കാലാന്തരങ്ങളില്‍ കഥകള്‍ നവീകരിക്കപ്പെടും:നിര്‍മ്മല

sponsored advertisements

sponsored advertisements

sponsored advertisements


11 July 2022

കാലാന്തരങ്ങളില്‍ കഥകള്‍ നവീകരിക്കപ്പെടും:നിര്‍മ്മല

ശങ്കർ മന, ലാന ജനറൽ സെക്രട്ടറി

എല്ലാ കഥകളൂം എല്ലാ ആശയങ്ങളും എഴുതിക്കഴിഞ്ഞു എന്നും, ഇനി ഒന്നും പുതിയതായി എഴുതാനില്ലെന്നും, മഹാഭാരതത്തിലും, ബൈബിളിലും, ഗ്രീക്ക് നാടകങ്ങളിലും, മുന്നെഴുതപ്പെട്ട പുസ്തകങ്ങളിലും എല്ലാം ഉണ്ടെന്നും എന്നുള്ള അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്നും, കഥകളും സാഹിത്യം പൊതുവിലും
കാലാന്തരങ്ങളില്‍ നവീകരിച്ച് മുന്നോട്ട് പോകുമെന്നും പ്രശസ്ത് നോവലിസ്റ്റും കഥാകാരിയുമായ ശ്രീമതി നിര്‍മ്മല അഭിപ്രായപ്പെട്ടു. ഷേക്സിപ്പിയറും, ഡിക്കന്‍സും, മാര്‍ക്ക് ട്വയിനും, ചെക്കോവും, ഹെമിങ് വേയും സാഹിത്യത്തെ നവീകരിച്ച് മുന്നോട്ട് കൊണ്ടുപോയവരാണ്‌. ആധുനികകാലത്തെ
മറ്റൊരു ഉദാഹരണം വായനയില്‍ നിന്നും മാറിനിന്ന കൗമാരക്കാരെ വായനയിലേക്ക് തിരിച്ചുകൊണ്ടുവന്ന ജെ കെ റൗളിങ്ങാണ്‌. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)-യുടെ സിൽവർ ജുബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സാഹിത്യോസ്തത്സവപരമ്പരയുടെ മൂന്നാമത്തെ പരിപാടിയിൽ “കഥ പറയുമ്പോൾ”
എന്ന് വിഷയത്തെ അധികരിച്ച് സംസാരിക്കുക്യായിരുന്നു നിർമ്മല.

നല്ല കഥകൾക്ക് അതിന്റേതായ വർണ്ണവും ഭാവവും അനുഭവതലവും ഉണ്ടായിരിക്കും. അനാവശ്യമായ ഒരു വാക്കോ വാചകമോ ഉണ്ടാകില്ല. ആവർത്തനവിരസത (cliche) ഉണ്ടാകരുത്. തിരുത്തി തിരുത്തി തിളങ്ങി വരണം. കഥ ഹൃദയത്തെ സ്പർശിക്കുകയും മനസ്സിനെ ത്രസിപ്പിക്കുകയും വേണം. വായനക്കാരന്‌ തന്റെ അനുഭവമായി തോന്നണം. നവരസതുല്യമായ വിവിധ വികാരതലങ്ങൾ അതിന്‌ ഉത്പാദിപ്പിക്കാൻ കഴിയണം. കഥക്ക് ഒന്നോ രണ്ടോ വാചകങ്ങളിൽ വിശദീകരിക്കാൻ കഴിയുന്ന ഒരു സത്ത ഉണ്ടായിരിക്കണം. ഒരു സുഹൃത്തെന്നപോലെ അത് നമ്മെ സ്വാധീനിക്കണം. ഇങ്ങിനെയൊക്കെ ആണെങ്കിലും തന്റേതടക്കമുള്ള ആളുകളുടെ ഉപദേശങ്ങൾക്ക്
അമിതമായി ചെവികൊടുക്കാതെ എഴുതികൊണ്ടിരിക്കുകയും അവരരുടേതായ വഴിയിലൂടെ സഞ്ചരിക്കുകയും ആണ്‌ വേണ്ടതെന്ന് നിർമ്മല തുടർന്ന് പറഞ്ഞു.

