ജോസ് കല്ലിടിക്കില്‍
ചിക്കാഗോ: തോക്കുകളുടെ മേല്‍ പരിമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം അമേരിക്കയില്‍ നിലവില്‍ വന്നു. ഉഭയകക്ഷി പിന്തുണയോടെ അമേരിക്കന്‍ സെനറ്റിലും പ്രതിനിധി സഭയിലും പാസ്സായ ബില്‍, ജൂണ്‍ 25ന് ശനിയാഴ്ച പ്രസിഡണ്ട് ജോ ബൈഡന് കൈയൊപ്പിട്ടതോടെ നിയമമാക്കി. മൂന്ന് പതിറ്റാണ്ടിനുള്ളില്‍ തോക്കുകളുടെമേല് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ശ്രദ്ധേയമായ നിയമമാണ് നിലവില്‍ വന്നിട്ടുള്ളത്. താന്‍ ആഗ്രഹിച്ച ശക്തമായ നിയന്ത്രണങ്ങള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും അനേകം ജീവനുകള്‍ രക്ഷിക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍ക്ക് കഴിയുമെന്നതില്‍ സംതൃപ്തനാണെന്ന് ഒപ്പിടല്‍ ചടങ്ങിനിടയില്‍ പ്രസിഡണ്ട് ബൈഡന് പറഞ്ഞു.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടി സമവായവും സഹകരണവും ഏതാണ്ട് അസ്തമിച്ചു എന്ന പ്രതീതി നിലനില്‍ക്കുമ്പോഴാണ് ഉഭയകക്ഷി പിന്തുണയോടെ പുതിയ തോക്ക് നിയന്ത്രണനിയമം യാഥാര്‍ത്ഥ്യമായത്. 1994 മുതല്‍ 2004 വരെ നിലവിലുണ്ടായിരുന്ന അതിശക്തമായ ആക്രമണ ആയുധനിരോധനം പുനഃസ്ഥാപിക്കുന്നതിനുള്ള ഡെമോക്രാറ്റിക് ശ്രമങ്ങള്‍ വിഫലമാക്കിയതുള്പ്പെടെ തോക്കുകളുടെ മേലുള്ള നിയന്ത്രണങ്ങളോട് തികച്ചും നിഷേധാത്മകവും നിരുത്തരവാദപരവുമായ സമീപനമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സാമാജികര്‍ കൈക്കൊണ്ടിരുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയോ ആക്രമണ ആയുധങ്ങളുടെ നിരോധനം, തോക്ക് നിയമപരമായി വാങ്ങുന്നതിനുള്ള പ്രായപരിധി 21 വയസ്സായി ഉയര്‍ത്തുക, കുറ്റവാളികള്‍, ആക്രമണസ്വഭാവമുള്ളവര്, മാനസികരോഗികള്‍ എന്നിവര്‍ക്ക് തോക്ക് നിഷിദ്ധമാക്കുക, തോക്കു വാങ്ങുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുക, തോക്കുകള്‍ സുലഭമായി വാങ്ങുവാന്‍ കഴിയുന്ന ഗണ്ഷോകള് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുക എന്നിങ്ങനെയുള്ള വിപരീത നിലപാടുകള്‍ സ്വീകരിച്ചുപോന്നു. അതുകൊണ്ട് സ്കൂളുകളില്‍ ഉള്‍പ്പെടെ കൂട്ടക്കുരുതികള്‍ ഒരു തുടര്‍ക്കഥയായി മാറിയിട്ടും തോക്കുകളുടെമേല് ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏതും നടപ്പിലാക്കുവാന്‍ കഴിയാതെ പോയി.
