എത്ര കൃത്യമായി നമ്മൾ ഞെട്ടലുകൾ അഭിനയിക്കുന്നു! (മൃദുല രാമചന്ദ്രൻ)

sponsored advertisements

sponsored advertisements

sponsored advertisements


26 February 2023

എത്ര കൃത്യമായി നമ്മൾ ഞെട്ടലുകൾ അഭിനയിക്കുന്നു! (മൃദുല രാമചന്ദ്രൻ)

മൃദുല രാമചന്ദ്രൻ

ക്യാമ്പസിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും തൊണ്ണൂറ് ശതമാനം മാർക്ക് വാങ്ങിയവർ ആണെന്നും, അവർ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കില്ലെന്നും, മാർക്ക് കുറഞ്ഞ അഞ്ചോ പത്തോ ശതമാനം കുട്ടികൾ ആണ് പ്രശ്നക്കാർ എന്നും, അവർ റിസർവേഷൻ വഴി വന്നത് ആണെന്നും ഒരു ഗവർമെന്റ് കോളേജ് പ്രിൻസിപ്പൾ പറഞ്ഞത് കേട്ട് സോഷ്യൽ മീഡിയ വല്ലാതെ ഞെട്ടൽ പ്രകടിപ്പിക്കുന്നുണ്ട്. അവർ പറഞ്ഞതിൽ ഇത്ര മാത്രം ഞെട്ടാൻ എന്തിരിക്കുന്നു എന്ന് മനസിലാകുന്നില്ല. ഇവിടെ ഇല്ലാത്ത എന്തിനെയെങ്കിലും പറ്റി അവർ പറയുകയുണ്ടായിട്ടില്ലല്ലോ… ഇത് ഒക്കെ എല്ലാവരും പറയുന്നത് അല്ലേ.. വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നില്ല എന്നേ ഉള്ളൂ. ഇനി എവിടെയും പറയാതെ കപടമാന്യത കൊണ്ട് മൂടി വച്ചാലും നമ്മുടെ മനസിലൂടെ ഓടുന്നത് ഇത് ഒക്കെ തന്നെയല്ലേ… പിന്നെ എന്തിന് ഞെട്ടുന്നു?
“അവരേ ഇത് ചെയ്യൂ ” എന്നും, “അവരെ എന്തും ചെയ്യാം” എന്നുമുള്ള ബോധ്യം കൊണ്ടല്ലേ ഒരു പിടി അരി എടുത്തു എന്ന കുറ്റം ചാർത്തി ഒരു മധുവിനെ തല്ലി കൊന്നത്? വിശപ്പിന് ഒരു പിടി അരി എടുത്തവന് ഒരു പിടി അരി കൂടി കൊടുത്ത് അവന്റെ വിശപ്പ് മാറ്റാതെ , അവനെ കൊന്ന് കൊല വിളിച്ച സാക്ഷര കേരളം. ആഘോഷങ്ങളുടെയും, ആഡംബരങ്ങളുടെയും പേരിൽ ഓരോ ദിവസവും , ഒരു മനസാക്ഷികുത്തും ഇല്ലാതെ പാഴാക്കി കളയുന്ന ടൺ കണക്കിന് വരുന്ന ഭക്ഷണത്തിന്റെ പേരിൽ ആരും ആരെയും ശിക്ഷിക്കാറില്ല. ഒരു നേരം ഉണ്ണാൻ ഇല്ലാത്തവനെ കൊല്ലാൻ എളുപ്പമാണ്.
ഇതേ ബോധ്യം കൊണ്ട് തന്നെയല്ലേ എട്ട് വർഷം കൊണ്ട് കാത്തിരുന്നു കിട്ടിയ കുഞ്ഞിനെ കണ്ണ് നിറച്ച് ഒന്നു കാണും മുൻപ് ഒരു വിശ്വനാഥന് കള്ളനെന്ന് പേര് കേട്ട് തൂങ്ങി മരിക്കേണ്ടി വന്നത്…. രാജ്യത്തിന്റെ ഖജനാവിൽ നിന്നും, ജനങ്ങളുടെ നികുതി പണത്തിൽ നിന്നും കട്ടെടുത്തവർ ഒരു മാനക്കേടും കൂടാതെ ജീവിക്കുന്ന നാട്ടിൽ എന്ത് കൊണ്ടാണ് അയാൾക്ക് ജീവിക്കാനുള്ള അവകാശം ഇത്രയെളുപ്പം നഷ്ടമായത്?
മരിച്ചില്ലെങ്കിലും, മരിച്ചു ജീവിക്കുന്ന എത്ര മധുവും, വിശ്വനാഥനും നമുക്ക് ഇടയിൽ ഉണ്ടെന്ന സത്യം നമുക്ക് അറിയാത്തത് ഒന്നുമല്ല.ചോദിക്കാനും, പറയാനും ആരും ഇല്ലാത്ത, പണവും, അധികാരവും ഇല്ലാത്ത മനുഷ്യരോട് എന്ത് അനീതി കാണിച്ചാലും ഇവിടെയുള്ള വ്യവസ്ഥിതി മൗനം പാലിക്കുമെന്ന് നമുക്ക് ഉറപ്പാണ്.അന്നം, അക്ഷരം, തൊഴിൽ, തുല്യത ഒക്കെ അവർക്ക് നിഷേധിക്കാൻ അനായാസം സാധിക്കും.
