അമേരിക്കയിലെ തൊട്ടുകൂടാത്തവൻ (നസീർ ഹുസൈൻ കിഴക്കേടത്ത് ,ന്യൂ ജേഴ്സി )

sponsored advertisements

sponsored advertisements

sponsored advertisements

26 April 2022

അമേരിക്കയിലെ തൊട്ടുകൂടാത്തവൻ (നസീർ ഹുസൈൻ കിഴക്കേടത്ത് ,ന്യൂ ജേഴ്സി )

യിരത്തി തൊള്ളായിരത്തി അമ്പത്തിയഞ്ച് ഡിസംബറിൽ , വെള്ളക്കാർക്ക് മാത്രമായി റിസേർവ് ചെയ്തു വച്ചിരുന്ന ഒരു ബസ് സീറ്റിൽ നിന്ന് മാറാൻ പറഞ്ഞത് കൂട്ടാക്കാതെ ഇരുന്നു പ്രതിഷേധിച്ച റോസാ പാർക്സ് ആണ്, കറുത്ത വർഗക്കാർക്കെതിരെ അമേരിക്കയിൽ ഉണ്ടായിരുന്ന കിരാത നിയമങ്ങൾക്കെതിരെയുള്ള ഐതിഹാസിക സമരം തുടങ്ങി വച്ചത്. അത് മോണ്ട്ഗോമറി ബസ് ബോയ്‌കോട്ട് തുടങ്ങിയ സമരമുറകളിലൂടെ ഒരു ബഹുജന മുന്നേറ്റം ആക്കി മാറ്റിയത് മാർട്ടിൻ ലൂതർ കിംഗ് ആണ്. ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിൽ പ്രസിഡന്റ് ഐസൻഹവർ അമേരിക്കൻ സിവിൽ റൈറ്സ്‌ ബില് ഒപ്പിടുന്നത് വരെ അനേകം സമരപരമ്പരകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഗാന്ധിയുടെ വലിയ ആരാധകനായ അദ്ദേഹം അഹിംസാ സമര രീതികൾ അമേരിക്കയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.
ഈ സമരങ്ങൾക്കും വിജയങ്ങൾക്കും ശേഷം 1959 ൽ അദ്ദേഹം ഗാന്ധിയുടെ ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചു. ജവഹർലാൽ നെഹ്‌റു അദ്ദേഹത്തെ സ്വീകരിച്ചു. ആ ഇന്ത്യൻ സന്ദർശന വേളയിൽ മറ്റനേകം സ്ഥലങ്ങളിൽ എന്ന പോലെ തിരുവനന്തപുരത്തെ കൂടുതലും ദളിത് കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളും അദ്ദേഹം സന്ദർശിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാർട്ടിൻ ലൂതർ കിംഗ് എന്ന സമരനായകനെ കുട്ടികൾക്ക് ഇങ്ങിനെ പരിചയപ്പെടുത്തി.
“യുവജനങ്ങളേ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ നിന്നുള്ള തൊട്ടുകൂടാത്തവനായ ഒരാളെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
അമേരിക്കയിലെ കറുത്ത വർഗക്കാരും ഇന്ത്യയിലെ ദളിതും കടന്നുപോകുന്ന ഏതാണ്ട് ഒരേ അവസ്ഥയിലാണെന്ന് മാർട്ടിൻ ലൂതർ കിംഗ് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞ സന്ദർഭം ആയിരുന്നു അത്.
ഇതിനെക്കുറിച്ചു അദ്ദേഹം തൻറെ ആത്മകഥയിൽ അദ്ദേഹം ഇങ്ങിനെ എഴുതി.
