NEWS DETAILS

20 November 2023

നമ്മയും നിങ്ങയും പിന്നെ കുഞ്ഞിയും (അത്രമേൽ ഹൃദ്യം -ബിനി മൃദുൽ)

ബിനി മൃദുൽ

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ പഴയ ഒരു പെട്ടിയിൽ ഭദ്ര മായി ഇരിക്കുന്ന കലിഡോസ്കോപ്പ് കണ്ടു. വളപ്പൊട്ടുകൾ കൊണ്ട് വർഷങ്ങൾക്കു മുൻപ് ഉണ്ടാക്കിയ കലിഡോസ്കോപ്പിന്  വല്യ കേടു പാടുകൾ ഒന്നുമില്ലായിരുന്നു. അതിന് പിന്നിൽ ഒരു വല്യ കഥയുണ്ട്. അത് ഉണ്ടാക്കി തന്നത് സീതേച്ചി ആയിരുന്നു.. പെട്ടന്ന് മനസ്സിൽ തോന്നിയ പേരാണ്. ഒറിജിനൽ പേര് വെക്കേണ്ട എന്ന തോന്നൽ. എന്തായാലും കഥാ പാത്രത്തെ നമുക്ക് അങ്ങനെ വിളിക്കാം. ഒരു കാലത്തു സീതേച്ചിക്ക് പ്രിയപ്പെട്ട " കുഞ്ഞി " ആയിരുന്നു ഞാൻ. ഇനി സീതേച്ചി ആരെന്ന് അറിയേണ്ടേ. ചെറുപ്പകാലത്തെ പറ്റി ആലോചിക്കുമ്പോൾ മനസ്സിൽ നിന്ന് മായാത്ത  ഒരു കഥാപാത്രം.

നീലേശ്വരത്തെ ഒരു പ്രമുഖ വ്യാപാരി യുടെ മകൾ. വിവാഹത്തോടെ സീതേച്ചി തലശ്ശേരിയിൽ എത്തി. വിവാഹ ദിവസം സീതേച്ചിയെ കാണാൻ നല്ല ഭംഗി ആയിരുന്നു. അടിമുടി തങ്കത്തിൽ പൊതിഞ്ഞ സുന്ദരി എന്ന് വേണം പറയാൻ. സീതേച്ചിയുടെ ഭർത്താവ് ഡോക്ടർ പ്രാക്ടീസ് ചെയ്തിരുന്നത് എന്റെ വീടിനു അടുത്തായിരുന്നു. അങ്ങനെ സീതേച്ചിയും ആ വാടക വീട്ടിലേക്കെത്തി.

കുട്ടിക്കാലത്ത്, വല്ലപ്പോഴും അടുത്ത വീട്ടിലെ കുട്ടികൾ വീട്ടിൽ കളിക്കാൻ വരും എന്നതല്ലാതെ വേറെ വീട്ടിൽ കളിക്കാൻ പോയതായി എന്റെ ഓർമയിൽ ഇല്ല. സീതേച്ചിയുടെ വീട്ടിൽ പോകാൻ ഒരു അനുവാദവും വേണ്ടായിരുന്നു. പകൽ മുഴുവൻ ഡോക്ടർ തിരക്കായതിനാൽ സീതേച്ചി ഒറ്റക്കാണ്. വൈകീട്ട് സ്കൂൾ വിട്ടു വരുന്ന എന്നെ കാത്തിരിക്കൽ ആണ് സീതേച്ചിയുടെ ജോലി.  സ്കൂളിൽ നിന്ന് വീടെത്തിയാൽ എന്തേലും കഴിച്ചെന്നു ഉറപ്പ് വരുത്തി ഞാൻ ഓടുന്നത് സീതേച്ചിയുടെ അടുത്തേക്കാണ്. സീതേച്ചിക്ക് അന്ന് ഒരു 22 വയസ്സ് കാണും. എനിക്ക് ഏഴു വയസ്സും. സീതേച്ചിക്കും ഒരു കുഞ്ഞു അനിയത്തി ഉണ്ടായിരുന്നു. എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ് കൂടുതൽ ഉണ്ടായിരുന്നു സീതേച്ചി യുടെ അനിയത്തിക്ക്. ഒരു അനിയത്തി എന്നതിനേക്കാൾ സീതേച്ചിക്ക് ഞാൻ സ്വന്തം മോളെ പോലെ ആയിരുന്നു.

തിരിച്ചും അങ്ങനെ തന്നെ.  വളപ്പൊട്ടുകൾ കൊണ്ടുള്ള ഒരുപാട് കളികൾ എന്നെ പഠിപ്പിച്ചത് സീതേച്ചി ആയിരുന്നു. കഥ യിൽ ആദ്യം പറഞ്ഞിട്ടുള്ള വളപ്പൊട്ടുകൾ കൊണ്ടുള്ള കാലിഡോസ്കോപ്പും എനിക്ക് ഉണ്ടാക്കി തന്നത് സീതേച്ചി ആയിരുന്നു. വൈകീട്ട് സീതേച്ചി ഉണ്ടാക്കി തരുന്ന ഹോർലിക്‌സ് ഉം കുടിച്ച്   കുറച്ചു നേരം വളപ്പൊട്ടുകൾ വച്ചുള്ള കളികൾ. ഞാനുള്ളത് സീതേച്ചിക്കും ഒരു നേരം പോക്കായിരുന്നു.  എനിക്കും സീതേച്ചിയെ പെരുത്ത് ഇഷ്ടമായിരുന്നു. വഴക്ക് പറയാത്ത ഒരു അമ്മ. അതായിരുന്നു എനിക്ക് സീതേച്ചി.

