കഥകളുറങ്ങുന്ന ബംഗ്ലാവ് (നിഷ ഏലിസബേത്ത് ജോര്‍ജ്)

sponsored advertisements

sponsored advertisements

sponsored advertisements

15 July 2022

കഥകളുറങ്ങുന്ന ബംഗ്ലാവ് (നിഷ ഏലിസബേത്ത് ജോര്‍ജ്)

നിഷ ഏലിസബേത്ത് ജോര്‍ജ്

ബ്രിട്ടന്‍റെ അമേരിക്കയുടെമേലുണ്ടായിരുന്ന ആദ്യകാല ആധിപത്യത്തിന്‍റെ മൂകസാക്ഷിയായ ഗ്രോഡന്‍ മാന്‍ഷന്‍.

സൂര്യന്‍ അസ്തമിക്കാത്ത മഹാസാമ്രാജ്യം കയ്യടക്കി വന്‍
ഭൂഗോളശക്തിയായിരുന്ന ബ്രിട്ടന്‍റെ ഭൂതകാല പ്രസക്തിയും പ്രതാപവും പതനവും ഫിലാഡല്‍ഫിയായിക്കു സമീപമുള്ള ബെന്‍സേലം ടൗണ്‍ഷിപ്പിലെ ഗ്രോഡന്‍ മാന്‍ഷല്‍ ബംഗ്ലാവില്‍ കാണാം. യാതൊരു കേടുപാടുകളും ഇല്ലാതെ മാന്‍ഷന്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. 1681-ല്‍ പ്രസിദ്ധരായ തച്ച സമൂഹത്തിന്‍റെ സകല വൈവിദ്ധ്യങ്ങളും ഓരോ കരിങ്കല്‍ പടവുകളിലും വെള്ളപൂശിയ ചുവരിന്‍റെ ഭാഗങ്ങളിലും ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ എനിക്കു കാണാം.
ഞാന്‍ ബംഗ്ലാവിന്‍റെ ഏറ്റവും അടുത്ത അയല്‍വാസിയാണ്. എന്‍റെ ജനാലവിരികള്‍ മാറ്റിനോക്കുമ്പോള്‍ ഇവിടെ ജീവിച്ചു കൊതിതീരാതെ മരിച്ച ഗ്രേസി ഗാലോവി ഗ്രോഡന്‍റെ തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കാറുണ്ട്. നീ ഇന്നു നേടിയതും അനുഭവിക്കുന്നതും ഒന്നും നിന്‍റേതല്ല എന്നു ഓര്‍മ്മപ്പെടുത്തിക്കൊണ്ട് തലമുറകള്‍ ഈ നാട്ടിലൂടെ നടന്നു അപ്രത്യക്ഷമായതിന് മൂകസാക്ഷിയായി ഇന്നും ഈ ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു കാലഘട്ടത്തില്‍ സംഭവബഹുലമായിരുന്ന ഈ ബംഗ്ലാവ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ ചരിത്രസംരക്ഷണ വിഭാഗത്തിന്‍റെ ഉടമസ്ഥതയിലാണ്.
അമേരിക്ക ബ്രിട്ടീഷ് കോളനിയായിരുന്ന 1607-1783 കാലഘട്ടത്തില്‍ ബ്രിട്ടനില്‍ നിന്നും വന്ന പ്രഭുക്കന്മാരായിരുന്ന ലോറന്‍സ് ഗ്രോഡനും പുത്രന്‍ ജോസഫ് ഗ്രോഡനും ബെന്‍സാലം പ്രദേശത്തു വന്നു 5000 ഏക്കര്‍ ഭൂമി വാങ്ങി. ബ്രിട്ടനില്‍നിന്നും കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുവന്ന സാധനങ്ങളും അടിമകളേയും കൊണ്ടാണ് പ്രൗഢഗംഭീരമായ ഈ ബംഗ്ലാവ് ഗ്രോഡന്‍ പൂര്‍ത്തീകരിച്ചത്. വിലയേറിയ ഈട്ടിയും മഞ്ഞ പൈനും വെള്ള സെഡാര്‍ തടിയും അല്ലാതെ മറ്റൊരു തടിയും ഇതിന്‍റെ നിര്‍മ്മാണത്തിനു ഉപയോഗിച്ചിട്ടില്ല. 1776 ജൂലൈ നാലിനു അമേരിക്ക ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നും സ്വതന്ത്രമായി പ്രഖ്യാപിച്ചെങ്കിലും ബ്രിട്ടന്‍ 1783 വരെ കൊളോണിയല്‍ വാഴ്ച പലപ്രവിശ്യകളിലും നടത്തിയിരുന്നു.
