മാറിയ കാലത്തെ വായനാദിനവും പി എന്നിന്റെ ഓർമകളും (എം. ഒ. രഘുനാഥ് )

sponsored advertisements

sponsored advertisements

sponsored advertisements


19 June 2022

മാറിയ കാലത്തെ വായനാദിനവും പി എന്നിന്റെ ഓർമകളും (എം. ഒ. രഘുനാഥ് )

എം. ഒ. രഘുനാഥ്

ഇന്ന് (ജൂൺ 19) നാം മലയാളികൾ, വായനാദിനമായി ആചരിക്കുകയാണല്ലോ. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന ശ്രീ. പി എന്‍ പണിക്കരുടെ ചരമദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് കേരളീയരെ കൈപിടിച്ചുയര്‍ത്തിയ സാമൂഹിക മുന്നേറ്റത്തിന് അടിത്തറപാകിയ മഹാനായ വ്യക്തിയാണ് പി.എന്‍. പണിക്കര്‍. 1996 മുതലാണ് അദ്ദേഹത്തിന്റെ ചരമദിനം കേരളത്തിൽ വായനാദിനമായി ആചരിച്ച് തുടങ്ങിയത്.

വായനയുടെ രൂപവും രീതിയും മാറിയ ഈ കാലത്ത്, നമ്മെ വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. ആഴവും പരപ്പുമുള്ള വായനയിൽ നിന്നും ഇലക്ട്രോണിക് മാധ്യമങ്ങളുടെ (പ്രത്യേകിച്ചും സ്മാർട്ട് ഫോണുകളുടെ) സഹായത്തോടെയുള്ള ‘ന്യു ജനറേഷൻ വായന’ വലിയ രീതിയിലുള്ള വിമർശനാത്മക വിലയിരുത്തലുകൾക്ക് വിധേയമാകുന്ന ഇക്കാലത്ത്, പി എൻ പണിക്കരും കേരളീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉത്ഭവവും വെറുതെ പറഞ്ഞുപോകുകയോ കേവലം അനുസ്മരണത്തിൽ ഒതുക്കുകയോ ചെയ്യുന്നത് അനീതിയും നിന്ദയുമായിരിക്കും.

‘എന്താണ് വായന’ എന്നത് വായനയോടൊപ്പംതന്നെ ചർച്ചചെയ്യപ്പെട്ടുകാണാവുന്ന ഒരു കാര്യമായിരിക്കാം. അതായത്, വളരെക്കാലമായി നാം ചർച്ചചെയ്യുന്നതുതന്നെ. ‘എന്താണ് ശരിയായ വായന’ എന്നതാണ് ആ ചർച്ചയുടെ കാതൽ. മാറിയകാലത്ത്, ഒരു വലിയ പരിധിവരെ വായനയ്ക്കുള്ള സൗകര്യം ലഭ്യമായകാലത്ത് ഈ ചർച്ച വഴിതെറ്റാനുള്ള ചില സാധ്യതകളുണ്ടെങ്കിലും അതിന്റെ സാമൂഹിക പ്രാധാന്യം വലുതാണ്. വായനോപാതികളുടെ മാറിയതും വർദ്ധിച്ചുവന്നതുമായ ‘രൂപത്തിലു’ടക്കിനിൽക്കാതെ, പ്രധാനമായും വിലയിരുത്തേണ്ടത് വായനയുടെ തെരഞ്ഞെടുപ്പും സ്വഭാവവുമാണ്. നീണ്ട സമയമെടുത്തും ആഴവും പരപ്പുമുള്ള വായന കാംക്ഷിക്കുന്ന ഗ്രന്ഥങ്ങളും കൃതികളും പുതുതലമുറ അവഗണിക്കുകയോ, അല്ലെങ്കിൽ ശ്രദ്ധിക്കാതെപോകുകയോ ചെയ്യുന്നുണ്ട് എന്നതാണ് വിമർശനങ്ങളുടെ കുന്തമുനയായി ഇവിടെ ഉന്നയിക്കപ്പെടാറുള്ളത്. അത്‌ അവഗണിക്കാനാവത്തതും ചർച്ചചെയ്യേണ്ടുന്നതുമായ ഒരു വസ്തുതയുമാണ്.

മാറിയ സമൂഹത്തിൽ വായനയും മാറുന്നുണ്ട് എന്നത് കാണാതെപോകരുത്. വേഗത്തിൽ പ്രചരിക്കുകയും ആളുകളെ വായിപ്പിക്കുകയും ചെയ്യുന്ന ചെറിയ കുറിപ്പുകളുടെ (ക്യാപ്സൂൾസ്) സാധ്യതകളേയും സ്വാധീനത്തേയും അവഗണിച്ചുകൊണ്ട് മാറിയ വായനയെ വിലയിരുത്തുന്നതിൽ അർഥമില്ല. ഇത് ഗൗരവത്തിൽ നിരീക്ഷിക്കുകയും ചർച്ചചെയ്യേണ്ടുന്നതുമായ ഒരു വസ്തുതയാണ്. സ്മാർട്ട് ഫോണുകളിൽ മിന്നിമറയുന്ന (ഷെയർ ചെയ്യപ്പെടുന്ന) കുറിപ്പുകളിലൂടെയും സൃഷ്ടികളിലൂടെയുമുള്ള മനുഷ്യന്റെ തിരക്കുപിടിച്ച പാച്ചിലുകളെയാണോ നമ്മൾ ‘മാറിയ കാലത്തെ വായന’ എന്ന് കരുതുന്നത്? എങ്കിൽ, അത്‌ അത്യന്തം ഗൗരവമേറിയ വിഷയവും പരിതാപകരമായ അവസ്ഥയിലാണ് എന്ന് പറയേണ്ടിവരും.

വേണ്ടത്ര പഠനമോ വിശകലനമോ ഇല്ലാത്ത സൃഷ്ടികളോ ആധികാരികതയില്ലാത്തതോ രക്ഷാകർത്താവില്ലാത്തതോ ആയ സ്രോതസ്സുകളുമാണ് പലപ്പോഴും ഓൺലൈൻ രംഗത്ത് ആളുകളുടെ വായനയെ ആകർഷിക്കുന്നത്. ഇതിൽ അതിവൈകാരികതകളും അയഥാര്‍ഥങ്ങളുടെ കുത്തൊഴുക്കും എടുത്തുപറയേണ്ടുന്നതാണ്‌. ഇത്തരം യാന്ത്രിക വായനതന്നെ ഒരു വലിയ പിശകാണ്. ഇതിനെ ‘കേവല വായന’യായോ ‘വായനയിലേക്കുള്ള ചുവടുവയ്പ്പാ’യോ ‘മാറിയ വായന’യായോ ഒക്കെ ചിലരെങ്കിലും കരുതുന്നുണ്ട്. ഇതിനെ “വർത്തമാനകാലത്തെ വായന” എന്ന് സമർത്ഥിക്കാൻ ശ്രമിച്ചാൽ അത്‌ വലിയൊരു അബദ്ധവും അത്യന്തം അപലപനീയവുമാണ്.

സാങ്കേതിക വളർച്ചയുടെ ഭാഗമായുണ്ടാകുന്ന വലിയൊരു സാധ്യതയെ, ശ്രദ്ധയും വിവേകവുമില്ലാതെ വിനിയോഗിക്കുന്ന ‘തിരക്കുപിടിച്ച അവസ്ഥ’യെ വായനയുമായി ചേർത്തുവയ്ക്കുമ്പോൾ അല്ലെങ്കിൽ വായനയായി കരുതപ്പെടുമ്പോൾ അതിൽ വലിയ നീതികേടും അപകടവുമുണ്ട്. അതുപോലെതന്നെ പ്രധാനമാണ്, ചില പ്രത്യേക വിഭാഗങ്ങളുടെ സങ്കുചിതവും പ്രതിലോമകരവും ശാസ്ത്രവിരുദ്ധവുമായ പ്രചരണങ്ങളുടെ സ്വാധീനം. നവമാധ്യമങ്ങളുടെ സാധ്യതകൾ നിറഞ്ഞുനിൽക്കുന്ന ഒരുകാലത്ത്, അത്‌ വായനയ്ക്കും എഴുത്തിനും സാധ്യമാക്കുന്ന ‘പോസിറ്റീവ്’ വശം കാണാതെയല്ല അതിനെ ഇവിടെ വിമർശനവിധേയമാക്കുന്നത്. സാങ്കേതിക സൗകര്യങ്ങൾക്കും സാധ്യതകൾക്കുമൊപ്പം സഞ്ചരിക്കുമ്പോൾ, ആഴവും പരപ്പുമില്ലാത്ത വായനയിൽനിന്ന് ഒരു സമൂഹം അകന്നുപോകുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. വായനയുടെ ജനകീയതയും സ്വാതന്ത്ര്യവുമായി ഓൺലൈൻ സാധ്യതയെ കൊട്ടിഘോഷിക്കുന്ന കാലത്ത്, സ്വന്തം ചിന്തകളെ പാകപ്പെടുത്തുന്ന (പാകപ്പെട്ടു പോകുന്ന) തരത്തിൽ നമ്മെ ‘ഇ-സൗകര്യം’ രൂപപ്പെടുത്തിയെടുക്കുന്നില്ലേ എന്നത് സ്വയം വിമർശനപരമായി ചിന്തിക്കുന്നില്ലെങ്കിൽ ഇതുപോലുള്ള വായനാദിനവും പി എന്നിനെപ്പോലുള്ളവരുടെ ഓർമകളും കേവലം ആണ്ടുതോറുമുള്ള ഒരു ആചാരമായിപ്പോകും.

