ജാനകീ ജാനേ, രാമ ജാനകി ജാനേ (മൃദുല രാമചന്ദ്രൻ)

sponsored advertisements

sponsored advertisements

sponsored advertisements

2 August 2022

ജാനകീ ജാനേ, രാമ ജാനകി ജാനേ (മൃദുല രാമചന്ദ്രൻ)

മൃദുല രാമചന്ദ്രൻ

ത് രാമായണ മാസമാണ്.ആദി കാവ്യത്തെ കുറിച്ചും, അതിൽ ഉള്ള നിരവധി സന്ദർഭങ്ങളെ കുറിച്ചും ആലോചിക്കുമ്പോൾ ഓരോ തവണയും ആ മുഹൂർത്തത്തിന്റെ മിഴിവും, തെളിവും , വാക്കുകളുടെ അർത്ഥവും വർദ്ധിച്ചു വരുന്നതായി കാണാം. വ്യാസ-വാത്മീകി കവി ശ്രേഷ്ഠരുടെ അറ്റമില്ലാത്ത പ്രതിഭയുടെ വജ്രത്തിളക്കം കൂർത്തു നിൽക്കുന്നത്, അവർ എഴുതി വച്ച വാക്കുകളെക്കാൾ അധികം, അവർ വാക്കുകൾക്കിടയിൽ വെറുതെ വിട്ട നിശബ്ദതയിൽ ആണ്;വാക്കിന് അപ്പുറത്തേക്ക് അവർ ബാക്കി വച്ച അർത്ഥഭേദങ്ങളിൽ ആണ്.ആ പ്രതിഭാധനത്വവും, മഹത്വവും കൊണ്ടാണ് യുഗങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇതിഹാസങ്ങൾക്ക് പുനർവായനകളും, പാഠഭേദങ്ങളും ഉണ്ടാകുന്നത്.

ക്രൗഞ്ച പക്ഷികളിൽ ഒന്നിനെ വേടൻ അമ്പെയ്തു വീഴ്ത്തുന്നത് കണ്ട് ഹൃദയമലിഞ്ഞു മഹാഋഷി “മാ, നിഷാദ” എന്നു വിലപിച്ചത് ആണല്ലോ രാമായണത്തിന്റെ ആരംഭം.ആ അനുഭവത്തിന്റെ തീവ്ര വേദന മഹാകവി കാവ്യത്തിൽ ചേർത്തു ലയിപ്പിച്ചത് രാമന്റെ സീതാ പരിത്യാഗ വേളയിൽ ആയിരിക്കും.സീതാരാമന്മാർ ജീവിതത്തിൽ ഇനി ഒരിക്കലും ചേരാത്ത വിധം പിരിയുകയും, അകലുകയും ചെയ്യുന്ന നിമിഷം.

ഇടി വെട്ടുന്ന വണ്ണം വിൽ മുറിയുന്ന ഒച്ച കേട്ട് നടുങ്ങീ രാജാക്കന്മാർ ഉരഗങ്ങളെ പോലെ, സ്വർണ വർണ്ണത്തെ പൂണ്ട മൈഥിലി മയിൽ പേടയെ പോലെ സന്തോഷം കൊണ്ടാൻ എന്നുള്ള അതി മനോഹരമായ ഒരു സാദൃശ്യവർണന കൊണ്ടാണ് , സീതാ രാമന്മാരുടെ പ്രഥമ ദർശന നേരത്തെ തുഞ്ചത്തെഴുത്തച്ഛൻ അതുല്യമാക്കിയത് – കൗമാരം കഴിയാത്ത ദശരഥ പുത്രനും, ജനക പുത്രിയും.

അയോധ്യയുടെ അധിപൻ ആയി വാഴും എന്ന് എല്ലാവരും കരുതിയ രാമൻ , വിധി നിയോഗത്താൽ ആരണ്യവാസത്തിന് പുറപ്പെട്ടപ്പോൾ , ധർമ്മ പത്നിയുടെ കടമയും, ചുമതലയും അറിഞ്ഞു സീത രാമന്റെ കൂടെ കാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.അയോധ്യയിൽ ആണെങ്കിലും, ആരണ്യത്തിൽ ആണെങ്കിലും ഒരുമിച്ചു ജീവിക്കുന്നതാണ് ജീവിത പങ്കാളികളുടെ ധർമ്മം എന്ന് സീതാ-രാമന്മാർ കരുതിയപ്പോൾ , ഏട്ടന്റെയും, ഏടത്തിയുടെയും കൂടെ കാട്ടിലേക്ക് പുറപ്പെട്ട സൗമിത്രിയും ഭർത്താവിനെ അനുഗമിക്കാതെ ,പതിനാല് വർഷം, വൃദ്ധകളും, വിധവകളും ആയ ‘അമ്മമാരെ പരിചരിച്ചു കൊട്ടാരത്തിൽ ജീവിച്ച ഊർമിളയും ദാമ്പത്യത്തിന്റെ മറ്റൊരു മുഖമായി രാമായണത്തിൽ തന്നെ നില കൊള്ളുന്നു.

