മലയത്തും മെന്റാരമയും ബംഗാൾ യുക്തിവാദിസംഘവും (പി. ടി. പൗലോസ്)

sponsored advertisements

sponsored advertisements

sponsored advertisements

14 July 2022

മലയത്തും മെന്റാരമയും ബംഗാൾ യുക്തിവാദിസംഘവും (പി. ടി. പൗലോസ്)

മിർസാ ഗാലിബ് സ്ട്രീറ്റ് അഥവാ ഫ്രീസ്കൂൾ സ്ട്രീറ്റ്. പഴമയെ നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതുമയെക്കൂടി പുണരുന്ന മദ്ധ്യകൊല്‍ക്കത്തയിലെ തെരക്കില്ലാത്ത തെരുവ്. ആഡംബര രഹിതമായ താമസസൗകര്യം തേടി കൊൽക്കത്തയിൽ എത്തുന്ന വിദേശീയർക്ക് ഈ തെരുവ് പ്രിയപ്പെട്ടതാണ്. വഴിയോര പുസ്തക കടകളും വഴിവിളക്കുകൾക്കുകീഴെ കൂട്ടമായിരുന്നു ലഹരി നുണയുന്ന ബുദ്ധിജീവികളും ഇവിടെയുണ്ട്. ശാന്തമായ സായാഹ്നങ്ങളിൽ ഷാമിയാന പന്തലുകൾക്കുകീഴെയുള്ള മുഗൾ, ബംഗാളി , കോണ്ടിനെന്റൽ അത്താഴവിരുന്നുകൾക്കും ഇവിടം പ്രസിദ്ധമാണ്. ഫ്രീസ്കൂൾ സ്ട്രീറ്റിന്റെ ചരിത്രം പറയുവാനല്ല ഞാനീ കുറിപ്പെഴുതുന്നത്. 53C മിർസാ ഗാലിബ് സ്ട്രീറ്റ്. എഴുപതുകളിൽ അവിടെയായിരുന്നു ശ്രീ ടി. പി. ഞാളിയത്തിന്റെ ഉടമസ്ഥതയിൽ രശ്മി പ്രിന്റിങ് ആൻഡ് പബ്ലിഷിംഗ് ഹൗസ്. അവിടെ വൈകുന്നേരങ്ങളിൽ ഞാനുൾപ്പടെ വേലായുധൻ, ബാലകൃഷ്ണൻ, വേണു, രാധാകൃഷ്ണൻ, ഗോപി, കാവിൽ ഹരിദാസ്, പി. എസ് . മാത്യൂസ് അങ്ങനെ സ്വതന്ത്രചിന്തകരായ ചെറുപ്പക്കാർ ഒത്തുചേർന്ന്‌ അവരുടെ ചിന്താവിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. അത് പിന്നീടൊരു സംഘടനയായി. ആ സംഘടനക്ക് ഞങ്ങളൊരു പേരിട്ടു – ബംഗാൾ റാഷണലിസ്റ് അസോസിയേഷൻ. ടി. പി. ഞാളിയത്ത് പ്രസിഡണ്ടും ഞാൻ സെക്രട്ടറിയും. കൽക്കട്ട മലയാളികളുടെ ഒരുമയിലേക്ക്‌ വർഗീയ സംഘടനകളുടെ കടന്നുകയറ്റം തുടങ്ങിയ അക്കാലത്ത് ബംഗാൾ റാഷണലിസ്റ് അസോസിയേഷന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്.

