ഫാസിസത്തിന് എതിരെ തുടർച്ചയായി പൊരുതികൊണ്ടേ ഇരിക്കണം (നസീർ ഹുസൈൻ കിഴക്കേടത്ത് ,ന്യൂജേഴ്സി)

sponsored advertisements

sponsored advertisements

sponsored advertisements


13 April 2022

ഫാസിസത്തിന് എതിരെ തുടർച്ചയായി പൊരുതികൊണ്ടേ ഇരിക്കണം (നസീർ ഹുസൈൻ കിഴക്കേടത്ത് ,ന്യൂജേഴ്സി)

ഒരു ഇലക്ട്രിക്ക് കസേരയിൽ നിങ്ങളെ ഇരുത്തിയിരിക്കുന്നു എന്ന് കരുതുക. ഓരോ പത്ത് മിനിട്ടിലും നിങ്ങൾക്ക് ഈ കസേരയിലൂടെ, രണ്ടു സെക്കന്റ് നീണ്ടുനിൽക്കുന്ന, മരണകാരണം ആകാത്ത എന്നാൽ ഒട്ടും സുഖപ്രദമല്ലാത്ത ഒരു ഇലക്ട്രിക്ക് ഷോക്ക് ലഭിക്കും എന്നും കരുതുക. എന്നാൽ നിങ്ങളുടെ കയ്യെത്തും ദൂരത്ത് ഈ കസേരയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള ഒരു സ്വിച്ച് ഉണ്ടെങ്കിൽ നിങ്ങളിൽ ആരെങ്കിലും ആ സ്വിച്ച് ഓഫ് ആക്കാതെ ഇരിക്കുമോ?
ഇല്ല എന്നും, അങ്ങിനെ ഓഫാക്കാതെ ഇരിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ അത്രയ്ക്ക് മണ്ടനായ ഒരാളായിരിക്കണം എന്നും ആണ് നിങ്ങൾ കരുതുന്നതെങ്കിൽ , ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴിൽ അമേരിക്കൻ മനഃശാസ്ത്രഞ്ജന്മാരായ മാർട്ടിൻ സെലിഗ്മാനും സ്റ്റീവൻ മേയറും നടത്തിയ ഒരു പരീക്ഷണത്തെ കുറിച്ച് കേൾക്കുക.
രണ്ടു കൂട്ടം നായകളെയാണ് അവർ ഈ പരീക്ഷണത്തിന് ഉപയോഗിച്ചത്. ഒരു കൂട്ടത്തെ ഓരോ പത്ത് മിനിട്ടിലും കുറച്ച് സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന ഇലക്ട്രിക്ക് ഷോക്ക് കിട്ടുന്ന ഒരു കൂട്ടിൽ ഇട്ടു. അവർക്ക് ഇലക്ട്രിക്ക് ഷോക്ക് കിട്ടുമെങ്കിലും അത് നിയന്ത്രിക്കാനോ, ആ കൂട്ടിൽ നിന്ന് പുറത്തേക്ക് പോകാനോ മാർഗ്ഗമില്ലായിരുന്നു. മറ്റൊരു ഗ്രൂപ്പ് നായകളെ ഇതുപോലെ തന്നെ ഇടയ്ക്കിടക്ക് ഇലക്ട്രിക്ക് ഷോക്ക് ലഭിക്കുന്ന കൂട്ടിലിട്ടു , പക്ഷെ അവർക്ക് തോന്നുമ്പോൾ വേറേ ഷോക്ക് ഏൽക്കാത്ത ഒരു കൂട്ടിലേക്ക് പോകാനായി ഒരു വാതിൽ ഈ കൂട്ടിനുണ്ടായിരുന്നു.
