ചിക്കാഗോ: ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നൂതന ടെക്നോളജിയിലൂടെ വികസിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ആഹ്വാനം ചെയ്തു. ആദ്യമായി ചിക്കാഗോ സന്ദര്‍ശിക്കുന്ന അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഇന്ത്യന്‍ കോസുലേറ്റ് ഓഫ് ചിക്കാഗോ നടത്തിയ പ്രത്യേക ക്ഷണിതാക്കളുടെ ഡിന്നര്‍ മീറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു. ഇന്ത്യാക്കാര്‍ ഏറ്റവുമധികം താമസിക്കുകയും ഏറ്റവും കൂടുതല്‍ ബിസിനസ് ഇടങ്ങളും പ്രത്യേകിച്ച് ടെക്നോളജി കമ്പനികള്‍ ഉള്ള നഗരങ്ങളില്‍ ഒന്നാണ് ചിക്കാഗോ.
ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങള്‍ അതിവേഗം ഡെവലപ് ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഡിജിറ്റല്‍ ടെക്നോളജി. ഹെല്‍ത്ത് കെയര്‍, സമ്പാദ്യ നിക്ഷേപ പദ്ധതികള്‍, കാര്‍ഷിക പദ്ധതികള്‍, ഗവണ്മെന്റ് സര്‍വീസുകള്‍, ഐടി, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം എന്നീ രംഗങ്ങളില്‍ അമേരിക്കന്‍ ഇന്ത്യാക്കാരുടെ സഹായം ഇന്ത്യക്ക് ആവശ്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അജിത് കുമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു പ്രസംഗിക്കുകയുണ്ടായി.
ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന് പ്രസിഡണ്ട് ഗ്ലാഡ്സൺ വർഗീസിന്റെ നേതൃത്വത്തില്‍ എഎഇഐഒ ബോര്‍ഡ് മെംബേഴ്സ് അംബാസഡറെ പ്രത്യേകം കാണുകയും സെപ്റ്റംബര്‍ 17-ന് നടക്കുന്ന യുഎസ്-ഇന്ത്യന്‍ ഗ്ലോബല്‍ സമ്മിറ്റിലേക്ക് ചീഫ് ഗസ്റ്റായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ഈ മീറ്റിങ്ങില്‍ വെച്ച് ഇന്ത്യന്‍ ഗവണ്മെന്റുമായി വിവിധ ടെക്നോളജി, ഇന്നോവേഷന്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി വാഷിങ്ടണ്‍ ഡിസിയില്‍ പ്രത്യേക സെക്രട്ടറിയായി അദ്ദേഹം നിയോഗിക്കുകയും എന്‍ജിനിയേഴ്സ് അസോസിയേഷന് എല്ലാവിധ സഹകരണവും ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതാണെന്ന് അറിയിച്ചു.
Gladson Varghese with Ambassador Taranjit Singh Sandu