നിങ്ങളുടെ മതവിശ്വാസം നിങ്ങളുടെ മൂക്കിൻ തുമ്പത്ത് അവസാനിക്കട്ടെ (നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂജേഴ്‌സി )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 May 2022

നിങ്ങളുടെ മതവിശ്വാസം നിങ്ങളുടെ മൂക്കിൻ തുമ്പത്ത് അവസാനിക്കട്ടെ (നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂജേഴ്‌സി )

പണ്ടെനിക്ക്‌ ഒരു കല്യാണ ആലോചന വന്നിരുന്നു. പെൺകുട്ടിയുടെ കുടുംബക്കാർ മുടി വെട്ടുന്ന “ഒസ്സാൻ” ജാതിയാണെന്നും പറഞ്ഞു എന്റെ ഉമ്മ ഞാൻ പോലുമറിയാതെ ആ ആലോചന മുക്കി.
മറ്റ് പല ജാതിമതങളിൽ ഉള്ളവരുമായി ഇടപഴകി ജീവിച്ച ആളാണ് സ്വന്തം മകൻ്റെ കാര്യം വന്നപ്പോൾ മതത്തിലെ ജാതി നോക്കിയത് എന്ന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. അത്രയ്ക്ക് ആഴത്തിൽ സമൂഹത്തിൽ പതിഞ്ഞ ഒന്നാണ് മനുഷ്യൻ്റെ ജാതി എന്ന ആദിമ ഗോത്ര വർഗ്ഗ സ്വഭാവം. ദാരിദ്ര്യത്തിൽ ആണ് ജീവിതം എങ്കിലും വിവാഹത്തിൽ ജാതി വിവേചനം നല്ലപോലെ നടപ്പിലാക്കുന്നവരാണ് മത വ്യത്യാസമില്ലാതെ മലയാളികളിൽ ഭൂരിപക്ഷവും.
ഇതുപോലെ, ജാതിയില്ലാത്ത സാഹോദര്യം പറയുന്ന ഇസ്ലാമിൽ, നബിയുടെ കുടുംബക്കാരെന്നു പറഞ്ഞു, സ്വന്തം “ജാതിയിൽ” പെട്ട തങ്ങൾമാരെ മാത്രം വിവാഹം കഴിച്ചു വംശ ശുദ്ധി കാക്കുന്ന (endogamy) മുസ്ലിങ്ങളും , ഹിന്ദു മതത്തിലെ ജാതി വിവേചനം കാരണം ഇസ്ലാമിലേക്ക് മാറിയ മുസ്ലിങ്ങളും ഒരേപോലെയുള്ള വിരോധാഭാസം ഇന്ത്യയിലെ ഇസ്ലാമിൽ കാണാം. കേരളത്തിലെ ചില രാഷ്ട്രീയപാർട്ടികളുടെ നേതാവാകാനുള്ള യോഗ്യത തന്നെ ഇത്തരം ജാതികളിൽ പെട്ട ഒരാളാവുക എന്നതാണ്.
ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഒരു മുസ്ലിം പെൺകുട്ടിയെ പ്രണയവിവാഹം ചെയ്ത ഒരു ദളിത് യുവാവിനെ പെൺകുട്ടിയുടെ ആങ്ങളയും സംഘവും വെട്ടിക്കൊലപ്പെടുത്തി. ദളിത് ആയ നാഗരാജു വിവാഹം കഴിച്ചത് ഇതുപോലെ ഒരു “ഉയർന്ന” ജാതി മുസ്ലിം പെൺകുട്ടിയായ സയ്യിദ് അശ്രിൻ സുൽത്താന എന്ന പെൺകുട്ടിയെയാണ്. അഭിമാന കൊലപാതകത്തിന് വേറെ കാരണം എന്തെങ്കിലും വേണോ? മുസ്ലിം ആയ തൻ്റെ കാമുകിയെ വിവാഹം കഴിക്കാൻ ഇസ്ലാം മതത്തിലേക്ക് മാറാൻ പോലും തയ്യാറായിരുന്ന ആളായിരുന്നു നാഗരാജൂ, അത് നടക്കാതെ വന്നപ്പോൾ അര്യസമാജം വഴിയാണ് ഇവർ വിവാഹിതരായത്.