സ്വാഭാവികമായും ആദ്യത്തെ കൂട്ടിലെ ആദ്യമായി ഷോക്ക് ലഭിച്ചപ്പോൾ അതിൽ നിന്ന് രക്ഷപെടാനുള്ള വഴികൾ നോക്കി. പക്ഷേ രക്ഷപെടാൻ ഒരു മാർഗമില്ല എന്ന് കണ്ടപ്പോൾ കുറച്ച് ദിവസങ്ങൾക്കകം തന്നെ പട്ടികൾ ഷോക്ക് ലഭിച്ചാലും ഒന്നും ചെയ്യാൻ ആകാതെ അത് തങ്ങളുടെ വിധിയായി കരുതി ജീവിക്കാൻ തുടങ്ങി. രണ്ടാമത്തെ കൂട്ടിലെ പട്ടികൾ മറ്റൊരു കൂട്ടിലേക്ക് ചാടി മാറിയാൽ ഷോക്ക് ലഭിക്കില്ല എന്ന് അനുഭവിച്ച് അറിഞ്ഞതോടെ, കുറച്ച് ദിവസം കൊണ്ട്, ആദ്യത്തെ കൂട്ടിൽ നിന്ന് രണ്ടാമത്തെ കൂട്ടിലേക്ക് രക്ഷപെടാനുള്ള മാർഗം കണ്ടെത്തി. ആദ്യത്തെ കൂട്ടിൽ ഷോക്ക് നൽകുന്ന സമയത്ത് നായകൾ അടുത്ത കൂട്ടിലേക്ക് മാറി.
യഥാർത്ഥ പരീക്ഷണം ഇനിയാണ് ആരംഭിക്കുന്നത്. കുറച്ചു നാൾ കഴിഞ്ഞ് മേല്പറഞ്ഞ രണ്ടു ഗ്രൂപ്പ് നായകളെയും ഒരുമിച്ച് കൂടുതൽ വലിയ മൂന്നാമത് ഒരു കൂട്ടിലേക്ക് മാറ്റി. ഈ കൂട് മുകളിൽ രണ്ടാമത് പറഞ്ഞ പോലെ ഓരോ പത്തു മിനിറ്റിലും ഇലക്ട്രിക്ക് ഷോക്ക് ലഭിക്കുന്ന എന്നാൽ അതിന്റെ തൊട്ടടുത്ത ഇലക്ട്രിക്ക് ഷോക്ക് ലഭിക്കാത്ത ഒരു കൂട്ടിലേക്ക് ചാടി മാറാവുന്ന തരത്തിലുള്ള ഒരു കൂടായിരുന്നു. മേല്പറഞ്ഞ ആദ്യത്തെയും രണ്ടാമത്തെയും കൂട്ടിൽ നിന്ന് മൂന്നാമത്തെ കൂട്ടിലേക്ക് മാറ്റിയ നായകളുടെ സ്വഭാവം വളരെ വ്യത്യസ്‍തമായിരുന്നു.
പുതിയ കൂട്ടിൽ ഇലക്ട്രിക്ക് ഷോക്ക് ലഭിക്കുന്ന മുറയ്ക്ക് മുകളിൽ പറഞ്ഞ രണ്ടാമത്തെ കൂട്ടിലെ പട്ടികൾ ലക്ര്ടിക് ഷോക്ക് ലഭിക്കാത്ത കള്ളിയിലേക്ക് ചാടി മാറി രക്ഷപെട്ടു. പക്ഷെ തങ്ങൾക്ക് ചാടി മാറാൻ അവസരം ഉണ്ടായിട്ട് കൂടി ആദ്യത്തെ കൂട്ടിൽ ഉണ്ടായിരുന്ന പട്ടികൾ ഇലക്ട്രിക്ക് ഷോക്ക് ഇല്ലാത്ത കൂട്ടിലേക്ക് മാറാൻ ശ്രമിച്ചില്ല. ആദ്യത്തെ കൂട്ടിലെ അനുഭവം വച്ച് അവരുടെ മനസ്സിൽ ഇതിൽ നിന്ന് തങ്ങൾക്ക് ഒരിക്കലും രക്ഷപെടാൻ കഴിയില്ല എന്ന ബോധം മനസ്സിൽ ഉറച്ച് കഴിഞ്ഞിരുന്നതാണ് ഈ വിചിത്ര സ്വഭാവത്തിനു കാരണം. പഠിച്ചെടുക്കുന്ന നിസഹായത എന്നോ മറ്റോ മലയാളത്തിൽ പറയാവുന്ന , learned helplessness എന്ന പ്രതിഭാസം ആണിത്. ഇത് മനുഷ്യരിലും ബാധകമാണ്.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം സ്കൂളുകളിൽ മുൻപ് അദ്ധ്യാപകരുടെ അടി കിട്ടിയിരുന്ന കുട്ടികളാണ്. അവർ ആദ്യം മാതാപിതാക്കളോട് പരാതി പറയുമെങ്കിലും, നീ എന്തെങ്കിലും കുരുത്തക്കേട് കാണിക്കാതെ ടീച്ചർ നിന്നെ അടിക്കില്ല എന്ന മറുപടി മാതാപിതാക്കളിൽ നിന്ന കേൾക്കുന്ന കുട്ടികൾ പിന്നെ അദ്ധ്യാപകർ എന്തൊക്കെ ചെയ്താലും വീട്ടിൽ പരാതിപ്പെടാൻ പോകാറില്ല.
