മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്നത്തില്‍ പോലും പതറിപ്പോവുന്നു’:കെ കെ ശൈലജ

sponsored advertisements

sponsored advertisements

sponsored advertisements


13 November 2022

മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്നത്തില്‍ പോലും പതറിപ്പോവുന്നു’:കെ കെ ശൈലജ

ബേസിലും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ജയ ജയ ജയ ജയ ഹേ’യെ പ്രശംസിച്ച് കെ കെ ശൈലജ. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നർമത്തിൽ പൊതിഞ്ഞ് സമൂഹത്തിൽ അവതരിപ്പിച്ചത് ഏറെ ഉചിതമായെന്ന് ശൈലജ കുറിക്കുന്നു.

ഇന്ന് നിലനിൽക്കുന്ന ആണധികാര സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തിൽ ആൺകുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകൾക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. പരാതികളുമായി മുന്നിലെത്തിയ നിരവധി പെൺകുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോൾ മുന്നിൽ തെളിഞ്ഞുവന്നതെന്നും ശൈലജ പറഞ്ഞു.

കെ കെ ശൈലജയുടെ വാക്കുകൾ

ബേസിൽ ജോസഫിന് അഭിനന്ദനങ്ങൾ.

ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നർമത്തിൽ പൊതിഞ്ഞ് സമൂഹത്തിൽ അവതരിപ്പിച്ചത് ഏറെ ഉചിതമായി.

ഇന്ന് നിലനിൽക്കുന്ന ആണധികാര സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തിൽ ആൺകുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകൾക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെൺകുട്ടികളുടെ അവകാശം പൂർണമായും നിഷേധിക്കുന്നതാണ് ആൺകോയ്മ സമൂഹത്തിന്റെ സ്വഭാവം. ദർശനാ രാജേന്ദ്രൻ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേർ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെൺകുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോൾ മുന്നിൽ തെളിഞ്ഞുവന്നത്.

ഇന്ന് കേരളീയ സമൂഹത്തിൽ നടക്കുന്ന ഗാർഹിക പീഠനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ഈ മേൽക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുർബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീർക്കുന്നവരാണ് ഏറെ സ്ത്രീകളും. ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേർ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തിൽ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകർച്ച ആൺകുട്ടികളുടെ മനസിനെയും എത്രമാത്രം ദുർബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസിൽ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങൾ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോൾ അപകർഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്. അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയിൽ ഈ അസ്വസ്തതകൾ മുഴുവൻ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്‌പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തിൽ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോൾ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകർത്തിക്കാട്ടാൻ ബേസിലിന് കഴിഞ്ഞു.

ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോൾ തിയേറ്ററിൽ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷൻമാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയിൽ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂർണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് അത്.

ചില സിനിമകളിൽ സ്ത്രീകൾക്കെതിരെ ലൈംഗിക ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുമ്പോൾ തിയേറ്ററിൽ നിന്നും കൈയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടിവന്നിട്ടുണ്ട്. അത്തരം ഒരു യുവ സമൂഹം അടുത്ത തലമുറയ്ക്ക് നൽകുന്ന സന്ദേശം എത്ര വികലമായിരിക്കും എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.

കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നരബലിക്കായി ചിത്രീകരിക്കുന്നതും മനുഷ്യരക്തം വീഴ്ത്തി ഭീകര ജീവികളെ ഉണർത്തിക്കൊണ്ടുവരുന്നതുമായ ദൃശ്യങ്ങൾ സെൻസർ ബോർഡ് കാണുന്നതേയില്ല. ഈ വൈകല്യങ്ങൾക്കിടയിലാണ് കുടുംബസമേതം കാണാനും ആസ്വദിക്കാനും ആശയങ്ങൾ ശരിയാംവണ്ണം ഉൾക്കൊള്ളാനും കഴിയുന്ന രീതിയിൽ നല്ല ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ഇതിൽ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ഇത്തരം ഒരു നല്ല സിനിമ സാമൂഹ്യ പ്രതിബദ്ധതയോടെ അവതരിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ച സംവിധായകൻ വിപിൻ ദാസ് ഉൾപ്പെടെ എല്ലാവർക്കും അഭിനന്ദനങ്ങൾ.