വായനക്കാർ ഒരു തെരഞ്ഞെടുപ്പിന്‌ നിർബന്ധിതരാവുന്നു: അനിലാൽ ശ്രീനിവാസൻ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എണ്ണത്തിൽ പരിമിതമായിരുന്ന ചെറുകഥ രൂപത്തിന്‌ നൂറിലേറെ വർഷത്തെ ചരിത്രം കടന്ന് പോയപ്പോൾ അഭൂതപൂർവമായ വളർച്ചയാണ്‌ ഉണ്ടായത്. ഇപ്പോൾ ഒരു വർഷം ശരാശരി മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ മലയാള കഥകൾ ആനുകാലികങ്ങളിലും നവമാദ്ധ്യമങ്ങളിലുമായി പ്രസിദ്ധീകരിക്കുന്നുണ്ട്.
സമയപരിമിതിമൂലം വായനക്കാർ നിലവാരമുണ്ടെന്ന് കരുതുന്ന പ്രസിദ്ധീകരണങ്ങളിൽ വരുന്ന കഥകൾ മാത്രം വായിക്കുന്നവരാണ്‌. അതുകൊണ്ട് എഴുതിതുടങ്ങന്നവർ സ്വയം മെച്ചപ്പെടുത്തി ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ എഴുതണം. എഴുത്ത് മെച്ചപ്പെടുന്നതിലേക്ക് ഇത്തരം ചർച്ചാവേദികളും സംവാദങ്ങളും
ഗുണകരമാകുമെന്ന് ലാനാ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡണ്ട് അനിലാൽ ശ്രീനിവാസൻ പറഞ്ഞു.

തുടർന്ന് ശ്രീ പി ടി പൗലോസ് ഏഭ്യൻ എന്ന കഥയും അശ്വതി മാത്യു കടലിരമ്പങ്ങൾക്കപ്പുറം എന്ന കഥയും വായിച്ച് അവതരിപ്പിച്ചു. അവതരിപ്പിച്ച കഥകളുടെ ആസ്വാദനം ആർട്സ് ലവേഴ്സ് ഓഫ് അമേരിക്ക (അല)-യുടെ പ്രസിഡണ്ട് ഷിജി അലക്സും, യു എസ് എ എഴുത്തുകൂട്ടം പ്രസിഡണ്ട് ഫിലിപ്പ് തോമസും നിർവഹിച്ചു.
ലാന സെക്രട്ടറി ശങ്കർ മന സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ ഗീത രാജൻ നന്ദി പ്രകാശിപ്പിച്ചു.ആദ്യന്തം പാർവ്വതി പ്രവീൺ എംസിയായി യോഗത്തെ നിയന്ത്രിച്ചു. ലാന ജോയിന്റ് ട്രഷറർ ഹരിദാസ് തങ്കപ്പൻ പ്രോഗ്രാം കമ്മിറ്റി ചെയർ സാമുവൽ യോഹന്നാൻ തുടങ്ങിയ ഭാരവാഹികളും മറ്റു ലാന മെമ്പർമാരും
യോഗത്തിൽ സന്നിഹിതരായിരുന്നു.

ലാന റിജിയണൽ കൺവെൻഷൻ ഓസ്റ്റിൻ ടെക്സ്സിൽ

ലാന രജതജുബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള റീജിയണൽ കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1,2 തിയതികളിൽ നടക്കുമെന്ന് ലാന ജനറൽ സെക്രട്ടറി ശങ്കർ മന അറിയിച്ചു. കൺവെഷൻ സംഘടിപ്പിക്കുന്നതും ഏകോപിപ്പിക്കുന്നതും യൂണിവേഴ്സിറ്റി ഒഫ് ടെക്സസ്, ഓസ്റ്റിൻ ഏഷ്യൻ പഠാവിഭാഗം മലയാളം ഡിപ്പാർട്ട്മെന്റിന്റെ
നേതൃത്വമാണ്‌. കൺവെൻഷന്റെ വിശദവിവരങ്ങൾ ജൂലൈ അവസാനത്തോടെ ലഭ്യമാകും. ലാന രജതജുബിലിയോട് അനുബന്ധിച്ച് നടന്നുവരുന്ന സാഹിത്യോത്സവപരമ്പരയുടെ നാലാമത്തെ പ്രോഗ്രാം ആഗസ്റ്റ് 20-ന്‌ ശനിയാഴച്ച രാവിലെ 10 മണിക്ക് നടക്കും. നോവൽ ചർച്ചയുടേ ഭാഗമായി എസ് ഹരീഷിന്റെ ഏറ്റവും പുതിയ
നോവലായ ആഗസ്റ്റ് 17 ഗ്രന്ഥകർത്താവിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യും. ശ്രീ എസ് ഹരീഷ് മുഖ്യ അതിഥിയായിരിക്കുമെന്ന് ലാന പ്രോഗ്രാം കമ്മിറ്റി ചെയർ സാമുവൽ യോഹന്നാൻ പറഞ്ഞു.

(റിപ്പോർട്ട്
തയ്യാറാക്കിയത്: ശങ്കർ മന, ലാന ജനറൽ സെക്രട്ടറി)