എന്തുകൊണ്ടായിരിക്കും ഒരു മതത്തിലെ ആൺകുട്ടികൾ വേറെ മതത്തിൽ നിന്ന് പെൺകുട്ടിയെ കല്യാണം കഴിച്ചാൽ അത് വലിയ പ്രശ്‌നമായി കണക്കാക്കാത്തവർ നമ്മുടെ മതത്തിലെ പെൺകുട്ടികളെ വേറെ മതത്തിലെ ആൺകുട്ടികൾ വിവാഹം കഴിയുമ്പോൾ നമ്മുടെ തന്നെ സഹോദരിമാരെയും അവരുടെ പങ്കാളികളെയും വെട്ടിക്കൊലപ്പെടുത്താൻ ഒരുമ്പെട്ടിറങ്ങുന്നത്?
പെൺകുട്ടികളെ ഒരു “commodity” ആയി കണക്കാക്കുന്ന പഴയ ഗോത്ര സ്വഭാവം വ്യക്തമായി നമുക്കിതിൽ കാണാൻ കഴിയും. മലയാളത്തിൽ “ചരക്ക്” എന്നത് പെൺകുട്ടികളെ പണ്ട് കളിയാക്കാൻ ആൺകുട്ടികൾ ഉപയോഗിച്ചിരുന്ന ഒരു വാക്കാണ്‌, ഇന്നത്തെ കഥ എനിക്കറിയില്ല.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നായാണ് കൃഷി കണക്കാക്കപെടുന്നത്. അതുവരെ ഭക്ഷണത്തിനായി കായ്കനികൾ പെറുക്കിയും നായാടിയും പല നാട്ടിലായി നടന്നുകൊണ്ടേയിരുന്ന മനുഷ്യ ഗോത്രങ്ങൾ ഒരു സ്ഥലത്തു സ്ഥിരതാമസം ആക്കിയതും , അധികമായി വന്ന ഭക്ഷ്യ വസ്തുക്കൾ ചില ജോലികളിൽ സ്‌പെഷലൈസ് ചെയ്യാനായി ആളുകളെ പ്രാപ്തരാക്കുകയും ചെയ്തതാണ് മനുഷ്യന്റെ ഇന്നുവരെയുള്ള മുന്നേറ്റത്തിന്റെ ആദ്യ പടി.
പക്ഷെ ഇതൊക്കെ നടക്കുന്നതിനു മുൻപ് ഒരു വലിയ മുന്നേറ്റം മനുഷ്യകുലത്തിനുണ്ടായിട്ടുണ്ട്, ഇപ്പോൾ പറയുമ്പോൾ ചെറുതായി തോന്നാമെങ്കിലും. പണ്ട് രണ്ടു ഗോത്രങ്ങൾ തമ്മിൽ കാണുമ്പോൾ പലപ്പോഴും അതൊരു അക്രമത്തിലാണ് കലാശിക്കുക. പരസ്പരം കൊന്നു ഭക്ഷണം തട്ടിയെടുക്കുന്ന, ചിലപ്പോൾ കൊന്നു മനുഷ്യ ഇറച്ചി തന്നെ ഭക്ഷിക്കുന്ന ( Cannibalism ) ഒരു ചരിത്രം മനുഷ്യർക്ക് ഉണ്ട്. ഒരു ഗോത്രത്തിലെ ഒരംഗത്തെ മറ്റൊരു ഗോത്രത്തിലെ ഒരാൾ കൊന്നാൽ, അയാളെ തിരികെ കൊല്ലാനും, അല്ലെങ്കിൽ അയാളുടെ ബന്ധത്തിൽ പെട്ട ഒരാളെ തട്ടിയെടുക്കാനും കൊല്ലാനും ഉള്ള അവകാശം തന്നെ ഗോത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഉണ്ടായിരുന്നു.
ചോരക്ക് ചോര എന്നതായിരുന്നു നിയമം. മോഷ്ടാവിൻ്റെ കൈ വെട്ടുന്നതും, കൊലപാതക കുറ്റം ചെയ്ത ആളെ തല വെട്ടുന്നതും ,പണ്ട് കേരളത്തിൽ ഉണ്ടായിരുന്ന പോലെ രണ്ട് കാലുകളിൽ കയർ ബന്ധിച്ച് രണ്ട് ആനകളെ കൊണ്ട് വ്യത്യസ്ത ദിശയിൽ നടത്തി വലിച്ചു കീറി കൊല്ലുന്നതും, ശൂലത്തിൽ കുത്തി കഴുകന്മാർക്ക് ഭക്ഷണമായി ഇട്ട് കൊടുക്കുകയും പോലുള്ള ശിക്ഷാവിധികൾ ഇത്തരം ഗോത്ര രീതികളുടെ ബാക്കിയാണ്. ഇന്ന് ചില സമൂഹങ്ങളിൽ ഒരു കൊലപാതകം ചെയ്ത കുറ്റവാളിയെ “ബ്ലഡ് മണി” ബന്ധുക്കൾക്ക് കൊടുത്ത് സ്വതന്ത്രർ ആക്കുന്ന രീതികളുടെ ആരംഭവും ഇതിൽ നിന്നാണ്.