മിസ്സിസ് കിംഗും ഞാനും ഇന്ത്യയിൽ ആയിരുന്നപ്പോൾ, ഞങ്ങൾ ഒരു ഉച്ചതിരിഞ്ഞ് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരള സംസ്ഥാനമായ തിരുവനന്തപുരം നഗരത്തിലേക്ക് യാത്ര ചെയ്തത് ഞാൻ ഓർക്കുന്നു. അന്ന് ഉച്ചകഴിഞ്ഞ് ഞാൻ ഒരു സ്കൂളിൽ സംസാരിക്കാനിരിക്കുകയായിരുന്നു, നമ്മുടെ രാജ്യത്തെ ഹൈസ്കൂളുകൾ എന്ന് നമ്മൾ വിളിക്കും, അത് പണ്ടത്തെ തൊട്ടുകൂടാത്തവരുടെ മക്കളായ വലിയ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്കൂളായിരുന്നു.
പ്രിൻസിപ്പൽ എന്നെ പരിചയപ്പെടുത്തി, തുടർന്ന് അദ്ദേഹം തന്റെ ആമുഖത്തിന്റെ സമാപനത്തിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു, “യുവജനങ്ങളേ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ നിന്നുള്ള അസ്പൃശ്യനായ ഒരാളെ നിങ്ങൾക്ക് അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ഒരു നിമിഷം ഞാൻ അൽപ്പം ഞെട്ടിപ്പോയി, എന്നെ തൊട്ടുകൂടാത്തവൻ എന്ന് വിളിക്കുമോ എന്ന്….
ഞാൻ യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി: എന്റെ ഇരുപത് ദശലക്ഷം സഹോദരങ്ങളും സഹോദരിമാരും ഇപ്പോഴും ഒരു സമ്പന്ന സമൂഹത്തിൽ ദാരിദ്ര്യത്തിന്റെ ഒരു കൂട്ടിൽ ശ്വാസം മുട്ടിച്ചു. ഞാൻ വസ്തുതയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി: ഈ ഇരുപത് ദശലക്ഷം സഹോദരീസഹോദരന്മാർ ഇപ്പോഴും നമ്മുടെ രാജ്യത്തെ വൻ നഗരങ്ങളിലെ എലിശല്യമുള്ള, സഹിക്കാൻ പറ്റാത്ത ചേരികളിലാണ്, അനുചിതമായ വിനോദ സൗകര്യങ്ങൾ നേരിടുന്ന അപര്യാപ്തമായ സ്‌കൂളുകളിൽ ഇപ്പോഴും താമസിക്കുന്നത്. ഞാൻ എന്നോട് തന്നെ പറഞ്ഞു, “അതെ, ഞാൻ ഒരു തൊട്ടുകൂടാത്തവനാണ്, അമേരിക്കൻ ഐക്യനാടുകളിലെ ഓരോ നീഗ്രോയും തൊട്ടുകൂടാത്തവനാണ്.”
ജാതിയുടെ ഒരു പ്രധാന പ്രശനം ഇതാണ്. നമ്മൾ എന്തൊക്കെ ഉന്നത നിലയിലുള്ള, വലിയ നേട്ടങ്ങൾ ജീവിതത്തിൽ നേടിയ ഒരാൾ ആണെങ്കിലും ഇന്ത്യയിൽ ഒരാളുടെ ജാതി അതെല്ലാം റദ്ദ് ചെയ്യും. നിങ്ങൾ വെറും തൊട്ടുകൂടാത്ത കോളനി ദളിതനായി മാറ്റും. അതേസമയം ഒരു തരത്തിലും ജീവിതത്തിൽ ഒന്നും നേടാത്ത ഒരാളാണെങ്കിൽ പോലും “ഉയർന്ന” ജാതിക്കാർക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനം കല്പിച്ചു കൊടുക്കപ്പെടുകയും ചെയ്യും. ഈയടുത്ത കാലത്ത് ആളുകൾ പേരിൽ ജാതിവാലുകൾ കൂടുതലായി ചേർക്കാൻ തുടങ്ങിയതിനു ഒരു കാരണം സമൂഹം അബോധപൂർവമായി കൊടുക്കുന്ന ഇത്തരം ബഹുമാനങ്ങൾ കൊണ്ട് കൂടിയാണ്. നായർ മഹാമണ്ഡലം പോലുള്ള ജാതി സംഘടനകൾ നിലവിലുള്ള ഒരു അമേരിക്കൻ സംസ്ഥാനത്ത് നിന്നാണ് ഞാൻ ഇതിപ്പോൾ ഇതെഴുതുന്നത് തന്നെ.
