അളിയാ ഞാനും എം.എല്‍.എ ആയി (രാജു മൈലപ്ര)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 June 2022

അളിയാ ഞാനും എം.എല്‍.എ ആയി (രാജു മൈലപ്ര)

രാജു മൈലപ്ര

പാതിരാത്രിക്ക് പതിവില്ലാത്തൊരു ഫോണ്‍കോള്‍.
“അളിയനറിഞ്ഞായിരുന്നോ? എന്നെ എം.എല്‍.എ ആയി തെരഞ്ഞെടുത്തു.”
“എന്നാടാ ചാണ്ടിക്കുഞ്ഞേ നീയിപ്പറയുന്നത്? നീ എം.എല്‍.എ ആയെന്നോ. എടാ നട്ടപ്പാതിരായ്ക്ക് വെള്ളമടിച്ചേച്ച് ബാക്കിയുള്ളവരെ ശല്യപ്പെടുത്താതെ കിടന്നുങ്ങാന്‍ നോക്ക്.”
“അളിയാ സത്യമാ ഞാനീപ്പറയുന്നത്. എന്നെ ലോക കേരളാ സഭയിലേക്കു തെരഞ്ഞെടുത്തു. ഞാനിപ്പം ഒരു എം.എല്‍.എയാ.”
“എന്താടാ ചാണ്ടിക്കുഞ്ഞേ ഈ ലോക കേരള സഭ?”
“സത്യം പറഞ്ഞാല്‍ അതേപ്പറ്റി കൂടുതലൊന്നും എനിക്കറിയില്ല. രണ്ടുമൂന്നു ദിവസം കേരള സര്‍ക്കാരിന്‍റെ ചെലവില്‍ ഫൈവ് സ്റ്റാര്‍ താമസം, സുഖഭക്ഷണം, യാത്രച്ചെലവ് ഇതെല്ലാം അങ്ങു നടക്കും.”
“ഇതു കേട്ടാല്‍ തോന്നുമല്ലോ നീ ഇവിടെ അമേരിക്കയില്‍ പട്ടിണി കിടക്കുകയായിരുന്നെന്ന്.”
“അളിയനതുകള. കണ്ട അണ്ടനും അടകോടനുമൊന്നുമല്ല പോകുന്നത്. കൂടുതലുപേരും ഡോക്ടേഴ്സാ, ലക്കിനാ ആ കൂട്ടത്തില്‍ എന്‍റെ പേരുവന്നത്.”
ചാണ്ടിക്കുഞ്ഞിന്‍റെ അഭിമാനം ആകാശത്തോളം ഉയരുന്നത് എനിക്ക് മനസ്സില്‍ കാണാമായിരുന്നു.
“എടാ, ചാണ്ടി! ലിസ്റ്റു ഞാനും കണ്ടു. ഈ ലിസ്റ്റിലുള്ള ഡോക്ടേഴ്സൊന്നും യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ ഡോക്ടേഴ്സല്ല. അഞ്ഞൂറു ഡോളറു കൊടുത്താല്‍ ഏത് ആപ്പയ്ക്കും ഊപ്പയ്ക്കും ഉസ്ബക്കിസ്ഥാനില്‍ നിന്നും ഡോക്ടറേറ്റ് തപാല്‍മാര്‍ഗ്ഗം കിട്ടും. അതു നമ്മുടെ പേരിനു മുന്നില്‍ വെറുതേ എഴുതിച്ചേര്‍ക്കാം. പിന്നെ വല്ലവډാരും നമ്മളേക്കേറി ‘ഡോക്ടറേ’ എന്നു വിളിക്കുമ്പം കേള്‍ക്കാനൊരു സുഖവുമുണ്ട്. ഇവറ്റകളുടെ ശല്യംകൊണ്ട് യഥാര്‍ത്ഥ ഡോക്ടര്‍മാരൊക്കെ പേരിനോടൊപ്പം എംഡി എന്നു ചേര്‍ക്കാറുണ്ട്.”
എന്‍റെ വിശദീകരണം ചാണ്ടിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.

