നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂജേഴ്‌സി
“നീ ഇന്ത്യനാണോ അമേരിക്കനാണോ?”
എന്റെ മകൻ നിതിനോട് അവന്റെ കൂട്ടുകാരന്റെ മുത്തശ്ശി ചോദിച്ചു. അവർ ഈയടുത്തു തമിഴ് നാട്ടിൽ നിന്ന് അമേരിക്ക സന്ദർശിക്കാൻ വന്നതാണ്.
“ഞാൻ അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരൻ ആണ്” അവൻ മറുപടി പറഞ്ഞു..
“നിന്റെ പേരെന്താണ്?”
“നിതിൻ”
“ഹിന്ദു?”
“അതെ”
“തമിഴനാണോ?”
“അതെ”
“മുഴുവൻ പേരെന്താണ്?”
“നിതിൻ നസീർ”
“നസീർ തമിഴ് പേരല്ലല്ലോ”
“എന്റെ ബാപ്പ മലയാളിയാണ്”
“അപ്പൊ നീ മലയാളിയല്ലേ?”
“അതെ”
“മുസ്ലിമും?”
“അതെ”
“പിന്നെ എന്തിനാണ് തമിഴ് ഹിന്ദു എന്ന് പറഞ്ഞത്?”
“ഞാൻ അതുമാണ്. എന്റെ അമ്മ തമിഴ് ഹിന്ദുവും ബാപ്പ മലയാളായി മുസ്ലിമും ആണ്”
“അതെങ്ങിനെ ശരിയാവും, നീ ശരിക്കും എന്താണ്? “
“ഞാൻ ഒരു തമിഴ് മലയാളി ഹിന്ദു മുസ്ലിം ഇന്ത്യൻ അമേരിക്കൻ ആണ്..”
“അതെങ്ങിനെ, എല്ലാം കൂടി ആവും, നിനക്ക് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണ്ടേ? നിങ്ങൾ അമ്പലത്തിൽ പോകുമോ, അതോ മോസ്കിൽ പോകുമോ? റംസാൻ ആഘോഷിക്കുമോ അതോ പൊങ്കൽ ആഘോഷിക്കുമോ?
“ഞങ്ങൾ അമ്പലത്തിലും പള്ളിയിലും പോകും, റംസാനും, പൊങ്കലും ഓണവും താങ്ക്സ് ഗിവിങ്ങും എല്ലാം ആഘോഷിക്കും…”
മുത്തശ്ശി അത്ര ബോധ്യം വരാതെ ചോദ്യങ്ങൾ നിർത്തി എന്നാണ് അവൻ വീട്ടിൽ വന്നു പറഞ്ഞത്.
നമ്മുടെ എല്ലാം ഒരു പ്രശ്നം അതാണ്. ആരെ കണ്ടാലും ചില കള്ളികളിൽ കൊണ്ട് വന്നു നിർത്തിയില്ലെങ്കിൽ ഭയങ്കര വിമ്മിഷ്ടം ആണ്. നാരായണ ഗുരു പറഞ്ഞ പോലെ ആണും പെണ്ണും ജാതി ആയാൽ മാത്രം പോരാ നമുക്കു, ഇന്ത്യൻ, അമേരിക്കൻ, ഹിന്ദു, മുസ്ലിം, മദ്രാസി, നോർത്ത് ഇന്ത്യൻ, വെളുമ്പൻ, കറുമ്പൻ എന്നിങ്ങനെ എണ്ണമറ്റ കളങ്ങളിൽ നിർത്തി കഴിഞ്ഞാലേ നമുക്ക് കൂട്ട് കൂടാൻ പറ്റുമോ എന്ന് നിശ്ചയിക്കാൻ പറ്റൂ. പലപ്പോഴും പുതിയ പരിചയപ്പെടുമ്പോൾ നമ്മുടെ പേര് പറഞ്ഞു കഴിഞ്ഞ് അച്ഛന്റെ പേരും കുടുംബപ്പേരും പോകുന്ന പള്ളിയുടെ പേരുമൊക്കെ ചോദിക്കുന്നതിന്റെ പിറകിൽ ഇതുപ്പോലെ കുറെ ഫിൽറ്ററിങ് നടന്നുകൊണ്ടിരിക്കും.
ഈ കളങ്ങളിൽ നിന്ന് പുറത്തു കടക്കുന്നത് രസമുള്ള കാര്യമാണ്. ന്യൂ ജേർസിയിലെ അമ്പലനങ്ങളിലും , മുൻപ്രസിഡന്റ് ട്രംപ് പങ്കെടുത്ത റാലിയിലും എന്റെ പേര് പറഞ്ഞു പരിചയപ്പെടുമ്പോൾ മറ്റുള്ളവരുടെ കണ്ണുകളിൽ ഞാൻ കാണുന്നത് ഇതേ അമ്പരപ്പ് തന്നെയാണ്.
