ഫൊക്കാനയുടെ റോചെസ്റ്റർ കൺവൻഷനുവേണ്ടിയുള്ള തിരക്കേറിയ പ്രവർത്തനങ്ങൾ നടക്കുന്ന കാലം-1996-98. ജനറൽ സെക്രട്ടറി മാമ്മൻ സി ജേക്കബും ട്രഷറാർ ഉണ്ണികൃഷ്ണൻ നായരും രജിസ്ട്രേഷൻ ചുമതലയുണ്ടായിരുന്ന ഫിലിപ് വേംബേനിയും കൺവൻഷൻ ചെയർമാൻ സണ്ണി പൗലോസും ഞാനും എന്നും രജിസ്ട്രേഷൻന്റെ പുരോഗതി അവലോകനം ചെയ്യുമായിരുന്നു.അന്നൊരിക്കൽ, ചിക്കാഗോയിൽ നിന്നൊരു ഫോൺകാൾ വന്നു. സ്വരം എനിക്കു വളരെ പരിചിതം.
പക്ഷേ, പെട്ടെന്നു മനസ്സിലായില്ല. അതുകൊണ്ടാവണം, അവർ സ്വയം പരിചയപ്പെടുത്തി, ‘ മറിയാമ്മ പിള്ള’.അതിയായ സന്തോഷം തോന്നി.
കൺവൻഷന്റെ പുരോഗതി ഏങ്ങിനെയുണ്ടെന്ന് അന്വേഷിച്ചു. കാര്യങ്ങൾ വിശദീകരിച്ചശേഷം ഞാൻ അറിയിച്ചു, ‘യുവജനങ്ങളുടെ സഹകരണം വേണ്ടത്രയില്ല ‘. ചെറുപ്പക്കാർക്ക് പണത്തിനു
വിഷമം കാണും എന്നു പറഞ്ഞശേഷം അവർ തിരക്കി യൂത്ത് രജിസ്ട്രേഷൻ ഫീ എത്ര എന്ന്. നൂറുഡോളർ ആയിരുന്നു അന്നത്തെ ഫീ.
ഏതാനും ദിവസങ്ങൾക്കുശേഷം എന്റെപേരിൽ ഒരു എൻവലപ്പ് വന്നു. അയച്ചത് മറിയാമ്മപിള്ള!.തുറന്നുനോക്കിയപ്പോൾ ഇരുപത്തൊന്നു ചെറുപ്പക്കാരുടെ രെജിസ്ട്രേഷൻ ഫോംസ്, അതോടൊപ്പം
മറിയാമ്മ പിള്ളയുടെ ഒരുചെക്കും,രണ്ടായിരത്തി ഒരുനൂറു ഡോളർ! എന്റെ കണ്ണു നിറഞ്ഞു!! മറിയാമ്മ പിള്ളയെ വിളിച്ചു നന്ദി പറഞ്ഞശേഷം ഞാൻ ചോദിച്ചു ഈ തുക അവരുടെ പേരിൽ
സ്പോൺസർഷിപ് ആയി വരവ് വെക്കട്ടെയെന്ന്. അവർ എതിർത്തു. തുടർന്നുപറഞ്ഞു, ‘ ആ കുട്ടികൾക്കു തോന്നരുത് ആരുടെയെങ്കിലും ഔദാര്യത്തിലാണ് അവർ കൺവൻഷന് വന്നതെന്ന് , ആ തുക അവരുടെ പേരിൽ തന്നെ വരവുവെക്കണം! ‘
സ്വന്തം പ്രശസ്തിക്കുവേണ്ടി ‘സ്പോൺസർ’ ആകുന്ന പലരുമുണ്ട് . പക്ഷേ, സ്നേഹിതരേ, അതല്ല മറിയാമ്മ പിള്ള! അറിയപ്പെടാത്ത ഇത്തരം അനുഭങ്ങൾ വേറെയും എത്രയോ കാണും !
ആ മഹതിയുടെ മഹത്വം അല്പമെങ്കിലും ഉൾകൊള്ളാൻ നമുക്കു കഴിഞ്ഞെങ്കിൽ !