ഇത്തരത്തിൽ പരസ്പരം കൊന്നും തിന്നും നടന്നിരുന്ന മനുഷ്യർ , പരസ്പരം ബാർട്ടർ സമ്പ്രദായത്തിൽ കൊടുക്കൽ വാങ്ങലുകൾ തുടങ്ങിയതും , ഈ കൊടുക്കൽ വാങ്ങലുകളുടെ ഭാഗമായി സമാധാനപരമായി ചർച്ചകൾ നടത്തി തുടങ്ങിയതുമാണ്, കൃഷിക്ക് മുൻപ് തന്നെ മനുഷ്യൻ നടത്തിയ വലിയൊരു മുന്നേറ്റം.
ഉദാഹണത്തിനു, ഇരുമ്പയിര് കൂടുതലുള്ള ഒരു ഭാഗത്തുള്ള ഗോത്രങ്ങൾ ഉണ്ടാക്കുന്ന ആയുധങ്ങൾ കൂടുതൽ മൃഗങ്ങൾ ഉള്ളയിടത്തു നിന്നുള്ള ഭാഗത്തുള്ള ഗോത്രങ്ങൾ നൽകുന്ന ഇറച്ചിക്ക് പകരമായി കൊടുത്തുകൊണ്ട് പരസ്പര സഹകരണ ജീവിതം തുടങ്ങിയത് , ഇന്ന് യുദ്ധം ചെയ്യാൻ വരെ നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ള ആധുനിക മനുഷ്യ സമൂഹത്തിന്റെ മുന്നോടിയായിരുന്നു.
ഇങ്ങനെ സമാധാനപരമായ കൊടുക്കൽ വാങ്ങലുകൾ നിലവിൽ വന്നപ്പോൾ ഒരു ഗോത്രത്തിൻ്റെ സ്വത്ത് മറ്റൊരു ഗോത്രം മോഷ്ടിച്ചുകൊണ്ട് പോകുന്നത് മോഷ്ടാവിൻ്റെ മരണത്തിന് തന്നെ കാരണമാകുന്ന കുറ്റമായി കണക്കാക്കപ്പെട്ടു.
ഗോത്ര സമൂഹങ്ങളിൽ സ്ത്രീകളെ, പശുക്കളെയും ഒട്ടകങ്ങളെയും പോലെ, തരം പോലെ കൈമാറാവുന്ന ഒരു ചരക്ക് ആയിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ആക്രമിക്കാൻ വരുന്ന ഗോത്രങ്ങളുമായി സമാധാനം ഉണ്ടാക്കാനായി സ്ത്രീകളെ “വിവാഹം” കഴിപ്പിച്ചു കൊടുക്കുന്ന രീതി , അറേബ്യയിൽ ഉണ്ടായിരുന്ന ഗോത്ര സമൂഹങ്ങളിലും , തദ്ദേശീയ അമേരിക്കൻ സമൂഹത്തിലും മുഗൾ രാജാക്കന്മാർ രജപുത്ര സ്ത്രീകളെ വിവാഹം ചെയ്തതിലും കാണാൻ കഴിയും.
ഒരു ഗോത്രം മറ്റൊരു ഗോത്രത്തിൽ നിന്നും ഒരു പശുവിന്റെ മോഷ്ടിച്ചുകൊണ്ടു പോകുന്നതും, ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോകുന്നതും ഒരേ പോലെയാണ് കണ്ടിരുന്നത്. പ്രണയം, കുടുംബം, ഒരേ പങ്കാളിയുമായുള്ള ലൈംഗികത എന്നതൊക്കെ വിവാഹത്തിന്റെ ഭാഗമായിട്ട് അധികം നാളുകളായിട്ടില്ല. അതുകൊണ്ട് തന്നെ സ്ത്രീകൾക് സ്വന്തമായി മനസുണ്ടെന്നും, സ്വതന്ത്ര വ്യക്തിത്വം ഉണ്ടെന്നുമൊക്കെ ഉള്ള ആധുനിക വിചാരങ്ങൾ നവോത്ഥാന മുന്നറ്റങ്ങളുടെ ഭാഗമായി വന്നിട്ട് വെറും ഇരുന്നൂറ് വർഷങ്ങളെ ആയിട്ടുള്ളൂ.
