മക്കൾക്ക് നിങ്ങളുടെ സ്നേഹം നൽകാം, പക്ഷേ നിങ്ങളുടെ ചിന്തകൾ നൽകരുത് (നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂ ജേഴ്സി )

sponsored advertisements

sponsored advertisements

sponsored advertisements

11 February 2023

മക്കൾക്ക് നിങ്ങളുടെ സ്നേഹം നൽകാം, പക്ഷേ നിങ്ങളുടെ ചിന്തകൾ നൽകരുത് (നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂ ജേഴ്സി )

നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂ ജേഴ്സി

കുട്ടികളെ അടിച്ചുവളർത്തിയിരുന്ന, വളരെ മോശം രക്ഷാകർത്താവായിരുന്നു ഞാൻ. ഖലീൽ ജിബ്രാന്റെ “പ്രവാചകൻ” എന്ന പുസ്തകത്തിലെ കുട്ടികളെ കുറിച്ചുള്ള അധ്യായമാണ് എന്റെ കുട്ടികളോടുള്ള സമീപനം മാറ്റിയത്.
നമ്മുടെ കുട്ടികൾ നമ്മുടേതല്ല എന്ന് പറഞ്ഞാണ് ഖലീൽ ജിബ്രാൻ കുട്ടികളെ കുറിച്ചുള്ള അദ്ധ്യായം തുടങ്ങുന്നത്.
“നിങ്ങൾ അവർക്ക് നിങ്ങളുടെ സ്നേഹം നൽകാം, പക്ഷേ നിങ്ങളുടെ ചിന്തകൾ നൽകരുത്,
കാരണം അവർക്ക് അവരുടേതായ ചിന്തകളുണ്ട്.
നിങ്ങൾക്ക് വീടുകളിൽ അവരുടെ ശരീരങ്ങളെ പാർപ്പിക്കാം, പക്ഷേ അവരുടെ ആത്മാവിനെ പാർപ്പിക്കാൻ കഴിയില്ല,
എന്തെന്നാൽ, അവരുടെ ആത്മാക്കൾ നാളത്തെ വീട്ടിൽ വസിക്കുന്നു,
ആ ഭവനങ്ങളെ നിങ്ങളുടെ സ്വപ്നങ്ങളിൽ പോലും നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയില്ല, .
നിങ്ങൾ അവരെപ്പോലെയാകാൻ ശ്രമിച്ചേക്കാം, പക്ഷേ അവരെ നിങ്ങളെപ്പോലെയാക്കാൻ ശ്രമിക്കരുത്.”
കുട്ടികൾക്ക് നിങ്ങളുടെ ചിന്തകൾ നൽകരുതെന്നും, അവർക്ക് അവരുടേതായ ചിന്തകളുണ്ടെന്നും, അവർക്ക് നിങ്ങൾ നൽകേണ്ടത് സ്നേഹം മാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോൾ പഠിക്കാത്തതിന് കുട്ടികളെ ശിക്ഷിച്ചിരുന്ന ഞാൻ കുട്ടികളെ സ്നേഹിക്കുന്ന ഒരാളായി മാറി. അതുവരെ എന്നെ പേടിച്ചിരുന്ന എന്റെ കുട്ടികൾ എന്നോട് കാര്യങ്ങൾ തുറന്നു സംസാരിക്കാനും, പഠനവിഷയവുമായി ബന്ധപ്പെട്ട് കുറവ് ഗ്രേഡ് കിട്ടിയാൽ പോലും അതിന്റെ കാരണങ്ങൾ എന്നോട് ചർച്ച ചെയ്യാനും ഉള്ള ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്തു. അതിന്റെ ഫലം ഞാൻ ഉദ്ദേശിച്ചതിനേക്കാൾ വലുതായിരുന്നു, കാരണം നമ്മുടെയെല്ലാം കുട്ടികൾ വളരെ മിടുക്കരാണ്, അവരെ അവരുടെ ചിന്തകളുടെ വഴിക്ക് വിട്ടാൽ അവർ നമ്മളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അവർക്ക് ഇഷ്ടമുള്ള വിഷയങ്ങളിൽ മുന്നേറും, എന്റെ അനുഭവവും രണ്ടുകുട്ടികളും സാക്ഷി.