ഇന്ത്യയിലെ ജാതിയെ ഏറ്റവും വ്യക്തമായി തിരിച്ചറിഞ്ഞു, അത് “താഴ്ന്ന” ജാതിക്കാരോട് ചെയ്യുന്ന അക്രമങ്ങൾക്കെതിരെ പൊരുതിയ മഹാനായ അംബേദ്‌കറിന്റെ ജന്മദിനമാണിന്നു. വർഷത്തിൽ ഒരു പ്രാവശ്യം എങ്കിലും ഞാൻ വായിക്കുന്ന ഒരു പുസ്തകമാണ് അദ്ദേഹത്തിന്റെ ജാതി ഉന്മൂലനം. ഇത് വായിക്കാത്തവർക്ക് ഇന്ത്യയിൽ ഒരു ബിരുദവും നല്കരുത് എന്ന കുറച്ച് തീവ്ര നിലപാടുള്ള ഒരാളാണ് ഞാൻ.
ഒരു ഭരണഘടനാ ശില്പി മാത്രമായി നമ്മൾ ഒതുക്കി വച്ചിരിക്കുന്ന അംബേഡ്കറെ കുറിച്ച് കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ എഴുതിയ കുറിപ്പ് താഴെ..

ലോകത്തിൽ അഡ്മിഷൻ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി, പ്രത്യേകിച്ച് നിയമം പഠിക്കാൻ. ബരാക് ഒബാമ മുതൽ വാറൻ ബഫറ്റ് വരെ ഇവിടെ പഠിച്ചവരാണ്. ഇതുപോലെ ഉള്ള ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയാണ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ. ഇവിടെ രണ്ടിടത്ത് നിന്നും ഡോക്ടറേറ്റ് കിട്ടിയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെകുറിച്ചാണീ കുറിപ്പ്.
സാധാരണയായി നല്ല സാമ്പത്തിക ഭദ്രതയുളള കുടുംബത്തിൽ പിറന്ന് അടിസ്ഥാന വിദ്യഭ്യാസം വലിയ സ്കൂളുകളിൽ പൂർത്തിയായവർക്ക് മാത്രമേ ഇങ്ങിനെയുള്ള യൂണിവേഴ്സിറ്റികളിൽ കയറിപ്പറ്റാനാവൂ, പക്ഷെ നമ്മുടെ നായകൻ സ്വാത്രന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ഉന്നതകുലജാതിക്കാർ തൊട്ടുകൂടാത്തവരെന്നു വിളിച്ച ഒരു ജാതിയിൽ പതിനാലാമത്തെ കുട്ടിയായി പിറന്ന ഒരാളാണ്. ഇതിൽ പട്ടിണിയും പരിവട്ടവും മൂലം അഞ്ചുപേർ മാത്രമേ ബാല്യകാലം പിന്നിട്ടുള്ളൂ.
ഇന്ത്യ എന്ന രാജ്യത്തിന്റെ തലക്കുറി മാറ്റി എഴുതിയ ബി ആർ അംബേദ്‌കർ ആയിരുന്നു ആ കുട്ടിയെന്നു നിങ്ങളിൽ ചിലരെങ്കിലും ഊഹിച്ചുകാണുമല്ലോ.
