പ്രചോദനവും അഭിമാനവുമായൊരു ചരിത്രനിമിഷം (ജോസ് കല്ലിടിക്കില്‍)

sponsored advertisements

sponsored advertisements

sponsored advertisements

9 April 2022

പ്രചോദനവും അഭിമാനവുമായൊരു ചരിത്രനിമിഷം (ജോസ് കല്ലിടിക്കില്‍)


ചിക്കാഗോ: 2022ഏപ്രില്‍ 7, രണ്ടര നൂറ്റാണ്ട് പഴക്കമുള്ള അമേരിക്കയുടെ ജനാധിപത്യ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട മറ്റൊരു സുദിനം. 1790 മുതല്‍ നിലവിലുള്ള യു.എസ്. സുപ്രീംകോര്‍ട്ടിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട പ്രഥമ കറുത്തവംശ വനിത കതാന്‍ജി ബ്രൗണ്‍ ജാക്സണ്‍ യു.എസ്. സെനറ്റ് സ്ഥിരീകരണം നേടിയ ദിനം. യു.എസ്. സുപ്രീംകോടതിയിലേക്ക് നിയമിക്കപ്പെടുന്ന അഞ്ചാമത്തെ വനിതാ ജഡ്ജിയെന്നതും മൂന്നാമത്തെ കറുത്ത വംശജയെന്നതും ജസ്റ്റിസ് കതാന്‍ജി ബ്രൗണ്‍ ജാക്സന്റെ നിയമനത്തിന് തിളക്കമേറ്റുന്നു.

ജസ്റ്റിസ് കതാന്‍ജി ബ്രൗണ്‍ ജാക്സന്റെ നിയമനം പ്രസിഡന്റ് ജോ ബൈഡന് തന്റെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുവാന്‍ ലഭിച്ച അവസരം കൂടി ആയിരുന്നു.2020 പ്രസിഡന്‍ഷ്യല്‍ ഡെമോക്രാറ്റിക് പ്രൈമറി ഡിബേറ്റില്‍, യു.എസ്. സുപ്രീം കോര്‍ട്ടിലേക്ക് നിയമനം നടത്തുവാന്‍ അവസരം ലഭിച്ചാല്‍ തന്റെ പ്രഥമ പരിഗണന ഒരു കറുത്ത വംശ വനിത ആയിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പോയ ജനുവരിയില്‍ ജസ്റ്റിസ് സ്റ്റീഫന്‍ ബ്രയര്‍ ഈ സമ്മറില്‍ വിരമിക്കുവാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍, പുതിയൊരു ജഡ്ജിയെ കണ്ടെത്തുവാനുള്ള തെരച്ചില്‍ പ്രസിഡന്റ് ബൈഡന്‍ കറുത്ത വംശജരായ 4 വനിതാ ജഡ്ജിമാരിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു. പ്രസിഡന്റ് ബൈഡന്‍ തന്നെ ഡി.സി. സര്‍ക്യൂട്ടിലെ യു.എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജി ആയി ഉയര്‍ത്തുവാന്‍ നോമിനേറ്റ് ചെയ്ത് സെനറ്റ് അംഗീകാരം നേടിയ ജസ്റ്റിസ് കതാന്‍ജി ബ്രൗണ്‍ ജാക്സനെ സുപ്രീം കോടതി ഒഴിവിലേക്ക് നിര്‍ദ്ദേശിക്കുവാന്‍ അദ്ദേഹത്തിന് ഏറെ വിചിന്തനം വേണ്ടി വന്നില്ല. അത്രയ്ക്ക് മികവുറ്റതാണ് അവരുടെ യോഗ്യതകള്‍, ജുഡീഷ്യല്‍ റിക്കോര്‍ഡ്, വ്യക്തി വൈഭവം, കുടുംബ പശ്ചാത്തലം എന്നിവ.

51 വയസ്സ് മാത്രം പ്രായമുള്ള ജസ്റ്റിസ് കതാന്‍ജി ബ്രൗണ്‍ ജാക്സന്റെ ജനനം വാഷിംഗ്ടണ്‍ ഡിസിയില്‍ തന്നെയാണ്. എന്നാല്‍ കുട്ടിക്കാലം ചെലവഴിച്ചതും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ വളര്‍ന്നതും ഫ്ളോറിഡയിലെ മയാമിയിലായിരുന്നു. ഹൈസ്കൂള്‍ അദ്ധ്യാപകരായിരുന്ന മാതാപിതാക്കള്‍ ഇരുവരും മയാമി ഡേഡ് പബ്ലിക് സ്കൂള്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റേഴ്സായും സേവനം ചെയ്തു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ണമായും ഉയര്‍ന്ന ബഹുമതികളോടുകൂടി പൂര്‍ത്തിയാക്കിയ അവര്‍ മയാമി പലമറ്റോ ഹൈസ്കൂള്‍ പ്രസിഡന്റൊയി തെരഞ്ഞെടുക്കപ്പെടുകയും സ്കൂളിലെ സ്പീച്ച് ആന്‍ഡ് ഡിബേറ്റ് സ്റ്റാറായി പ്രശോഭിക്കുകയും ചെയ്തു. അമേരിക്കയില്‍ മാത്രമല്ല ലോകത്തിലെ തന്നെ പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍നിന്ന്തന്നെ നിയമ ബിരുദവും അവര്‍ നേടിയതും ഉയര്‍ന്ന ബഹുമതികളോടുകൂടി തന്നെ.