കഴിഞ്ഞ ഏതാണ്ട് പത്ത് വർഷങ്ങളായി എന്റെ കുട്ടികൾ സ്വന്തമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്. ഞാനും ഗോമതിയും വെറും ഡ്രൈവർമാർ മാത്രമാണ്. ആഴ്ചയിൽ ഒരിക്കൽ ഞങ്ങൾ അവരുടെ പ്രോഗ്രസ്സ് കാർഡ് നോക്കും, എന്തെങ്കിലും ഹെല്പ് വേണോ എന്നവരോട് ചോദിക്കും, പലപ്പോഴും ഗ്രേഡ് കുറഞ്ഞതിന്റെ കാര്യങ്ങൾ കുട്ടികൾ വിശദീകരിക്കും. കഴിഞ്ഞ ദിവസം ഹാരിസിന്റെ സ്പാനിഷ് ടീച്ചർ അവനു നൂറിൽ 75 മാർക്ക് മാത്രം കിട്ടിയതിൽ അസന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് ഒരു നോട്ട് എഴുതിയിരുന്നു, സ്പാനിഷ് വളരെ കടുപ്പമാണെന്ന് ഹാരിസ് പറഞ്ഞു. എനിക്ക് പത്താം ക്ലാസിൽ നൂറിൽ മുപ്പത് മാർക്ക് മാത്രം കിട്ടിയ കഥ ഞാനും പറഞ്ഞു. ഇതാണ് അവനു മാക്സിമം ചെയ്യാൻ കഴിയുന്നതെങ്കിൽ അതിൽ കൂടുതൽ ചെയ്യാൻ അവനെ നിർബന്ധിച്ച് വിഷമിപ്പിച്ചിട്ട് കാര്യമില്ല, എല്ലാ കുട്ടികൾക്കും എല്ലാ വിഷയങ്ങളും ഇഷ്ടം ആകണമെന്നും, എല്ലാ വിഷയങ്ങളിലും A+ വേണമെന്നും കരുതുന്ന കേരളത്തിലെ വിഭ്യാഭ്യാസ സമ്പ്രദായം എനിക്ക് മനസിലാകാത്ത ഒന്നാണ്. ഞാൻ നാട്ടിൽ വച്ച് ട്യൂഷൻ എടുത്ത സമയത്ത് മുൻബെഞ്ചിൽ ഇരുന്നു നന്നായി പഠിച്ച കുട്ടികൾ ബാങ്കിൽ ജോലിക്കാരായപ്പോൾ, പിൻബഞ്ചിൽ ഇരുന്ന ചിലർ ഇപ്പോൾ സ്വന്തമായി കമ്പനികൾ നടത്തുന്നുണ്ട്.
ഞങ്ങളുടെ മൂത്ത മകൻ നിതിൻ UC ബെർക്കിലിയിൽ അഡിമിഷൻ കിട്ടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയത് അവനൊറ്റയ്ക്കാണ്. യൂട്യൂബ് / ഖാൻ അക്കാഡമി പോലുള്ള വെബ്സൈറ്റുകൾ വഴി എങ്ങിനെ പഠിക്കണം എന്ന് പഠിച്ചാൽ പകുതി പ്രശ്നം തീർന്നു എന്നതാണ് അവന്റെ കാഴ്ചപ്പാട്. കാൽക്കുലസ് പോലെ എനിക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന വിഷയങ്ങൾ ഗ്രാഫ് വഴി എങ്ങിനെ വിഷ്വൽ ആയി മനസിലാക്കാം എന്ന് എന്നെ പഠിപ്പിച്ചത് അവനാണ്. ഇപ്പോൾ ദിവസേന വിളിക്കുമ്പോഴും അന്നന്ന് ചെയ്യുന്ന പ്രോബ്ലം എന്താണെന്ന് പറഞ്ഞു തരും, പലപ്പോഴും ചോദ്യം കേട്ടുതന്നെ എന്റെ കിളി പോകും.. കഴിഞ്ഞ സമ്മറിൽ അവൻ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ ഒരു കോഴ്സ് പഠിപ്പിച്ചത് കൊണ്ട് , വിഷയങ്ങൾ നന്നായി നമുക്ക് മനസിലാകുന്ന പോലെ പറഞ്ഞുതരാൻ അവനു കഴിയുന്നുണ്ട്.
