ബെഞ്ചമിന്‍ തോമസ്
ചിക്കാഗോ: ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡണ്ടും സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് വികാരിയുമായ റവ. ഡോ. ഭാനു സാമുവലിന് ചിക്കാഗോ എക്യുമെനിക്കല്‍ സമൂഹം ഹൃദ്യമായ യാത്രയയപ്പ് നല്കി.
മെയ് 17ന് വൈകിട്ട് ഏഴു മണിക്ക് സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍ കൂടിയ സമ്മേളനത്തില്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ട് റവ. മോണ്‍. തോമസ് മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു. റവ. അജിത് കെ. തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ എക്യു. കൗണ്‍സില്‍ യൂത്ത് ഫോറം കണ്‍വീനറും സി.എസ്.ഐ ക്രൈസ്റ്റ് അംഗവുമായ മെല്‍ജോ വര്‍ഗീസ് ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.
ഊര്‍ജസ്വലതയോടെയുള്ള ഭാനു സാമുവല്‍ അച്ചന്റെ പ്രവര്‍ത്തനങ്ങളും സാന്നിദ്ധ്യവും എക്യുമെനിക്കല്‍ കൂട്ടായ്മയെ ശാക്തീകരിക്കുന്നവയായിരുന്നു എന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ റവ. മോണ്‍. തോമസ് മുളവനാല്‍ എടുത്തു പറയുകയും എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആശംസാഫലകം സമ്മാനിക്കുകയും ചെയ്തു.
പാന്‍ഡമിക്കിന്റെ പ്രതികൂല സാഹചര്യങ്ങളില്‍ ആത്മീയരംഗത്തും ഭൗതികരംഗത്തും വലിയ സംഭാവനകള്‍ നല്കിയ ഭാനു സാമുവല്‍ അച്ചന്റെ വലിയ നേതൃത്വം എടുത്തു പറയപ്പെടേണ്ടതാണെന്ന് മുന്‍ എക്യുമെനിക്കല്‍ പ്രസിഡണ്ട് റവ.ഫാ. ഹാം ജോസഫ് ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് പ്രസംഗങ്ങള്‍ നടത്തിയ റവ.ഡോ. മാത്യു പി. ഇടിക്കുള, ജേക്കബ് ജോര്‍ജ്, ആന്റോ കവലയ്ക്കല്‍, ജോര്‍ജ് പണിക്കര്‍, ഏലിയാമ്മ പുന്നൂസ് എന്നിവര്‍ സാമുവല്‍ അച്ചന് നന്ദിയര്‍പ്പിക്കുകയും ഭാവുകങ്ങള്‍ നേരുകയും ചെയ്തു. ആദ്ധ്യാത്മിക ഗുരു എന്നതിലപ്പുറം ഒരു പണ്ഡിതന്, മികച്ച വാഗ്മി, സ്നേഹസമ്പന്നന്, വിശാലഹൃദയന്, കണ്വന്ഷന് പ്രസംഗകന് എന്നീ നിലകളില്‍ അറിയപ്പെടുകയും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുകയും ചെയ്ത അച്ചന് ചിക്കാഗോയില്‍നിന്നും യാത്രയാവുന്നത് എക്യുമെനിക്കല്‍ കൗണ്‍സിലിന് വലിയ നഷ്ടമാണെന്ന് ഏവരും ഒന്നുപോലെ സമ്മതിച്ചു.
മറുപടിപ്രസംഗത്തില്‍ എക്യുമെനിക്കല്‍ സമൂഹം നല്‍കിയിട്ടുള്ള സ്നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും റവ. ഭാനു സാമുവല്‍ നന്ദി അറിയിച്ചു.
സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും ബിജോയി സഖറിയ നന്ദി രേഖപ്പെടുത്തി. റവ.ഫാ. ജോര്‍ജ് റ്റി. ഡേവിഡ് സമാപനപ്രാര്‍ത്ഥനയും റവ. മോണ്‍. തോമസ് മുളവനാല്‍ ആശീര്‍വാദ പ്രാര്‍ത്ഥനയും നടത്തി. സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ക്രമീകരിച്ചിരുന്ന സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.