
തസ്‌മാത് പ്രണമ്യ പ്രണിധായ കായം, പ്രസാദയേ ത്വാമഹമീശമീഢ്യം (മൃദുല രാമചന്ദ്രൻ)
മൃദുല രാമചന്ദ്രൻ
ഓർമയിൽ വേർതിരിച്ചറിയാൻ പറ്റാത്ത ഒരു കാലം മുതൽ 'ഗീതോപദേശ'ത്തിന്റെ സുപ്രസിദ്ധമായ ചിത്രമുണ്ട്. ഇരു ഭാഗത്തും ആയി ഇരമ്പി നിൽക്കുന്ന മഹാ സൈന്യത്തിന്റെ നടുവിൽ, ഒരു മനുഷ്യന് അനുഭവിക്കാവുന്ന പരമാവധി വ്യഥയോടെ, വിവശതയോടെ, ആശയ സംഘർഷങ്ങളോടെ തളർന്നിരിക്കുന്ന അർജുനൻ. അരികെ മഹാജ്ഞാനത്തിന്റെ സമാശ്വസവുമായി നിൽക്കുന്ന കൃഷ്ണൻ.
ഒരു അധ്യാപികയുടെ മനസോട് കൂടി ഈ ചിത്രത്തെ കാണാൻ തുടങ്ങിയത് മുതൽ ആണ്, ഈ ചിത്രം എനിക്ക് ഏറ്റവും പ്രിയതരമായ ഒന്നായത്. ആ ചിത്രത്തിൽ ഉള്ള ഓരോ ഘടകത്തിനും അത് വരെ തോന്നാതിരുന്ന അർത്ഥവും, ഭാവവും തോന്നുന്നത്.
ആദ്യം എല്ലായ്പോഴും നോട്ടമെത്തുന്നത് അർജുനനിൽ ആണ്. വിജയനെന്നും, വില്ലാളി വീരൻ എന്നുമുള്ള പരിവേഷങ്ങൾ മറന്ന്, അമ്പൊഴിയാത്ത ആവനാഴിയും, ഗാണ്ഡീവവും, സ്വർണ കിരീടവും ഉപേക്ഷിച്ച് തളർന്നിരിക്കുന്ന പാർത്ഥൻ. ഒരു ജന്മം മുഴുവൻ താൻ ഏതൊരു മഹാ യുദ്ധത്തിന് വേണ്ടിയാണോ സ്വയം സഞ്ജനാക്കിയത് ആ യുദ്ധത്തിന്റെ ആരംഭത്തിൽ, ഒരു
അസ്ത്രം പോലും തൊടുക്കുന്നതിന് മുന്നേ, ആത്മവിശ്വാസം നഷ്ട്ടപ്പെട്ട്, ധർമ വിവശതയിൽ ആണ്ടു പോയവൻ. അർജുനന്റെ ഈ സംഘർഷമാണ് ഗീതക്ക് ഹേതുവാകുന്നത്.
അന്ന്, ആ യുദ്ധം ആരംഭിക്കുന്ന അന്ന് രാവിലെ കണ്ടു മുട്ടിയവർ അല്ല കൃഷ്ണാർജുനന്മാർ. എത്രയോ കാലമായി അവർ ആത്മ മിത്രങ്ങളും, പ്രിയ സഖാക്കളും, ഉറ്റ ബന്ധുക്കളും ആണ്. അർജുനന്റെ ഉള്ളറിയുന്നവരിൽ ഒരാൾ ആണ് കൃഷ്ണൻ. യുദ്ധത്തിന്റെ
ആരംഭത്തിൽ അർജുനന് ഇത്തരം ഒരു ആശയ കുഴപ്പം ഉണ്ടാകുമെന്ന് ക്രാന്തദർശിയായ വാസുദേവ കൃഷ്ണന് നിശ്ചയമായും അറിഞ്ഞിരിക്കണം. പക്ഷെ, ഒരു തവണ പോലും അർജുനനനെ ഇത്തരത്തിൽ ഉപദേശിക്കാനോ, ഇങ്ങനെ ഉണ്ടാകുമെന്ന് ഒരു സൂചന കൊടുക്കാനോ കൃഷ്ണൻ ശ്രമിച്ചിട്ടേ ഇല്ല. അഥവാ ശ്രമിച്ചിരുന്നെങ്കിൽ പോലും അർജുനൻ അത് നിസാര ഭാവത്തിൽ നിഷേധിച്ചു കളയുമായിരുന്നു.