സാഹോദര്യം പറയുന്ന ഇസ്ലാം ഇന്ത്യയിൽ നിന്ന് കൂടെ കൂട്ടിയ ഒന്നാണ് ജാതിയും സ്ത്രീധനവും. ഒരു മതം അത് കടന്നുവരുന്ന സമൂഹത്തിന്റെ നല്ല മൂല്യങ്ങൾ മാത്രമല്ല മോശം വശങ്ങളും സ്വീകരിക്കുമെന്നതിന്റെ വലിയ തെളിവുകളാണ്, ഇന്ത്യയിലെ ഇസ്ലാമിനകത്തെ ജാതിയും, ആഫ്രിക്കയിൽ നടക്കുന്ന പെൺകുട്ടികളുടെ സുന്നത്ത് കല്യാണവും.
ആധുനിക സമൂഹത്തിൽ ഒരു പെൺകുട്ടിയെ മറ്റൊരു മതസ്ഥൻ വിവാഹം ചെയ്തുകൊണ്ടുപോവുമ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപ് തന്റെ ഗോത്രത്തിൽ നിന്ന് ഒരു പശുവിനെ തട്ടിക്കൊണ്ടുപോകുമ്പോൾ മറ്റൊരു ഗോത്രത്തെ അങ്ങോട്ട് പോയി ആക്രമിക്കുന്ന ആ ഗോത്ര സ്വഭാവമാണ്, പുറത്തേക്ക് വരുന്നതും , സ്വന്തം പെങ്ങളെയും, അവരുടെ പങ്കാളിയെയും ആക്രമിക്കുമ്പോൾ പുറത്തേക്ക് വരുന്നത്.
മനുഷ്യനെ മനുഷ്യനായി കാണുന്ന ആധുനിക മൂല്യങ്ങൾ തലയിൽ കേറാൻ ഇനിയും സമയം എടുക്കും എന്നതാണ് ഈ അക്രമങ്ങൾ കാണിക്കുന്നത്. ഇതൊരു പ്രത്യേക മതത്തിന്റെ മാത്രം പ്രശനമല്ല , കേരളത്തിൽ തന്നെയാണ് ജാതിയുടെ പേരിൽ കെവിൻ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിൽ ജാതിയുടെ പേരിലുള്ള വിവാഹങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന “അഭിമാന” കൊലകൾ ഒരു സാധാരണ വാർത്തയാണ്.
ആധുനിക മൂല്യങ്ങൾ മനുഷ്യനെ കൂടുതൽ വിവേകമുള്ള ഒരു സ്പീഷീസ് ആക്കി മാറ്റിയെങ്കിലും ചിലപ്പോൾ പഴയ ഗോത്ര സ്വഭാവം പുറത്തേക്ക് വരും. മതവും ജാതിയും ഭാഷയും അതിർത്തിയും തൊലിയുടെ നിറവും എല്ലാം എൻ്റെ ഗോത്രം അവൻ്റെ ഗോത്രം എന്ന് വേർതിരിവിന് ഒരു കാരണമായി തീരുന്നു എന്ന് മാത്രം.
നിങ്ങളുടെ മതവിശ്വാസം നിങ്ങളുടെ മൂക്കിൻ തുമ്പത്ത് അവസാനിക്കട്ടെ, മറ്റുള്ളവർ എങ്ങിനെ ജീവിക്കണം, ആരെ വിവാഹം കഴിക്കണം, എന്ത് ഭക്ഷിക്കണം എന്ന് അത് തീരുമാനിക്കാതിരിക്കട്ടെ.
നോട്ട് : ഇതിൽ ഗോത്രം (tribe) എന്ന വാക്ക് മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിലുള്ള ഗോത്ര സമൂഹങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചതാണ്. ഇന്നുള്ള ആദിവാസി സമൂഹങ്ങളെ ഉദ്ദേശിച്ചല്ല.

നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂജേഴ്‌സി