റിട്ടയര്‍ ചെയ്യുന്ന ജസ്റ്റിസ് സ്റ്റീഫന്‍ ബ്രയറുടെ കീഴില്‍ സുപ്രീം കോര്‍ട്ട് ക്ലാര്‍ക്കായി ജോലി ചെയ്തുകൊണ്ട് ആരംഭിച്ച ജസ്റ്റിസ് കതാന്‍ജി ബ്രൗണ്‍ ജാക്സന്റെ ലീഗല്‍ കരിയര്‍ പ്രശംസനീയവും നിറപ്പകിട്ട് ഏറിയതുമായിരുന്നു. സ്വന്തമായി അഭിഭാഷകന്റെ സേവനം പ്രയോജനപ്പെടുത്തുവാന്‍ കഴിവില്ലാത്തവരെ സഹായിക്കുന്ന പബ്ലിക് ഡിഫന്‍ഡര്‍, യു.എസ്. സെന്റന്‍സിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍, ഡിസ്ട്രിക്ട് ഓഫ് കൊളംബിയാ യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി, അതേ കോര്‍ട്ടിലെ അപ്പലേറ്റ് ജസ്റ്റിസ് എന്നീ പദവികളിലെല്ലാം സ്വതന്ത്രവും നീതിപൂര്‍വ്വവും അര്‍പ്പണബോധത്തോടുകൂടിയും നിര്‍വഹിച്ച മികച്ച പ്രവര്‍ത്തനങ്ങളും അനുഭവവുമായാണ് അസോസിയേറ്റ് സുപ്രീം കോര്‍ട്ട് ജസ്റ്റിസായുള്ള അവരുടെ സ്ഥാനകയറ്റം.

നിയമനിര്‍വഹണവുമായി ബന്ധമുള്ള ഒരു കുടുംബ പശ്ചാത്തലമാണ് ജസ്റ്റിസ് കതാന്‍ജി ബ്രൗണ്‍ ജാക്സനുള്ളത്. അവരുടെ രണ്ട് അമ്മാവൻമാർ പോലീസ് ഓഫീസേഴ്സായിരുന്നു. അതില്‍ ഒരാള്‍ മയാമി സിറ്റി പോലീസ് ചീഫും സഹോദരന്‍ കള്ളക്കടത്ത് നിയന്ത്രണത്തിനായുള്ള രഹസ്യാന്വേഷണ വിഭാഗത്തിലും. ഈ കുടുംബ പശ്ചാത്തലവും നീതി നിര്‍വഹണം സത്യസന്ധമായും നീതിപൂര്‍വ്വമായും ഒപ്പം ഉറപ്പോടുകൂടിയും നടപ്പാക്കുവാന്‍ അവരെ സഹായിക്കും.

