ന്യൂജേഴ്സിയിലെ പ്രഥമ ആരാധനാലയമായ ‘ദി മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ന്യൂജേഴ്സി’യുടെ റൂബി ജൂബിലി ആഘോഷം ഏപ്രില്‍ മാസം 23-ാം തീയതി പരിസമാപിച്ചു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവറന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിവിധ ഇടവകകളിലെ വികാരിമാരും സഭാസ്നേഹികളും പങ്കെടുത്തു. പ്രതിസന്ധികളുടെയും ആശങ്കകളുടെയും ഇടയില്‍ 40 വര്‍ഷം നടത്തിയ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്, ഇടവക വൈസ് പ്രസിഡന്റ് റജി ജോര്‍ജ്ജ് വിശിഷ്ടാതിഥികള്‍ക്കു സ്വാഗതം അര്‍പ്പിച്ചു. ഇടവകയുടെ താല്‍ക്കാലിക വികാരി റവ. സാം.റ്റി.മാത്യു ഉദ്ഘാടനപ്രസംഗം നടത്തി. ദൈവപുരുഷനായിരുന്ന മോശ ദൈവഹിതപ്രകാരം യിസ്രായേല്‍ ജനത്തിന്റെ വിടുതലിനു നേതൃത്വം കൊടുക്കുന്നതിനു മുന്‍പ് ലഭിച്ച 40 വര്‍ഷത്തെ തന്റെ ജീവിതാനുഭവങ്ങള്‍, ഒരു വലിയ ശുശ്രൂഷ നിര്‍വ്വഹിക്കുന്നതിന്റെ പശ്ചാത്തലമായി മാറി.
ഓരോ ജൂബിലി ആഘോഷവും, ഇടവകയുടെയും, വ്യക്തികളുടെയും പുതുക്കത്തിന്റെ അവസരം ആകണമെന്നു തിരുമേനി തന്റെ പ്രസംഗത്തില്‍ ഉത്ബോധിപ്പിച്ചു. ‘കൂട്ടായ്മ ഇല്ലാത്ത കുര്‍ബ്ബാന കുര്‍ബ്ബാനയും, ആശയവിനിമയം ഇല്ലാത്ത കൂട്ടായ്മ കൂട്ടായ്മയും ആകയില്ല എന്ന് സെന്റ് സ്റ്റീഫന്‍ വികാരി റവ. തോമസ് കെ. തോമസ് തന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. 40-ാം വര്‍ഷത്തില്‍ എത്തി നില്ക്കുമ്പോള് പുതിയ അവസരങ്ങളിലേക്കു നാം കാലെടുത്തു വെക്കുകയാണെന്ന് യൂത്ത് ചാപ്ളയിന്‍ ജയ്സണ്‍ തോമസ് അച്ചന് ഓര്‍മിപ്പിച്ചു.
സ്വദേശത്തേക്കു തിരിച്ചു പോകുന്ന ഭദ്രാസന സെക്രട്ടറി അച്ചന് റവ. അജു എബ്രഹാമിനു യാത്രയയപ്പു
നല്കി. ഒരു ചെറിയ തുടക്കത്തില്‍ നിന്നും ഇവിടെ വരെ എത്തിച്ച ദൈവത്തിനു നന്ദി സൂചകമായി, ആലംബ ഹീനര്‍ക്കു തുണയായി തീരുന്ന വലിയ ദൗത്യത്തിലേക്ക് എത്താന്‍ ഇടവക ജനങ്ങളോട് അജു അച്ചന് ആഹ്വാനം ചെയ്തു. ഇടവക സെക്രട്ടറി ബറ്റ്സി രഞ്ജന്‍ ഇടവകയുടെ റിപ്പോര്‍ട്ടും, ജൂബിലി കണ്‍വീനര്‍ അലക്സ് മാത്യു ജൂബിലി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റൂബി ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം തിരുമേനി നിര്‍വ്വഹിച്ചു. സഭാ കൗണ്‍സില്‍ അംഗങ്ങളായ സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ജയ്സണ്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. റാന്‍ഡോല്‍ഫ് ടൗണ്‍ഷിപ്പ് കൗണ്‍സില്‍ മെമ്പര്‍ ജോവാന് വീച്ച് ഇടവകയ്ക്കു വേണ്ടിയുള്ള പുരസ്കാരം തിരുമേനിക്കു നല്കി. തിരുമേനിയുടെ ദര്‍ശനത്തില്‍ ഉടലെടുത്ത ‘ലൈറ്റ് റ്റു ലൈഫ് ‘ എന്ന പ്രൊജക്റ്റിന്റെ ഭാഗമായി നിര്‍ദ്ദനരായ 40 വിദ്യാര്‍ത്ഥികള്‍ക്കുള്ള 5 വര്‍ഷത്തെ വിദ്യാഭ്യാസ സഹായം ഇടവക വാഗ്ദാനം ചെയ്തു.
ഇടവകയുടെ സ്ഥാപകാംഗങ്ങളെയും ആതുരസേവനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇടവകാംഗങ്ങളെയും ഇടവക പ്രത്യേകം ആദരിച്ചു. ഇടവകയുടെ അക്കൗണ്ടന്റ് ഷാജി ജോര്‍ജ് കൃതഞ്ജത അര്‍പ്പിച്ചു. അലക്സ് മാത്യു ജൂബിലി കണ്‍വീനറും, ബൈജു വര്‍ഗ്ഗീസ് സുവനീര്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. ഇടവക ക്വയര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ച് ഈ സമ്മേളനം അനുഗ്രഹപ്രദമാക്കി. വിവിധ കമ്മിറ്റി മെമ്പര്‍സ് റൂബി ജൂബിലിയുടെ വിവിധ പ്രൊജക്റ്റുകളില്‍ പ്രവര്‍ത്തിച്ചു.