നാഷണൽ നഞ്ചിയമ്മ (അനിൽ പെണ്ണുക്കര)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


31 July 2022

നാഷണൽ നഞ്ചിയമ്മ (അനിൽ പെണ്ണുക്കര)

ആദിവാസി എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്നവരാണ് നമ്മളിൽ പലരും .അക്ഷരാഭ്യാസമില്ലാതെ, വൃത്തിഹീനമായ അന്തരീക്ഷത്തിൽ, തിങ്ങിപ്പാർക്കുന്ന ഒരു ജനസമൂഹം എന്ന പൊതുധാരണയ്ക്ക് ഇന്ത്യയുടെ വികസനവുമായി ഇതുവരെ പൊരുത്തപ്പെടാനായിട്ടില്ല. അതുകൊണ്ടാവാം,ആദിവാസി – കാട്ടുവാസി എന്ന മേൽവിലാസത്തിന് നിയമങ്ങളിലും ലിഖിതങ്ങളിലും തിരുത്തലുകൾ വന്നെങ്കിലും ജന മനസ്സിൽ ഇപ്പോഴും ആ സങ്കല്പം കരിങ്കൽ പാറയായി നിലകൊള്ളുന്നത്. എന്നാൽ ഇന്ത്യ പുരോഗമിക്കുകയാണ്. ഇന്ത്യക്കാർക്കും ആ മാറ്റം അനിവാര്യമാണ്. ഏത് കരിങ്കൽ പാറയും പിളർന്നെടുക്കാൻ കെൽപ്പുള്ള മൂർച്ചയേറിയ ആയുധങ്ങളെ ഇന്ത്യ വാർത്തെടുത്തു കഴിഞ്ഞു എന്നതിനുള്ള ഉത്തമ ഉദാഹരണമായി ഇതാ ദ്രൗപതി മുർമു ; ഇന്ത്യയുടെ പുതിയ രാഷ്ട്രപതി. ആദിവാസി എന്ന തലക്കെട്ടോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവരിൽ ഒരാൾ അതേ സമൂഹത്തിന്റെ തന്നെ മുഖ്യയായി മാറുന്ന അസുലഭ മുഹൂർത്തമാണിത്. രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതി എന്ന വിശേഷണം കൊണ്ടും മുർമു ആദരിക്കപ്പെടുന്ന നിമിഷങ്ങളാണ് വന്നു ചേർന്നിരിക്കുന്നത് .

ഇതേ അവസരത്തിൽ മറ്റൊരു താരത്തിളക്കവും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരിക്കുകയാണ്. നിഷ്കളങ്കമായ പുഞ്ചിരി കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നമ്മുടെ സ്വന്തം നാഞ്ചിയമ്മ.
രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയായിരിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചിയമ്മ. മുമ്പ് ആദിവാസി വിഭാഗവുമായി ബന്ധപ്പെട്ട വാർത്തകൾക്കോ സംഭവങ്ങൾക്കോ ചെവി കൊടുക്കാത്ത നമ്മൾ ഇന്ന് അക്കൂട്ടത്തിൽ പെട്ട രണ്ട് വ്യക്തികളെ ആദരവോടെ നോക്കിക്കാണുന്നു – ഒരാൾ രാജ്യത്തെ പരമോന്നത ബഹുമതിയിലും, മറ്റേയാൾ രാജ്യത്തെ മികച്ച ഗായിക പട്ടത്തിലും.

ചരിത്ര സംഭവമാണിത്. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ തന്നെ രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം ഉപരാഷ്ട്രപതിയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയിരുന്നത്. എന്നാൽ ഇത്തവണ പുതിയ രാഷ്ട്രപതി ആ ദൗത്യം നിർവഹിച്ചാൽ ചരിത്രത്തിൽ കുറിച്ച് വയ്ക്കാൻ ഇന്ത്യയ്ക്ക് മൂന്നാമതൊരു സംഭവം കൂടി വന്നുചേരും, ആദിവാസിയായ നഞ്ചിയമ്മയ്ക്ക് അതേ വിഭാഗത്തിൽപ്പെട്ട രാഷ്ട്രപതിയായ ദ്രൗപതി മുർമു അവാർഡ് നൽകി ആദരിക്കുന്നു – എത്ര മനോഹരമായ നിമിഷങ്ങൾ! ഒരു ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഉള്ളിൽ നിന്നും ഉടലെടുത്ത വരികൾ തുന്നിച്ചേർത്തുണ്ടാക്കിയ മനോഹരമായ പാട്ടിനൊപ്പം താളമിട്ട് സഞ്ചരിക്കാൻ മലയാളികൾക്കിപ്പോൾ ഹരമാണ്. അട്ടപ്പാടിയുടെ മലയിറങ്ങി, പുഴയിറങ്ങി, കാടും മേടും കടന്ന്, നഞ്ചിയമ്മയും അവരുടെ വരികളും നഗരവീഥികളിലൂടെ ഒഴുകിക്കളിച്ച് ഇന്ന് ഇന്ത്യയുടെ അതിർത്തി വരമ്പുകളിലേക്ക് യാത്രയായിരിക്കുന്നു.

