാർ ഒന്നടങ്കം നഖശിതാന്തം എതിർത്തിരുന്നു.അമ്മാവന്റെ വീട്ടിൽ നിന്ന് അമ്മയ്ക്ക് വായിക്കാൻ വേണ്ടി ആഴ്ചപ്പതിപ്പ് എന്റെ വീട്ടിൽ കൊണ്ട് പോകുമ്പോൾ നടന്നു കൊണ്ടും, പത്തായത്തിലെ മുക്കാൽ ഇരുളിൽ ഒളിച്ചിരുന്ന് കൊണ്ടും ജോയ്‌സിയുടെയും,സുധാകർ മംഗളോദയത്തിന്റെയും ഒക്കെ തുടർക്കഥകൾ തുടങ്ങി മിസിസ് കെ.എം മാത്യുവിന്റെ പാചകകുറിപ്പ് വരെ ഞാൻ കമ്പോടു കമ്പും വായിച്ചു.മനോരമ വായിച്ചത് കൊണ്ട് എന്റെ വായന വലുതാകാതെയും, വികസിക്കാതെയും ഇരുന്നില്ല, പ്രൈമറി സ്‌കൂൾ കാലം തൊട്ട് പ്രണയ കഥ വായിച്ചത് കൊണ്ടാണോ എന്നറിയില്ല, തമാശക്ക് പോലും ഒന്ന് പ്രണയിക്കാൻ ഉള്ള യോഗവും ഉണ്ടായില്ല.
മനോരമ ആഴ്ച്ചപതിപ്പ് പൈങ്കിളിക്കാരുടെയും, മാതൃഭൂമി ആഴ്ചപതിപ്പ് ബുദ്ധിജീവികളുടെയും എന്നൊരു പൊതുധാരണ കേരളത്തിൽ ഒരുകാലത്ത് ഉണ്ടായിരുന്നു. മുഷിഞ്ഞ ഖദർ ജുബ്ബയും, നീണ്ട താടിയും, മുടിയും, തുണി സഞ്ചിയും, കക്ഷത്ത് ചുരുട്ടി വച്ച മാതൃഭൂമി ആഴ്ച്ചപതിപ്പും മലയാളിയുടെ ലക്ഷണമൊത്ത ഒരു ബുദ്ധിജീവിയെ സൃഷ്ട്ടിച്ചു.ഇന്നും ചേതൻ ഭഗത്തിന്റെ പുസ്തകം വായിക്കുന്നത് രണ്ടാം തരം വായനയാണ് എന്ന് കരുതുന്നവരുണ്ട്.എനിക്കറിയില്ല, എന്റെ പുസ്തക അലമാരയിൽ, എല്ലാ ചേതൻ ഭഗത് പുസ്തകങ്ങളും ഉണ്ട്, അതൊക്കെ ഞാൻ നല്ല രസിച്ചു തന്നെയാണ് വായിച്ചത്.
അവാർഡ് സിനിമകൾ എന്നറിഞ്ഞിരുന്ന ഒരു വിഭാഗം സിനിമകൾ നമുക്ക് ഉണ്ടായിരുന്നു.അധിക സമയവും ഇരുട്ടും, പാതിവെളിച്ചവും നിറഞ്ഞവ, അപൂർവമായി മാത്രം കഥാപാത്രങ്ങൾ സംസാരിച്ചിരുന്ന, സംസാരിക്കുമ്പോൾ തന്നെ ഓരോ സംഭാഷണത്തിന്റെയും ഇടയിൽ വളരെ അർത്ഥപൂർണമെന്നും, ആഴമുള്ളതെന്നും തോന്നിക്കുന്ന ഇടവേള നിറഞ്ഞിരുന്നു. ആ സിനിമകളിൽ കാണിക്കുന്ന സൂര്യൻ, പൂവ്, പുഴ, പറക്കുന്ന കാക്ക എന്നിവയ്ക്ക് ഒക്കെ വേറെ എന്തൊക്കെയോ വ്യാഖ്യാന തലങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.ഇങ്ങനെയുള്ള സിനിമകൾ മനസിലായില്ല എന്ന് പറയുന്നത് ആസ്വാദന വൈകല്യത്തിന്റെ അല്ലെങ്കിൽ മികച്ച ദൃശ്യ ഭാഷയെ മനസിലാക്കുന്നതിനുള്ള കഴിവില്ലായ്മയുടെ പ്രകടനം ആയിട്ടാണ് കരുതിയിരുന്നത്.പാട്ടും, ഡാൻസും, തട്ട് പൊളിപ്പൻ ഡയലോഗും ഒക്കെ ഉള്ള സിനിമകൾ രണ്ടാം കിടയാണെന്ന ഒരു വിശ്വാസം നമ്മൾ കാത്തു സൂക്ഷിക്കുന്നു.ഇത്തവണ ഓസ്കാർ നേടിയ “കോഡ” കണ്ട് നോക്കൂ ! മനസിലാക്കാൻ പാടുള്ള ഒന്നും അതിൽ ഇല്ല.
ലോകം അംഗീകരിച്ച കേരളത്തിന്റെ അഭിമാന കലയാണ് കഥകളി.പക്ഷെ കഥകളി കണ്ട് ആസ്വദിക്കാൻ, മനസിലാക്കാൻ പ്രാപ്തിയുള്ള എത്ര മലയാളികൾ ഉണ്ടാകും.മനസിലാക്കാൻ വളരെ പാടുള്ള മുദ്രകളും, മിഴിയനക്കങ്ങളും,പദങ്ങളും ആണ് കഥകളിയിൽ.ജനകീയ കല തുള്ളൽ ആയിരുന്നു.”നായർ വിശന്ന് വലഞ്ഞു വരുമ്പോൾ കായ കഞ്ഞിക്കരിയിട്ടില്ല” എന്ന് വളച്ചു കെട്ടില്ലാതെ പാടിയ തുള്ളൽ.