പക്ഷെ, ഈ ഒരു സാഹചര്യത്തെ കുറിച് ഉറപ്പുള്ളത് കൊണ്ടാണ് പാർത്ഥ സാരഥിയുടെ ഭാവത്തിൽ ഭഗവാൻ അർജുനന് സമീപം ഉണ്ടായത്. തീർത്തും, വിരോധാഭാസം എന്ന് തോന്നിക്കുന്ന ഒരു അവസ്ഥയാണ് അത്. അക്കാലത്തെ ഏറ്റവും മികച്ച യോദ്ധാവ് ആണ് കൃഷ്ണൻ, ഏറ്റവും പ്രഹര ശേഷിയുള്ള ശസ്ത്രം, സുദർശനം, അദ്ദേഹത്തിന്റെ കൈവശം ആയിരുന്നു. പക്ഷെ തന്റെ ക്ഷമത യും, ശസ്ത്രവും ഉപേക്ഷിച്ച്, ഒരു തേരാളിയായി അർജുനനോട് ഒപ്പം ആയിരിക്കാൻ ആണ് അദ്ദേഹം തീരുമാനിച്ചത്. സങ്കടത്തിലും, ദൈന്യത്തിലും തകർന്ന് കൃഷ്ണന്റെ കാൽക്കൽ അർജുനൻ ഇരിക്കുമ്പോൾ, അത് വരെ അവർ തമ്മിൽ ഉണ്ടായിരുന്ന എല്ലാ ബന്ധവും മാഞ്ഞു പോയി ശിഷ്യനും, ഗുരുവും ആയി അവർ മാറുകയാണ്.
"Be ready and be there for your child when they need you the most"- അധ്യാപകർ അങ്ങനെ ആവണം. തയ്യാർ ആയി , സന്നദ്ധർ ആയി കൂടെ ഉണ്ടാവുക. കുഞ്ഞിന് ഏറ്റവും ആവശ്യമുള്ളപ്പോൾ താങ്ങാവുക. സ്വന്തം അറിവിന്റെയും, കഴിവിന്റെയും, മേന്മയുടെയും, മഹിമയുടെയും പ്രദർശനത്തിന് അല്ല മുൻഗണന, തന്നെ ആവശ്യപ്പെടുന്ന കുട്ടിയുടെ ആവശ്യത്തിനാണ് പ്രാധാന്യം, പരിഗണന. അത് കൊണ്ടാണ് സുദർശനം എടുക്കാതെ, ഒരു ചമ്മട്ടിയും കൊണ്ട് കൃഷ്ണൻ അർജുനന്റെ കൂടെ വന്നിരുന്നത്.
അധ്യാപനം കുട്ടി അറിവ് സൃഷ്ടിച്ചെടുക്കാൻ പാകത്തിൽ ഉള്ള സാഹചര്യങ്ങളുടെ ഒരു ഒരുക്കി കൊടുക്കൽ ആണെന്നാണ് പറയുന്നത്. അധ്യാപകർ ആ സാഹചര്യ നിർമിതി ചെയ്യുന്നവർ ആണ്.ധർമത്തിന്റെയും, കർമത്തിന്റെയും, ജ്ഞാനത്തിന്റെയും ഒരു സംവാദം ആരംഭിക്കുന്നതിന് വേണ്ടി, ഭഗവാൻ അർജുനന് ഒരുക്കി കൊടുത്ത ഒരു സാഹചര്യം ആയിരുന്നില്ലേ വാസ്തവത്തിൽ മഹാ കുരുക്ഷേത്ര ഭൂമി?? അത്തരം ഒരു സാഹചര്യത്തിൽ നിന്ന് കൊണ്ട് മാത്രം അർജുനന് ചോദിക്കാൻ സാധിക്കുമായിരുന്നചോദ്യങ്ങൾ അർജുനനെ കൊണ്ട് ചോദിപ്പിക്കാൻ വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു പരിസരം. Simulation ന്റെ ഏറ്റവും ഉത്തമ മാതൃക.