അമ്മയുടെയും മുത്തശ്ശിയുടെയും താരാട്ട് പാട്ടിന്റെ മാധുര്യമാണ് നഞ്ചിയമ്മയുടെ ഉള്ളിലെ വരികൾക്കും ഈണങ്ങൾക്കും അടിസ്ഥാനം. അട്ടപ്പാടി വയലേലകളിലെ കമ്പളവും കൊയ്ത്തും മുതൽ വിവാഹവും മരണവും പോലുള്ള ചടങ്ങുകളിൽ അവർ നിറഞ്ഞ മനസ്സോടെ പാട്ടുപാടി നൃത്തം ചെയ്തു.പണത്തിനു വേണ്ടി പാടാൻ നഞ്ചിയമ്മയുടെ മനസ്സ് അനുവദിക്കാറില്ല.കാട്ടിലും മേട്ടിലും ഉള്ള ജോലിക്കിടയിൽ മനസ്സിൽ കോറിയിട്ട വരികൾക്ക് ഈണം നൽകി ഉറക്കെ പാടിയാണ് നഞ്ചിയമ്മയിലെ ഗായിക വളർന്നത്. മറ്റേതൊരു ഭാഷയിലേക്കും വാമൊഴിയിലെ ഈ വരികൾ തർജ്ജമ ചെയ്യുമ്പോൾ അവയുടെ ഒഴുക്കും ഭംഗിയും നഷ്ടപ്പെടും എന്നാണ് നഞ്ചിയമ്മയുടെ ഈ വരികളുടെ പ്രത്യേകത. ഭർത്താവും രണ്ട് മക്കളും അടങ്ങുന്നതാണ് നഞ്ചിയമ്മയുടെ കുടുംബം. ഏഴുവർഷം മുമ്പ് ഭർത്താവ് നഞ്ചപ്പനെ നഷ്ടമായ ഇവർ ആടുമേച്ചും കൃഷി ചെയ്തും ജീവിതം തള്ളി നീക്കി. പരിസ്ഥിതി പുനസ്ഥാപന പദ്ധതിയായ അഹാഡ്സിന്റെ വരവോടെയാണ് നഞ്ചിയമ്മയുടെ കഴിവുകൾ പുറംലോകം അറിഞ്ഞത്. 2005ൽ അഹാഡ്സ് ജീവനക്കാരനായ പഴനി സ്വാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആസാദ് കലാസമിതിയിലൂടെയാണ് കേരളത്തിനകത്തും പുറത്തും ഉള്ള വേദികളിൽ നഞ്ചിയമ്മയ്ക്ക് പാടാൻ അവസരം ലഭിച്ചിരുന്നത്.
2017ൽ സംസ്ഥാന അവാർഡ് നേടിയ റാസി മുഹമ്മദ് സംവിധാനം ചെയ്ത വെളുത്ത രാത്രികൾ എന്ന ചിത്രത്തിൽ 5 പാട്ടുകൾ പാടാന്‍ നഞ്ചിയമ്മയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ അഗ്ഗെദ് നയാഗ എന്ന ഹ്രസ്വചിത്രത്തിലും പാട്ടുകൾ ആലപിച്ചു. 2009ൽ ആദിവാസി പാട്ട് വിഭാഗത്തിൽ സംസ്ഥാന ഫോക്ലോർ അക്കാദമിയുടെ അവാർഡും നഞ്ചിയമ്മയെ തേടിയെത്തി. ചലച്ചിത്രം മേഖലയിൽ മുമ്പ് നിരവധി പാട്ടുകൾക്ക് ശബ്ദം നൽകിയെങ്കിലും പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ നഞ്ചിയമ്മയ്ക്ക് അവസരം കൊടുത്തത് അയ്യപ്പനും കോശിയും എന്ന മലയാള സിനിമയാണ്. ദേശീയ പുരസ്കാരം ലഭിച്ചതും ഈ ചിത്രത്തിലെ ഗാനാലാപനത്തിനാണ്. ചിത്രത്തിന്റെ സംവിധായകൻ അടുത്തിടെ നമ്മോട് വിട പറഞ്ഞ സച്ചിയാണ് തന്റെ നേട്ടത്തിന് പിന്നിലെ പ്രധാന വ്യക്തി എന്ന് നഞ്ചിയമ്മ വിതുമ്പിക്കൊണ്ട് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ പുരസ്കാരം വാങ്ങേണ്ടി വരുന്നതിൽ നഞ്ചിയമ്മയുടെ ദുഃഖം വളരെ വലുതാണ്.

നഞ്ചിയമ്മയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരത്തിൽ സ്വരചേർച്ച ഇല്ലായ്മയുമായി ഇപ്പോഴുമുണ്ട് ചിലർ നമുക്ക് ചുറ്റും. സംഗീതം എന്നത് ആധികാരികവും ചിലരുടെ മാത്രം അവകാശവുമാണെന്ന വാദത്തിലാണ് ഇത്തരക്കാർ. ഓരോന്നിന്റെയും വ്യത്യസ്തമായ ശൈലിയെ നാം അംഗീകരിക്കേണ്ടതുണ്ട്. ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറി 75 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്നും ഒരു ജനസമൂഹം മാത്രം ഇന്ത്യയുടെ മുക്കിലും മൂലയിലും പുറംലോകം അറിയാതെ കഴിയുന്നുണ്ടെന്നത് പരിതാപകരം തന്നെയാണ്. എന്നാൽ ഇന്ത്യൻ രാഷ്ട്രപതി പദവിയിലേക്കും ഇന്ത്യയിലെ മികച്ച ഗായിക ബഹുമതിയിലേക്കും ഇക്കൂട്ടത്തിൽ നിന്നും പ്രതിഭകൾ ഉയർത്തെഴുന്നേൽക്കുമ്പോൾ അവരുടെ സ്ഥാനത്തെയും കഴിവിനെയും നമ്മൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. ആദിവാസി വിഭാഗത്തിനോടുള്ള കാലപ്പഴക്കം ചെന്ന നമ്മുടെ ഈ തെറ്റായ മനോഭാവം പാടെ എരിച്ചു കളയാൻ ഇത്തരം ഉയർത്തെഴുന്നേൽപ്പിന് സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.വിശ്വസിക്കാം.