സതീശന് നായര്‍
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ കേരള ഘടകത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം രമേശ് ചെന്നിത്തല എം.എല്‍.എ. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സന്തോഷ് നായരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റെടുത്തു.
ജെസ്സി റിന്‍സിയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും അതുപോലെതന്നെ ഏവരേയും ഏകോപിപ്പിച്ചു കൊണ്ടുപോകുവാനും എല്ലാ അംഗങ്ങളുടേയും സഹകരണം ഉണ്ടാകണമെന്ന് പ്രസിഡണ്ട് അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്നുവരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള തെറ്റായ നടപടികളും ഇടപെടലുകളും നടത്തിയിട്ടുള്ള വ്യക്തിയല്ല. അധികാരമോഹമേ ഇല്ലാത്ത ഒരു നേതാവ് ആണ് രാഹുല്‍ ഗാന്ധി. അങ്ങനെയുള്ള ഒരു നേതാവിനെയാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇ.ഡി. ചോദ്യംചെയ്തുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.
തദവസരത്തില്‍ ഐ.ഒ.സി. കേരള ചാപ്റ്റര്‍ പ്രസിഡണ്ട് ലീലാ മാരേട്ടും സന്നിഹിതയായിരുന്നു. കേരളാ ഘടകം ചിക്കാഗോയ്ക്ക് എല്ലാവിധ ആശംസകളും അവര്‍ അര്‍പ്പിച്ചു. ചെയര്മാന് തോമസ് മാത്യു ആശംസകള്‍ നല്കിയതോടൊപ്പം അമേരിക്കയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചു പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകം ഓര്‍മിപ്പിച്ചു.
കൂടാതെ ചിക്കാഗോ ഘടകം ചെയര്മാന് ജോര്‍ജ് പണിക്കര്‍, മുന്‍ പ്രസിഡണ്ട് തമ്പി മാത്യു, എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡണ്ട് അച്ചന് കുഞ്ഞ്, സണ്ണി വള്ളിക്കളം, ടോമി അമ്പേനാട്ട്, ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍), സ്റ്റീഫന്‍ കിഴക്കേകുറ്റ്, സിബി മാത്യു, തോമസ് പൂതക്കരി, പ്രവീണ്‍ തോമസ്, നീതു തമ്പി, വിജയന്, ജോസ് കല്ലിടുക്കില്‍, ജോഷി വള്ളിക്കളം തുടങ്ങിയവര്‍ മുന്നോട്ടുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും അര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡണ്ട് ജോസ് തോമസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ സതീശന് നായര്‍ എം.സി. ആയിരുന്നു.