ബി ആർ അംബേദ്‌കർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്നത് ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന നിലയ്ക്കാണ്. തീർച്ചയായും നൂറു ശതമാനം അദ്ദേഹം അർഹിക്കുന്ന അംഗീകാരമാണത്, കാരണം ഏതുസമയത്തും മനുസ്മൃതിയിലേക്ക് പിഞ്ചുവട് വച്ച് നടക്കാൻ തയ്യാറായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും, അന്നത്തെ വലതു തീവ്രവാദികളുടെ ഭീഷണികൾ അവഗണിച്ച്കൊണ്ട്, നെഹ്രുവിന്റെ ഉള്ളഴിഞ്ഞ സഹായത്തോടെ, ഇന്ത്യൻ ഭരണഘടനയെ ആധുനിക, സ്വാതന്ത്ര്യ, സാഹോദര്യ, മതേതര രാഷ്ട്രമാക്കി എഴുതിവച്ചത് അദ്ദേഹത്തിന്റെ കഴിവാണ്, അതും പാകിസ്ഥാൻ വിഭജനം, കശ്മീർ ആക്രമണം പോലുള്ള ഏറ്റവും രക്തം തിളപ്പിക്കുന്ന സംഭവങ്ങൾ ഓർമ്മയിൽ നിൽക്കുന്ന അക്കാലത്ത്.
എനിക്ക് പക്ഷെ അംബേദ്‌കർ ഏറ്റവും പ്രിയപെട്ടവനാവുന്നത് വേറെ രണ്ടുകാര്യങ്ങൾ കൊണ്ടാണ്. അതിലൊന്ന് അദ്ദേഹം പാർലിമെന്റിൽ അവതരിപ്പിച്ച ഹിന്ദു കോഡാണ്. ഇന്ന് ഇന്ത്യയിൽ ഹിന്ദുകൾക്ക് നിവർന്നു നിന്ന് എന്റെ മതം ആധുനിക മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നു ചില കാര്യങ്ങളിൽ എങ്കിലും അഭിമാനത്തോടെ പറയാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ കാരണം മനുസ്‌മൃതിയല്ല, അംബേദ്കറാണ്, അദ്ദേഹം കൊണ്ടുവന്ന ഹിന്ദു കോഡ് ബില് ഇല്ലായിരുന്നെങ്കിൽ ഇന്നും ഇന്ത്യയിൽ ഹിന്ദു മതം അതിന്റെ ആചാരങ്ങൾ കൊണ്ട്, നൂറ്റാണ്ടുകൾ പിറകിൽ തന്നെ നിന്നേനെ. പേര് ഹിന്ദ് കോഡ് ബില് എന്നായിരുന്നു എങ്കിലും ഇസ്ലാം / ക്രിസ്ത്യൻ മതങ്ങൾ ഒഴിച്ചുള്ള സിഖ്, ജെയിൻ മതങ്ങൾ എല്ലാം ഈ നിയമത്തിനകത്ത് വന്നിരുന്നു.
1949 നവംബർ 26 നു കോൺസ്റ്റിറ്റ്ന്റ് അസ്സെംബ്ലി അംഗീകരിക്കുകയും, 1950 നവംബ൪ ഇരുപത്തി ആറിന് നിലവിൽ വന്നു ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി മാറുകയും ചെയ്തതിനു ശേഷം ഇന്ത്യൻ ഭരണാധികാരികളുടെ മുന്നിൽ വന്ന ഏറ്റവും വലിയ പ്രശ്നം പല മത,ജാതി, സംസ്കാരമായി വിഭജിച്ചു കിടക്കുന്ന ഇന്ത്യക്കാരുടെ സിവിൽ നിയമങ്ങൾ എങ്ങിനെ ഒരു കുടക്കീഴിൽ കൊണ്ടുവരും എന്നുള്ളതായിരുന്നു. ക്രിമിനൽ നിയമനാൽ ബ്രിട്ടീഷുകാർ ഒരേ നിയമത്തിൽ കീഴിൽ കൊണ്ടുവന്നിരുന്നു പക്ഷെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ സിവിൽ കാര്യങ്ങളിൽ അവർ കൈകടത്തിയില്ല.