പഠിച്ച് കഴിഞ്ഞു നമ്മുടെ കുട്ടികൾ മൈക്രോസോഫ്ട് ആമസോൺ തുടങ്ങിയ FAANG കമ്പനികളിൽ (FAANG ) ചേരുക എന്നതാണല്ലോ നമ്മുടെ മനസ്സിൽ ഉള്ള ഒരു കൺസെപ്റ്റ്. പക്ഷെ നമ്മുടെ ഖലീൽ ജിബ്രാൻ പറഞ്ഞ പോലെ നമ്മുടെ വീടുകളിൽ അല്ല അവരുടെ ചിന്തകൾ താമസിക്കുന്നത്. അങ്ങിനെയുള്ള കമ്പനികളിൽ ചേരുന്നതിന് പകരം പുതുതായി തുടങ്ങുന്ന സ്റ്റാർട്ടപ്പ് കമ്പനിയിൽ ചേർന്നാൽ കൂടുതൽ അവസരങ്ങളും, ആ കമ്പനി പബ്ലിക് ലിസ്റ്റിംഗ് ആയാൽ കൂടുതൽ പൈസയും കിട്ടും , അല്ലെങ്കിൽ സ്വന്തമായി ഒരു കമ്പനി എന്നൊക്കെയാണ് ഇപ്പോഴത്തെ കുട്ടികളുടെ നിലപാട്. ഈ വർഷം തന്നെ കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ് നിതിൻ, നാലുവർഷത്തെ കോഴ്സ് മൂന്നു വർഷങ്ങൾ കൊണ്ട് തീർക്കുന്നത് അമേരിക്കയിൽ സാധാരണമാണ്. ഇളയവന് കമ്പ്യൂട്ടർ സയന്സിനെക്കാൾ കൂടുതൽ ഇലെക്ട്രോണിക്സ് ആണ് താല്പര്യം, അവൻ സ്കൂളിൽ റോബോട്ടിക് ക്ലബ്ബിലെല്ലാം ചേർന്നിട്ടുണ്ട്, അതിന്റെ കൂടെ ക്രോസ്സ്‌ കൺട്രി ഓട്ടവുമുണ്ട്. ഇതൊക്കെ ഇവർക്ക് ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്, അവർക്ക് വേണ്ട സാധങ്ങൾ വാങ്ങികൊടുക്കുകയും, അവരെ സ്കൂളിൽ നിന്ന് ക്ലബ് കഴിഞ്ഞു വിളിച്ചുകൊണ്ടുവരികയും ചെയ്യുക എന്നതുമാത്രമാണ് ഞങ്ങളുടെ ജോലി.
നമ്മുടെ കുട്ടികളെ വഴക്കു പറയാനും, ആവശ്യമില്ലാത്ത സമ്മർദ്ദങ്ങളിലാക്കാനും കുറെ പേരുണ്ടാകും, പക്ഷെ അവർക്ക് പരിധിയില്ലാത്ത സ്നേഹം നൽകാൻ നമ്മൾക്ക് മാത്രമേ കഴിയൂ. എന്തായാലും കുറെ കാര്യങ്ങൾ ഞാൻ എന്റെ കുട്ടികളെ കണ്ടു പഠിച്ചു , അതിലേക്ക് കുറച്ചു കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് കൂടി മോഷ്ടിച്ച് ചേർത്ത് കുറച്ചു പോയ്ന്റ്സ് താഴെ കൊടുക്കുന്നു.
1) നിങ്ങളുടെ കുട്ടികളോട് ബഹുമാനവും കരുതലും കാണിക്കുക. അവർ എത്ര തെറ്റ് ചെയ്താലും പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക. അവർ വളർന്നു വരുന്ന കുട്ടികളാണ്, അനേകം തെറ്റുകൾ ചെയ്തായിരിക്കും ഒരു പക്ഷെ ശരിയായ പാതയിലെത്തുക.
2) ഇന്ത്യൻ മാതാപിതാക്കൾക്ക് കുട്ടികൾ എന്തെങ്കിലും കുറ്റം ചെയ്താൽ വഴക്ക് പറയാൻ നൂറു നാവാണ്, പക്ഷെ അവരെന്തെങ്കിലും നല്ലത് ചെയ്താൽ, കൊള്ളാമെന്ന് പറയാനും അഭിനന്ദിക്കാനും വലിയ പിശുക്കന്. Positive reinforcement in Educatio എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ എങ്ങിനെയാണ് നല്ല വാക്കുകൾ കുട്ടികളെ സ്വാധീനിക്കുന്നതെന്ന് കാണാൻ കഴിയും.
3) വീട്ടിലെ പണികൾ കുട്ടികളെ കൊണ്ടുകൂടി ചെയ്യിക്കുക, പ്രത്യേകിച്ച് ഇന്ത്യൻ ആൺകുട്ടികളെ. എന്റെ വീട്ടിൽ അടുക്കളയിൽ പാചകം ചെയ്ത പരിചയം വച്ചാണ് നിതിൻ ഇപ്പോൾ വീടിനു പുറത്തു താമസിക്കുമ്പോൾ സ്വയം പാചകം ചെയ്യാൻ കഴിയുന്നത്.