ഗ്രോഡന്‍ മാന്‍ഷനെക്കുറിച്ചു ഗബ്രിയേല്‍ തോമസ് എന്ന സഞ്ചാരി എഴുതിയിരിക്കുന്നത് ആയിരക്കണക്കിനു ആപ്പിള്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട സമാധാനമുള്ള കമനീയമായ ഒരു ബംഗ്ലാവ് എന്നാണ്.
ജോസഫ് ഗ്രോഡന്‍റെ ഭാര്യ എലിസബത്തും മക്കളും 1683 ല്‍ മേരി എന്ന കൂറ്റന്‍ കപ്പല്‍ നിറയെ കാര്‍ഗോ സാധനങ്ങളുമായി അമേരിക്കയിലെത്തി.
കാലം മുന്നോട്ടുപോയപ്പോള്‍ ആ കുടുംബം ഫിലാഡല്‍ഫിയായില്‍ വേരുകള്‍ ഇറക്കി. ഇതിനോടകം ജോസഫ് ഗ്രോഡന്‍ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവായി കഴിഞ്ഞിരുന്നു. 1684 ല്‍ ജോസഫ് ഗ്രോഡന്‍ അസംബ്ലിയില്‍ ഫിലാഡല്‍ഫിയായെ പ്രതിനിധീകരിച്ചു. 1699 ല്‍ എലിസബത്ത് മരണമടഞ്ഞുവെങ്കിലും ജോസഫ് ഗ്രോഡന്‍ സ്ഥലങ്ങള്‍ വെട്ടിപ്പിടിക്കുന്നതിലുള്ള തന്‍റെ അത്യാഗ്രഹം തുടര്‍ന്നു. 1704 ല്‍ 7813 ഏക്കര്‍ ഭൂമി അദ്ദേഹത്തന്‍റേതായി മാറിക്കഴിഞ്ഞിരുന്നു.
ജോസഫ് ഗ്രോഡന്‍റെ മകനായ ലോറന്‍സ് രണ്ടാമന്‍ മറ്റു സഹോദരങ്ങളെ തഴഞ്ഞ് 1707 ല്‍ മുഴുവന്‍ സ്വത്തുവകകളുടേയും അവകാശിയായി മാറി. ലോറന്‍സ് രണ്ടാമനും ഭാര്യയ്ക്കും മൂന്നു പെണ്‍മക്കള്‍ – എലിസബത്ത്, ഗ്രേസ്, ഹന്ന.
ലോറന്‍സ് രണ്ടാമനെ അച്ഛനേയും മുത്തച്ഛനേയും പോലെ ഭൂമി വാങ്ങുന്നതില്‍ ആയിരുന്നില്ല താല്‍പര്യം. അതുവിറ്റുള്ള സുഖലോലുപതയില്‍ ആയിരുന്നു ജീവിതം. പിന്നീടു അദ്ദേഹം 1746 ല്‍ അടിമകളെ ഗ്രോഡന്‍ ബംഗ്ലാവിന്‍റെ മുന്‍പില്‍ പരസ്യമായി വില്‍പ്പനയ്ക്കു നിര്‍ത്തി. ആ അടിമകള്‍ അദ്ദേഹത്തിന്‍റെ തന്നെ ആയിരുന്നോ അതോ ഇംഗ്ലണ്ടില്‍നിന്നും ഇറക്കുമതി ചെയ്തതായിരുന്നോ എന്ന കാര്യം അവ്യക്തമാണ്.
ലോറന്‍സ് രണ്ടാമന്‍ 1770 ല്‍ മരിച്ചു. ക്രമേണ ഗ്രോഡന്‍ മാന്‍ഷനും എസ്റ്റേറ്റും മകളായ ഗ്രേസില്‍ എത്തിച്ചേര്‍ന്നു. ആ കാലത്ത് അമേരിക്കയില്‍ സ്ത്രീകള്‍ക്ക് സ്വത്ത് സ്വന്തം പേരില്‍ നിലനിര്‍ത്തുവാന്‍ നിയമം അനുവദിക്കുന്നില്ലായിരുന്നു. ഗ്രേസ് വിവാഹം കഴിച്ച ജോസഫ് ഗാലോവി ആ സ്വത്തുവകകള്‍ കരസ്ഥമാക്കി. അദ്ദേഹം സുമുഖനായ ഒരു ഇംഗ്ലീഷ് അഭിഭാഷകന്‍ ആയിരുന്നു. വിവാഹശേഷം രണ്ടുപേരും ഗ്രോഡന്‍ മാന്‍ഷനില്‍ താമസം തുടര്‍ന്നു. അവര്‍ക്ക് ഒരു മകള്‍ ബെറ്റ്സി. നാട്ടുകാര്‍ക്ക് ഈ പ്രഭു കുടുംബം എന്നും ഒരു കാഴ്ചതന്നെയായിരുന്നു.
ബെന്‍സാലത്തിനടുത്തുള്ള ലോവര്‍ ബക്സിലൂടെ കുതിരപ്പുറത്തു പാഞ്ഞുപോകുന്ന അതിസുന്ദരിയായ ബെറ്റ്സിയെ പിന്‍തുടര്‍ന്നു കാമുകന്‍മാരുടെ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു. ചിത്രപ്പണികളുള്ള കറുത്ത തൊപ്പിയും കോട്ടും ധരിച്ച് അരികുകകളില്‍ സ്വര്‍ണ്ണക്കരയുള്ള പച്ച വെല്‍വെറ്റിന്‍റെ പാവാട കാറ്റില്‍ ഒഴുകി. ഒരു രാജകുമാരിയെപ്പോലെ ബെന്‍സാലത്തേയും ഫിലാഡല്‍ഫിയായിലേയും ഊടുവഴികള്‍ ബെറ്റ്സി തന്‍റെ സൗന്ദര്യം കൊണ്ടു നിറച്ചു.
പിതാവ് ജോസഫ് ഗാലോവിയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ ബ്രിട്ടീഷ് ആര്‍മി ഓഫീസര്‍ റോബര്‍ട്ടുമായുള്ള ബെറ്റ്സിയുടെ വിവാഹം പരാജയമായിരുന്നു.
ഗാലോവി കുടുംബത്തിന്‍റെ അടുത്ത സുഹൃത്തായിരുന്നു ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍. അദ്ദേഹം ആ സമയം സംസ്ഥാനത്തെ പ്രബലനായ രാഷ്ട്രീയ നേതാവായിരുന്നു. അസംബ്ലിയില്‍ വളരെനാള്‍ സ്പീക്കറായും അദ്ദേഹം പ്രവര്‍ത്തിച്ചു. അമേരിക്കയുടെ സ്വാതന്ത്ര്യം ജനാധിപത്യപരമായും രക്തച്ചൊരിച്ചില്‍ ഇല്ലാതെയുമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
സുഹൃത്തുക്കളായ ഗ്രേസിന്‍റേയും ജോസഫ് ഗാലാവിയുടേയും ഗ്രോഡന്‍ മാന്‍ഷനിലെ നിത്യ സന്ദര്‍ശകനായിരുന്നു ഫ്രാങ്ക്ളിന്‍. അവിടെ ദിവസങ്ങളോളം താമസിക്കുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു.
അങ്ങനെ ഒരിക്കല്‍ അദ്ദേഹം വിശ്വവിഖ്യാതമായ പട്ടംപറത്തല്‍ പരീക്ഷണം ഗ്രോഡന്‍ മാന്‍ഷന്‍റെ മുറ്റത്തുവച്ചു നടത്തി. ഇടിമിന്നലില്‍ വിദ്യുച്ഛക്തിയുണ്ടെന്നും, അതെങ്ങനെ സുരക്ഷിതമായി ഭൂമിയിലേക്കു കടത്തി വിടാമെന്നും അദ്ദേഹം തെളിയിച്ചു. അതുവരെ ദൈവകോപമായിട്ടാണ് ഇടിമിന്നലിനെ കരുതിയിരുന്നത്. ഈ കണ്ടുപിടുത്തമാണ് മിന്നല്‍ സുരക്ഷാചാലകങ്ങളായി ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ നമ്മള്‍ ഇന്നു കാണുന്നത്.
ഇപ്പോഴും പ്രദേശവാസികള്‍ ഫ്രാങ്ക്ളിന്‍റേയും അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തത്തിന്‍റേയും ഓര്‍മ്മയ്ക്കായി ഗ്രോഡന്‍ മാന്‍ഷന്‍റെ മുമ്പില്‍ പട്ടം പറത്താറുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റുമായിരുന്ന ജോര്‍ജ് വാഷിങ്ടണും ജോണ്‍ ആംഡംസും ഇവിടെ അന്തിയുറങ്ങിയിട്ടുണ്ട്.
ചില അമേരിക്കന്‍ പ്രേതകഥകളില്‍ അപശബ്ദങ്ങളും വെളിച്ചവും പേറി ഈ ബംഗ്ലാവ് സ്ഥാനം പിടിച്ചിട്ടുണ്ട്.