1979 ലെ ഒരു വേനൽക്കാല സായാഹ്നത്തിൽ അസോസിയേഷന്റെ ഓഫീസിലേക്ക് അപ്രതീക്ഷിതമായി ഒരതിഥിയെത്തി. മജീഷ്യൻ ആർ. കെ. മലയത്ത്. അദ്ദേഹം ഞങ്ങളുടെ സുഹൃത്ത് വേണുവിന്റെ ബന്ധുവും കൂടിയാണ്. മാജിക്കിന് പ്രസിദ്ധമായ കാൽക്കട്ടയിൽ മാജിക് ഉപകരണങ്ങൾ വാങ്ങാനെത്തിയതായിരുന്നു അദ്ദേഹം. ”മെന്റാരമ” എന്ന തന്റെ ഇന്ദ്രജാലംകൊണ്ട് മലയത്ത് കേരളത്തിൽ തിളങ്ങിനിൽക്കുന്ന കാലം. അദ്ദേഹം ഞങ്ങളുടെ മുൻപിൽ ഒരു നിർദേശം വച്ചു . റാഷണലിസ്റ് അസ്സോസിയേഷനുവേണ്ടി തന്റെ രണ്ടര മണിക്കൂർ ഇന്ദ്രജാലപ്രോഗ്രാം ”മെന്റാരമ” കൽക്കട്ടയിൽ ഒരാഴ്ചക്കകം നടത്താം. മലയത്തിന്‍റെ കേരളത്തിലെ ജനസമ്മിതികൊണ്ടും ഞങ്ങൾക്ക് കൽക്കട്ടയിൽ ഒരു പൊതുപരിപാടി ആവശ്യമായുള്ളതുകൊണ്ടും ഞങ്ങൾ അദ്ദേഹത്തിന്റെ നിർദേശത്തോട് യോജിച്ചു. എങ്കിലും ആശങ്കയുണ്ടായിരുന്നു. സഹായികൾ ഇല്ലാതെ മലയത്ത് ഒറ്റക്കേയുള്ളു . മാജിക്കിന്റെ തറവാടായ കൽക്കട്ടയിലെ ഓഡിയന്‍സിനെ ഞങ്ങൾക്ക് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു. രണ്ടര മണിക്കൂർ താങ്കൾക്ക്‌ ഒറ്റയ്ക്ക് കൽക്കട്ട ഓഡിയന്‍സിനെ ഇന്ദ്രജാലത്തിന്റെ വലയത്തിലാക്കുവാൻ പറ്റുമോ. ഇല്ലെങ്കിൽ ഞങ്ങളുടെ ഗ്രൂപ്പിൽ തന്നെ ഒരു പ്രൊഫഷണൽ മജീഷ്യൻ ഉണ്ട്. അയാൾക്കും കൂടി ഒരു മണിക്കൂർ സ്റ്റേജ് ഷെയർ ചെയ്യാം. അപ്പോൾ മലയത്തിന്‍റെ ഈഗോ – സ്റ്റേജ് തനിക്കു തന്നെ വേണം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഹാൾ ബുക്ക് ചെയ്തു. രശ്മി പ്രസ്സിൽ തന്നെ നോട്ടീസുകളും പാസ്സുകളും അടിച്ച് ഒരാഴ്ചക്കുള്ളിൽ എല്ലായിടത്തും വിതരണം ചെയ്തു. അങ്ങനെ ഷോദിവസം വന്നെത്തി. കൽക്കട്ട ഓഡിയോ വിഷ്വല്‍ സെന്റർ ഹൗസ് ഫുള്‍. കാണികളുടെ തിരക്കുകൊണ്ട്‌ കൂടുതൽ ഇരിപ്പിടങ്ങളും ഒരുക്കേണ്ടിവന്നു. സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ ഞാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിറഞ്ഞ സദസ്സിന് സ്വാഗതം പറഞ്ഞത് ഏറെ അഭിമാനത്തോടെയാണ്. കാരണം റാഷണലിസ്റ് അസോസിയേഷന്റെ പരിപാടിക്ക് ഇത്രയും വലിയ സദസ്സ് ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ദ്രജാലത്തിന്റെ മണിമുഴങ്ങി. ഹാളിലെ വിളക്കുകൾ അണഞ്ഞു. കര്‍ട്ടനുയര്‍ന്നു. മുത്തുകൾ പതിച്ച
കിരീടവും ചുവന്ന ഗൗണുമണിഞ് മെന്റാരമയുടെ അവതാരകൻ ആർ. കെ. മലയത്ത് പ്രത്യക്ഷപ്പെട്ടു. തന്റെ മൃദുവായ ഇംഗ്ലീഷ് ഭാഷയിൽ ഇന്ദ്രജാലത്തിന്റെ തമ്പുരാക്കന്മാരായ
സീനിയർ ജൂനിയർ പി. സി. സർക്കാരുമാരുടെ നാട്ടിലെ സദസ്സിനെ അഭിസംബോധന ചെയ്ത് കൈകൾ വായുവിലേക്കുയർത്തി പറഞ്ഞു ”ഞാൻ നിങ്ങളെ മാസ്സ് ഹിപ്നോട്ടിസം ചെയ്യുന്നു”. സദസ്സ് ആദ്യം നിശബ്ദം. പിന്നെ അടക്കം പറച്ചിൽ. അതുകഴിഞ്ഞ് കൂട്ടമായ കൂവൽ. ജാലവിദ്യക്കാരൻ വിളറിവെളുത്തു. അടുത്ത ഐറ്റം – സദസ്സിൽ നിന്ന് ചിലരെ വിളിച്ച് വേദിയിൽ കിടത്തി ഉറങ്ങുവാൻ ആജ്ഞാപിച്ച് മാന്ത്രികമായി കൈവിരലുകൾ ചലിപ്പിച്ചു. പലരും ഉറക്കം നടിച്ചുകിടന്നു. ചിലർ ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റതായി അഭിനയിച്ചു. രണ്ട് ഐറ്റം കൂടി പരാജയപ്പെട്ടതോടെ അരമണിക്കൂറിനുള്ളിൽ കര്‍ട്ടന്‍ വീഴ്ത്തി രണ്ടരമണിക്കൂറിന്റെ ഷോ പൊടുന്നനെ അവസാനിപ്പിച്ചു. പിന്നെ അരങ്ങേറിയത് ഒരു ദുരന്തമായിരുന്നു. സദസ്സ് ഇളകി, വേദിയിലേക്ക് ഇരച്ചു കയറി മെയിൻ കർട്ടൻ വലിച്ചു കീറി. കസേരകൾ തലങ്ങും വിലങ്ങും എറിഞ്ഞു നശിപ്പിച്ചു. ഹാളിന്റെ ചില്ലുപാളികൾ എല്ലാം പൊട്ടിച്ചിതറി. മലയത്തിന്‍റെ ചുവന്ന ഗൗൺ ഊരിപ്പിച്ച് ഞങ്ങൾ അയാൾക്ക് രക്ഷാവലയം തീർത്തു. എന്റെ സുഹൃത്ത് മാത്യൂസിന്റെ ലാംബി സ്കൂട്ടറിന്റെ പിറകിലിരുത്തി മലയത്തിനെ ഉടനെത്തന്നെ വേണുവിന്റെ വീട്ടിലെത്തിച്ചു എന്നാണ് എന്റെ ഓർമ്മ.