മെയ് 14ന് ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു ഷോപ്പിംഗ് മാളില്‍ പത്ത് കറുത്ത വംശജര്‍ വധിക്കപ്പെട്ടതും ഈ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിനു മുമ്പ് മെയ് 24ന് ടെക്സസിലെ ഉവാള്ഡാ റോബ് എലമെന്ററി സ്കൂള്‍ 19 കുട്ടികളുടെയും രണ്ട് ടീച്ചേഴ്സിന്റെയും ജീവന് നിര്‍ദ്ദയം അപഹരിച്ച കൂട്ടക്കുരുതിയും തോക്കുകളുടെ മേലുള്ള നിയന്ത്രണത്തിനായുള്ള മുറവിളി ശക്തമാക്കുവാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിച്ചു. ഈ പൊതുവികാരത്തോട് ഇനിയും മുഖം തിരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് അംഗങ്ങള്‍ ഒരു സമവായത്തിന് തയ്യാറാവുകയും ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം പരിമിതമായ നിയന്ത്രണങ്ങളോടു കൂടിയ ഗണ്‍കണ്‍ട്രോള്‍ ബില്‍ പാസ്സാക്കുകയും ചെയ്തു. 33-നെതിരെ 65 അംഗങ്ങളുടെ പിന്തുണയോടു കൂടി സെനറ്റിലും 193-നെതിരെ 234 അംഗങ്ങളുടെ പിന്തുണയോടെ പ്രതിനിധി സഭയിലും പാസ്സായ ബില്ലില്‍ ഏറെ ആവേശത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രസിഡണ്ട് ബൈഡന് തന്റെ കൈയൊപ്പിട്ടത്.
പുതിയ തോക്ക് നിയന്ത്രണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ ഇവയാണ്: 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് തോക്കുകള്‍ വില്‍ക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലത്തെക്കുറിച്ച് തീവ്രപരിശോധന നടത്തുക, കുടുംബകലഹങ്ങളിലും ആക്രമണങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്ക് തോക്ക് നിഷിദ്ധമാക്കുക, അപകടകാരികളായവരില്‍ നിന്നും തോക്ക് തിരിച്ചു പിടിക്കുവാനുള്ള നിയമനടപടികള്‍ നടപ്പിലാക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുക, സ്കൂള്‍ സുരക്ഷ , മാനസിക ആരോഗ്യം, അക്രമങ്ങള്‍ തടയുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താഴെത്തട്ടിലുള്ള ഭരണസംവിധാനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുക എന്നിവയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി 13 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സമവായത്തിലൂടെ നടപ്പാക്കിയ പുതിയ തോക്ക് നിയന്ത്രണ നിയമം യാഥാര്‍ത്ഥ്യമാക്കിയതില്‍ കണക്ടിക്കട്ടില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫിക്കൊപ്പം ടെക്സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്ണിയന് വലിയൊരു പങ്കുണ്ട്. എന്നാല്‍, ടെക്സസില്‍ നിന്നു തന്നെയുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെസ് ക്രൂസ് ഉവാള്‍ഡ ജനതയുടെ കണ്ണീര് തോരും മുമ്പേ തോക്ക് നിയന്ത്രണ നിയമങ്ങള്‍ക്ക് എക്കാലവും തടസ്സമായി നില്ക്കുന്ന എന്‍.ആര്.എ.യുടെ സമ്മേളനത്തില്‍ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനൊപ്പം സംബന്ധിച്ചു. പുതിയ നിയമത്തെ സെനറ്റില്‍ എതിര്‍ത്തവരില്‍ ടെസ് ക്രൂസും ഉള്‍പ്പെടും. എന്നാല്‍, അതേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പുതിയ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്ത പ്രതിനിധി സഭാംഗങ്ങളില്‍ ചിലര്‍ എന്‍.ആര്.എയുടെയും ഒരുവിഭാഗം അനുഭാവികളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് അധികാരരാഷ്ട്രീയം തന്നെ ഉപേക്ഷിക്കുവാനും സന്നദ്ധരായി. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കുമായി സ്ഥാനത്യാഗം ചെയ്യുവാന്‍ പോലും തയ്യാറാകുന്ന ഇത്തരം ദേശസ്നേഹികളിലാകുന്നു അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാവി ഗതിവിഗതികള്‍ നിയന്ത്രിക്കുവാനുള്ള താക്കോല്‍.