4) അമേരിക്കയിലെ ഹൈ സ്കൂളിൽ ഒരു ഉപ വിഷയമാണ് ഫൈനാൻസ് മാനേജ്‌മന്റ്. സ്റ്റോക്ക് മാർക്കറ്റ് എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മുതൽ, കാറിന്റെ ഇൻഷുറൻസ് ഏതെടുക്കണം എന്ന് വരെ പഠിപ്പിക്കുന്ന ഒരു വിഷയമാണിത്. കേരളത്തിൽ , ഒരു വർഷവും കൊണ്ട് പൈസ ഇരട്ടിപ്പിച്ചു തരാമെന്ന് പറയുന്ന തട്ടിപ്പുകാരുടെ വലയിൽ വീഴുന്ന ആളുകളുടെ എണ്ണം കാണുമ്പോൾ പ്രായോഗിക സാമ്പത്തിക ശാസ്ത്രം നമ്മുടെ സ്കൂളുകളിൽ നിർബന്ധം ആക്കണം എന്നെനിക്ക് തോന്നാറുണ്ട്.
5) മേല്പറഞ്ഞതിന്റ അർഥം കുട്ടികളെ എല്ലാ കാര്യത്തിനും നിയന്ത്രണങ്ങൾ ഇല്ലാതെ അഴിച്ചുവിടണം എന്നല്ല, അവർ എന്തെങ്കിലും കുരുത്തക്കേടുകൾ കാണിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ എന്താണെന്ന് അവർക്ക് കൃത്യമായ ബോധ്യമുണ്ടാകണം. സെൽ ഫോൺ ഒരു ദിവസത്തേക്ക് മാറ്റി വയ്ക്കുന്നത് പോലുള്ള ശിക്ഷാവിധികളാണ് ഇക്കാലത്തു കൂടുതൽ ഫലപ്രദമെന്ന് തോന്നുന്നു.
6) വീടുകളിൽ ഭാര്യയ്ക്കും ഭർത്താവിനും കുട്ടികൾക്കും എല്ലാം വേണ്ട ഒന്നാണ് സ്വന്തമായ ഒരു സ്പേസ്. സ്പേസ് എന്നുദ്ദേശിക്കുന്നത് വീട്ടിലെ ഒരു മുറിയെകുറിച്ചല്ല, മറിച്ച് സ്വന്തമായി ചിന്തിക്കാനും, കാര്യങ്ങൾ തീരുമാനിക്കാനും, ഇഷ്ടപെട്ടവരുമായി സംസാരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ്. കുട്ടികൾക്ക് അവരുടെ കൂട്ടുകാരോട് അച്ഛന്റെയോ അമ്മയുടേയോ തുടർച്ചയായ മോണിറ്ററിങ് ഇല്ലാതെ സംസാരിക്കാനും, വീട്ടിൽ കൂട്ടുകാരുമായി കൂടാനും മറ്റുമുള്ള സ്പേസ് നമ്മൾ ഒരുക്കികൊടുക്കേണ്ടതുണ്ട്.
7) എല്ലാത്തിനുമുപരി കുട്ടികളെ സ്‌നേഹിക്കുക. ഓരോ വർഷങ്ങൾ കഴിയുമ്പോഴും അവർ കുട്ടികളല്ലാതായി തീരുകയാണ്, മുതിർന്നു കഴിഞ്ഞായിരിക്കും നമ്മൾ അവരുടെ കുട്ടിക്കാലം മിസ് ചെയ്യാൻ പോകുന്നത്. അല്ലെങ്കിലും നമ്മുടെ കുട്ടികൾ സ്നേഹിക്കാൻ നമ്മളല്ലാതെ വേറെയാരാണുള്ളത്? ഒരു വിഷയത്തിന് A+ കിട്ടിയില്ല എന്നതോ ഗ്രേഡ് C ആയിപോയി എന്നതോ ലോകാവസാനം ഒന്നുമല്ല, ഒരുപക്ഷെ കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ അവർ ഒരു ജീനിയസ് ആയിരിക്കാം. ഓർക്കുക വിശ്വപ്രസിദ്ധ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ കോളേജിൽ കണക്കിന് ഒഴികെ വേറെ എല്ലാ വിഷയങ്ങൾക്കും തോറ്റ ഒരാളാണ്.

നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂ ജേഴ്സി