കേരളാ കോൺഗ്രസ്സിന് വിട്ടുവീഴ്ച്ചയില്ലാതെ കേരളത്തിനു വേണ്ടി നിലകൊള്ളാനാകും: ജോസ് കെ മാണി എം പി

sponsored advertisements

sponsored advertisements

sponsored advertisements

15 July 2022

കേരളാ കോൺഗ്രസ്സിന് വിട്ടുവീഴ്ച്ചയില്ലാതെ കേരളത്തിനു വേണ്ടി നിലകൊള്ളാനാകും: ജോസ് കെ മാണി എം പി

പി.ഡി.ജോർജ് നടവയൽ

ന്യൂയോർക്: “ഭദ്രമായ ഭാരതവും സംതൃപ്തമായ കേരളവുമാണ്” കേരളാ കോൺഗ്രസ്സിൻ്റെ നിലപാടെന്നതിനാൽ, കേരളാ കോൺഗ്രസ്സിന് വിട്ടുവീഴ്ച്ചയില്ലാതെ കേരളത്തിനു വേണ്ടി നിലകൊള്ളാനാകുമെന്ന് ജോസ് കെ മാണി എം പി. കേരളത്തെ നോളജ് ഹബ് ആക്കുക എന്നതാണ് ഗ്ളോബലൈസേഷനെ ഫലപ്രദമാക്കുന്നതിനുള്ള കേരളാമാർഗം. ന്യൂയോർക്കിൽ, വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. പ്രവാസി കേരളാ കോൺഗ്രസ് ന്യൂ യോർക് ചാപ്റ്റർ നേതൃത്വം നൽകി. പ്രസിഡൻ്റ് ജോൺ സി വർഗീസ് (സലിം) അദ്ധ്യക്ഷനായിരുന്നു.

ആഗോളവത്ക്കരണത്തിൽ ഇന്ത്യക്കാരാണ് നേതൃനിരയിലുള്ളത്. സുന്ദർ പിച്ചൈ ( അൽഫബെറ്റ്-ഗൂഗിൾ), തോമസ് കുര്യൻ ( ഗൂഗിൽ ക്ളൗഡ്), സത്യ നാദെല്ല (മൈക്റോസോഫ്റ്റ്), ജോർജ് കുര്യൻ ( നെറ്റാപ്), പരാഗ് അഗർവാൾ (ട്വിറ്റെർ),ലീനാ നയർ ( ഷനാൽ), ഷൻ്റനു നാരായൺ ( അഡോബി), അരവിന്ദ് കൃഷ്ണ( ഐ ബി എം), സഞ്ജയ് മെഹ്റോത്ര (മൈക്റോൺ ടെക്നോളജി), നികേഷ് അറോറ ( പെയ്ലോ ആൽട്ടോ നെറ്റ് വർക്), ജയ്ശ്രീ ഉല്ലാൽ (അരിസ്റ്റാ നെറ്റ് വർക്സ്), അമ്രപലി ഗാൻ ( ഒൺലി ഫാൻസ്), അജയ് പാൽ സിങ്ങ് ബങ്ക (മാസ്റ്റർ കാർഡ്), രേവതി അദ്വൈതി (ഫ്ലെക്സ്) എന്നിങ്ങനെ ഏറെ ഇന്ത്യൻ യു വാക്കളാണ് ഇന്ന് ലോകം നിയന്ത്രിക്കുന്നത്. ഇതിൽ മലയാളികളുമുണ്ട്. ഇത്തരം പോസിറ്റിവ് വസ്തുതകൾ പ്രസിദ്ധീകരിക്കുമ്പോൾ മാദ്ധ്യമങ്ങളുടെ റേറ്റിങ്ങ് കൂടുന്നില്ല, മറിച്ച് നെഗറ്റിവ് കാര്യങ്ങളാണ് മീഡിയാ റേറ്റിങ്ങിനു വേണ്ടി പ്രചരിപ്പിക്കുന്നത്. അതു കൊണ്ട്, കേരളത്തിലെ നവ തലമുറയിലെ ആഗോള നേതൃ സാമർഥ്യത്തെ കാണാതെ പോകരുത്. ഇനിയുള്ള ലോകം ഇത്തരത്തിലുള്ള പ്രതിഭകൾ നയിക്കണമെങ്കിൽ, കേരളത്തെ ആഗോള നോളജ് ഹബ് ആക്കുകയാണ് പ്രധാനമായി നാം ചെയ്യേണ്ടത്. ആ ലക്ഷ്യത്തോടെയാണ് സയൻസ് സിറ്റിയും മറ്റനവധി ആധുനിക വിദ്യഭ്യാസ സമുച്ചയങ്ങളും കേരളത്തിൽ നമ്മൾ മുൻകൈയെടുത്ത് നടപ്പാക്കി വരുന്നത്. ഇക്കാര്യത്തിൽ എൽ ഡി എഫെന്നോ, യൂ ഡി എഫ് എന്നോ, ബിജേപി എന്നോ ഭിന്നിപ്പില്ല. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ പാർലമെൻ്ററി ബന്ധം ഇക്കാര്യത്തിൽ ഏറെ സഹായകരമായിട്ടുണ്ട്. മലയാളികൾ വസിക്കുന്ന ഇടങ്ങളിലെല്ലാം, കേരളാ കോൺഗ്രസിൻ്റെ പ്രവർത്തകരോ, അനുഭാവികളോ, സുഹൃത്തുക്കളോ ഉണ്ട്. അവരെ ഒന്നിപ്പിച്ച്, ഇത്തരം ആധുനിക വത്ക്കരണത്തിൽ പങ്കാളികളാക്കാൻ ശ്രമിക്കുന്നു.