സീതയെ പരിത്യജിക്കുവാനുള്ള ശ്രീരാമന്റെ തീരുമാനത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന വശം, താൻ നിർദയം ഉപേക്ഷിക്കപ്പെടുകയാണ് എന്ന വസ്‌തുത സീതക്ക് അറിയില്ലായിരുന്നു എന്നതാണ്. താൻ കാട്ടിലേക്ക് മുനിവാടങ്ങൾ സന്ദർശിച്ച്‌ ആശീർവാദം വാങ്ങാൻ പോകുകയാണ് എന്നാണ് ഗർഭിണിയായ സീത ധരിച്ചത്.പക്ഷെ സീതയെ കാട്ടിൽ ഉപേക്ഷിച്ച് തിരിച്ചു പോരുകയാണ് എന്ന് രാമനും, വാത്മീകി ആശ്രമത്തോളം ജാനകിയെ സുരക്ഷിതയായി കൊണ്ടു വിടാൻ നിയോഗിക്കപ്പെട്ട ലക്ഷ്മണനും അറിയാമായിരുന്നു.

തിരസ്കാരത്തേക്കാൾ സീതയെ നോവിച്ചിരിക്കുക ,സത്യം അറിയാനുള്ള ഏതൊരു മനുഷ്യന്റെയും അവകാശത്തെ ലംഘിച്ചതായിരിക്കും.താൻ ഉപേക്ഷിക്കുകയാണ് എന്നത് സീതയോട് തുറന്ന് പറയാനുള്ള ബാധ്യതയിൽ നിന്ന് മുഖം തിരിക്കാൻ രാമനെ പ്രേരിപ്പിച്ചത് താൻ പറയാൻ പോകുന്ന ന്യായത്തിന്റെ ദുർബലത തന്നെയായിരിക്കും.ആരണ്യ വാസത്തിന് മുൻപ് കോപത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ലക്ഷ്മണനോട് വാചാലൻ ആയ അതേ രാമൻ തന്നെ, ക്രോധത്താൽ കണ്ണു കാണാതെ വഴക്കിടുന്ന വേളയിൽ ഒരാൾ പറഞ്ഞ ഒരു വാക്കിന്റെ മാത്രം ബലത്തിൽ, അതാണ് പ്രജാഹിതം എന്നു തീരുമാനിച്ചു സീതയെ ഉപേക്ഷിക്കുകയാണ്.സീതയെ ഉപേക്ഷിക്കുന്നത് ശരിയല്ല എന്ന് കരുതുന്ന ഏതെങ്കിലും പ്രജയുണ്ടോ എന്നു തിരക്കാനൊന്നും അദ്ദേഹം മിനക്കെടുന്നില്ല.ആരെങ്കിലും ഇത്തരത്തിൽ എന്തെങ്കിലും ഒന്നു പറഞ്ഞു കിട്ടാൻ കാത്തിരിക്കുകയായിരുന്നു എന്ന മട്ടിൽ ആണ് ആ സമയത്ത് അദ്ദേഹത്തിന്റെ തിടുക്കം. ലങ്കാ വാസത്തിന് ശേഷം സീതയോട് അഗ്നിശുദ്ധി തെളിയിക്കാൻ ആവശ്യപ്പെട്ട അതേ തിടുക്കം.

സ്വന്തം പ്രവർത്തിയിൽ അദ്ദേഹത്തിന് തന്നെ തോന്നിയ അവിശ്വാസം കൊണ്ടായിരിക്കണം സീതയെ അദ്ദേഹം അഭിമുഖീകരിക്കാതെ ഇരുന്നത്.സീത ചോദിക്കും എന്നുറപ്പുള്ള ചില ചോദ്യങ്ങൾക്ക് തന്റെ പക്കൽ ഒരു ഉത്തരവും ഇല്ല എന്ന തിരിച്ചറിവ് കൊണ്ട് തന്നെയാണ് , പുലർകാല നിദ്രയുടെ ആലസ്യത്തിൽ ആണ്ടു കിടക്കുന്ന അയോധ്യയുടെ ആനുകൂല്യം മുതലെടുത്ത് ,അനുജന്റെ കൂടെ അദ്ദേഹം ഗർഭിണിയായ ഭാര്യയെ എന്നെന്നേക്കുമായി വനത്തിലേക്ക് പറഞ്ഞു വിടുന്നത്.

വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയപ്പോൾ, ഒരക്ഷരം പോലും പറയാതെ ആ നിമിഷത്തിൽ തന്നെ ജീവത്യാഗം ചെയ്യാൻ സീതയെ പ്രേരിപ്പിച്ചത് ഉമിത്തീ പോലെ അക്കാലമത്രയും ഉള്ളിൽ എറിഞ്ഞ അനീതിയുടെ പൊള്ളൽ ആയിരിക്കാം.ജീവൻ വെടിഞ്ഞില്ലെങ്കിൽ , ഒരു പക്ഷെ ധർമഭീതിയാലും, നീതി വർത്തമാനങ്ങളാലും വശം കെട്ട് രാമനെ രാജധാനിയിലേക്ക് അനുഗമിക്കേണ്ടി വരുമെന്ന് സീത ഭയപ്പെട്ടിരിക്കാം.അത്തരമൊരു തിരിച്ചുപോക്കിനെക്കാൾ നല്ലത് മരണമെന്ന് തന്നെയാണ് മൈഥിലി കരുതിയത്. മുലക്കരത്തിനെതിരെ പ്രതിഷേധിക്കാൻ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോൾ , കൊയ്‌ത്തരിവാളു കൊണ്ട് സ്വന്തം മുലയരിഞ്ഞു തമ്പുരാക്കന്മാർക്ക് മുൻപിൽ കാണാൻ ഇട്ട് കൊടുത്ത നങ്ങേലിയെ പോലെ ! അനീതിയോടുള്ള ഏറ്റവും കടുത്ത പ്രതികരണം ആത്മബലി തന്നെ ആണല്ലോ !

ജീവിതത്തിൽ ചിലപ്പോൾ ചില തിരസ്കാരങ്ങൾ അനിവാര്യമായിരിക്കും.പ്രത്യേകിച്ചും അധികാരത്തിന്റെ ഉന്നത ശ്രേണികളിലിരിക്കുമ്പോൾ, ചിലരെയൊക്കെ സൗകര്യപൂർവം തട്ടി മാറ്റേണ്ടി വരും.പക്ഷെ അങ്ങനെ തട്ടി മാറ്റുന്ന നിശ്ശബ്ദരും, നിസഹായരും ആയ മനുഷ്യജീവികൾക്ക് സത്യം അറിയാനും, തങ്ങളുടെ ദുർബല സ്വരത്തിൽ വെറുതെ എങ്കിലും പ്രതിഷേധിക്കാനും ഉള്ള ഒരു അവസരമാണ് സത്യത്തിന്റെ തുറന്ന് പറച്ചിൽ.

ആ സത്യം അവരെ പൊള്ളിക്കാം, നീറ്റാം അതിന്റെ വേദനയിൽ അവർ അലറി കരയുകയും, ആക്രോശിക്കുകയും ചെയ്യാം.പക്ഷെ അത് കഴിഞ്ഞാൽ കഴിഞ്ഞു.സത്യം എന്ന പരമമായ അഗ്നി പൊള്ളിച്ചു എങ്കിലും, അത് പകർന്ന വെളിച്ചവും , ആടിയുലഞ്ഞു ഒടുക്കം അത് ഉലയാത്ത ഒരു നെയ്ത്തിരി ആകുമ്പോൾ ഉണ്ടാകുന്ന ശാന്തിയും മനുഷ്യർക്ക് ഉണ്ടാകും.

പക്ഷെ നേരിന്റെയും, നീതിയുടെയും നിഷേധം, അപമാനിക്കപ്പെട്ടതിന്റെ വേദന അത് എല്ലാ കാലവും അണയാതെ കണൽ പോലെ കിടന്ന് പൊള്ളും.ആ കണലിൽ ഉലയൂതി ,ഉരുക്കി ഉണ്ടാക്കുന്ന ആയുധങ്ങൾ മഹാ സാമ്രാജ്യങ്ങളെ മണൽ കൂനകൾ പോലെ ഉടച്ചു കളഞ്ഞേക്കാം.

ഭൂമിയുടെ ഏതോ വിളളലിലേക്ക് സ്വയം പതിച്ചു ആത്മാഹൂതി നടത്തുമ്പോൾ , പരിത്യജിക്കപ്പെട്ടു ജീവിച്ച കനപ്പ് നിറഞ്ഞ വർഷങ്ങളിൽ അത്രയും താൻ തന്നോട് തന്നെ ചോദിച്ചു വേദനിച്ച കുറെ ചോദ്യങ്ങൾ കൂടി സീതയോട് ഒപ്പം ഇല്ലാതായി.ഒരു പക്ഷെ ആ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യതയിൽ നിന്ന് രാമനെ മോചിപ്പിച്ചത് തന്നെയാണ് സീതയുടെ വിജയം. ഇനിയൊരിക്കലും ആർക്കും വേണ്ടാത്ത ചില വിശദീകരണങ്ങളും, ന്യായീകരണങ്ങളും ഉള്ളിൽ ഇട്ട് വിതുമ്പി കൊണ്ടായിരിക്കണം സരയുവിന്റെ ആഴങ്ങളിലേക്ക് പിന്നൊരു കാലം രാമനും നടന്നിറങ്ങിയത്….