ജൂലായ് മൂന്നിന് ന്യൂ യോർക്ക് എൽമോണ്ടിലെ സെയ്ന്റ് വിൻസെന്റ് ഡി പോൾ സീറോ മലങ്കര കത്തോലിക്കാ കത്രീഡറലിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേയുടെ തയ്യാറെടുപ്പുകൾ വേഗത്തിൽ പുരോഗമിക്കുന്നു. ഭാരത ക്രിസ്തീയതയുടെ ഉറവിടത്തെയും ചരിത്രത്തിൽ അതിന്റെ പ്രാധാന്യത്തെയും അഭിമാനപൂർവ്വം ആഘോഷിക്കുകയാണ് ഇന്ത്യയിലെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ചേർന്ന് നടത്തുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേ.
ക്രിസ്തുവിന്റെ അപ്പോസ്തലന്മാരിൽ ഒരാളായ വിശുദ്ധ തോമസ്സിന്റെ രക്തസാക്ഷിത്വ ദിനം ചരിത്രപരമായി ആചരിക്കുന്ന സെയ്ന്റ് തോമസ് ദിനം തന്നെ ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആയി തെരുഞ്ഞെടുത്തത് കഴിഞ്ഞ രണ്ടായിരം വർഷക്കാലത്തു ഇന്ത്യയുടെ ചരിത്രത്തിനും രൂപാന്തരവളർച്ചയ്ക്കും സെയിന്റ് തോമസ് സ്ഥാപിച്ച ക്രിസ്തുമതം നൽകിയ പങ്കാളിത്തത്തെയും സംഭാവനകളെയും എടുത്തുകാട്ടുവാൻ കൂടിയാണ്.




മലങ്കര ഓർത്തഡോക്സ് സഭയുടെ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, സീറോ മലബാർ കത്തോലിക്കാ സഭയുടെ മാർ ജോയ് ആലപ്പാട്ട് മെത്രാൻ, സി. എസ്. ഐ. സഭയുടെയുടെ മോഡറേറ്റർ മോസ്റ്റ് റെവ. ഡോ. ധർമ്മരാജ് റസാലം, ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ് റെവ. ഡോ. റൂബിൻ മാർക്ക്, എപ്പിസ്ക്കോപ്പൽ സഭയുടെ റൈറ്റ് റെവ. ഡോ. ജോൺസി ഇട്ടി, സെയ്ന്റ് തോമാസ് ഇവാൻജെലിക്കൽ സഭയുടെ മോസ്റ്റ് റെവ. ഡോ. സി. വി. മാത്യു, ഇന്ത്യൻ പെന്തെക്കോസ്തൽ സഭയുടെ റെവ. ഡോ. ഇട്ടി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുന്നവരിൽ ഉൾപ്പെടുമെന്നു ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് കോശി ജോർജ് പറഞ്ഞു. തമിൾ നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, പ്രശസ്ത മാന്ത്രികനും കാരുണ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നു കോശി ജോർജ് സൂചിപ്പിച്ചു.



അമേരിക്കയിലെ വിവിധ ഇന്ത്യൻ ഭാഷാ/സംസ്ഥാന ക്രിസ്തീയ വിഭാഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികൾ, സമന്വയ പ്രാർത്ഥനകൾ, ഉൾക്കാഴ്ചയുളവാക്കുന്ന പ്രസംഗങ്ങൾ എന്നിവയും അത്താഴ ഭക്ഷണവും ആഘോഷ സായാഹ്നത്തിൽ ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചു മുതൽ ഏഴു വരെ ഈ സംരംഭത്തിലേക്ക് പ്രവേശനം സൗജന്യം ആണ്. രെജിസ്ട്രേഷൻ www.eventbrite.com/e/362745139477 അല്ലെങ്കിൽ www.fiacona.org. അഡ്രസ്: 1500 Depaul Street, Elmont, NY 11003.
Paul D Panakal