“ഇല്ലായ്മയുടെയും, അവഗണനയുടെയും കഥകൾ പറഞ്ഞു സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കുന്നു” എന്ന് കലാഭവൻ മണിയെ കളിയാക്കിയവർ ഉണ്ട്. പക്ഷെ എത്ര അമർത്തി പിഴിഞ്ഞ് കളഞ്ഞാലും അയാളിൽ പിന്നെയും, പിന്നെയും ഊർന്ന് വരുന്ന കണ്ണീർ ആയിരുന്നു ആ പറച്ചിലുകൾ…
ഒരു അധ്യാപിക, ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി അത് പറഞ്ഞു എന്നതാണോ നിങ്ങളെ ഞെട്ടിക്കുന്നത്… സ്കൂളിലെ കലാ പരിപാടികൾക്കും,
വീശിഷ്ടാതിഥികൾക് പൂ കൊടുക്കാനും “നിറവും , ഭംഗിയും ” ഉള്ള കുട്ടികളെ തിരയുന്ന അധ്യാപകരുടെ കാലം കഴിഞ്ഞെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഇരിക്കുന്ന കസേരക്ക് ബലം കൂടുന്നതിന് അനുസരിച്ച്, താഴെ നിൽക്കുന്ന നിസഹായരായ മനുഷ്യരെ കാരുണ്യമില്ലാതെ ചവിട്ടി അരയ്ക്കുന്ന മേധാവികളുടെ കുലം മുടിഞ്ഞു എന്ന സുന്ദര സ്വപ്നത്തിൽ ആണോ നിങ്ങൾ ജീവിക്കുന്നത്?
സ്‌കൂളിലും, കോളേജിലും പഠിച്ചു നേടുന്ന ബിരുദങ്ങൾ കൊണ്ട് ഉള്ളിലെ കറുപ്പു മായും എന്ന് സത്യത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?? അങ്ങനെ ഒക്കെ ഉള്ള വിശ്വാസങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഞെട്ടാം.ജയമോഹന്റെ “നൂറ് സിംഹാസനങ്ങൾ ” എന്ന പുസ്തകം വായിച്ചിട്ടുണ്ടെങ്കിൽ, അവിടെ അയാളുടെ പുറത്ത് തിണർത്ത്, ചുവന്നു കിടക്കുന്ന
ചാട്ടവാർ അടി നമ്മുടെ മുഖത്ത് കിട്ടിയ അടിയായി നമുക്ക് തോന്നും.
സമൂഹജീവിയായി പരിണമിച്ചു കൊണ്ട്, സമൂഹം സൃഷ്ട്ടിച്ച നാൾ മുതൽ അസമത്വം മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നു. ഒരു കാലത്ത് അത് ബലം ആയിരുന്നു, പിന്നെ സൈന്യം, സമ്പത്ത്, അധികാരം, ജാതി, കുലം, ലിംഗം വർഗം, തൊഴിൽ, പണം എന്നിങ്ങനെ പലതിന്റെയും പേരിൽ അത് വിപുലപ്പെട്ടു. ഉള്ളവനെ തുണയ്ക്കുന്ന അധികാര വ്യവസ്ഥകളേ, എല്ലാ കാലത്തും, ലോകത്തിന്റെ എല്ലാ ഭാഗത്തും നില നിന്നിട്ടുള്ളൂ. ക്രയ, വിക്രയ ശേഷിയുള്ള ഒരു പക്ഷത്തിന് ചൂഷണം ചെയ്യാൻ “ഇല്ലായ്മ “കൾ ഉള്ള ഒരു കൂട്ടം ആവശ്യമായിരുന്നു.”All are equal, but some are more equal ” എന്ന ഓർവെൽ സൂക്തം എപ്പോഴും പ്രസക്തമാണ്. സമത്വം എന്ന വാക്കിന് “Comparitive degree ” ഉണ്ടാക്കിയ ജോർജ് ഓർവെൽ കാലം തുളച്ചു ഭാവി കണ്ട കണ്ണുകൾ ഉള്ളയാൾ തന്നെയായിരുന്നു.
സമത്വം എന്നത് മനുഷ്യർ കണ്ട, ഇപ്പോഴും കാണുന്ന ഇനിയും കണ്ട് കൊണ്ടേ ഇരിക്കാൻ സാധ്യതയുള്ള ഒരു സ്വപ്നമാണ്.പക്ഷെ അത് സാക്ഷാത്കരിക്കാൻ ഉള്ള എല്ലാ സാധ്യതകളെയും നമ്മൾ തന്നെ ശ്രദ്ധാപൂർവം നശിപ്പിക്കുന്നുണ്ട്.

മൃദുല രാമചന്ദ്രൻ