ജാതി മത പരിഗണനകളില്ലാത്ത ഒരു സംസ്ഥാന പാർട്ടി എന്ന നിലയിൽ കേരളാ കോൺഗ്രസ്സിന് വിട്ടുവീഴ്ച്ചയില്ലാതെ കേരളത്തിനു വേണ്ടി നിലകൊള്ളാനാകും എന്നതാണ് പ്രധാന സവിശേഷത. മറ്റു ദേശീയ പാർട്ടികളോട് അസ്പർശ്യതപുലർത്താതെ, ഭദ്രമായ ഭാരതവും സംതൃപ്തമായ കേരളവും എന്നതാണ് കേരളാ കോൺഗ്രസ്സിൻ്റെ നിലപാട്. അതിനുള്ള കേഡർ സംവിധാനത്തിലേക്ക് കേരളാ കോൺഗ്രസ്സ് പാർട്ടി മുന്നേറുകയാണ്. പ്രവാസി കേരളാ കോൺഗ്രസ് ന്യൂ യോർക് ചാപ്റ്റർ പ്രസിഡൻ്റ് ജോൺ സി വർഗീസ് നേതൃത്വം ന്യൂയോർക്കിൽ സഹായകമാകട്ടേ- ജോസ് കെ മാണി വ്യക്തമാക്കി.

കേരളത്തിലെ ഏറെ യുവജനങ്ങൾ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം വിദേശരാജ്യങ്ങളിലേക്ക് ഉപരി പഠനത്തിനായി ചേക്കേറുന്നു. ശേഷിയുടെയും യുവജന ശക്തിയുടെയും കൈമാറ്റമാണുണ്ടാകുന്നത്. ഇതിൻ്റെ ഗുണവശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകൾ മലയാളികൾ മനസ്സിലാക്കണം. കേരളത്തെ ഒരു നോളഡ്ജ് ഹബ്ബ് ആക്കി മാറ്റുക എന്നതാണ് ഏറ്റവും സമർഥമായ നടപടി.

ഗൂഗിൾ, ഗൂഗിൾ ക്‌ളൗഡ്‌, മൈക്രോസോഫ്ട്, ഐ.ബി.എം., ഇൻഫോസിസ്, വിപ്രോ, സാൻഡിസ്‌ക്, ഫർമസ്യൂട്ടിക്കൽ കമ്പനി നൊവാർട്ടീസ് തുടങ്ങി ലോകത്തിലെ നിയന്ത്രണശക്തികളായ കമ്പനികളുടെയെല്ലാം നയിക്കുന്നത് മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാരാണ്. ലോകം എമ്പാടുമുള്ള ബി.എം.ഡബ്ലിയു. കാറുകൾക്കുള്ളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സിസ്റ്റം ടെക്നോ പാർക്കിലുള്ള നൂറു പേര് മാത്രം ജോലി ചെയ്യുന്ന അക്കേഷ്യ ടെക്നോളജി എന്ന കമ്പനിയാണ് നൽകുന്നത്. യുവജങ്ങളുടെ വർദ്ധിച്ചു വരുന്ന ആധുനിക വിദ്യഭ്യാസ്സാവശ്യങ്ങൾ നിർവഹിക്കുന്നതിന് കാലതാമസ്സം വന്നാൽ അത്, ഒരു സാമൂഹിക അസന്തുലിതാവസ്ഥ (social imbalance) സൃഷ്ടിക്കുവാൻ സാധ്യതയേറുകയാണ്. അതുകൊണ്ട്, കേരളത്തെ ഒരു നോളഡ്ജ് ഹബ് ആക്കി മാറ്റേണ്ടത് ഏറ്റം പ്രധാനമാണ്.

ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ സയൻസ് സിറ്റി കുറവിലങ്ങാട്ട് മുപ്പതു ഏക്കറിൽ നൂറു കോടി രൂപാ മുടക്കി സ്‌ഥാപിക്കുന്നതിൻ്റെ എഴുപത്തഞ്ചു ശതമാനം പണി പൂർത്തിയാക്കിയിരിക്കുന്നു. പണി പൂർത്തീകരിച്ചു കൊണ്ട് , സയൻസ് സിറ്റി ഒരു വർഷത്തിനകം പ്രവർത്തനം ആരംഭിക്കണം. കോട്ടയത്ത് ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി’ ഇരുനൂറു കോടിയിലധികം രൂപാ മുടക്കി സ്ഥാപിക്കുന്നു.

ജോസ് മലയിൽ, ആൻ്റോ രാമപുരം, ഫോമാ മുൻ പ്രസിഡന്റ് ബേബി ഊരാളിൽ, ബിസിനസ്സ്‌ ഐക്കൺ വർക്കി ഏബ്രാഹം, ദീപിക മുൻ മാനേജിങ് ഡയറക്ടർ സുനിൽ കൂഴമ്പാല, ജോസഫ് മാത്യൂ ഇഞ്ചക്കൽ, ഫോമാ പ്രസിഡൻറ് അനിയൻ ജോർജ്, ഓർമാ ഇൻ്റനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ, കൈരളി ചാനൽ ഡയറക്ടർ ജോസ് കാടാപുറം, വേൾഡ് മലയാളി കൗൺസിൽ പ്രധിനിധി തങ്കമണി അരവിന്ദ്, കേരള സെന്റർ ഇ. എം. സ്റ്റീഫൻ, ടോമാർ കൺസ്റ്റ്‌ക്ഷൻ ഗ്രൂപ്പ് ചെയർമാൻ തോമസ് മൊട്ടക്കൽ, കോശി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

ന്യൂ യോർക്കിലെയും സമീപ സ്ഥലങ്ങളിലെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ, ജോസ് കെ മാണി എം പിയ്ക്കു നൽകിയ സ്വീകരണ യോഗത്തിൽ ചേർന്നു പ്രവർത്തിച്ചു.