ദക്ഷിണ ആഫ്രിക്കയിൽ ജനിച്ച , ഇപ്പോൾ ആഗോളപ്രശസ്തനായ കൊമേഡിയൻ , ട്രെവർ നോവയുടെ കഥ രസകരമാണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തി നാലിലാണ് ട്രെവർ ജനിച്ചത്. ട്രെവറുടെ ‘അമ്മ ദക്ഷിണ ആഫ്രിക്കക്കാരിയായ ഒരു കറുത്ത വർഗക്കാരിയും, അച്ഛൻ ഒരു സ്വിസ്സ് വംശജൻ ആയ വെള്ളക്കാരനും ആയിരുന്നു. ഒരു പ്രശ്നം വർണ വിവേചനം നിലനിന്നിരുന്ന ദക്ഷിണ ആഫ്രിക്കയിൽ വെള്ളക്കാരും കറുത്ത വർഗക്കാരും തമ്മിൽ ഉള്ള വിവാഹം നിയമ വിരുദ്ധം ആയിരുന്നു. “I was born a crime” എന്നാണ് ട്രെവർ ഇതിനെ കുറിച്ച് പറയുന്നത്. അച്ഛനും അമ്മയും ഒരുമിച്ചു പുറത്തു പോവുന്ന വേളകളിൽ എതിരെ പോലീസുകാർ വന്നാൽ അച്ഛനും അമ്മയും തന്റെ കൈ വിട്ടു ഈ കുട്ടി ഞങ്ങളുടേതല്ല എന്ന മട്ടിൽ നടക്കും എന്ന് നമ്മുടെ ഹൃദയം തകർക്കുന്ന വിധത്തിൽ ട്രെവർ വിവരിക്കുന്നുണ്ട്. ഇന്ത്യയിൽ ലവ് ജിഹാദ് എന്നൊക്കെ കുപ്രചരണം നടത്തി നിയമം മൂലം വിവിധ മതത്തിൽ പെട്ടവർ വിവാഹം കഴിക്കുന്നത് നിരോധിച്ചാൽ ഭാവിയിൽ ഇന്ത്യയിൽ നിന്നും ഇതുപോലുള്ള കഥകൾ കേൾക്കാൻ കഴിയും, അങ്ങിനെ നടക്കാതിരിക്കട്ടെ
എന്തായാലും ദക്ഷിണാഫ്രിക്കയിൽ ട്രെവർ ജനിച്ചു പിറ്റേ വർഷം ഇങ്ങിനെ ഉള്ള ബന്ധങ്ങൾ നിയമവിധേയമാക്കപ്പെട്ടു. പത്തു വർഷങ്ങൾക്കു ശേഷം വർണ വിവേചനം അവസാനിക്കുകയും, നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ കറുത്ത വർഗക്കാരുടെ ഗവണ്മെന്റ് അധികാരത്തിൽ വരികയും ചെയ്തു. വെള്ളക്കാരെ കൂടി ഉൾപ്പെടുത്തി ഒരു വിധ വിവേചനവും ഇല്ലാത്ത ഒരു രാജ്യം ആണ് മണ്ടേല വിഭാവനം ചെയ്തു നടപ്പിലാക്കിയത്. ഇൻവിക്ടസ് എന്ന മനോഹരമായ ചിത്രം കണ്ടവർക്ക് ഇത് അറിയാമായിരിക്കും.
ഇന്ത്യയിൽ ഇപ്പോഴുള്ള ചില കുട്ടികളുടെ പ്രണയം കാണുമ്പോഴാണ് അവർ എത്ര സമർത്ഥമായാണ് കളിക്കുന്നത് എന്ന് മനസിലാകുന്നത്. സ്വന്തം ഭാഷ, മതം, ജാതി , സാമ്പത്തികനില ഒക്കെ നോക്കിയാണ് ചില കുട്ടികൾ പ്രണയിക്കുന്നത്. തെറ്റ് പറയുന്നില്ല, പക്ഷെ നമ്മുടെ സുരക്ഷിത വലയത്തിൽ നിന്നും പുറത്തു കടക്കുമ്പോൾ ഉണ്ടാവുന്ന, ചില പുതിയ രസകരമായ അനുഭവങ്ങൾ അങ്ങിനെ ഉള്ളവർക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും.ഓരോ കളങ്ങളിൽ ഒതുങ്ങി കാലം കഴിക്കുന്നതിനേക്കാൾ എത്രയോ രസമാണ് പല കളങ്ങളിൽ നിറഞ്ഞു കളിക്കുന്നത്.
ഇനി ഞങ്ങളുടെ കുട്ടികൾ വേറെ ദേശങ്ങളിലും സംസ്കാരങ്ങളിലും ഉള്ള പങ്കാളികളെ കണ്ടുപിടിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം , ആഘോഷിക്കാൻ പുതിയ ഉത്സവങ്ങളും രുചിക്കാൻ പുതിയ ഭക്ഷണങ്ങളും കിട്ടുമല്ലോ …