അംബേദ്‌കർ കൊണ്ടുവന്ന ബിൽ അദ്ദേഹത്തിന്റെ ആധുനിക വീക്ഷണം പ്രകടമാക്കുന്ന ഒന്നായിരുന്നു. അതിലെ പ്രധാന നിർദ്ദേശങ്ങൾ ഇതായിരുന്നു.
1. ഒസ്യത്ത് എഴുതി വയ്ക്കാതെ മരിച്ച വ്യക്തിയുടെ സ്വത്തിനു വിധവയ്ക്കും മകൾക്കും മകന് തുല്യമായ പങ്ക് നീക്കിവയ്ക്കണം.
ഇന്ന് കേൾക്കുമ്പോൾ ഏറ്റവും സാധാരണമെന്ന് തോന്നുന്ന ഒരു കാര്യമാണിത്, പക്ഷെ അംബേദ്‌കർ ഇതവതരിപ്പിക്കുന്ന കാലത്ത് ഹിന്ദു സ്ത്രീകൾ വിധവകളായാൽ സ്വത്തിൽ പങ്കുണ്ടായിരുന്നില്ല, സാമൂഹ്യമായി ഒറ്റപെടുത്തുമായിരുന്നു. അതുപോലെ പെൺമക്കൾക്ക് സ്വത്തിൽ അവകാശം ഉണ്ടായിരുന്നില്ല. മകൻ ആയിരുന്നു എല്ലാം. അല്ലെങ്കിലും മനുസ്മ്രിതി സ്ത്രീവിരുദ്ധമാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. വിധവയ്ക്കും മകൾക്കും മകന് കിട്ടുന്ന അതെ സ്വത്തവകാശം കിട്ടണമെന്ന ആവശ്യം പ്രതീക്ഷിച്ച പോലെ കോൺഗ്രസ്സിൽ ഉൾപ്പെടെയുള്ള വലതുപക്ഷ ഹിന്ദു തീവ്രവാദികളുടെ രോഷത്തിനു കാരണമായി.
2. “അറപ്പുളവാക്കുന്ന രോഗം”, “നിഷ്ടൂരമായ പെരുമാറ്റം”, പരസ്ത്രീ സംസർഗം എന്നിവ ഉള്ള പുരുഷനിൽ നിന്ന് വിട്ടുകഴിയുന്ന ഭാര്യയ്ക്ക് ഭർത്താവ് ചിലവിനു കൊടുക്കണം.
അന്നുവരെ ഹിന്ദു മതത്തിൽ കേട്ടിട്ടില്ലാത്ത ഒന്നായിരുന്നു ഇതും. പല ജാതികളിലും ബഹു ഭാര്യത്വം സർവ്വസാധാരണമായിരുന്നു. യാജ്ഞവല്ക്യസ്മ്രിതിയിൽ ബഹുഭാര്യത്വം അനുവദിക്കുന്നുണ്ട് എന്നത് കൊണ്ട് ഇത് നൂറ്റാണ്ടുകളായുള്ള ഹിന്ദു ആചാരങ്ങൾക്ക് മേലുള്ള അംബേദ്കറുടെ കുതിരകയറ്റമാണെന്നു 1949 ഡിസംബർ 11 നു രാംലീല മൈതാനിയിൽ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ ആർ എസ് എസ് പ്രഖ്യാപിച്ചു, ഇപ്പോൾ മുതലാഖ് ബില്ലിന്റെ പേരിൽ മുസ്‌ലിം സ്ത്രീകളെ വിമോചിപ്പിച്ചു എന്നവകാശപ്പെടുന്ന അതെ ആളുകൾ. വിട്ടുകഴിയുന്ന ഭാര്യയ്ക്ക് ചിലവിനു കൊടുക്കുന്നതെല്ലാം അവർ ആറുവരെ കേട്ടിട്ടുകൂടിയില്ലാത്ത കാര്യങ്ങളായിരുന്നു.
3. വിവാഹം നടക്കുമ്പോൾ ജാതി , ഉപജാതി എന്നിവയുടെ നിയമങ്ങൾ റദ്ധാക്കണം. ഹിന്ദുക്കൾക്കിടയിൽ എല്ലാ വിവാഹവും ഒരേ തരാം നിയമപദവി ആയിരിക്കും. വിജാതീയ വിവാഹം അനുവദനീയമാണ്. ഇതിൽ ഏതെങ്കിലും ജാതിയുടെ ആചാരം അനുസരിച്ച്
ജാതി ഏതാണ്ട് മൂന്നു നൂറ്റാണ്ടുകളായി ഇന്ത്യയിലെ സമൂഹത്തെ പരസ്പരം ഇടകലരാതെയുള്ള മൈക്രോ സൊസൈറ്റികൾ ആയി നിർത്താൻ കാരണം തന്നെ ജാതി മാറിയുള്ള വിവാഹങ്ങൾ നടക്കാൻ അനുവദിക്കാത്തത് കൊണ്ടാണ്. ഇങ്ങിനെയുള്ള ഒരു സമൂഹത്തിലേക്ക് ഇതുപോലെ ഒരു നിയമം കൊണ്ടുവരാൻ അംബേദ്കറിന് ചെറിയ ധൈര്യം ഒന്നും പോര. “ഉന്നത”കുലജാതരായ ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ അംബേദ്‌കർ ക്രിസ്ത്യാനികളുടെ പണം വാങ്ങി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ദുഷ്പ്രചാരണം നടത്തിയതിൽ അതിശയിക്കാനില്ല. ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും വേരുപിടിച്ചിരിക്കുന്ന ഒന്നാണ് ജാതി ഭ്രാന്ത്.
ഈ നിയമം അംബേദ്‌കർ മുന്നോട്ട് വയ്ക്കാനുള്ള കാരണം അറിയണണമെങ്കിൽ അദ്ദേഹം 1936 ൽ നടത്താൻ ഉദ്ദേശിച്ചിരുന്നതും, പല ഭാഗത്തു നിന്നുള്ള എതിർപ്പുകൾ മൂലം നടക്കാതെ പോയതുമായ അദ്ദേഹത്തിന്റെ ലോക പ്രശസ്തമായ “ജാതി ഉന്മൂലനം” എന്ന അതുഗ്രൻ പ്രസംഗം വായിക്കണം. അതിന്റെ അവസാനം ഇന്ത്യയിലെ ജാതി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ഒരേ വഴി ജാതി മാറിയുള്ള വിവാഹമാണെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്.
അദ്ദേഹം കൊണ്ടുവന്നതിൽ പ്രായോഗികമായി നടക്കാതെ പോയ ഒന്ന് ഈ പോയിന്റാണ്. അധികമാരും ഇന്നും മിശ്രജാതി വിവാഹം കഴിച്ചു കാണുന്നില്ല.
4. ഏതു പങ്കാളിക്കും ക്രൂരത, വിവാഹബാഹ്യബന്ധം, ഭേദമാക്കാനാവാത്ത രോഗം ഇത്യാദി കാരണങ്ങളാൽ വിവാഹമോചനം നടത്താം.
അന്നുവരെ ഹിന്ദു സമൂഹത്തിൽ വിവാഹ മോചനം എന്നൊരു സംഭവം കേട്ടിട്ടുകൂടിയില്ലായിരുന്നു. അത് നിയമപരം ആകുന്നത് തങ്ങളുടെ സംസ്കാരത്തിന്റെ നശിപ്പിക്കും എന്നവർ തീവ്ര വലതു പക്ഷ ഹിന്ദുക്കൾ ഉറച്ചു വിശ്വസിച്ചു.
5. ഏകഭാര്യ വ്രതം നിർബന്ധമാക്കുക.