ജോസഫ് ഗാലോവിയുടെ ചില ബ്രിട്ടീഷ് അധിനിവേശ അനുകൂല നിലപാടുകള്‍ അമേരിക്കയിലെ തദ്ദേശീയരെ കോപാകുലരാക്കി. ഒരു രാത്രി ഗ്രോഡന്‍ മാന്‍ഷനില്‍ തള്ളിക്കയറിയ അവര്‍ കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിച്ചു. ലോവര്‍ ബക്സിന്‍റെ പല വിലയേറിയ രേഖകളും, ഫ്രാങ്ക്ളിന്‍റെ പരീക്ഷണങ്ങളടങ്ങിയ ചരിത്രങ്ങളും അന്നു നശിപ്പിക്കപ്പെട്ടു. ബ്രട്ടീഷുകാര്‍ ഇതിനിടെ ഫിലാഡല്‍ഫിയ വിട്ടു. ഇനിയും പിടിച്ചു നില്‍ക്കുവാനാവില്ല എന്നു മനസ്സിലാക്കിയ ജോസഫ് ഗാലോവി ബെറ്റ്സിയേയും കൂട്ടി ഇംഗ്ലണ്ടിലേക്കു പാലായനം ചെയ്തു.
പിന്നീടു ഗ്രേസിന്‍റെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. പിതാമഹന്മാര്‍ കൈമാറി തന്നെ ഏല്‍പ്പിച്ച ബംഗ്ലാവും എസ്റ്റേറ്റും വിട്ടുപോകുവാന്‍ അവര്‍ക്കാവില്ലായിരുന്നു. രോഷാകുലരായ ജനങ്ങള്‍ ഭക്ഷണവും വെള്ളവും കൊടുക്കാതെ അവരെ അതിനുള്ളില്‍ പൂട്ടിയിട്ടു. ഭര്‍ത്താവും മകളും എഴുതിയ കത്തുകള്‍ അവര്‍ക്കു കൊടുക്കാതെ നശിപ്പിച്ചു.
മകളെ കാണാനാകാതെ അവര്‍ ഡയറിയില്‍ കുറിച്ചിട്ടു. “എന്‍റെ ബെറ്റ്സീ; മകളെ, ഇനി എനിക്കു നിന്നെ കാണുവാനാകുമോ? എന്‍റെ ഹൃദയം നുറുങ്ങുകയാണ്. ഇന്നു ഞാന്‍ ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി യാചിക്കുന്ന ഒരു ഭിക്ഷക്കാരിയാണ്.”
ഒരു ദിവസം കുറച്ചു വസ്ത്രങ്ങളും, തയ്യല്‍ സാധനങ്ങള്‍ അടങ്ങുന്ന ബാഗുമായി അവര്‍ ആ ബംഗ്ലാവില്‍നിന്നും അടിച്ചോടിക്കപ്പെട്ടു. ആ ബംഗ്ലാവും എസ്റ്റേറ്റും മകള്‍ക്കു കൊടുക്കുവാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു. 1789 ല്‍ ഗ്രേസ് മരണമടഞ്ഞു.
26 വര്‍ഷങ്ങള്‍ക്കുശേഷം ബെറ്റ്സി തിരികെ എത്തി. നിയമ പോരാട്ടത്തിലൂടെ ബംഗ്ലാവും സ്വത്തുക്കളും സ്വന്തമാക്കിയ ശേഷം എസ്റ്റേറ്റ് പലര്‍ക്കായി വിറ്റു. ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നു അമേരിക്ക കാലഘട്ടാനുസരണം സ്വതന്ത്രമായി. തലമുറകളായി ഗ്രേസിനു കൈമാറി കിട്ടിയ എസ്റ്റേറ്റ് സ്വന്തം ജീവന്‍ ബലിനല്‍കി സംരക്ഷിക്കുവാന്‍ ശ്രമിച്ചു.
ഈ ഭൂമിയുടെ മറുപുറത്ത് ഏതോ ഒരു ഉള്‍നാട്ടില്‍ ജനിച്ചുവളര്‍ന്ന ഞാനും ഇപ്പോള്‍ അതിലൊരു തുണ്ടു സ്ഥലത്തിനു അവകാശിയായി. ആയിരം ആപ്പിള്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരുന്ന ഇവിടെ ഞാന്‍ നട്ടുവളര്‍ത്തുന്ന റോസാപുഷ്പങ്ങള്‍ തലയാട്ടി നില്‍ക്കുന്നു. എന്‍റെ കറിവേപ്പും പടവലവും പാവലും ഒക്കെ നന്നായി ഈ മണ്ണില്‍ വളരുന്നു.
ആര്‍ക്കും ഒന്നും സ്വന്തമല്ല. മണ്ണു ആരുടേയുമല്ല. എല്ലാവരും മണ്ണിന്‍റെ മക്കളാണ്. മണ്ണിനറിയാവുന്ന അത്രയും കഥകള്‍ ആര്‍ക്കുമറിയില്ല.

nisha mavilaserry