പഠനത്തിന് വേണ്ടി വിദ്യാർത്ഥി തയ്യാർ ആവുക /തയ്യാർ ആക്കുക എന്നൊരു ഘട്ടം ഉണ്ട്. Learning Readiness /Receptiveness ഉണ്ടാക്കുക. ഇവിടെ അർജുനൻ പൂർണമായും തയ്യാർ ആയിരുന്നു -അഹം ബോധത്തെയും, അഭിമാന ഭാവത്തെയും, അതിനെ സൂചിപ്പിക്കുന്ന ബാഹ്യ ചിഹ്നങ്ങളെയും ഒക്കെ വെടിഞ്ഞു കൊണ്ട്, അറിവിനെ ഉൾക്കൊള്ളാൻ തയ്യാറായ മനോഭാവത്തോടെ, ഗുരുവിന്റെ അരികത്ത് ആയിരിക്കുന്ന ഭാവം.
ഇതിൽ ഏറ്റവും മനോഹരമായ കാര്യം ബോധന പ്രക്രിയ ആരംഭിക്കുന്ന ആദ്യ ചോദ്യം വിദ്യാർത്ഥിയിൽ നിന്നുമാണ് ഉണ്ടാകുന്നത് എന്നാണ്. അർജുനൻറെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ആണ് പതിനെട്ട് അധ്യായങ്ങളും. തനിക്ക് എന്ത് വേണം എന്ന് കൃത്യമായ ബോധ്യം ഉള്ള വിദ്യാർത്ഥിയും, അങ്ങനെ ഒരു വിദ്യാർത്ഥിക്ക് വേണ്ടത് ശരിയായ രീതിയിൽ കൊടുക്കുന്ന അധ്യാപകനും. ഒന്നിൽ നിന്ന് ഒന്നിലേക്ക് പടി പടിയായി കയറുന്ന അറിവിന്റെ ചുറ്റു ഗോവണി.
ഡേവിഡ് കോൾബിന്റെ "Experiential Learning" എന്നൊരു സംഗതി ഉണ്ട്.ഒരു അനുഭവം,(Concrete Experience )അതിന്റെ മേൽ ഉള്ള വിചിന്തനം (Reflective Observation), അതിനെ പിൻ തുടർന്ന് വരുന്ന ഒരു സാമാന്യ ജ്ഞാന രൂപീകരണം (Abstract Conceptualisation), ഈ പ്രക്രിയയുയുടെ ആവർത്തനത്തിലൂടെ എത്തി ചേരുന്ന നൈപുണ്യം(Active Experimentation)ഇങ്ങനെ ഒരു സർക്കിൾ ആണ് കോൾബ് വിഭാവനം ചെയ്യുന്നത്. ഇതിൽ കുട്ടിക്ക് കൊടുക്കുന്ന ആദ്യ അനുഭവത്തിന്റെ തീവ്രതയും, സത്യസന്ധതയും, വളരെ പ്രധാനപ്പെട്ടത് ആണ്. കാരണം അതിനെ പിൻ പറ്റിയാണ് മറ്റ് മൂന്നു ഘട്ടങ്ങളും വികസിക്കുക. യുദ്ധത്തിന്റെ തുടർന്ന് വരുന്ന പതിനെട്ടു ദിവസങ്ങളിലും, ആദ്യ ദിവസം തുടങ്ങി വച്ച ഒരു ചക്രത്തിന്റെ ആവർത്തനം കാണാം.
ജൂൺ ഒന്നിന് ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. സ്വന്തം അഹന്തകൾ ഉരിഞ്ഞു കളഞ്ഞു, ചോദ്യങ്ങൾ ഉന്നയിക്കാൻ ശക്തിയുള്ള ഒരു വിദ്യാർത്ഥിയുടെ മുന്നിൽ, അവന് /അവൾക്ക് വേണ്ട രീതിയിൽ അറിവിനെ കൊടുക്കുന്ന ഒരു അധ്യാപികയായി തീരാൻ സാധിക്കണേ എന്ന പ്രാർത്ഥന.... സ്വന്തം ഹൃദയത്തിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളിൽ കൂടി,അറിവിന്റെ പ്രവാഹത്തെ തുറന്ന് വിടാൻ ക്ഷമതയുള്ള വിദ്യാർത്ഥികളുടെ മുന്നിൽ നിൽക്കാൻ സ്വയം തയ്യാർ ആവുക.
"Be Ready & Be There For the child when he/she needs you the most".
മൃദുല രാമചന്ദ്രൻ