‘ റോക്കട്രി’ വിക്ഷേപിക്കുന്ന പുതിയ ജീവിതം (രഘുനാഥൻ പറളി )

sponsored advertisements

sponsored advertisements

sponsored advertisements

27 July 2022

‘ റോക്കട്രി’ വിക്ഷേപിക്കുന്ന പുതിയ ജീവിതം (രഘുനാഥൻ പറളി )

രഘുനാഥൻ പറളി

ജൂലൈ ഒന്നിന് റിലീസ് ചെയ്ത റോക്കട്രി – ദി നമ്പി എഫക്ട് എന്ന ശ്രദ്ധേയ സിനിമ അല്പം വൈകി ഇന്നലെയാണ് കാണാൻ കഴിഞ്ഞത്. പ്രമുഖ റോക്കറ്റ് ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ ശ്രീ നമ്പി നാരായണനെ നിർഭാഗ്യവശാൽ ലോകം ആദ്യം അറിഞ്ഞത് 1994 ൽ അദ്ദേഹം പ്രതിയായി ആരോപിക്കപ്പെട്ട വ്യാജ ചാരക്കേസിലൂടെയാണ്. സുപ്രാധാന രഹസ്യ രേഖകൾ പാക്കിസ്ഥാന് കൈമാറി എന്ന ഗുരതര രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് അമ്പത് ദിവസം ജയിലിൽ കഴിഞ്ഞ ഒരു നിരപരാധിയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥയും സാമൂഹികാവസ്ഥയും ഇപ്പോൾ പോലും അചിന്തനീയമാണ് എന്നത് ഓർക്കുക ! അത്തരമൊരു തീവ്ര പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ആർ മാധവൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച റോക്കട്രി – ദി നമ്പി എഫക്ട് എന്ന ചിത്രം ആരംഭിക്കുന്നതും.! നമ്പി നാരായണന്റെ ഭിന്ന കാലഘട്ടങ്ങളെ അതി ഗംഭീരമായി മാധവൻ എന്ന നടൻ സ്ക്രീനിൽ അവതരിപ്പിക്കുന്നു. 1996 ൽ സിബിഐയും 1998 ൽ സുപ്രീം കോടതിയും പൂർണ്ണമായി റദ്ദാക്കുകയും നമ്പി നാരായണനെ തീർത്തും കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെയുള്ള സംഘർഷ നിർഭരമായ നാളുകൾ സിനിമ യഥാതഥമായി ചിത്രീകരിക്കുന്നു. 1.3 കോടി രൂപ, കോടതി, സംസ്ഥാന ഗവൺമെന്റിൽ നിന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം വിധിച്ചതും രാജ്യം പിന്നീട് ഈ ശാസ്ത്രജ്ഞനെ പത്മഭൂഷൺ നൽകി ആദരിച്ചതും നമ്പി നാരായണന്റെ യഥാർത്ഥ ജീവിതത്തെ കൂടുതൽ സിനിമാറ്റിക് ആക്കുകയായിരുന്നു. ആ അർത്ഥത്തിൽ അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഓർമകളുടെ ഭ്രമണപഥ’ ത്തിന്റെ ദൃശ്യവൽക്കരണമായി കൂടിയാണ് നമ്മൾ ഈ ചിത്രം കാണുന്നതെന്ന് പറയാം.

സിനിമ, ഈ റോക്കറ്റ് ശാസ്ത്രജ്ഞന്റെ സംഭവബഹുലമായ ജീവിതവും സംഘർഷങ്ങളും മാത്രമല്ല, സംഭാവനകളും സൂക്ഷ്മതയോടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന സവിശേഷത എടുത്തു പറയേണ്ടതുണ്ട്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ കെമിക്കൽ റോക്കറ്റ് പ്രൊപ്പൽഷനിലെ വിദ്യാഭ്യാസത്തിന് ശേഷം നാസയിൽ ചേരാൻ അമേരിക്ക ക്ഷണിച്ചുവെങ്കിലും അദ്ദേഹം രാജ്യത്തു തന്നെ പ്രവർത്തിക്കാൻ തീരുമാനിക്കുകയും ഐഎസ്ആർഒയിൽ ചേരുകയുമായിരുന്നു. വിഖ്യാത ശാസ്ത്രഞ്ജൻ വിക്രം സാരാഭായുമായുള്ള ഹൃദയ ബന്ധവും അതിനു കാരണമായിട്ടുണ്ട്. ഇന്ത്യൻ റോക്കട്രി, സോളിഡ് പ്രൊപ്പല്ലന്റുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു ഘട്ടത്തിലത്രേ അദ്ദേഹം ദ്രാവക പ്രൊപ്പൽഷനിൽ വൈദഗ്ദ്ധ്യം നേടുന്നത്. അതുപോലെ, ക്രയോജനിക് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഘട്ടത്തിലാണ് വ്യാജചാരവൃത്തി അറസ്റ്റ് ഉണ്ടാകുന്നത്. ‘വികാസ് ‘എന്ന തദ്ദേശീയമായ റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കുന്നതിലും ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയെ ഇന്ന് പ്രധാനമായും നയിക്കുന്ന സ്വദേശീയമായ ക്രയോജനിക് സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിലും (CE-20 റോക്കറ്റ് എഞ്ചിൻ) നമ്പി നാരായണൻ വഹിച്ചിട്ടുള്ള പങ്ക് സിനിമ മികച്ച രീതിയിൽ ഓർമിപ്പിക്കുന്നു. ചുരുക്കത്തിൽ, 2013 ലെ മംഗൾയാൻ മിഷന്റെ പശ്ചാത്തലത്തിൽ – ഒരു അഭിമുഖ രൂപേണ പുനരാനയിക്കപ്പെടുന്ന – ഈ ബഹുഭാഷാ ജീവിതചിത്രം അദ്ദേഹത്തിന് ലഭിച്ച ഏത് വലിയ അംഗീകാരത്തിനും ഒപ്പമോ അതിനും മുകളിലോ നിൽക്കുന്ന ഒരു ജനകീയ പുരസ്കാരമായി നിലകൊള്ളുമെന്നതിൽ സന്ദേഹമില്ല..!!

രഘുനാഥൻ പറളി