ജൂണ്‍ 19 ഫെഡറല്‍ അവധി (ജോസ് കല്ലിടിക്കില്‍)

sponsored advertisements

sponsored advertisements

sponsored advertisements

20 June 2022

ജൂണ്‍ 19 ഫെഡറല്‍ അവധി (ജോസ് കല്ലിടിക്കില്‍)

ചിക്കാഗോ: ജൂണ്‍ 19 (ജൂണ്‍ ടീന്‍ത്) ഫെഡറല്‍ അവധിയായി പ്രഖ്യാപിച്ചു. ജൂണ്‍ 19, ഞായറാഴ്ച ആയതിനാല്‍ തിങ്കളാഴ്ച ഔദ്യോഗിക അവധിദിനമായി ആചരിക്കപ്പെട്ടു. ജൂണ്‍ 17-നാണ് പ്രസിഡണ്ട് ബൈഡന്‍റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. 2021-ലും ഈ ദിനം ഫെഡറല്‍ അവധിയായിരുന്നു. ഇല്ലിനോയി ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളിലും ഈ ദിനം അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയുടെ ചരിത്രത്തില്‍, വിശിഷ്യാ ഇവിടുത്തെ കറുത്ത വംശജര്‍ക്ക് ഏറെ പ്രാധാന്യമേറിയതാണ് ജൂണ്‍ ടീന്‍ത്. അവരുടെ യഥാര്‍ത്ഥ വിമോചന സ്വപ്ന സാക്ഷാത്കാര ദിനം. അമേരിക്കയിലെ കറുത്ത വംശജരായ അടിമകള്‍ പൂര്‍ണ്ണമായി മോചിതരാക്കപ്പെട്ട ദിനം. 1865 ജൂണ്‍ 19-ന് ടെക്സസിലെ ഗാല്‍വസ്റ്റണ്‍ നഗരമാണ് ഇതിന് വേദിയായത്. സംഭവം ഇങ്ങനെയാണ്:
അമേരിക്കയുടെ ചരിത്രത്തിനൊപ്പം ലോക ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചിട്ടുള്ള പ്രസിഡണ്ട് ഏബ്രഹാം ലിങ്കന്‍റെ വിഖ്യാതമായ അടിമത്ത വിമോചന പ്രഖ്യാപനം നടന്നത് 1862 സെപ്തംബര്‍ 22-നാണ്. 1863 ജനുവരി 1 മുതല്‍ അടിമത്തം ഔദ്യോഗികമായി അമേരിക്കയില്‍ അവസാനിച്ചുവെങ്കിലും, അടിമത്തം തുടരണമെന്ന് ശഠിച്ച നിരവധി തെക്കന്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറായില്ല. അടിമത്ത മോചനം കര്‍ശനമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിലെ അടിമ ഉടമകള്‍ അടിമത്തം തുടരുവാന്‍ കണ്ടെത്തിയ ഉപാധികളിലൊന്നാണ് അടിമകളുമായി ടെക്സസ് സംസ്ഥാനത്തിലേക്ക് മാറി താമസിക്കുക എന്നത്. 1.5 ലക്ഷത്തിലധികം അടിമകളുമായി നിരവധി ഉടമകള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് അങ്ങനെ ടെക്സസില്‍ കുടിയേറി. കറുത്ത വംശജരുടെ നിരന്തരമായ പോരാട്ടങ്ങളും പ്രാദേശിക സമ്മര്‍ദ്ദങ്ങളും വഴി അടിമകളുടെ മോചനം ടെക്സസിലും തുടര്‍ന്നുകൊണ്ടിരുന്നുവെങ്കിലും പൂര്‍ണ്ണമായ അടിമത്ത മോചനം യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരു ഫെഡറല്‍ ഇടപെടല്‍തന്നെ വേണ്ടിവന്നു. അടിമത്ത നിരോധനം നിലവില്‍ വന്ന് രണ്ടര വര്‍ഷങ്ങള്‍ക്ക്ശേഷം 1865 ജൂണ്‍ 19-ന് മേജര്‍ ജനറല്‍ ഗോര്‍ഡന്‍ഗ്രാംഗ്ജറുടെ നേതൃത്വത്തില്‍ വലിയൊരു സംഘം കേന്ദ്ര സൈനികര്‍ ടെക്സസിലെ ഗാല്‍വസ്റ്റണിലേക്ക് മാര്‍ച്ച് ചെയ്ത് കറുത്ത വംശജരായ അടിമകളെ പൂര്‍ണമായും മോചിപ്പിക്കുകയും അടിമത്ത നിരോധനം അമേരിക്ക ഒട്ടാകെ പ്രാബല്യത്തിലാക്കുകയും ചെയ്തു. അന്നുമുതല്‍ അമേരിക്കയിലെ വിവിധയിടങ്ങളില്‍ കറുത്ത വംശജര്‍ ജൂണ്‍ 19 എല്ലാ വര്‍ഷവും തങ്ങളുടെ യഥാര്‍ത്ഥ മോചനദിനമായി ആചരിച്ചു വരുന്നു.
ഉഭയകക്ഷി പിന്തുണയോടുകൂടി 2021-ലാണ് ‘ജൂണ്‍ ടീന്‍ത്’ ഫെഡറല്‍ അവധിദിനമായി നിലവില്‍ വന്നത്. അടിമത്ത നിരോധനം നിലവില്‍ വന്നിട്ട് ഒന്നര നൂറ്റാണ്ടിലധികമായെങ്കിലും അമേരിക്കയിലെ കറുത്ത വംശജര്‍ തുല്യതയ്ക്കും സുരക്ഷയ്ക്കും നീതിക്കുമായുള്ള അവരുടെ പോരാട്ടം ഇപ്പോഴും തുടരുന്നുവെന്നത് തികച്ചും ദൗര്‍ഭാഗ്യകരം. 2020-ല്‍ മിനിയാപ്പൊളീസില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയിഡ് ദാരുണമായി കൊല്ലപ്പെട്ട സംഭവവും അതേത്തുടര്‍ന്ന് അമേരിക്കയില്‍ ഒട്ടാകെ പൊട്ടിപ്പുറപ്പെട്ട കറുത്ത വംശജരുടെ പ്രക്ഷോപങ്ങളും അതുമൂലം ഉടലെടുത്ത ശക്തമായ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ വികാരവുമാണ്, ഒരു സാന്ത്വന നടപടിയായി ‘ജൂണ്‍ ടീന്‍ത്’ പ്രഖ്യാപിക്കുവാന്‍ ബൈഡന്‍ ഭരണകൂടത്തേയും അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ഇരുകക്ഷി നേതൃത്വത്തേയും പ്രേരിപ്പിച്ചത്. പോയ മാസം ന്യൂയോര്‍ക്കിലെ ബഫല്ലോയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു വെളുത്ത വംശ യുവാവിന്‍റെ വംശീയ വിദ്വേഷത്തിനടിമപ്പെട്ട് 10 കറുത്ത വംശജര്‍ നിര്‍ദ്ദാക്ഷിണ്യം വധിക്കപ്പെട്ടുവെന്നത്, അമേരിക്കയില്‍ കറുത്ത വംശജര്‍ ഇപ്പോഴും നേരിടുന്ന വര്‍ണ്ണവിവേചനത്തിന്‍റെയും വെറുപ്പിന്‍റെയും ക്രൂരതയുടെയും ദൃഷ്ടാന്തങ്ങളാണ്.

ജോസ് കല്ലിടിക്കില്‍