‘വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക’ എന്ന മഹത്തായ ഒരു മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് കേരളീയ സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അതിൽ ഗ്രന്ഥശാലകളുടെ പങ്കിനെക്കുറിച്ചും നാടുമുഴുവൻ നടന്നു പ്രചരിപ്പിച്ച ഒരു സംഘത്തിന്റെ കർത്താവും നേതാവുമായിരുന്നു ശ്രീ. പി എൻ പണിക്കർ. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും കേരളീയ സമൂഹത്തെ സ്വാധീനിച്ചിട്ടുമുണ്ട്. തന്റെ ജീവിതം വായനയ്ക്കും വായനശാലകൾക്കുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1909 മാര്‍ച്ച് ഒന്നിനാണ് പി.എന്‍ പണിക്കര്‍ ജനിച്ചത്. തന്റെ പതിനേഴാം വയസില്‍ സനാതനധര്‍മ്മം എന്ന പേരില്‍ ഒരു വായനശാല സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് പി എൻ പണിക്കർ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം വലിയയൊരളവുവരെ പരിഹരിക്കപ്പെട്ടുവെങ്കിലും ഇപ്പോഴും അവഗണിക്കപ്പെട്ടുകിടക്കുന്ന ചില മേഖലകളുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലും പുരോഗമനപരിഗണനയിലും വരാത്ത ആദിവാസി ഗോത്രസമൂഹത്തിലും മലയോരമേഖലകളിലുമൊക്കെ ഇതര ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതപോലെതന്നെ, അറിവും അക്ഷരവും ഇപ്പോഴും അതിന്റെതായ അർഥത്തിൽ ചെന്നെത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടുന്നത് പ്രധാനമാണ് (ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ചില ഒറ്റപ്പെട്ട ഇടപെടലുകളും ചർച്ചകളും കാണാതെയല്ല ഇത് പറഞ്ഞുവയ്ക്കുന്നത്). സമൂഹത്തിൽ അപരവൽക്കരിക്കപ്പെട്ടവർ നിലനിൽക്കുന്നിടത്തോളം, അവർക്കും വായനയും ഗ്രന്ഥശാലകളും സാധ്യമാകുന്നിടത്തോളം, നാം പുരോഗതിയിലേക്കെന്നും
സാക്ഷരസമ്പന്നർ എന്നുമൊക്കെ ഊറ്റംകൊണ്ടുകൊള്ളുന്നതിൽ യാതൊരു അർത്ഥവുമില്ല. മാറിയ വായനയെക്കുറിച്ച് ചർച്ചചെയ്യുകയും വിലയിരുത്തലുകളും നടത്തുമ്പോൾത്തന്നെ ഇപ്പോഴും വായനയ്ക്കുള്ള അടിസ്ഥാനസൗകര്യംപോലും നിഷിദ്ധമായ ഒരു ചെറുതല്ലാത്ത സമൂഹമുണ്ടെന്ന തിരിച്ചറിവില്ലാതെ വായനാദിനത്തെ ‘കൊണ്ടാടുന്നത്’ അതിനെ വരേണ്യവത്കരിക്കുന്നതുപോലെ ആഭാസമായിപ്പോകും.

എം. ഒ. രഘുനാഥ്