ഇക്കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കാര്യവും ഇത് തന്നെയാണ്. ഭർത്താവിന്റെ വീട്ടിലെ പീഡനത്തെ കുറിച്ച് പല തവണ വീട്ടിൽ പരാതി പറഞ്ഞു കഴിഞ്ഞും ഫലമില്ലാതെ വന്നപ്പോൾ ഇനി ഒരിക്കലും ഒന്നും ശരിയാകാൻ പോകുന്നില്ല എന്ന സ്ഥിതിയിൽ ആത്മഹത്യാ തിരഞ്ഞെടുക്കുന്ന സ്ത്രീകളും, അങ്ങിനെയുള്ള ജീവിതം തങ്ങളുടെ വിധിയാണെന്ന് കരുതി ദുരിത ജീവിതം തുടരുന്ന സ്ത്രീകളും അനേകമുണ്ട്. ചിലർക്കെങ്കിലും പുറത്തു ജോലി കിട്ടി കഴിഞ്ഞോ മറ്റോ അതിൽ നിന്ന് ഒരു മോചനം ലഭിക്കാം, പലരും ഒരു മോചനത്തിന് അവസരമുണ്ട് എന്ന് തന്നെ മനസിലാകാതെ പോകുന്നു.
മനുഷ്യനേക്കാൾ ഇത്രമാത്രം ശാരീരിക ബലമുള്ള ആനകളെ വെറും ഒരു തോട്ടി കൊണ്ട് മനുഷ്യൻ നിയന്ത്രിച്ചു കൊണ്ട് നടക്കുന്നതും, പരിശീലനത്തിന്റെ ഭാഗമായി ആ പാവത്തിനെ വളരെയധികം ഉപദ്രവിക്കുന്നത് അതിന്റെ ഓർമയിൽ ഉള്ളത് കൊണ്ടാണ്. എന്തൊക്കെ ചെയ്താലും ഈ ചങ്ങലയിൽ നിന്ന് രക്ഷയില്ല എന്ന് പരിശീലിപ്പിച്ച ആനകൾ അതിനു അവസരമുണ്ടെങ്കിൽ പോലും ഒരു തോട്ടി ചാരി വച്ചാൽ നിർത്തിയിടത്ത് നില്കുന്നത് കാണാം.
ഇപ്പോൾ അഫ്ഗാനിസ്ഥാനിലും മറ്റും താലിബാനെ പോലുള്ള ഭീകര സംഘടനകൾ സ്ത്രീകളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതും , പഠനം തടയുന്നതുമെല്ലാം ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ്. ഇവർ ചില പ്രദേശങ്ങളിൽ അധികാരം പിടിച്ചെടുത്ത സമയത്ത് തന്നെ പാകിസ്താനിലെ മലാല യൂസഫ്സായ് എന്ന പെൺകുട്ടിയെ തലയിൽ വെടിവെച്ചു പരിക്കേല്പിച്ചത് ഓർക്കുക. മറ്റു പെൺകുട്ടികൾക്ക് നൽകിയ ഒരു താക്കീത് ആയിരുന്നു അത്.
വെറും എട്ടു ലക്ഷം ബ്രിട്ടീഷുകാർ, ഇന്ത്യയിൽ അന്നുണ്ടായിരുന്ന 35 കോടി ജനങ്ങളെ എങ്ങിനെ ഭരിച്ചു എന്ന് നോക്കിയാലും അടിസ്ഥാനപരമായി ഒരു സമൂഹത്തിനെ ആദ്യത്തെ എതിർപ്പ് വരുന്ന സമയത്തൊക്കെ അതി രൂക്ഷമായി അടിച്ചമർത്തിയാൽ പിന്നീട് ആ സമൂഹം പ്രതികരിക്കില്ല എന്നും, പിന്നെ ആ സമൂഹത്തെ ഇതിൽ നിന്ന് ഒരു മോചനം സാധ്യമാണ് എന്ന് കാണിക്കാൻ , ഗാന്ധിയോളം, മതവും മനസും ശരീരവും വസ്ത്രവും ഉപയോഗിച്ച് അനേകം സാമൂഹിക പരീക്ഷണങ്ങൾ നടത്തിയ ഒരാൾ വേണ്ടി വന്നു.
ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സ്ഥിതിയിൽ ഇതേകാര്യമാണ് സംഭവിക്കുന്നത്. ബിജെപി , ആർഎസ്എസ് നേതൃത്വത്തിൽ എന്തൊക്കെ അക്രമങ്ങൾ നടത്തിയാലും അതിലൊന്നും പൊലീസോ കോടതിയോ ഇടപെടില്ല എന്നൊരു തോന്നൽ ഇപ്പോൾ തന്നെയുണ്ട്. രണ്ടായിരത്തി എട്ടിൽ നടന്ന മാലിഗോൺ ബോംബ് സ്ഫോടന പ്രതി പ്രഗ്യ സിംഗ് താക്കൂർ ഇപ്പൊൾ പാർലിമെന്റ് അംഗവും ഇന്ത്യയുടെ പാർലിമെന്റ് പ്രതിരോധ രംഗത്തെ ഉപദേശ കമ്മിറ്റ് അംഗവുമാണ്. എന്നാൽ മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം രാമാനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു എന്നാരോപിപിക്കപെട്ട നാൽപ്പത്തിയഞ്ച് പേരുടെ വീടുകൾ മധ്യപ്രദേശ് സർക്കാർ ഇന്നലെ തന്നെ ഇടിച്ചു നിരപ്പാക്കിയിട്ടുണ്ട്. കോടതിയോ തെളിവോ വിചാരണയോ ഒന്നും കൂടാതെ തന്നെ. ഇവർ എല്ലാവരും ഏതു മതത്തിൽ പെട്ടവരാണെന്നു പ്രത്യകം പറയേണ്ട കാര്യമില്ലല്ലോ. ഗുജറാത്തിലെ നരോദ പാട്യ കലാപക്കേസിൽ ഗുജറാത്ത് പോലീസ് തന്നെ വധശിക്ഷ നൽകണം എന്നാവശ്യപ്പെട്ട , വിചാരണ കോടതി ഇരുപത്തിയെട്ടു വർഷം ശിക്ഷ വിധിച്ച മായാ കോഡ്‌നാനി ഗുജറാത്ത് ഹൈക്കോടതി വഴി കുറ്റവിമുക്തി നേടി പുറത്താണ്. ശിക്ഷിച്ച കാലത്ത് തന്നെ ജാമ്യം നേടി മുഴുവൻ സമയവും പുറത്തായിരുന്നു അവർ. അതേസമയം 1998 ലെ കോയമ്പത്തൂർ സ്ഫോടന കേസിലും ബാംഗ്ലൂർ സ്ഫോടന കേസിലും കുറ്റാരോപിതനായ അബ്ദുൽ നാസർ മദനി അനേകം വർഷങ്ങളായി ജയിലിലാണ്. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം, പക്ഷെ പതിറ്റാണ്ടുകളായി ചില കുറ്റാരോപിതർ ജയിലിൽ താമസിപ്പിക്കുന്നതും, മറ്റുള്ളവരെ കുറ്റം തെളിഞ്ഞ അവസ്ഥയിൽ പോലും പുറത്തു വിടുന്നതുമാണ് ഇപ്പോൾ നമ്മൾ കണ്ടുവരുന്നത്. നിങ്ങളുടെ മതവും രാഷ്ട്രീയ ബന്ധങ്ങളുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
കുറെയധികം ഇത്തരം വാർത്തകൾ കണ്ടു കഴിഞ്ഞ്, ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന നിലയിലേക്ക് ഭാരതത്തിലെ ജനാതിപത്യ വിശ്വാസികൾ എത്തിക്കഴിഞ്ഞു എന്നാണ് എന്റെ പേടി. ചെറുത്ത് നിൽപ്പ് തുടർച്ചയായി നടന്നില്ലെങ്കിൽ നമ്മളും മേല്പറഞ്ഞ learned helplesness എന്ന അവസ്ഥയിലേക്ക് വീണുപോകും.
ഫാസിസത്തിന് എതിരെ തുടർച്ചയായി പൊരുതികൊണ്ടേ ഇരിക്കണം. അല്ലെങ്കിൽ നമ്മൾ ഒരു കലാപത്തിൽ തന്റെ അടുത്തുള്ള ഇതര മതസ്ഥന്റെ കട കത്തി പോയിട്ടും നിസ്സംഗനായി നോക്കിയിരിക്കുന്നവരായി മാറിപോകും.

നസീർ ഹുസൈൻ കിഴക്കേടത്ത് ,ന്യൂജേഴ്സി