പതിവുപോലെ രാത്രി കിടക്കുന്ന നേരത്ത് മൂന്നു വയസ്സുള്ള മോൻ..
“അമ്മ .. ഒരു സ്റ്റോറി പറയോ.”.
“പിന്നേ..നിനക്ക് സ്റ്റോറി..മിണ്ടാണ്ട് കിടന്നുറങ്ങ് ചെക്കാ..’ അമ്മ.
‘ അച്ചേൻ.(അങ്ങനെയാണ് വിളി).അമ്മ പറയണില്ല..അച്ചേൻ പറയ് ‘
“ഇന്ന് കഥ ഒന്നുമില്ല കിടന്നുറങ്ങ്..ഇന്നലെ പറഞ്ഞതല്ലേ”.
‘ഹും..ഹും..വേണം’
‘ശരി ശരി..
പണ്ട് പണ്ട്.ഒരിടത്ത് ഒരു ആമയും മുയലും..’
‘നോ..ആനേം കുറുമ്പും…മതി..’
(ഉറുമ്പിനെയാണ്.)
‘ഉം..ശരി.’.
പണ്ട് പണ്ട് കാട്ടിൽ ഒരുറുമ്പും അവന്റെ കുറെ കൂട്ടുകാരും ണ്ടായിരുന്നു..
അവര് വരി വരിയായി വഴി മുറിച്ചു അപ്പുറത്തേക്ക് നടക്കുമ്പോ ണ്ടടാ ദേ വരുന്നു ഒരു വല്യേ ആന..
അവന്റെ തൂണ് പോലത്തെ കാലുകൾക്കെടേല് പെട്ട് , കുറച്ചു കൂട്ടുകാര് ചതഞ്ഞു ചത്തു.
ഉറുമ്പിനു വിഷമായി.
‘കുറെ വിഷമായോ?’ മോൻ
ഉം..
ആഹ്..’ മകൻ ആദ്യത്തെ കോട്ടുവായ വിട്ടു.
ആനയെ ഒരു പാഠം പഠിപ്പിക്കണം..അവനും കൂട്ടുകാരും തീരുമാനിച്ചു.
‘ എങ്ങന്യാ..ആന വല്യേതല്ലേ?’
ചോദ്യത്തിനൊ ടുവിൽ ‘ആഹ്.. ..’ മോന്റെ അടുത്ത കോട്ടുവായ വന്നു.
“ഉം..ആനേടെ തുമ്പിക്കൈയില്ലേ. അതിന്റെ രണ്ട് തൊളേല് കേറി കടിച്ചു പിടിച്ചിരുന്നാ ആന വേദന സഹിയ്ക്കാണ്ട് വെപ്രാളം എടുത്ത് ഓടും..കുറെ നേരം ഓടി അത് വീണുചാവും.’
ഉറമ്പിന്റെ മുത്തച്ഛൻ പറഞ്ഞ് കേട്ടതാത്രെ.
ആന തിരികെ വരാൻ
ഉറുമ്പുകൾ കാത്തിരുന്നു.
‘കുർ..കുർ…കുർ..’
ഉറങ്ങി..
എത്ര പെട്ടന്നാണ് കുട്ടികൾ..!
ആനയ്ക്ക് തിരികെ വരാൻ നേരം കിട്ടിയില്ല.
പിറ്റേന്നും മോന് കഥ വേണം.
തലേന്ന് പറഞ്ഞേന്റെ ബാക്കി പറയാൻ തുടങ്ങുമ്പോ..
‘നോ..സ്റ്റാർട്ടിങ് മുതല് വേണം ‘.
കഥ ആദ്യം മുതൽ തുടങ്ങി.
ആന ആദ്യ റൗണ്ട് ഉറുമ്പുകളെ കൊന്നു.
ഉറുമ്പുകൾ ആന തിരിച്ചു വരാൻ കാത്തിരുന്നു.
തിരിച്ചു വരാൻ നേരം കൊടുക്കാതെ മോന്റെ ‘കുർ കുർ…’
കഥ അന്നും മുഴുമിച്ചില്ല..
ദിവസങ്ങൾ മാസങ്ങളായി..
വർഷങ്ങളായി..
കഥ മുഴുമിച്ചില്ല..
ആന ഒരിയ്ക്കലും തിരിച്ചു വന്നില്ല.
ഉറുമ്പുകൾക്ക് കൊല്ലാനും പറ്റിയില്ല..
ഇനി പറ്റുകയുമില്ല.