പലരും പറഞ്ഞാൽ വിശ്വസിക്കില്ല. അന്നത്തെ കാലത്ത് മുസ്ലിങ്ങളേക്കാൾ ഏറിയോ അല്ലെങ്കിൽ അവരോടൊപ്പമോ തന്നെ ബഹുഭാര്യത്വത്തെ ഉണ്ടായിരുന്ന മതം ആയിരുന്നു ഹിന്ദുമതം. ബ്രാഹ്മണന്മാരുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാർ ഏതൊക്കെ ജാതിയിൽ നിന്നാവാം എന്നുവരെ മനുസ്മ്രിതി പറഞ്ഞു വയ്ക്കുന്നുണ്ട്.
6. വ്യത്യസ്ത ജാതികളിലെ കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം.
മേൽപ്പറഞ്ഞ എല്ലാം ഇന്ന് ഹിന്ദു മതത്തെ ആധുനിക മൂല്യങ്ങൾ പിന്തുടരുന്ന മതമായി കണക്കാക്കാനുള്ള അളവുകോലുകൾ ആണെങ്കിൽ, ഇതവതരിപ്പിച്ച സമയത്ത് അംബേദ്കറിന് ഹിന്ദു സമൂഹത്തിൽ നിന്ന് വളരെയധികം എതിർപ്പുകൾ നേരിടേണ്ടിവന്നു. ദ്വാരക ശങ്കരാചാര്യർ ഇതിനെതിരെ ലേഖനം എഴുതി. ഹിന്ദു ധര്മശാസ്ത്ര പ്രകാരം ഹിന്ദു സ്ത്രീക്ക് സ്വത്തിലെ എട്ടിൽ ഒന്നേ അവകാശമുള്ളൂ എന്ന് മറ്റു ചിലർ വാദിച്ചു. പ്രത്യക്ഷമായി എതിർത്തത് ആർ എസ് എസ് ആയിരുന്നെങ്കിൽ, ഉൾവെട്ടു വെട്ടിയത് കോൺഗ്രസ് തന്നെയായിരുന്നു.
കോൺഗ്രസിലെ ഹിന്ദു തീവ്ര പക്ഷപാതികൾ പട്ടേലും രാജേന്ദ്ര പ്രസാദും ആയിരുന്നു. ഹിന്ദു ബിൽ വരാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് പട്ടേൽ രാജേന്ദ്രപ്രസാദിനോട്, തല്ക്കാലം പബ്ലിക് ആയി ഒന്നും പറയരുതെന്ന് നിർദ്ദേശിച്ചു. അടുത്ത് നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാജേന്ദ്രപ്രസാദിന് അവസരം ഒരുക്കമായിരുന്നു അത്.
പാർലമെന്റിലും പുറത്തും ഈ ബില്ലിനെതിരെ ഇത്രയും ആക്രോശം ഉയരുമെന്ന് നെഹ്രുവും കരുതിക്കാണില്ല. നെഹ്രുവിന്റെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ചും മനം മടുത്തും അംബേദ്‌കർ രാജിവച്ചു. ബില് പാർലിമെന്റ് പാസ്സാക്കിയിരുന്നെങ്കിലും രാജേന്ദ്രപ്രസാദ് അത് തിരിച്ചയക്കാൻ ഒരു സാധ്യതയും ഉണ്ടായിരുന്നു.
