ഷാജി രാമപുരം
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് റവ.സജു സി.പാപ്പച്ചന്‍ (വികാര്‍, സെന്റ്. തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്, ന്യൂയോര്‍ക്ക്), റവ. ഡോ.ജോസഫ് ഡാനിയേല്‍ (പ്രൊഫസര്‍, മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി, കോട്ടയം), റവ. മാത്യു കെ. ചാണ്ടി (ആചാര്യ, ക്രിസ്തപന്തി ആശ്രമം, സിഹോറ) എന്നിവരെ എപ്പിസ്‌കോപ്പല്‍ നോമിനികളായി എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
മാര്‍ത്തോമ്മാ സഭയ്ക്ക് പുതിയ നാല് ബിഷപ്പുമാരെ വാഴിക്കണമെന്ന സഭാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം 2022 ല്‍ തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കൂടിയ സഭാ പ്രതിനിധി മണ്ഡലം അംഗീകരിച്ചതിന്റെ ഭാഗമായി മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി, സിനഡ് പ്രതിനിധി എന്നിവര്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ട 25 പേര്‍ അടങ്ങുന്ന എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിനെ തെരഞ്ഞെടുത്തു.
നോമിനേഷന്‍ ബോര്‍ഡ് നിലവില്‍ വന്ന് കേവലം ആറ് മാസത്തിനുള്ളില്‍ തന്നെ സഭാ ഭരണഘടന 16 മുതല്‍ 19 വരെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. യോഗ്യരായി കണ്ടെത്തിയ മൂന്ന് ബിഷപ്പ് നോമികളുടെ ലിസ്റ്റ് സഭാകൗണ്‍സിലിന് സമര്‍പ്പിച്ചു.
അവിവാഹിതരും, 40 വയസ്സും, പട്ടത്വസേവനത്തില്‍ 15 വര്‍ഷവും പൂര്‍ത്തിയാക്കിയ 9 പേരില്‍നിന്നും ആണ് നോമിനേഷന്‍ ബോര്‍ഡ് മൂന്ന് നോമിനികളുടെ ലിസ്‌ററ് അവസാനമായി തയ്യാറാക്കി സഭാ കൗണ്‍സിലിന്റെ പരിഗണനയോടെ തുടര്‍നടപടികള്‍ക്കായി സമര്‍പ്പിച്ചത്.
നോമിനേഷന്‍ ബോര്‍ഡിന്റെ കണ്‍വീനറുകൂടിയായ സഭാ സെക്രട്ടറി റവ. സി.വി. സൈമണ്‍ സഭാ ജനങ്ങളുടെ വിലയിരുത്തലിനും പരിഗണനയ്ക്കും, ആക്ഷേപങ്ങളുണ്ടെങ്കില്‍ ആയത് ബോധിപ്പിക്കുന്നതുമായി ഒരു മാസക്കാലയളവ് നല്‍കി പ്രസിദ്ധീകരിച്ചു. ഈ കാലാവധിക്ക് ശേഷം സഭാ കൗണ്‍സില്‍ വോട്ടിംഗിനായി സഭാ പ്രതിനിധിമണ്ഡലം വിളിച്ചുകൂട്ടും. പ്രതിനിധിമണ്ഡലത്തിലെ അംഗങ്ങളായ വൈദീകരുടെയും അല്‍മായ പ്രതിനിധികളുടെയും 75 ശതമാനം വോട്ട് ലഭിച്ചാല്‍ മാത്രമേ ഇവര്‍ ബിഷപ്പുമാരായി തെരഞ്ഞെടുക്കപ്പെടുകയുള്ളൂ.