കാര്യങ്ങളെ ലളിതവും, അനായസവും ആക്കാതെ കുറച്ചു ദുർഗ്രഹവും, കഠിനവും ആക്കിയാൽ അത് മികച്ചതായി എന്നൊരു തോന്നൽ ഏതോ അബോധത്തിൽ നമ്മളെ ഭരിക്കുന്നുണ്ട്.അത് കൊണ്ടാണ് സീരിയലും, ബിഗ് ബോസും ,ചേതൻ ഭഗത്തും ഒക്കെ ഒരു തട്ട് താഴെ ആണെന്ന് വിശ്വസിക്കാൻ നമ്മൾ ശ്രമപ്പെടുന്നത്.
മനുഷ്യരെ, അവരുടെ ഇഷ്ടങ്ങളിലെയും, താല്പര്യങ്ങളിലെയും വൈവിധ്യങ്ങളെ വലുതെന്നും, ചെറുതെന്നും ആക്കി ലേബൽ ചെയ്യാൻ ഉള്ള ശ്രമങ്ങളിൽ ആണ് കുഴപ്പം.
എനിക്ക് ഇഷ്ടമുള്ളത് അതി ശ്രേഷ്ടമായതെന്നും, നിനക്ക് ഇഷ്ടമുള്ളത് തീരെ പോരാത്തത് എന്നും മുദ്ര വച്ചു കാണിക്കാൻ ഉള്ള വ്യഗ്രതയാണ് പ്രശ്നം.എല്ലാവരുടെയും ഇഷ്ടങ്ങളിൽ ഐക്യം ഉണ്ടെങ്കിൽ എത്ര വിരസമായിരുന്നേനെ ലോകം !
ബിഗ്‌ബോസിനെ കുറിച്ചാണല്ലോ തുടങ്ങിയത്… മറ്റു മനുഷ്യർ എങ്ങനെ ആണ്, എന്താണ് അവർ ചെയ്യുന്നത് എന്നൊക്കെ അറിയാനും, അതിലേക്ക് എത്തി നോക്കാനും നല്ല ഇഷ്ടമുള്ളവർ ആണ് പൊതുവെ മനുഷ്യർ.ഹോം ടൂറും, എ ഡേ ഇൻ മൈ ലൈഫും ഒക്കെ കാണിക്കുന്ന ഫാമിലി വ്ളോഗുകളുടെ സ്വീകാര്യതക്കുള്ള കാരണം അതാണ്. രാവിലെ എണീറ്റ് പല്ല് തേച്ചു, കുളിച്ചു, ഭക്ഷണം ഉണ്ടാക്കി, വീട് വൃത്തിയാക്കി, തുണി അലക്കി ഒക്കെ തന്നെയാണ് നമ്മളും ഒരു ദിവസം കഴിച്ചു കൂട്ടുന്നത് എങ്കിലും, മറ്റൊരാളുടെ ദിവസം എങ്ങനെ എന്നറിയാൻ വല്ലാത്തൊരു കൗതുകം ആണ്.പ്രസവ മുറിയുടെ വാതിൽ വരെ ക്യാമറ കൊണ്ടു പോകുന്ന വ്ളോഗിന് ഒക്കെ ലക്ഷകണക്കിന് ആണ് കാഴ്ചക്കാർ.ഈ ഫേസ്ബുക്കിൽ പോലും നമ്മൾ വരുന്നത് എന്തിനാണ് ? ഞാൻ ഇതാ ഇങ്ങനെ ഒക്കെ ആണെന്ന് ലോകത്തോട് പറയാനുള്ള മോഹം കൊണ്ടും, മറ്റുള്ളവർ എന്തൊക്കെ ആണ് ചെയ്യുന്നതും, പറയുന്നതും എന്നറിയാൻ ഉള്ള താല്പര്യം കൊണ്ടും.ആ താല്പര്യത്തെയാണ് ബിഗ്‌ബോസ് പോലെ ഒരു കളി ഉപയോഗിക്കുന്നത്.
അത് കാണാൻ ഇഷ്ടമുള്ളവർ അത് കണ്ടോട്ടെ, നിങ്ങൾക്ക് ന്യൂസ് ചാനലോ, നാഷണൽ ജോഗ്രഫിക്കോ ആണ് ഇഷ്ട്ടം എങ്കിൽ നിങ്ങൾ അത് കണ്ടോളൂ ! മറ്റൊരാളുടെ ഇഷ്ട്ടം തെറ്റാണ് എന്ന് എന്തിന് സ്ഥാപിക്കാൻ ശ്രമിക്കുന്നു ?
പൂന്താനത്തിന്റെ ‘പാന’യിൽ വിഭക്തി ഇല്ല എന്ന് “നാരായണീയം” രചിച്ച ഭട്ടതിരി കളിയാക്കിയപ്പോൾ ഗുരുവായൂരപ്പന്റെ അശരീരി ഉണ്ടായെത്രെ , “മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ എനിക്ക് പൂന്താനത്തിന്റെ ഭക്തിയാണ് ഇഷ്ട്ടം” എന്ന് !