ഫെബ്രുവരി 25ന് വൈറ്റ് ഹൗസില്‍വെച്ച് ജസ്റ്റിസ് കതാന്‍ജി ബ്രൗണ്‍ ജാക്സനെ സുപ്രീം കോടതിയിലേക്ക് നോമിനേറ്റ് ചെയ്തുകൊണ്ട് പ്രസിഡന്റ് ബൈഡന്‍ നടത്തിയ പ്രഖ്യാപനത്തില്‍ അവരുടെ നോമിനേഷനെ ഐക്യകണ്ഠേന പിന്തുണയ്ക്കണമെന്ന് ഇരുവിഭാഗത്തില്‍പെട്ട സെനറ്റര്‍മാരോടും വൈകാരികമായൊരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ ചരിത്ര പ്രഖ്യാപനത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി ഒറ്റക്കെട്ടായും അമേരിക്കയിലെ കറുത്ത വംശജര്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇതര സമൂഹങ്ങള്‍ പൊതുവേയും സ്വീകരിച്ചത് ആവേശത്തോടെയോ, അനുഭാവപൂര്‍വ്വമായോ ആണ്. മാര്‍ച്ച് 22, 23 തീയതികളില്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ഹിയറിംഗ് അഭിമുഖീകരിച്ച അവര്‍, സെനറ്റര്‍മാരുടെ ചോദ്യങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടുകയും അവയ്ക്ക് വ്യക്തമായി ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരിലേറെയും ജസ്റ്റിസ് കതാന്‍ജി ബ്രൗണ്‍ ജാക്സണ്‍ അഭിഭാഷക ആയിരുന്നപ്പോള്‍ കൈകാര്യം ചെയ്ത കേസുകളെയും ജഡ്ജി ആയി നടത്തിയ വിധി പ്രസ്താവനകളെയും നിശിതമായി വിമര്‍ശിച്ചു. ഇറാഖ് യുദ്ധകാലത്ത് ഗൊാനമോയില്‍ ഭീകരവാദികളെന്ന് പ്രഖ്യാപിച്ച് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നവര്‍ക്ക് നിയമസഹായം നല്‍കിയതും കുട്ടികളുടെ അശ്ലീലചിത്രം പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സാമൂഹികവിരുദ്ധരോട് മൃദുസമീപനം സ്വീകരിച്ചെന്നതുമാണ് അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍. മാന്യ വ്യക്തിത്വത്തിന് ഉടമയായ അവരെ വ്യക്തിഹത്യാപരമായി അക്രമിക്കാനും ആക്ഷേപിക്കുവാനും ഇവരില്‍ ചിലര്‍ മുതിര്‍ന്നുവെന്നത് തികച്ചും നിര്‍ഭാഗ്യകരമായി. മാന്യതയും സഹിഷ്ണുതയും ദേശസ്നേഹവും വെടിഞ്ഞ് പാര്‍ട്ടിയുടെയും പ്രത്യേക വിഭാഗങ്ങളുടെയും വ്യക്തികളുടെയും താല്പര്യം മാത്രം പരിഗണിച്ചുള്ള അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ അധപ്പതനമാണ് ഇത്തരം ആരോപണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഇരു പാര്‍ട്ടികളും ഈ അവസ്ഥയ്ക്ക് ഉത്തരവാദികളുമാണ്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയില്‍ സ്ഥിരീകരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും 11 വോട്ട് വീതം രേഖപ്പെടുത്തിയതും അമേരിക്കന്‍ സെനറ്റില്‍ നിലനില്ക്കുന്ന കടുത്ത ഭിന്നതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇക്കാലമത്രയും അമേരിക്കയിലെ കറുത്ത വംശജര്‍ അനുഭവിച്ചിട്ടുള്ളതും ഇപ്പോഴും അനുഭവിക്കുന്നതുമായ അക്രമങ്ങള്‍ക്കും വിവേചനത്തിനും അവഗണനയ്ക്കും പരിഹാരം കണ്ടെത്തുവാനുള്ള അവസരം കൂടിയായിരുന്നു ജസ്റ്റിസ് കതാന്‍ജി ബ്രൗണ്‍ ജാക്സന്റെ സുപ്രീം കോര്‍ട്ട് നോമിനേഷന്‍ പോലുള്ള നടപടികള്‍. ഇരുവിഭാഗത്തില്‍പെട്ട സെനറ്റര്‍മാരും കൈകോര്‍ത്ത് ഐക്യകണ്ഠേന അവരെ പിന്തുണയ്ക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു, വികാര തീവ്രമായി അപേക്ഷിക്കുകയും ചെയ്തു.
ഐക്യകണ്ഠമായില്ലെങ്കിലും മിറ്റ് റോമ്നി, സൂസന്‍ കോളിന്‍സ്, ലിസാ മര്‍ക്കോവ്സ്കി എന്നീ മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ പിന്തുണയോടുകൂടി 53 – 47 വോട്ടോടെ സെനറ്റ് സ്ഥിരീകരണം നേടി അവര്‍ പ്രഥമ കറുത്ത വംശജ യു.എസ്. സുപ്രീം കോര്‍ട്ട് ന്യായാധിപയായി നിയമിതയായി. ഈ ചരിത്ര സെനറ്റ് വോട്ടെടുപ്പിന് അദ്ധ്യക്ഷ്യം വഹിക്കുവാന്‍ കഴിഞ്ഞത് അമേരിക്കയിലെ പ്രഥമ വനിതാ വൈസ് പ്രസിഡും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിനാണെന്നതും എക്കാലവും സ്മരിക്കപ്പെടും. ഈ നിയമനം കൂടുതല്‍ ഇന്ത്യന്‍ വംശജരെ വിശിഷ്യാ നമ്മുടെ പെണ്‍കുട്ടികളെ അഭിഭാഷക കുപ്പായം അണിയിപ്പിക്കാനും അമേരിക്കന്‍ കോടതികളിലെ ന്യായാധിപക പീഠങ്ങള്‍ അലങ്കരിക്കുവാനും നിമിത്തവും പ്രചോദനവുമാകട്ടെയെന്ന് ആശിക്കുന്നു.

 

ജോസ് കല്ലിടിക്കില്‍