നൽക്കണി (കവിത -ശ്രീജ.കെ.മംഗലത്ത്)

sponsored advertisements

sponsored advertisements

sponsored advertisements

14 April 2022

നൽക്കണി (കവിത -ശ്രീജ.കെ.മംഗലത്ത്)

നെയ് വിളക്കരികിലുരുളിചെമ്പതിൽ
നെല്ലുതേങ്ങയരിവെള്ളരിക്കയും
ഉണ്ടുകാഴ്ചകളെയുള്ളിലാക്കുവാൻ
ദർപ്പണം, നിറയെ,കൊന്നതൂക്കിയും!
ചക്ക,മാമ്പഴവുമൊത്തിരിക്കണം
ജ്ഞാനരൂപമയമായഗ്രന്ഥവും
നേർത്തപുഞ്ചിരിവിടർത്തി തൂമുഖം
രാഗരൂപനവനായ കണ്ണനും!
പൊന്നുകൺമഷിയും ചോന്നകുങ്കുമം
കോടിമുണ്ടതിലടുക്കിനാണയം!
വെറ്റിലയ്ക്കകമടയ്ക്ക കാണണം
ഓട്ടുകിണ്ടിയിൽനിറഞ്ഞുവെള്ളവും
പൂക്കൾകോർത്തതൊരുഹാരമാക്കിയെൻ
അമ്മതന്നെയതലങ്കരിച്ചിടും!
കണ്ണുനീട്ടികണികാണുവാനതിൽ
നല്ലതായ കണികണ്ടുണർന്നിടാൻ
കണ്ണുപൂട്ടിയതിൽ നിദ്രവന്നിടാൻ
നേരമോർത്തു ‘കണി’ ചേലിലാകുമോ?
എൻ്റെയാദ്യ കണിയായൊരുങ്ങിയോ-
രമ്മ തന്നെ കണിയായ് ഭവിക്കണം!
അമ്മയൊത്തരുകിൽചേർന്നുനിന്നൊരെ-
ന്നച്ഛനും ചിരിയിൽ പൂത്തുനിൽക്കണം!
കണ്ണുപൊത്തി,കണികാട്ടിടുമ്പോഴോ,
ഭാഗ്യമായവർ നിറഞ്ഞുനിൽക്കണം!

ശ്രീജ.കെ.മംഗലത്ത്