1952ലെ തെരഞ്ഞെടുപ്പിന് ശേഷം വൻഭൂരിപക്ഷം കിട്ടിയ നെഹ്‌റു ഒരു കളി കളിച്ചു. അപ്പോഴേക്കും അദ്ദേഹം കോൺഗ്രസിലെ അനിഷ്യേധ്യ നേതാവായിക്കഴിഞ്ഞിരുന്നു. അംബേദ്‌കർ അവതരിപ്പിച്ച കാര്യങ്ങൾ ഒരു വലിയ ബില് ആയിട്ടല്ലാതെ ചെറിയ ചെറിയ ബില്ലുകളായി അദ്ദേഹം പാർലിമെന്റിൽ പാസ്സാക്കിയെടുത്തു. 1954 – 56 താൻ അവതരിപ്പിച്ച ബില്ലിലെ കാര്യങ്ങൾ എല്ലാം ഓരോന്നായി പാസ്സാവുന്നത് അംബേദ്‌കർ കണ്ടു. ഇത് കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് ശേഷം 1956 ഡിസംബറിൽ അംബേദ്‌കർ അന്തരിച്ചു.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യംകൂടി. ഇന്ത്യയിൽ ഹിന്ദുക്കളുടെ നിയമം മാത്രമല്ല ഇതുപോലെ മാറ്റണം എന്ന് അംബേദ്കറും നെഹ്രുവും കരുതിയത്, ഇന്ത്യയിലെ ഓരോ പൗരന്റെയും സിവിൽ നിയമങ്ങൾ ഏകീകൃതം ആക്കണം എന്നത് അവരുടെ ആഗ്രഹമായിരുന്നു. പക്ഷെ മുസ്‌ലിം സമൂഹത്തിനകത്ത് അംബേദ്കറെ പോലുള്ള ഒരാൾ ഉണ്ടായിരുന്നില്ല. മാത്രമല്ല വിഭജനത്തിനു ശേഷം മറ്റൊരു പ്രശനം ഉടനെ അവരിൽ അടിച്ചേൽപ്പിക്കേണ്ടതില്ല എന്ന് ഒരു പക്ഷെ നെഹ്‌റുവിനെ പോലുള്ളവർ ചിന്തിച്ചു കാണണം.
പക്ഷെ സ്വാതന്ത്ര്യം കിട്ടി ഇത്ര നാളായിട്ടും ഇന്ത്യൻ മുസ്ലിങ്ങളുടെ സിവിൽ നിയമങ്ങൾ ആധുനികവത്കരിച്ചിട്ടില്ല എന്നത് ഒട്ടും ആശാവഹമല്ല. മതമല്ല ആധുനിക മൂല്യങ്ങളാണ് ഒരു രാജ്യത്തെ പ്രജകളുടെ നിയമങ്ങളെ അടിസ്ഥാനം അയക്കേണ്ടത്. അതിന് ഇന്ത്യയിലെ മുസ്ലിങ്ങൾ തന്നെ മുന്നോട്ടു വരണം. ഇന്നത്തെ ഹിന്ദു അഭിമാനത്തോടെ തങ്ങളുടെ സിവിൽ നിയമങ്ങൾ ആധുനികമാണെന്ന് നെഞ്ചുനിവർത്തി പറയാൻ കടപ്പെട്ടിരിക്കുന്നത് അംബേദ്കറിനോടാണെങ്കിൽ, നാളത്തെ ഇന്ത്യൻ മുസ്ലിം അതുപോലെ ചെയ്യാൻ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നാലോചിക്കണം.
*അംബേദ്കറെ ഇഷ്ടപെടാനുള്ള രണ്ടാമത്തെ കാര്യം ഞാൻ മേല്പറഞ്ഞ അദ്ധേഹത്തിന്റെ ജാതി ഉന്മൂലനം എന്ന നടക്കാതെ പോയ പ്രസംഗമാണ്. അതിനെകുറിച്ച് വേറെയൊരു ദിവസം വിശദമായി എഴുതാം, പ്രത്യേകിച്ച് ജാതിയുടെ അടിസ്ഥാനത്തിൽ കുറെ ഡി എൻ എ പഠനങ്ങൾ നടക്കുന്ന ഈ സമയത്ത്.
ഓർത്തു നോക്കുമ്പോൾ വായിക്കാൻ വൈകിപോയ വലിയൊരു പുസ്തകമാണ് അംബേദ്‌കർ. എല്ലാവരും ഇനിയും തുടർച്ചായി നിലത്ത് വയ്ക്കാതെ വായിച്ചുകൊണ്ടേയിരിക്കേണ്ട ഒരു പുസ്തകം.

നസീർ ഹുസൈൻ കിഴക്കേടത്ത് ,ന്യൂ ജേഴ്സി