രാജു മൈലപ്ര

“അത് എന്ത് കുന്തമെങ്കിലുമാകട്ടെ.! ഞങ്ങള്‍ അവിടെച്ചെന്ന് അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ ലോകസഭയില്‍ അവതരിപ്പിച്ച് അതിനു പരിഹാരം കണ്ടെത്തും.” ചാണ്ടിക്കുഞ്ഞിലെ പൊതുപ്രവര്‍ത്തകന്‍ സടകുടഞ്ഞെഴുന്നേറ്റു.
“ഇവിടെ അമേരിക്കന്‍ മലയാളികള്‍ക്ക് എന്തുവാടാ ഇത്ര നീറുന്ന പ്രശ്നങ്ങള്‍. വല്ലവന്‍റേം ആസനത്തില്‍ ആരെങ്കിലും മുളകരച്ചു തേച്ചോ?”
സത്യത്തില്‍ എനിക്കു ദേഷ്യം വന്നു. അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്നു പറഞ്ഞ് കുറേ സംഘടനാ നേതാക്കډാര്‍ മന്ത്രിമാരുടെ ഓഫീസുകള്‍ കയറി ഇറങ്ങുന്നുണ്ട്. എന്നിട്ട് മന്ത്രിയോടൊപ്പം ഒരു ഫോട്ടോയും വാര്‍ത്തയും. ഇതിനൊക്കെ എവിടെ സമയം കിട്ടുന്നു എന്നു ഞാന്‍ ചിലപ്പോള്‍ ആലോചിച്ചിട്ടുണ്ട്.
“അളിയാ! ചാണ്ടി! ഞാനൊരു കാര്യം തുറന്നു പറയുന്നതുകൊണ്ട് നിനക്കു വിഷമം തോന്നരുത്.”
“എന്തായാലും കുഴപ്പമില്ല. അളിയന്‍ പറ.”
“എടാ, കേരളത്തില്‍ ഇപ്പോള്‍ കറുത്ത മാസ്ക്കും കറുത്ത വസ്ത്രവും നിരോധിച്ചിരിക്കുകയാ. കറുത്ത ഷൂസ്, പാന്‍റ്, കറുത്ത കണ്ണട ഇതൊന്നും ധരിച്ചുകൊണ്ട് നീ കേരളാ ലോക്സഭയില്‍ പങ്കെടുക്കാന്‍ പോകരുത്. പോലീസ് തടയും.”
ആനയ്ക്ക് കറുത്ത നിറമായതുകൊണ്ട് എഴുന്നെള്ളിപ്പ് പോലും നിര്‍ത്തി വെച്ചിരിക്കുകയാണ്.
“അത് എന്തിനാ. ഞാനൊന്നും അറിഞ്ഞില്ലല്ലോ.!”
“എടാ, ചാണ്ടി, മോനെ. നമ്മുടെ മുഖ്യന് എതിരായി ആ സ്വര്‍ണകുമാരി എന്തോ പറഞ്ഞു. അന്നു മുതല്‍ അദ്ദേഹം പോകുന്ന സ്ഥലത്തൊക്കെ യൂത്തډാര്‍ കരിങ്കൊടി കാണിക്കയാണ്. അതിനൊരു തടയിടാനാണ് ഇത്തരമൊരു ‘എഴുതാത്ത നിയമം’ നടപ്പിലാക്കുന്നത്.”
“ഒന്നു ചുമ്മാതിരി അളിയാ വെറുതേ വിരട്ടാതെ!” ചാണ്ടിയുടെ മറുപടിയില്‍ ഒരു പതറിച്ച.
“പിന്നെ ഒരു കാര്യം കൂടി. നീ പ്രത്യേകിച്ചു സൂക്ഷിക്കണം. അമേരിക്കയില്‍ വന്നതുകൊണ്ടു മാത്രം നമ്മളു വെളുത്ത സായിപ്പډാരൊന്നുമായില്ലല്ലോ! നിന്‍റെയൊരു ലുക്കു വെച്ച് നോക്കുമ്പം പോലീസ് നിന്നെ തടയാനാണ് സാധ്യത. കറുത്ത നിറമുള്ള മന്ത്രിമാര്‍ക്കു പോലും പ്രവേശനമില്ലായെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.”
“ഏതായാലും നിങ്ങളു തപാല്‍ ഡോക്ടര്‍മാരെല്ലാം കൂടി ചെന്ന് അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടിട്ടു വാ-
ഹാവ് എ സെയ്ഫ് ജേര്‍ണി.”