മറിയാമ്മ പിള്ളയുടെ നിര്യാണം ഫൊക്കാനയ്ക്ക് കനത്ത നഷ്ടം: ജോർജി വർഗീസ്

sponsored advertisements

sponsored advertisements

sponsored advertisements

28 May 2022

മറിയാമ്മ പിള്ളയുടെ നിര്യാണം ഫൊക്കാനയ്ക്ക് കനത്ത നഷ്ടം: ജോർജി വർഗീസ്

ന്യു ജഴ്‌സി : ഫൊക്കാനയുടെ പ്രഥമ വനിതാ അധ്യക്ഷയായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അനുശോചനം അറിയിച്ചു. രണ്ടാഴ്ചമുൻപ് നേരിൽ കണ്ടവേളയിൽ ഫൊക്കാന ഒർലാന്റോ കൺവെൻഷനിൽ പങ്കൈടുക്കാനായി എത്തുമെന്ന് അറിയിച്ചിരുന്നു.

അതിനു ശേഷമാണ് രോഗം മൂർച്ഛിച്ചത്. രോഗാവസ്ഥയിലാണെങ്കിലും ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം അവർ പ്രകടിപ്പിച്ചിരുന്നതായും ഫൊക്കാന അധ്യക്ഷൻ അറിയിച്ചു. അമേരിക്കൻ മലയാളികളുടെയിടയിൽ ഫൊക്കാനയെന്ന സംഘടനയെ ജനകീയമാക്കുന്നതിലും, മലയാളികളായ സ്ത്രീകളുടെയും അതോടൊപ്പം തന്നെ നിരവധി പുരുഷന്മാരുടെയും ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യുന്നതിലും മറിയാമ്മ പിള്ള വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ചിക്കാഗോ മലയാളികൾക്കിടയിൽ കാരുണ്യത്തിന്റെ സാന്ത്വന സ്പർശമായി പ്രവർത്തിച്ചിരുന്ന മറിയാമ്മ പിള്ള 2012-14 വർഷത്തിലാണ് ഫൊക്കാന പ്രസിഡന്റായി പ്രവർത്തിച്ചിരുന്നത്. ജോലി തേടിയെത്തുന്ന അനവധി മലയാളി വനിതകൾക്ക് ആശ്രയമായിരുന്ന അവർ സ്വന്തം വീടുപോലും അവർക്കായി തുറന്നിട്ടു. ഒരേ സമയം പത്തു പേർ വരെ അവരുടെ വീട്ടിൽ താമസിച്ചുകൊണ്ട് നഴ്സിംഗ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുപ്പ് നടത്തി വന്നിരുന്നു. അവരുടെ സ്നേഹ സാന്ത്വന സ്പര്ശമേൽക്കാത്തവർ ചിക്കാഗോയിൽ വിരളമാണ്.- ജോർജി കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞ ശേഷവും രോഗം കഠിനമായി മൂർച്ഛിക്കും വരെ ഫോക്കാനയുടെ ഏതു പ്രവർത്തനങ്ങൾക്കും മറിയാമ്മ പിള്ള സജീവമായി രംഗത്തുണ്ടായിരുന്നു. ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടത്തിൽ സംഘടനയ്‌ക്കൊപ്പം ഉറച്ചു നിന്ന ആ ധീര വനിതയുടെ വിയോഗം ചിക്കാഗോ മലയാളികൾക്കെന്നപോലെ മുഴുവൻ ഫൊക്കാന പ്രവർത്തകർക്കും തീരാ നഷ്ടമാണെന്ന് ജോർജി വർഗീസ് കൂട്ടിച്ചേർത്തു.