 സന്ധ്യക്ക് മുന്നേ വീടെത്തണം. അല്ലേൽ അമ്മയുടെ കയ്യിൽ നിന്ന് വഴക്ക് ഉറപ്പ്. ചിലപ്പോൾ ഡിന്നറിനു സീതേച്ചിയും ഡോക്ടറും ഉണ്ടാകും.

പാചകത്തെ പറ്റി വല്യ ഐഡിയ ഒന്നും ഇല്ലാത്ത സീതേച്ചിക്ക് അമ്മ ഉണ്ടാക്കുന്നതെന്തും ഇഷ്ടമായിരുന്നു.

സീതേച്ചി അമ്മയോട് ഇടക്കിടക്ക് പറയും " നിങ്ങ എന്റെ അമ്മയെ പോലെ തന്നെയാ. എന്തൊരു കൈപുണ്യാ" എന്ന്. " നിങ്ങ ഉണ്ടാക്കി തരുന്നത് ഒന്നും നമ്മ ഒരിക്കലും മറക്കൂ ല.. " അങ്ങനെ ഓരോ ഭക്ഷണം കഴിക്കുമ്പോഴും തനി നീലേശ്വരം ഭാഷയിൽ സീതേച്ചി പറഞ്ഞു കൊണ്ടിരിക്കും.  ഇടക്ക് സീതേച്ചിയുടെ വീട്ടിൽ താമസിക്കാൻ എത്തുന്നവരായിരുന്നു വർക്കിച്ചനും വർക്കിച്ചന്റെ അമ്മ അച്ചാമ്മയും. വർക്കിച്ചൻ വരുമ്പോ ഒരിക്കൽ മുയൽ ഇറച്ചി കൊണ്ട് വന്നു. അങ്ങനെ യാണ് ജീവിതത്തിൽ ആദ്യമായി മുയലിറച്ചി കഴിച്ചത്. അച്ചാമ്മ പാചകത്തിൽ മിടുക്കി ആയിരുന്നു. പാചകത്തിന്റ എബിസിഡി അറിയാത്ത, എപ്പോഴും കഞ്ഞി അല്ലേൽ ചോറ്, ചമന്തി ഇണ്ടാക്കി കഴിക്കുന്ന സീതേച്ചിക്ക് അച്ചാമ്മയുടെ വരവ് എപ്പോഴും ആശ്വാസമായി രുന്നു. ഇടക്ക് അമ്മ ബിരിയാണി ഉണ്ടാക്കിയാലും സീതേച്ചിയെ വിളിക്കും.   ഇടക്കിടക്കു സീതേച്ചിയുടെ അച്ഛൻ വരും. കൈ നിറയെ പലഹാരവുമായി സീതേച്ചി ഞങ്ങളുടെ വീട്ടിലും എത്തും.

അച്ഛൻ പോയി കഴിഞ്ഞാൽ സീതേച്ചി  ക്ക് സങ്കടമാണ്. എവിടേലുംഒന്നും സംസാരിക്കാതെ ഇരിക്കും. പിന്നെ വൈകീട്ടൂ ഞാൻ എത്തുമ്പോ സീതേച്ചി യുടെ മുഖത്ത് സന്തോഷം നിറയും. സീതേച്ചി ഇടക്കിടക്ക് ഡോക്ടറിനോട് പറയുന്നത് കേൾക്കാറുണ്ട് " കുഞ്ഞി ഇല്ലേൽ എനിക്ക് വട്ടായി പോയേനെ" എന്ന്.

അങ്ങനെ കുറച്ചു കാലം സീതേച്ചിക്ക് മോളായി, സീതേച്ചിയുടെ കുഞ്ഞിയായി ഞാൻ ജീവിച്ചു.  എന്നും ആലോചിച്ചാൽ മനസ്സിൽ ഉള്ള നനുത്ത ഓർമ്മകൾ. കുറച്ചു വർഷം കഴിഞ്ഞപ്പോ ഡോക്ടർ ഉപരി പഠനത്തിനായി ഏതോ കോളേജിൽ ചേർന്നു. ഒറ്റക്ക് താമസിക്കേണ്ട എന്ന് കരുതി  സീതേച്ചി  നീലേശ്വരത്തേക്കും പോയി. പിന്നെ കുറെ കാലം കഴിഞ്ഞു ഒന്ന് രണ്ടു തവണ വീട്ടിൽ വന്നിരുന്നു. ഇപ്പോൾ ഡോക്ടർ പ്രശസ്ത മായ ഏതോ ഒരു ആശുപത്രി യിൽ ജോലി ചെയ്യുന്നു.  സീതേച്ചിയുടെ മകളും എവിടെയോ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്നു.

ഇടക്ക് ആലോചിക്കാറുണ്ട്. നാട്ടിൽ പോകുമ്പോ സീതേച്ചി യെ പോയി കാണണം എന്ന്. കുറച്ചു കാലമെങ്കിലും എനിക്ക് അമ്മയായ  എന്റെ സ്വന്തം സീതേച്ചി! ചില വ്യക്തികൾ അങ്ങനെയാണ്. കുറച്ചു കാലമേ നമ്മുടെ കൂടെ ഉള്ളു എങ്കിലും ജീവിതകാലം മുഴുവൻ നമ്മൾ അവരെ ഓർക്കും.