ഈ സംഭവത്തോടെ ബംഗാൾ റാഷണലിസ്റ് അസോസിയേഷൻ ഒരു തട്ടിപ്പാണെന്ന് പ്രചരിച്ചുതുടങ്ങി. ഞങ്ങൾ വിമർശിച്ച വർഗ്ഗീയ സംഘടനകളുടെ ചില നേതാക്കൾ ഞങ്ങളുടെ പരാജയം ആഘോഷിക്കാനും മറന്നില്ല. അന്ന് അപ്രത്യക്ഷനായ മലയത്ത് പിന്നീട് ഒരിക്കലും ഒറ്റവാക്കുകൊണ്ടെങ്കിലും ഖേദം പ്രകടിപ്പിക്കുകയോ ഉണ്ടായ നഷ്ടത്തിൽ ദുഖിതരായ ഞങ്ങളെ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നാണെന്റെ ഓർമ്മ. ഒരു കലാകാരന് ഈഗോ പാടില്ല, എന്നൊക്കെയല്ലേ ? ആ സന്ദർഭങ്ങളിൽ ഞങ്ങൾക്കുണ്ടായ മാനസികസംഘർഷത്തിൽ കേരളത്തിലിരുന്നുകൊണ്ട് പങ്കുചേർന്ന് ഞങ്ങളെ ആശ്വസിപ്പിക്കുകയും പ്രവർത്തനങ്ങളുടെ പുത്തൻ മേഖലകളിലേക്ക് കടക്കുവാൻ പ്രചോദനം നൽകിയ ഇന്ന് നമ്മോടൊപ്പമില്ലാത്ത പവനൻ സാറിനെയും എം. പ്രഭസാറിനെയും ആദരപൂർവ്വം സ്മരിക്കട്ടെ !!

P.T.PAULOSE